ന്യൂഡൽഹി: കെ. വാസുകിയെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ കേന്ദ്രം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണെന്നും ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് വിദേശകാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മാത്രം അവകാശമാണ്. കൺകറന്റ് ലിസ്റ്റിൽ പെടുന്നില്ല. ഒരു സംസ്ഥാന വിഷയവുമല്ല. അതിനാൽ ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നൽകി ജൂലൈ 15 നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
വിദേശകാര്യമന്ത്രാലയം, എംബസികള്‍, വിദേശമിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശ ഏജൻസികൾ, വിദേശ രാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള ഏകോപനത്തിനായാണ് വാസുകിയെ നിയമിച്ചതെന്നാണ് സർക്കാർ വാദം. വാസുകിയുടെ നിയമനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേരളത്തിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.