മുല്ലപ്പെരിയാര്‍ പൊട്ടുമോ ?. പൊട്ടിയാല്‍ എന്തു സംഭവിക്കും ?. ഇങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമെല്ലാം മലയാളികള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. ഡാം 999 എന്ന ചിത്രവും ഒരു ഡാം തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്. മാത്രമല്ല സൂനാമിയും, പ്രളയവും, ഉരുള്‍ പൊട്ടല്‍, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍, ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ ചെറിയ പതിപ്പുകള്‍ മനസ്സിലാക്കി തന്നു. എങ്കിലും ഒരു “ഡാം പൊട്ടല്‍” ദുരന്തത്തിനു വേണ്ടി കാത്തിരിക്കുന്നതു പോലെയാണ് മലയാളികളുടെ ഇപ്പോഴത്തെ ജീവിതം.
അതേസമയം, വരള്‍ച്ചയുടെ നെല്ലിപ്പലകയിലും കൃഷിക്ക് പ്രാധാന്യം നല്‍കുന്ന തമിഴ്‌നാട് പറയുന്നത്, മുല്ലപ്പെരിയാര്‍ പൊട്ടില്ലെന്നാണ്. എന്നാല്‍, മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാളുപോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം എത്ര കഴിഞ്ഞിരിക്കുന്നു. ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.
അതുകൊണ്ടു തന്നെ കേരളീയര്‍ ഭയക്കുന്നു, ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നതാണെന്നും പൊട്ടുമെന്നും. ഇങ്ങനെ അണക്കെട്ടിലെ ജലത്തെ വ്യത്യസ്ത തലങ്ങളില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് രണ്ടു സംസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേസും വഴക്കുമായി ഒത്തു തീര്‍പ്പുകളില്ലാതെ സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു. അവിടെ തമിഴ്‌നാടിന് അനുകൂലമായ വിധിയുമുണ്ടായി. അങ്ങനെ ഡാമിലെ വെള്ളത്തിന്റെ അളവ് ഉയര്‍ത്താനുള്ള അനുമതി തമിഴ്‌നാടിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്.
കേരളത്തിന് അനുകൂലമായതൊന്നും പ്രതീക്ഷിക്കാന്‍ വകയില്ലെങ്കിലും മലയാളികളുടെ ആശങ്കയെങ്കിലും അറിയിക്കാനാവുമല്ലോ എന്ന ആശ്വാസമുണ്ട്. കാരണം, നിലവില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലം ഉള്ളതുകൊണ്ട്. അതുകൊണ്ടു കൂടിയാണ് മുല്ലപ്പെരിയാര്‍ വിഷയം ഈ ഘട്ടത്തില്‍ ചര്‍ച്ചയാകുന്നതും. എന്നാല്‍, ഒരു കാര്യം അറിയാനുണ്ട്. കേരളത്തിലെ ജനങ്ങളില്‍ എത്രപേര്‍ക്കാണ് മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയുള്ളത്. ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ലെന്നു വേണം മനസ്സിലാക്കാന്‍.
1896ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെനിക്വുക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍, ഇന്ത്യ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞതാണ്. അന്നത്തെ സാങ്കേതിക വിദ്യയില്‍ വളരെ ശ്രദ്ധചെലുത്തി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതു കൊണ്ടുമാത്രമാണ് പിന്നെയും 77 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. മറ്റാരെങ്കിലുമായിരുന്നു ഡാമുണ്ടാക്കിയിരുന്നതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.
കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഡാമിന്റെ ഉടമസ്ഥര്‍ തമിഴ്‌നാടാണ്. ഇതാണ് പ്രധാന പ്രശ്‌നം. വെള്ളം ഇവിടെയും അതിന്റെ ഉടമസ്ഥന്‍ അവിടെയുമിരുന്ന് നടത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍ , രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്. 1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയായിരുന്നു. കരാര്‍പ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും.
50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്. അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം എടുക്കാനാണ് തമിഴ്‌നാടിന്റെ പദ്ധതി.
ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായവും തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ എന്ന ചോദ്യത്തിന് തമിഴ്‌നാടിന്റെ കൈയ്യില്‍ എന്തുത്തരമാണുള്ളത്.
ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാനും പറ്റില്ല. എറണാകുളം ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപകടമെന്തെങ്കിലും ഉണ്ടായാല്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. ഇതിനു പുറമേ വളര്‍ത്തു-വന്യ മൃഗങ്ങളും ഉണ്ടാകും. ഈ ദുരന്തത്തിനു പിന്നാലെ ഉണ്ടാകാന്‍ പോകുന്നത്, പകര്‍ച്ചവ്യാധികളായിരിക്കും. അത് രക്ഷപ്പെട്ടവരെ കൊല്ലാനുള്ളതായി മാറുകയും ചെയ്യും.
ഇതില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ തമ്മിലടിക്കുന്ന തമിഴനുമുണ്ടാകും. ഡാംപൊട്ടി ജലം നഷ്ടമാകുന്നതോടെ തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നിവിടെയുള്ള കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴര്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇതിന്റെപേരില്‍ ഉണ്ടാകാനിടയുള്ള വംശീയ കലാപവും മറന്നു പോകരുത്. ഇതെല്ലാം കഴിഞ്ഞിം അവശേഷിക്കുന്നവര്‍ ഈ ദാരുണസംഭവത്തിന്റെ പേരില്‍ പഴിചാരി കേസും വഴക്കുമായി കാലം കഴിക്കും. രാജ ഭരണം കഴിഞ്ഞ് ജനായത്ത ഭരണം വന്നിട്ടും, രാജാവിന്റെ പാട്ടക്കരാര്‍ ഉയര്‍ത്തിക്കാട്ടി ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നത് ആരാണ്.
ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുമുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കും. 1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാംദുരന്തം. 20 മിനിറ്റിനുള്ളില്‍ 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്. 2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തം മറക്കാനാവുന്നതല്ല.
അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയത് രാത്രിയായതുകൊണ്ട് പലരും ഉറക്കത്തില്‍ത്തന്നെ മരിച്ചു. നൂറുകണക്കിന് കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഈ ദുരന്തങ്ങളെല്ലാം ഒരു മുന്നറിയിപ്പാണ്. അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാര്‍ രാജാവിനെ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണ്. എന്നാല്‍, ആ കരാര്‍ പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന ജനകീയ അധികാരികള്‍ക്ക് മനുഷ്യത്വമുണ്ടോ എന്നാണ് ചോദ്യം. ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ?.
ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ?. എന്തോന്നാണ് ഇത്ര വാദിക്കാന്‍ ?. ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ?. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നുള്ള സാധാരണക്കാരുടെ ചോദ്യങ്ങള്‍ കൂടി കേള്‍ക്കാതെ പോകാനാവില്ല.
ഡാം പരിസരത്ത് എവിയെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ 6 ലേക്ക് എത്തുന്ന ഒരു ഭൂചലനമുണ്ടായാല്‍ അതോടെ തീരും എല്ലാം. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. അങ്ങനെയൊരു അപകട സാധ്യതയുണ്ടെങ്കില്‍ അത് തമിഴ്‌നാട് അറിയിക്കുമെന്ന് വിശ്വസിക്കാനാവുമോ?. അതുകൊണ്ടു തന്നെ ദുരന്ത നിവാരണ അതോറിട്ടി എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (E.A.P.) തയ്യറാക്കി വെച്ചിട്ടുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ആക്ഷന്‍ പ്ലാനില്‍. ഈ പ്ലാന്‍ പ്രകാരം മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഒരു മനുഷ്യ ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലത്.
CONTENT HIGHLIGHTS; Will Mullaperiyar break?: To those who are worried about whether it will break or not?