സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ആഷിക് അബു. വാരിയംകുന്നന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത്. ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹര്‍ഷദും നവാഗതനായ റമീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. നേരത്തെ വിക്രമിനെ നായകനാക്കി അന്‍വര്‍ റഷീദ് ഇതേ പ്രൊജക്ട് ചെയ്യാന്‍ ആലോചന നടത്തിയിരുന്നു.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നുവെന്നാണ് പൃഥ്വിരാജ് സിനിമയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.
സിക്കന്ദര്‍, മൊയ്തീന് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. മുഹസിന് പരാരിയാണ് കോ-ഡയറക്ടര്‍. സൈജു ശ്രീധരന് എഡിറ്റിംഗും, ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന ചിത്രത്തിന്റെ നിര്‍മ്മാണ നിയന്ത്രണവും നിര്‍വഹിക്കും.
ആഷിക് അബു ക്യാമറ ചെയ്യുന്ന ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന സിനിമ ജൂലൈയില്‍ തുടങ്ങാനിരിക്കുകയാണ്. കോംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്കുന്ന ഒപിഎം സിനിമാസും ചേര്‍ന്നാണ് ഹഗാര്‍ നിര്‍മ്മിക്കുന്നത്.