ഒരു വിമാന അപകടം നടന്നാൽ അന്വേഷണ സംഘം ആദ്യം തേടുന്നത് ബ്ലാക് ബോക്സാകും. ഓറഞ്ച് നിറമുള്ള , തകരാതെ ബാക്കി കിടക്കുന്ന ബ്ലാക് ബോക്സ് . വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. ഹെലികോപ്റ്ററോ വിമാനമോ അപകടത്തിൽപെട്ടാൽ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്‌സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയാനും ഇത് ഉപകരിക്കും. ബ്ലാക്ക് ബോക്‌സിൽ രണ്ട് തരം ഫ്‌ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറാണ്. വിമാനത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും ചലനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വെർട്ടിക്കൽ ആക്‌സിലറേഷൻ, ഇന്ധന ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവയാണ് ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ രേഖപ്പെടുത്തുന്നത്.
ഏകദേശം 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സംഭരണശേഷിയാണ് ഒരു ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡറിനുള്ളത്. രണ്ടാമത്തേത് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) ആണ്. കോക്ക്പിറ്റിലെ പൈലറ്റുമാരുമായുള്ള സംഭാഷണങ്ങൾ അടക്കം ഓരോ ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ. എഞ്ചിന്റെ ശബ്ദം മുതൽ സ്വിച്ചുകളുടെ ശബ്ദംവരെ ഇതിൽ റെക്കോർഡ് ചെയ്യപ്പെടും. കോക്ക്പിറ്റ് സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, അല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ പ്രവർത്തനവും ഇതിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തും. ഇതുവഴി പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങളും അത് തകരുന്നതിന് മുമ്പ് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാൻ സഹായിക്കുന്നു. 1953 ല്‍ ഓസ്ട്രേലിക്കാരനായ ഡോ. ഡേവിഡ് വാറനാണ് ബ്ലാക് ബോക്സ് കണ്ടുപിടിച്ചത്. അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് കോമെറ്റ് ജെറ്റ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ തുടര്‍ച്ചയായി തകരുമായിരുന്നു. ഇതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി. ആ സംഘത്തിലെ അംഗമായിരുന്നു ഡേവിഡ് വാറന്‍.
കോക്പിറ്റില്‍ നടക്കുന്ന സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ കാന്തശക്തി ഉപയോഗിച്ചുള്ള റെക്കോര്‍ഡിംഗ് രീതിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. തീയില്‍ നശിക്കാത്ത ഒരു ആസ്ബസ്റ്റോസ് പെട്ടിക്കുള്ളില്‍ അദ്ദേഹം രണ്ട് റെക്കോര്‍ഡറുകള്‍ ഘടിപ്പിച്ചു. പിന്നീട് ഈ റെക്കോര്‍ഡറുകള്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചു. ഗോളാകൃതിയിലുളള ബ്ലാക് ബോക്സിയിരുന്നു വാറന്‍ നിര്‍മ്മിച്ചത്. വിമാനം തകര്‍ന്നു വീണാല്‍ സംഭവസ്ഥലത്തു നിന്നും ഉരുണ്ടു പോകാന്‍ വേണ്ടിയായിരുന്നു വാറന്‍ ഗോളാകൃതിയിലുള്ള ബ്ലാക് ബോക്സ് ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. ഏകദേശം നാലര കിലോഗ്രാമാണ് ബ്ലാക് ബോക്‌സിന്റെ ഭാരം. നാല് പ്രധാന ഭാഗങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അപകടത്തിൽ കേടുപാട് സംഭവിച്ചാൽ അത് പരിഹരിക്കാനും റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദങ്ങളുടെ പ്ലേബാക്ക് സുഗമമാക്കാനും രൂപകൽപ്പന ചെയ്ത ചേസ്സിസ്, ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ‘ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്’ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ, ഒരു നാണയത്തേക്കാള്‍ വലിപ്പം കുറഞ്ഞ റെക്കോർഡിങ് ചിപ്പുകൾ ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റിന് ഉള്ളിലായി സ്ഥിതിചെയ്യുന്നു.
സാങ്കേതിക വിദഗ്ധർ ബ്ലാക് ബോക്‌സിന് പുറത്ത് കവചം തീർക്കുന്ന സംരക്ഷിത വസ്തുക്കൾ നീക്കംചെയ്യുകയും അബദ്ധത്തിൽ പോലും ഡാറ്റ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ കണക്ഷനുകൾ ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും ചെയ്യുന്നു. ഓഡിയോ അല്ലെങ്കിൽ ഡാറ്റ ഫയൽ ഡൗൺലോഡ് ചെയ്യുകയും അത് പകർത്തി സൂക്ഷിക്കുകയും വേണം. ഗ്രാഫുകളാക്കി മാറ്റുന്നതിന് മുമ്പ് റോ ഫയലുകളിൽ നിന്നാണ് ഡാറ്റ ഡീകോഡ് ചെയ്യുന്നത്. സിവിആർ, എഫ്ഡിആർ എന്നിവ ഒന്നിച്ച് വച്ച് പരിശോധിച്ചാൽ വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാകും. ഇത് അനുസരിച്ചാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മറ്റും മനസിലാക്കുന്നത്. കോക്ക്പിറ്റ് വോയിസ് റെക്കോഡിങിന് രണ്ട് മണിക്കുറുള്ള വോയിസുകൾ മാത്രമേ റെക്കോർഡ് ചെയ്യാൻ സാധിക്കുകയുള്ളു. വിമാനത്തിലെ ജിവനക്കാരുടെ പരസ്പര സംഭാഷണങ്ങൾ അടക്കം മിക്ക ശബ്ദങ്ങളും റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിക്കുന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കാറുണ്ട്.
സമുദ്രത്തിലോ മറ്റോ വെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ പോലും ബ്ലാക് ബോക്‌സ് കണ്ടെത്താൻ കഴിയും. ബ്ലാക്ക് ബോക്സുകളിലുള്ള അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ ഉപയോഗിച്ചാണ് ഇത് കണ്ടെത്താനാകുക. ഉപകരണത്തിന്റെ പുറത്തുള്ള സെൻസർ വെള്ളത്തിൽ സ്പർശിക്കുമ്പോൾ മുതൽ തന്നെ ഒരു അൾട്രാസോണിക് പൾസ് പുറപ്പെടുവിക്കാൻ തുടങ്ങും. പെട്ടി വെള്ളത്തിനടിയിലാണെങ്കിൽ മാത്രമേ ഈ മാർഗത്തിലൂടെ ഇത് കണ്ടെത്താനാകുകയുള്ളു.കരയിൽവെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ തിരച്ചിൽ നടത്തുന്നവർക്ക് ബ്ലാക് ബോക്സ് കണ്ടെത്താന്‍ അതിന്റെ ശോഭയുള്ള ഓറഞ്ച് നിറത്തെ തന്നെ ആശ്രയിക്കേണ്ടി വരും.അപകടത്തിന്റെ ആഴവും ബ്ലാക്ക് ബോക്സിന് സംഭവിക്കുന്ന കേടുപാടുകളും കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾക്കുള്ളിലോ പ്രാഥമിക വിവരങ്ങൾ ലഭിക്കും. ഇടക്കാല റിപ്പോർട്ടുകൾ ഒരു മാസത്തിന് ശേഷമാണ് പ്രസിദ്ധീകരിക്കാറുള്ളത്, പക്ഷേ പലപ്പോഴും ഇത് സംഭവിക്കാറില്ല. ആഴത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാകാൻ ഒരു വർഷമോ അതിലധികമോ സമയമെടുക്കുന്നതാണ് പതിവ്.