ന്യൂഡൽഹി: കോവിഡ് ചികിൽസക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രസർക്കാറിന്‍റെ അനുമതി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍.
ബ്രിട്ടിനിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവിഡ് രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മരുന്നിെൻറ ഉൽപാദനം കൂട്ടാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകുകയും ചെയ്തിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ തുടങ്ങി അലർജിക്ക് വരെ ഡെക്സാമെതാസൺ ഉപയോഗിക്കുന്നുണ്ട്.
കോവിഡ് ഗുരുതരമായ രോഗികൾക്കാണ് മരുന്ന് നൽകുക. മരുന്ന് പരീക്ഷണത്തിന് അനുമതി നൽകി കോവിഡിെൻറ ക്ലിനിക്കൽ പ്രോട്ടോകോൾ കേന്ദ്രസർക്കാർ പുതുക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയില്‍ തയ്യാറാക്കിയ ‘ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19-ന്റെ പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ത്തിരുന്നു.
ഓക്‌സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം(excessive inflammatory response) ഉള്ളവര്‍ക്കും ഡെക്‌സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ ‘ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19’ പറയുന്നു.
അതേസമയം, ഇന്ന് കോവിഡ് കേസുകൾ ഇന്ത്യയിൽ വലിയ രീതിയിൽ വർധിച്ചിരുന്നു. 18,522 പേർക്കാണ് ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,08.953 ആയി ഉയർന്നു.