ഇന്‍ഡോര്‍ പ്ലാന്‍സിന്റെ പ്രാധാന്യം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രധാനമായും കോവിഡ് സമയത്ത് ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. മണിപ്ലാന്റ് പോലെയുള്ളവയാണ് കൂടുതലായും വീടുകളില്‍ സ്ഥാനം പിടിച്ചത്. വീടിനകം മോടി കൂട്ടാന്‍ പലരും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ. ഏറ്റവും ലളിതമായി വീടിനകം മനോഹരമാക്കാന്‍ സഹായിക്കുന്നവയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നവരുടെ പ്രധാന വിനോദമായി കുപ്പികളിലും അല്ലാതെയും സ്ഥാനം പിടിച്ച ഇവ മനുഷ്യന്റെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ചെടികളോടുള്ള ഇഷ്ടം കാരണവും വീടിനകം മോടി പിടിപ്പിക്കാനുമായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ വിലകൊടുത്ത മേടിക്കുന്ന നമ്മള്‍ ഇതിന്റെ പരിചരണത്തെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ ഈ ചെടികള്‍ പെട്ടെന്ന് തന്നെ വാടിപ്പോവാനും നശിച്ചു പോകാനുമുള്ള സാധ്യതയുണ്ട്.
ഇന്‍ഡോര്‍ ചെടികള്‍ എങ്ങനെ പരിചരിക്കണം എന്ന് നോക്കാം;
- സൂര്യപ്രകാശം
ചെടികള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലതാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്.
- പാത്രവും മണ്ണും
ഒരേ പാത്രത്തില്‍ തന്നെ ദീര്‍ഘകാലം ചെടി വളര്‍ത്തരുത്. ഓരോ വര്‍ഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കണം. വലുപ്പമുള്ള പുതിയ പാത്രത്തിലേക്ക് ചെടി മാറ്റുന്നതാണ് നല്ലത്.
- കൃത്യമായ ഇടവേളകളില്‍ ചെടി മുറിയ്ക്കുക
ചില ചെടികള്‍ക്ക് അവയുടെ വേരുകള്‍ കൃത്യമായ ഇടവേളകളില്‍ വെട്ടിമാറ്റേണ്ടതുണ്ട്. ഇത് ചെടികളെ ആരോഗ്യത്താടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- അമിതമായ വെള്ളം
വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തില്‍ ഫംഗസ് ബാധയുണ്ടാകുകയും ചെയ്യും.
- വെള്ളത്തിന്റെ ദൗര്‍ലഭ്യം
വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോള്‍ വെള്ളം വാര്‍ന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ബാക്കിയെല്ലാ ചെടികള്‍ക്കും മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
- വളപ്രയോഗം
കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. എന്നാല്‍ അമിതമായി വളം ചെയ്യരുത്.
- ചെടികള്‍ നനയ്ക്കാന്‍ വളരെ തണുത്തതോ ചൂടുവെള്ളമോ ഉപയോഗിക്കരുത്
വളരെ ചൂടുള്ള വെള്ളം വേരുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നിങ്ങളുടെ ഇന്‍ഡോര്‍ ചെടിയെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യും. വളരെ തണുത്ത വെള്ളം ചെടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു.
- നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക
ചെടിച്ചട്ടിക്ക് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അതുപോലെ വാര്‍ന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനില്‍ക്കാന്‍ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയണം.