റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായി ഗ്രൗണ്ടുകള്‍ ക്രമീകരിക്കുവാനുള്ള നീക്കവുമായി ഗതാഗത വകുപ്പ് മുന്നോട്ടു പോകുമ്പോള്‍ ചോദ്യങ്ങള്‍ പലതാണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റി വിനിയോഗിക്കുന്ന റോഡ് സുരക്ഷാ ഫണ്ട് അങ്ങനെ എല്ലാ വകുപ്പുകള്‍ക്കും ലഭിക്കുമോ? കൃത്യമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ റോഡ് സുരക്ഷാ ഫണ്ട് വിതരണം ചെയ്യാന്‍ കഴിയു. ഗ്രൗണ്ടുകള്‍ സ്ഥാപിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് കാത്തിരിക്കുന്ന ഗതാഗത വകുപ്പിന് അതു ലഭിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്ന് വ്യക്തമാണ്.
കേരള റോഡ് സേഫ്റ്റി അതോറിറ്റി ആക്ടിലെ സെക്ഷന്‍-11 പ്രകാരമാണ് കേരള റോഡ് സേഫ്റ്റി ഫണ്ട് സ്ഥാപിച്ചിരിക്കുന്നത്. മള്‍ട്ടി-സെക്ടറല്‍ റോഡിലൂടെയുള്ള റോഡപകടങ്ങളില്‍ നിന്നുള്ള മരണങ്ങളും ഗുരുതരമായ പരിക്കുകളും കുറയ്ക്കുന്നതിന് സംസ്ഥാനത്തെ എല്ലാ പങ്കാളിത്ത വകുപ്പുകള്‍ക്കും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലുകള്‍ക്കും (ഡിആര്‍എസ്സി) പിന്തുണ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയാണ് കേരള റോഡ് സുരക്ഷാ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതില്‍ കേരളത്തിലെ ആറ് വകുപ്പുകളുമായി റോഡ് സുരക്ഷാ അതോറിറ്റി പങ്കാളിത്തമുണ്ട്. കേരള പൊലീസ്, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പും നാറ്റ്പാക്കുമാണ് റോഡ് സേഫ്റ്റി അതോറിറ്റിയുമായി പങ്കാളിത്വമുളള വകുപ്പുകള്‍.
190 കോടി രൂപ നല്‍കി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഗ്രൗണ്ടുകള്‍ ഒരുക്കാനുളള നീക്കത്തിലാണ് ഗതാഗത വകുപ്പ്. അതിനായി അവര്‍ ഉപയോഗിക്കുന്നത് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടുമാണ്. സര്‍ക്കാര്‍ തലത്തിലുള്ള ധാരണയുടെ പുറത്ത് ഗ്രൗണ്ട് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കാം. അതോറിറ്റി ആക്റ്റ് പ്രകാരം ‘യുക്തമെന്ന് തോന്നുന്ന റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള ചെലവിന്, നിര്‍ണ്ണയിച്ചേക്കാവുന്ന മറ്റേതെങ്കിലും ആവശ്യത്തിനും നല്‍കാനമെന്ന’ നിര്‍ദ്ദേശങ്ങളില്‍ പിടിച്ചാണ് പല വകുപ്പുകളും റോഡ് സുരക്ഷയുടെ പേരില്‍ അതോറിറ്റിയില്‍ നിന്നും കാശ് വാങ്ങുന്നത്.
റോഡ് സുരക്ഷാ പരിപാടികള്‍ക്ക്, റോഡ് സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിക്ക്, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വാങ്ങലുകള്‍ക്ക്. റോഡ് സുരക്ഷ സംബന്ധിച്ച് പദ്ധതികളിന്മേലുള്ള അംഗീകൃത പഠനങ്ങള്‍ക്കും ഗവേഷണത്തിനും ഫണ്ട് നല്‍കുന്നതിന്, ട്രോമ കെയര്‍ പരിപാടികള്‍ക്കും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, അതോറിറ്റിയുടെ ഭരണപരമായ ചെലവുകള്‍ക്ക് നല്‍കാം ഇതൊക്കയാണ് അതോറിറ്റിയുടെ ചുമതല.
വാഹനങ്ങളില്‍ നിന്ന് (കച്ചവട, വ്യാപാര വാഹനങ്ങള്‍ ഒഴികെ) ഒറ്റത്തവണയായി ലഭിക്കുന്ന സെസും വാഹന ഉടമകളില്‍നിന്നു പിഴയായി ലഭിക്കുന്ന തുകയുടെ 50 ശതമാനവും വര്‍ഷംതോറും ഫണ്ടിലേക്കു നല്‍കണം ഇതു കൂടാതെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഗ്രാന്റുകളും വായ്പകളും സംഘടനകളില്‍നിന്നുള്ള സംഭാവനകളും ഫണ്ടിലേക്കു നല്‍കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കെല്ലാം ഫണ്ടില്‍നിന്നു പണം ചെലവഴിക്കാം.
എന്നാല്‍ റോഡ് സുരക്ഷയുടെ പേര് പറഞ്ഞ് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലുകളും ഗതാഗത വകുപ്പ് ഉള്‍പ്പടെ ഇതര വകുപ്പുകള്‍ വിവിധ പദ്ധതികളുടെ പേരില്‍ ഫണ്ടുകള്‍ ആവശ്യപ്പെടാറുണ്ട്. നിലവില്‍ എല്ലാ പദ്ധതികള്‍ക്കും പണം അനുവദിക്കാന്‍ ഫണ്ടില്ലെന്ന് കാണിച്ച് റോഡ് സേഫ്റ്റി അതോറിറ്റി ശുപാര്‍ശകള്‍ മാറ്റിവെയ്ക്കാറാണ് പതിവ്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റിക്ക് സെസ് തുകയൊന്നും നല്‍കുന്നില്ല. ഇതോടെ സാമ്പത്തിക ഞെരുക്കത്തിലായ അതോറിറ്റി പല പദ്ധതികള്‍ക്കും പണം അനുവദിക്കുന്നില്ല.
റോഡ് സുരക്ഷാ അതോറിറ്റിയുടെ കീഴില്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രാദേശികമായി ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളെ പ്രത്യേകമായി കണ്ടെത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യന്നതിന് ജില്ലാ കൗണ്‍സിലുകള്‍ക്ക് സ്ഥാനമുണ്ട്. പ്രാദേശിക റോഡ് നെറ്റ്വര്‍ക്കുകള്‍, റോഡ് ഉപയോക്തൃ ഗ്രൂപ്പുകളുടെ പെരുമാറ്റം, പ്രാദേശിക ട്രാഫിക് അവസ്ഥകള്‍, ട്രാഫിക് മാനേജ്മെന്റ് പ്രശ്നങ്ങള്‍, റോഡപകട സാഹചര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് ബോധവത്ക്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലുകള്‍ രൂപീകരിച്ചിരിക്കുന്നത്.