Explainers

പാഠം എത്ര ?: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പറയുന്നത് എന്ത് ?; പഠിക്കാനുണ്ടോ ഇനിയും ?

ഔദ്യോഗികമായി 215 പേരുടെ മരണം സ്ഥരീകരിക്കുകയും 130 ശരീര ഭാഗങ്ങള്‍ കിട്ടുകയും, പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 81 പേരും, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങളും മണ്ണിനടിയില്‍ എത്രപേരുണ്ടെന്ന കണക്കുകള്‍ ഇതുവരെയും എടുക്കാത്തുമായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ചൂരല്‍ മലയിലെ മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രകൃതി ദുരന്തമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോലും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് മുണ്ടക്കൈ ദുരന്തത്തിനെ ആഗോള തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കിനപ്പുറം, അനൗദ്യോഗിക കണക്കുകളില്‍ മരണനിരക്ക് 300 കഴിഞ്ഞിരിക്കുന്നു.

കണ്ടെത്താനുള്ളവരുടെ കണക്കുകള്‍ അനൗദ്യോഗികമായിപ്പോലും അടയാളപ്പെടുത്താനാകുന്നില്ല. അതിഭീകരമായ ദുരന്തത്തിന്റെ തീവ്രതയില്‍ അഞ്ചാമത്തെ ദിവസവും ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ടോയെന്ന തിരച്ചിലില്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. ഇന്ത്യന്‍ സൈന്യം അവരുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്തുന്നു. കര-നാവിക-വ്യോമസേനയിലെ വിദഗ്ദ്ധരുടെ സേവനവും മുണ്ടക്കൈയിലും ചൂരല്‍ മലയിലും ലഭ്യമാകുന്നുണ്ട്. ഇവര്‍ക്കൊപ്പം ദേശീയ ദുരന്ത പ്രതികരണ സേനയും, സംസ്ഥാന ദുന്തര പ്രതികരണ സേനയും, ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയ ആഭ്യന്തര സേനകളും, പരിശീലനം നേടിയ സന്നദ്ധ സേവകരും രാപ്പകല്‍ വ്യത്യാസമില്ലാതെ തെരച്ചില്‍ നടത്തുന്നുണ്ട്.

സാധ്യമായ എല്ലാവഴികളിലൂടെയുമുള്ള അന്വേഷണങ്ങള്‍ നടക്കുന്നത്, ജീവന്റെ തുടിപ്പുണ്ടോയെന്നറിയാന്‍ വേണ്ടിയാണ്. അത് വരും ദിവസങ്ങളിലും തുടരുക തന്നെ ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിസ്സംശയം പറയുന്നത്. അത് തുടരുക തന്നെ വേണം. ജീവന്റെ തുടിപ്പുകള്‍ ഉണ്ടെങ്കില്‍ അതിനെ വീണ്ടെക്കുക തന്നെ ചെയ്യണം. അതല്ല, മരണപ്പെട്ടവരുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് സംസ്‌ക്കരിക്കണം. ഇതിനെല്ലാം പുറമേ മുണ്ടക്കൈയും ചൂരല്‍മലയും വീണ്ടും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പാകത്തിന് പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അതിനുള്ള സഹായം നിരവധി ഇടങ്ങളില്‍ നിന്നും എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ആ തുകയെല്ലാം വരുന്നത്.

എന്താണ് സംഭവിച്ചത് ?

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുണ്ടക്കൈയില്‍ 2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. നേരം പുലര്‍ന്നപ്പോള്‍ മുണ്ടക്കൈ-ചൂരല്‍മല എന്നീ പ്രദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന കെട്ടിടങ്ങള്‍, പാലം, മരങ്ങള്‍, പാറകള്‍ എല്ലാം കുത്തിയൊലിച്ചു പോയിരുന്നു. ഈ ദുരന്തത്തില്‍ 330 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഔദ്യോഗിക കണക്കുകളില്‍ കുറവുണ്ട്. മുണ്ടക്കൈ ഗ്രാമത്തിന് മുകള്‍ വശത്തായി ഇരുവഴിഞ്ഞി പുഴയുടെ പ്രഭവസ്ഥാനത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലില്‍ കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരല്‍മലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോവുകയും ചെയ്തു.

ഇതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കില്‍ പുഴ ദിശമാറി ഒഴുകുകയും ചൂരല്‍മല അങ്ങാടി മുഴുവനായും ഒലിച്ചുപോവുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമുണ്ടാക്കി. മലവെള്ളപ്പാച്ചിലില്‍ വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് സ്‌കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലാക്കി. ചാലിയാര്‍ പുഴയില്‍ നിരവധി മൃതദേഹങ്ങള്‍ പൊങ്ങി. ചിലയിടങ്ങളില്‍ നിന്നും വേറിട്ടി, തല, കാലുകള്‍, ഉടല്‍ അങ്ങനെയുള്ള ശരീര ഭാഗങ്ങളും കിട്ടി. ഇനിയും എത്രയോ പേര്‍ മണ്ണില്‍ പുതഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കളും പ്രദേശ വാസികളും പറയുന്നു.

രക്ഷാപ്രവര്‍ത്തനം ?

പലര്‍ച്ചെയുണ്ടായ ഭീകരമായ ദുരന്തത്തിന്റെ നേര്‍ച്ചിത്രം ലഭിച്ചത് നേരം വെളുത്തപ്പോഴാണ്. അപ്പോഴേക്കും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകരുടെ ഓട്ടമായിരുന്നു. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചില്‍ ഒറ്റപ്പെടുത്തിയ ഇടങ്ങളിലേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തി. തുടര്‍ന്ന് എയര്‍ഫോഴ്‌സ് ഹെലികകോപ്ടര്‍ എത്തി. വൈകിട്ടോടൊ ഒറ്റപ്പെട്ട പ്രദേശത്ത് പ്രതികൂല സാഹചര്യത്തിലും സൈന്യം ഹെലിക്കോപ്ടര്‍ ഇറക്കി. ദുരതിബാധിതരെ രക്ഷപ്പെടുത്തി. ഇതോടെ കേരളത്തിന് ഒരു കാര്യം മനസ്സിലാവുകയായിരുന്നു, ഇനി എന്ത് പ്രതിസന്ധിയുണ്ടായാലും രക്ഷാപ്രവര്‍ത്തനം വിജയിക്കുക തന്നെ ചെയ്യുമെന്ന്. പിന്നീടങ്ങോട്ട് കണ്ടത്, കേരളത്തിന്റെ രക്ഷാദൗത്യത്തിന്റെ നേര്‍ ചിത്രമായിരുന്നു.

സൈന്യം റോപ്പിലൂടെയും, താത്ക്കാലിക ബ്രിഡ്ജ് നിര്‍മ്മിച്ചും, ഹെലിക്കോപ്ടറിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എന്‍.ഡി.ആര്‍.എഫും, പോലീസും, ഫയര്‍ ഫോഴ്‌സും അതി കഠിനമായ രക്ഷാ ദൗത്യത്തിനാണ് നേതൃത്വം നല്‍കിയത്. വനംവകുപ്പും വനത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം രക്ഷാ ദൗത്യ സേനകള്‍ക്ക് വലി ആശ്വാസമാണ് പകര്‍ന്നത്. അങ്ങനെ ദൗത്യത്തിന്റെ രണ്ടാം ദിവസം സൈന്യം ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മണ്ണിളക്കി പരിശോധനയ്ക്കായി യന്ത്രങ്ങള്‍ കൊണ്ടു പോകാന്‍ പാലം വേണമായിരുന്നു. രണ്ടാം ദിവത്തിന്റെ അന്ത്യത്തില്‍ ബെയ്‌ലി പാലം നിര്‍മ്മിച്ച് ചരിത്രം സൃഷ്ടിച്ച സൈന്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ചൂരല്‍മലയേയും മുണ്ടകൈയേയും ബന്ധിപ്പിച്ചാണ് ഈ പാലം നിര്‍മ്മിച്ചത്.

തുടര്‍ന്ന് 1800 ഓളം പേരെ രക്ഷാ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. നാല് മന്ത്രിമാര്‍ വയനാടെത്തി നേരിട്ട് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത സ്ഥലത്തും, ദുരിതാശ്വാസ ക്യാമ്പിലുമെത്തി. അവിടെ മന്ത്രിമാരുടെ യോഗം ചേരുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. പിന്നാലെ, കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും, സഹോദരി പ്രയങ്കാഗാന്ധിയുമെത്തി. രാഹുല്‍ഗാന്ധി വയനാടിന്റെ എം.പി കൂടിയാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മേഖലയിലുള്ളവരും വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയാണ്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുണ്ടക്കൈയ്യില്‍ വീണ്ടും ഉരുള്‍പൊട്ടുകയും രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ടുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. ചൂരല്‍മലയിലെ പള്ളിയിലും മദ്രസയിലും പോളിടെക്‌നിക്കിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രി തുറന്നു. വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ ചൂരല്‍മലയില്‍ എത്തുകയും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരെ ആകാശ മാര്‍ഗ്ഗേണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷാ പ്രവര്‍ത്തനത്തിന് എത്രപേര്‍ ? ആരൊക്കെ ?

സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്നും 44 പേര്‍, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്.

കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍പ്പെട്ട മൂന്ന് നായകളും കരസേനയുടെ കെ.9 സ്‌ക്വാഡില്‍പ്പെട്ട മൂന്നു നായകളും ദൗത്യത്തിലുണ്ട്. തമിഴ്‌നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തിലുണ്ട്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളില്‍ നടത്തിയ തിരച്ചില്‍ ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെത്താനായി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ അംശം ഉണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും.

കൂടാതെ മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെ എത്തും. പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുന്നുണ്ട്. അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോത്രവിഭാഗത്തിലെ നാല് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ 6 അംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തിന് ഇരയായവരെ തിരയാനും അതിനു നേതൃത്വം നല്‍കാനുമായി കേരള പോലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്. വയനാട്ടിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിന്റെ മറ്റു യൂണിറ്റുകളില്‍ നിന്ന് നിരവധി പേരെയും നിയോഗിച്ചിട്ടുണ്ട്.

കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ നിന്ന് 150 പേരും മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും തിരച്ചില്‍ സംഘങ്ങളിലുണ്ട്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷന്‍ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നുണ്ട്. മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയില്‍ നിന്നുള്ള ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനവും പ്രത്യേകം എടുത്തു പറയണം. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും സ്‌കൂബാ ടീമും ഉള്‍പ്പെടെ ഓഫീസര്‍മാരടക്കം 300 ജീവനക്കാരും 222 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ഫോഴ്‌സ് നിര്‍മ്മിച്ച സിപ് ലൈന്‍ പാലത്തിലൂടെയാണ് ആരംഭഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എവിടെയാണ് മുണ്ടക്കൈ ?

ചൂരല്‍മല കഴിഞ്ഞ് മൂന്നു കിലോമീറ്ററോളം ദൂരം തേയിലത്തോട്ടത്തിലൂടെ പോയാല്‍ മുണ്ടക്കൈ എത്താം. ലോവര്‍ പ്രൈമറി സ്‌കൂളും മുസ്ലിം-ക്രിസ്ത്യന്‍ പള്ളികളും അമ്പലവുമെല്ലാം ഉള്ള മനോഹരമായ കൊച്ചു ഗ്രാമം. ഈ കുന്നിന്‍മുകളിലെ അമ്പലമുറ്റത്താണ് റോഡ് അവസാനിക്കുന്നത്. ടേബിള്‍ ടോപ്പായ സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെ മലനിരകളും കുന്നിന്‍ ചെരിവുകളും തേയിലത്തോട്ടങ്ങളും സമൃദ്ധമായി കാണാം. മലമുകളിനെ ഇടയ്ക്കിടയ്ക്ക് തഴുകിപ്പോകുന്ന കോടമഞ്ഞ് മുണ്ടക്കൈയിലേക്കും ചിലപ്പോള്‍ ഇറങ്ങി വരും.

ഓരോ വീട്ടിലേയും ആളുകള്‍ പരസ്പരം അറിയുന്നവര്‍. സന്തോഷങ്ങളും ദുഖവും ഒരുപോലെ പങ്കിട്ടു ജീവിക്കുന്നവര്‍. ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ഒരുമിച്ച് ആഘോഷിക്കുന്നവര്‍. മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതിമനോഹരിതയുടെ സംഗമഭൂമിയായ ഇടമായിരുന്നു മുണ്ടക്കൈ.എങ്ങും പച്ചപ്പുകള്‍ മാത്രം. കുന്നുകളും, പുഴയും ചേര്‍ന്നുള്ള സീനറികള്‍ മാത്രമുള്ള ഇടം. സ്വര്‍ഗമെന്നു മാത്രം വിളിക്കാനാവുന്ന ഇടം. വയനാട് ജില്ലയില്‍ കോഴിക്കോട്, മലപ്പുറം വനമേഖലയോടു ചേര്‍ന്നാണു മുണ്ടക്കൈ. ഏലം- തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലം.

സഞ്ചാരികള്‍ക്കിത് വയനാട്ടിലെ മൂന്നാറാണ്. ഒട്ടേറെ റിസോര്‍ട്ടുകളുമുണ്ട്. മുണ്ടക്കൈയില്‍ നിന്നു വനത്തിലൂടെ നിലമ്പൂരെത്താം. ചാലിയാറിന്റെ ഉദ്ഭവസ്ഥാനവും ഇവിടെയാണ്. താമസക്കാരില്‍ കൂടുതലും തോട്ടം തൊഴിലാളികള്‍. സമീപപ്രദേശമായ ചൂരല്‍മലയും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയും തോട്ടം മേഖലയാണ്. ചുറ്റും മലനിരകള്‍, താഴ്‌വാരത്തിലൊരു ഗ്രാമം. നിറയെ വീടുകളും മരങ്ങളും സ്‌കൂളും എല്ലാമുള്ള ഇടമായിരുന്നു ചൂരല്‍മല ഗ്രാമം. മേപ്പാടി മുതല്‍ മുണ്ടക്കൈ വരെയുള്ള എല്ലാ കുന്നുകളും തേയില തോട്ടങ്ങളാണ്. ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങള്‍ ആകാശത്തേക്കു കൂര്‍ത്തു നില്‍ക്കും.

തേയില എസ്റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന ചെറിയ റോഡ്. വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയില്‍ അധികവും കെ.എസ്.ആര്‍.ടി.സി ബസും ജീപ്പുമാണ് ഓടുന്നത്. കുന്നില്‍ മുകളിലേക്ക് കയറിപ്പോകുന്ന പല വഴികളും എസ്റ്റേറ്റ് ലയങ്ങളില്‍ അവസാനിക്കും. ഷീറ്റ് മേഞ്ഞ നീണ്ട ലയങ്ങള്‍. ചെറിയ മൂന്നു മുറികളാണ് ഒരു കുടുംബത്തിനുണ്ടാകുക. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി കമ്പനി നിര്‍മ്മിച്ചു നല്‍കിയതാണ് പാടികള്‍. പാടിയുടെ മുറ്റത്തു നിന്നാല്‍ തേയിലക്കുന്നുകളിലേക്ക് വരുന്ന മഴ കാണാം. ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍. ഭീതിപ്പെടുത്തുന്ന മൂകത ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ്. വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം.

മുണ്ടക്കൈ ഇനിയെന്ത് ?

ഭൂമിയിലെ സ്വഗമെന്നോ, മറ്റൊ രു മൂന്നാറെന്നോ ഒക്കെ വിളിക്കാവുന്ന മുണ്ടക്കൈ ഇന്ന് ഒരു വലിയ നരകമായിരിക്കുന്നു. നിമിഷം നേരം കൊണ്ട് ആ നാട് ഇല്ലാതായിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പേ പ്രദേശവാസികളെ മരണം കൂട്ടിക്കൊണ്ടു പോയി. ഭീമന്‍ പാറക്കല്ലുകള്‍ വീടുകളേയും വീട്ടിലുള്ളവരേയും അടിച്ചു തെറിപ്പിച്ചു കൊണ്ടുപോയി. മിനുറ്റുകള്‍ കൊണ്ട് ശരീരം കൊടുങ്കാട് കടന്ന് 25 കിലോമറ്ററോളം ഒഴുകി അടുത്ത ജില്ലയായ മലപ്പുറത്തെ ചാലിയാര്‍ പുഴയിലെത്തിച്ചു. ഒരായുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം മുണ്ടക്കൈയിലെ മണ്ണില്‍തന്നെ അവശേഷിപ്പിച്ച്, ആ മണ്ണില്‍ തന്നെ മരിക്കേണ്ടി വന്നവര്‍. മണ്ണിനോട് ചേര്‍ന്നു പോയവര്‍. ഇതിനിടയില്‍ ജീവനും കയ്യില്‍പ്പിടിച്ച് ഓടിരക്ഷപ്പെട്ടവരുണ്ട്. ഉള്ളിലുണ്ടായ നടുക്കവും ശരീരത്തിലെ വിറയലും ഇനിയും വിട്ടുമാറാത്തവര്‍.

പുരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങളില്‍ തട്ടി മുറിവേറ്റപ്പോഴും ജീവിതത്തിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍. അവര്‍ക്കിനി എന്തുണ്ട് എന്നുചോദിച്ചാല്‍ പ്രാണനും ജീവിച്ചിരിക്കുന്നിടത്തോളം കാലം അലട്ടുന്ന മരണഭീതിയും മാത്രമായിരിക്കും. എത്രയോ കാലം കൊണ്ട് സ്വരുക്കൂട്ടിയും മിച്ചംപിടിച്ചും വച്ചത് സെക്കന്‍ഡുകള്‍ക്കൊണ്ട് മണ്ണടിഞ്ഞു പോയിരിക്കുന്നു. ജീവന്‍ ബാക്കിയായ മുണ്ടക്കൈയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇനി അവിടേക്ക് ഒരു തിരിച്ചുപോക്കില്ല. ഇനി എവിടേക്ക് പോകുമെന്ന ചോദ്യത്തിനു ഉത്തരവുമില്ല. പക്ഷെ ജീവിക്കാതിരിക്കാനാവുമോ. ഈ സഹായങ്ങളും, ദൗത്യങ്ങളും, സന്നദ്ധ സേവനങ്ങളുമെല്ലാം പരിമിതമാണ്. ഒടുവില്‍ ഇവിടെ അവശേഷിച്ചവരും മുണ്ടക്കൈയും മാത്രം ബാക്കിയാകും. ഒപ്പം വലിയൊരു ശൂന്യതയും.

എന്തു തന്നെ പകരം കൊടുത്താലും മതിവരില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ശ്മശാന ഭൂമിയായി മണ്ണിനടിയില്‍ പൂണ്ടുപോയവരുടെ മുകളിലല്ലേ വീണ്ടുമൊരു മുണ്ടക്കൈ കെട്ടേണ്ടത്. ഈ വഴികളിലൂടെയല്ലേ, കുട്ടികള്‍ക്ക് തകര്‍ന്നു പോയ ആ സ്‌കൂളില്‍ പഠിക്കാന്‍ പോകേണ്ടത്. ഒപ്പം പഠിച്ചിരുന്നു എത്ര കുട്ടികള്‍ ബാക്കിയുണ്ടെന്ന് ഇനി എന്നാണ് ഒന്ന് വിശ്വസിക്കുക. ഇനിയുള്ള കാലം കേള്‍ക്കുന്ന ചെറിയ ശബ്ദങ്ങളെപ്പോലും അവര്‍ ഭയക്കില്ലെന്ന് ആരുകണ്ടു. ഇനി മുണ്ടക്കൈ ഇങ്ങനെയൊക്കെയാണ്.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ?

ചുമ്മാ ഇരിക്കുമ്പോള്‍ ഒരു ദിവസം പ്രകൃതി തോന്നുകയാണ്, ഒന്നു ഉരുള്‍പൊട്ടിച്ചേക്കാം എന്ന്. കുറച്ചുപേരെ കൊന്നിട്ടേയുള്ളു കാര്യമെന്ന്. ഇങ്ങനെയാണോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ?. ഇതൊരു പ്രസക്തമായ ചോദ്യമാണ്. മനുഷ്യന്റെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് ആവര്‍ത്തികൊണ്ടേയിരിക്കേണ്ട ചോദ്യം. കാടും, മലയും, കാട്ടാറും, മൃഗങ്ങളും മനുഷ്യരും ചേരുന്നതാണ് പ്രകൃതി. അതിനൊരു സന്തുതിലിതാവസ്ഥയുണ്ട്. അതിന്റെ താളം(ബാലന്‍സ്) തെറ്റിയാല്‍ പ്രകൃതി ക്ഷോഭങ്ങളായിരിക്കും ഫലം. ഇതു തന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. അനധികൃത മണ്ണെടുക്കല്‍, ക്വാറികളുടെ പ്രവര്‍ത്തനം, കുന്നിടിച്ചു നിരത്തല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും പ്രകൃതി ദുരന്തത്തിന് കാരണമാകുന്നുണ്ട്. കാടുവെട്ടി വെളിപ്പിക്കലും ഇതില്‍പ്പെടും. മനുഷ്യന്റെ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതിനനുസരിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ പെരുകി. ഇതിനു വേണ്ടി നിലം ഒരുക്കേണ്ടി വന്നു.

വിനോദ സഞ്ചാര മേഖലകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വലിയ കടന്നു കയറ്റം തന്നെയുണ്ടായി. മണ്ണുമാന്തി. കുന്നിടിച്ചു. മരം വെട്ടി. പാറപൊട്ടിച്ചു അങ്ങനെ എല്ലാ രീതിയിലും പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ടായിരുന്നു മനുഷ്യന്റെ വാസം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതോടെ കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചു. മഴ എത്ര അളവില്‍ പെയ്യുമെന്നോ, എപ്പോള്‍ പെയ്യുമെന്നോ മുന്‍കൂട്ടി അറിയാനാകാതെ വന്നു. പെയ്യുന്ന മഴയില്‍ പ്രളയം ഉണ്ടാകാന്‍ തുടങ്ങി. പ്രളയത്തിനു പിന്നാലെ ഉരുള്‍ പൊട്ടലും, മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും, ഭൂമി താഴ്ന്നു പോകലും ഉണ്ടാകാന്‍ തുടങ്ങി. ഇതെല്ലാം മനുഷ്യരെ ഇല്ലാതാക്കാന്‍ പാകത്തിന് വലുതായിരിക്കുകയാണ്.

അത്തരം സംഭവങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. സൂനാമിയും, ഓഖിയും, പ്രളയവും, ഉരുള്‍ പൊട്ടലും ഇതിന് ഉദാഹരണങ്ങളാണ്. ഇതിനുപുറമേയാണ് ഇടിവെട്ടലും മിന്നലും, ചുഴലിക്കാറ്റും. ഇതെല്ലാംം കാലാവസ്ഥയിലൂണ്ടായ മാറ്റത്തിനു വിധേയമായിരിക്കുന്നു. മനുഷ്യന്‍ തന്നെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്നത്. ഇതിനോടൊപ്പമുള്ളതാണ് മനുഷ്യ നിര്‍മ്മിച ദുരന്തങ്ങള്‍. ഇനിയും നമ്മള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യന്‍ എന്നത് വെറും ഓര്‍മ്മയായി മാറിപ്പോകുമെന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്.

മാധവ് ഗാഡ്ഗില്‍ പറഞ്ഞതെന്ത് ?

ഇന്ത്യയുടെ പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി (വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്‌സ്പര്‍ട്ട് പാനല്‍ – WGEEP). ജൈവവൈവിദ്ധ്യ – പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധരാണ് ഈ സമിതിയിലുണ്ടായിരുന്നത്. അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗില്‍. അദ്ദേഹത്തിന്റെ പേരിലാണ് ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്ന് അറിയപ്പെടുന്നത്.

പശ്ചിമഘട്ടത്തിന്റെ അതിരുകള്‍ ?

പരിസ്ഥിതിലോലമെന്ന വിഭാഗത്തില്‍പ്പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകള്‍ ഏത് എന്നതാണ് സമിതി പ്രധാനമായും നിര്‍ണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ക്കൂടെ അറബിക്കടലിനു സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കിലോമീറ്റര്‍ ദൈര്‍ഘ്യവും കുറഞ്ഞത് 48 കിലോമീറ്റര്‍ മുതല്‍ 210 കിലോമീറ്റര്‍ വരെ പരമാവധി വീതിയും 129037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് പഠനത്തിനു വിധേയമായത്. ഇതു മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നാരംഭിച്ച് തെക്കോട്ടു കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന 8°19’8’N 72°56’24’E മുതല്‍ 21°16’24’N 78°19’40’E വരെയുള്ള അക്ഷാംശ-രേഖാംശപ്രദേശമാണ്.

പരിസ്ഥിതിലോല മേഖലകള്‍ ? 

ഗാഡ്ഗില്‍സമിതിയുടെ കാതലും ഏറെ വിവാദങ്ങള്‍ക്കു കാരണമായതുമായ ഘടകമാണ് സമിതി നിര്‍ണ്ണയിച്ച മൂന്നു പരിസ്ഥിതിലോല മേഖലകള്‍. താലൂക്കടിസ്ഥാനിത്തിലാണ് സമിതി ഇവയെ നിര്‍ണ്ണയിച്ചത്. എന്നാല്‍ ഒരു താലൂക്കും പൂര്‍ണ്ണമായി ഏതെങ്കിലുമൊരു പരിസ്ഥിതി ലോലമേഖലയില്‍ വരുന്നില്ല. പഞ്ചായത്തുകളാണ് ഓരോ മേഖലയുടെയും അതിരുകള്‍ നിശ്ചയിക്കേണ്ടതെന്ന വികേന്ദ്രീകരണ പക്ഷമാണ് സമിതി ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. പശ്ചിമഘട്ടത്തില്‍ വരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളില്‍ നിന്ന് 134 പരിസ്ഥിതിലോല മേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളില്‍ നിന്ന് ഇരുപത്തഞ്ചെണ്ണമാണ് പരിസ്ഥിതിലോലമായി തിരിച്ചറിഞ്ഞത്. ഇവയില്‍ പതിനഞ്ചെണ്ണം മേഖല 1-ലും രണ്ടെണ്ണം മേഖല 2-ലും എട്ടെണ്ണം മേഖല 3-ലുംപെടുന്നു.

താലൂക്കുകളുടെ പട്ടിക ഇങ്ങനെ

സംസ്ഥാനം         ജില്ലകള്‍      മേഖല 1-ലെ താലൂക്കുകള്‍       മേഖല 2-ലെ താലൂക്കുകള്‍        മേഖല 3-ലെ താലൂക്കുകള്‍
ഗുജറാത്ത്                3                                 1                                                                  1                                                                  1
മഹാരാഷ്ട്ര          10                               32                                                                  4                                                                  14
ഗോവ                       2                       ബാധകമല്ല                                            ബാധകമല്ല                                                 ബാധകമല്ല
കര്‍ണാടക           11                                  26                                                                5                                                                    12
കേരളം                  12                                 15                                                                 2                                                                     8
തമിഴ്‌നാട്              6                                    9                                                                  2                                                                     2
ആകെ                  44                                  83                                                                14                                                                    37

പരിസ്ഥിതിലോല മേഖലകളെ കൂടാതെ പരിസ്ഥിതിലോല പ്രദേശങ്ങളും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവയുടെ അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതു സംസ്ഥാന സര്‍ക്കാറുകളും പഞ്ചായത്തുകളും ചേര്‍ന്നാണെന്നു സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ?

(1) മണ്ടക്കല്‍-പനത്തടി,
(2) പൈതല്‍മല,
(3) ബ്രഹ്‌മഗിരി-തിരുനെല്ലി,
(4) പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങള്‍, കുറുവ ദ്വീപ്,
(5)കുറ്റ്യാടി-പെരിയ-കല്‍പ്പറ്റ,
(6)നിലമ്പൂര്‍-മേപ്പാടി,
(7)സൈലന്റ് വാലി,
(8)മണ്ണാര്‍ക്കാട്-ശിരുവാണി-മുത്തുക്കുളം,
(9)നെല്ലിയാമ്പതി-പറമ്പിക്കുളം,
(10) പീച്ചി-വാഴാനി,
(11)പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാര്‍,
(12)മൂന്നാര്‍-ഇരവിക്കുളം-ചിന്നാര്‍,
(13) ഏലമലക്കാടുകള്‍,
(14) പെരിയാര്‍-റാന്നി-കോന്നി-ഗൂഡ്രീക്കല്‍,
(15) കുളത്തൂപ്പുഴ -തെന്മല,
(16) അഗസ്ത്യമല-നെയ്യാര്‍-പേപ്പാറ.
ഇവയെല്ലാം മുമ്പേയുള്ള ദേശീയോദ്യാനം, വന്യജീവിസങ്കേതം, ജൈവൈവിധ്യ റിസര്‍വുകള്‍ എന്നിവയ്ക്കു പുറമെയാണ്.

വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ?

* ജനിതകമാറ്റംവരുത്തിയ വിത്തുകള്‍ പാടില്ല.
* പ്ലാസ്റ്റിക് ഉപയോഗം മൂന്നുവര്‍ഷംകൊണ്ടു നിറുത്തണം.
* മേഖല 1 അഞ്ചുവര്‍ഷം കൊണ്ടും മേഖല 2 എട്ടുവര്‍ഷം കൊണ്ടും മേഖല 3 പത്തുവര്‍ഷം കൊണ്ടും ജൈവകൃഷിയിലേക്കു മാറണം.
* പ്രത്യേകസാമ്പത്തിക മേഖലയോ പുതിയ ഹില്‍സ്റ്റേഷനോ പാടില്ല.
* പൊതുഭൂമി സ്വകാര്യവത്കരിക്കാന്‍ പാടില്ല.
* മേഖല 1-ലും 2-ലും വനഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാടില്ല. കൃഷിഭൂമി, കൃഷിയൊഴികെയുള്ള ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍പാടില്ല. മേഖല 3-ല്‍ പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
* പഞ്ചായത്തു തലത്തിലുള്ള വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികള്‍ ഉണ്ടാക്കണം.
* തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന്, സാമ്പത്തിക പ്രോത്സാഹാഹനം കൊടുക്കണം.
* ഏകവിളത്തോട്ടങ്ങള്‍ പാടില്ല.
* മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016ഓടെ മേഖല 1-ലെ ഖനനം നിര്‍ത്തണം. നിയന്ത്രണ വിധേയമായി മേഖല 2-ല്‍ ഇപ്പോഴുള്ള ഖനനവും മേഖല 3-ല്‍ പുതിയ ഖനനവും ആവാം.
* വികേന്ദ്രീകൃത സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങുക.
* റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂ. ഇവയില്‍ പരിസ്ഥതി നാശത്തിന്റെ മൂല്യം കണക്കാക്കണം.
* പരിസ്ഥതിക്കു കോട്ടംപറ്റാത്ത രീതിയിലാകണം കെട്ടിടനിര്‍മ്മാണം. സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. * എല്ലാമേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊര്‍ജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുള്ള സൗകര്യമുണ്ടായിരിക്കണം.
പുഴകളുടെ തിരിച്ചുവിടല്‍ അനുവദിക്കരുത്.
* വനാവകാശ നിയമം കണക്കിലെടുത്ത്, കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസര്‍വ് എന്ന സംവിധാനം നടപ്പാക്കുക.
* മേഖല 1-ല്‍ മണല്‍വാരലിനും പാറപൊട്ടിക്കലിനും പുതിയ അനുമതി നല്‍കരുത്.
* മേഖല 1-ലും 2-ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ പുതുതായനുവദിക്കരുത്.
* മേഖല 1-ല്‍ പത്തു മെഗാവാട്ടില്‍ക്കുറഞ്ഞുള്ള ജലവൈദ്യുതപദ്ധതികളാവാം. വലിയ കാറ്റാടിപദ്ധതികള്‍ പാടില്ല. മേഖല 2-ല്‍ പതിനഞ്ചു മീറ്റര്‍ കവിയാത്ത അണക്കെട്ടുകളാവാം. 10-25 മെഗാവാട്ടുവരെയുള്ള ജലവൈദ്യതപദ്ധതികളാവാം.
* കാലാവധികഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ 30-50 വര്‍ഷമെടുത്ത് ഡീക്കമ്മീഷന്‍ ചെയ്യണം.
* ഇവയ്ക്കുപുറമെ തനതു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് പരിരക്ഷണ സേവനത്തിനുള്ള കൂലി (conservation service charge) നല്‍കണമെന്നും, കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതിബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതി ക്ലബ്ബുകളുടെ സേവനം ഉപയുക്തമാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
* അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകള്‍ വേണ്ടായെന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണവിധേയമായേ ആകാവൂ എന്നുമുള്ള നിലപാടാണ് സമിതിയെടുത്തത്.

മുണ്ടക്കൈ ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ ?

ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. അതില്‍ 87 സ്ത്രീകളും, 98 പുരുഷന്മാരും, 30 കുട്ടികളുമുണ്ട്. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറിക്കഴിഞ്ഞു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് അപൂര്‍ണ്ണമാണ്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരുണ്ട്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞു തെരച്ചില്‍ നടത്തിയിരുന്നു.

പ്രകൃതി ക്ഷോഭ മുന്നറിയിപ്പു സംവിധാനം ?

പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴ പ്രവചിക്കാനാവുന്നില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം എന്ന സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.

തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും.

ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഇനിയുമൊരു ദുരന്തം ഉണ്ടാകില്ലെന്ന് പറയാനാകില്ല. അത്രയേറെ പ്രകൃതി കലിതുള്‌ലി നില്‍ക്കുകയാണ്. മുല്ലപ്പെരിയാറും, വനനശീകരണവും, മണ്ണെടുക്കലും, പാറ പൊട്ടിക്കലും നിര്‍ബാധം തുടരുകയാണ്. എവിടെയാണ് നമുക്ക് നിര്‍ത്താനാവുക. മനുഷ് നിര്‍മ്മിത ദുരന്തങ്ങള്‍ക്കു പിന്നാലെ പ്രകൃതിയും ഇങ്ങനെ ദൈവത്തിന്റെ സ്വന്തം നാടിനെ ശ്മശാനമാക്കിയാല്‍ എന്തു ചെയ്യും. ഒന്നുറപ്പാണ് മുണ്ടക്കൈയിലെ ദുരന്തം അവസാനത്തേതല്ല.

CONTENT HIGHLIGHTS;How much is the lesson?: What does forearm sprains mean?; Is there more to study?

Latest News