ഇസ്രയേലിന്റെ ആക്രമണം ഗാസയെ മുച്ചൂടും മുടിച്ച് മുന്നോറുമ്പോള്‍, തോല്‍വി സമ്മതിക്കാനോ കീഴടങ്ങാനോ ബന്ദികളെ മോചിപ്പിക്കാനോ തയ്യാറാകാതെ പൊരുതി നില്‍ക്കുന്ന പലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ പ്രധാനിയാണ് യഹിയ ഇബ്രാഹിം ഹസ്സന്‍ സിന്‍വാര്‍. ഹമാസിന്റെ ത്രിമൂര്‍ത്തികളില്‍ ഇനി അവശേഷിക്കുന്ന നേതാവ്. ജൂലൈയില്‍ ഇസ്രയേല്‍ ഓപ്പറേഷനിലൂടെ ഹനിയേയും ഡീഫും കൊല്ലപ്പെട്ടു. ഇതോടെ സിന്‍വാറിനെ ത്രിമൂര്‍ത്തികളിലെ അവസാന നേതാവായി അവശേഷിപ്പിക്കുകയും ചെയ്തു.
2017 മുതല്‍ ഗാസാ മുനമ്പില്‍ ഹമാസ് പോരാളികള്‍ക്ക് തന്ത്രവും ശക്തിയും പകര്‍ന്നു നല്‍കിക്കൊണ്ട് യഹിയ സിന്‍വാറുണ്ട്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ബുദ്ധികേന്ദ്രം. ഇസ്രയേലിന് ചരിത്രത്തിലേറ്റ മാരകമായ പ്രഹരമായിരുന്നു അത്. പിന്നീട് ആരംഭിച്ച യുദ്ധം എട്ടു മാസം പിന്നിട്ടിട്ടും അവസാനിക്കാതെ ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ സമാധാന ശ്രമങ്ങളും, ബന്ദികളെ കൈമാറ്റം ചെയ്യലുമൊക്കെ നടന്നു. എന്നാല്‍, പൂര്‍ണ്ണമായൊരു യുദ്ധവിരാമത്തിന് ഇസ്രയേലും ഹമാസും തയ്യാറായിട്ടില്ല. ഹമാസിനെവേരോടെ പിഴുതെറിയാന്‍ ഇസ്രയേല്‍ സൈന്യം ഗാസയെ ഉഴുതു മറിക്കുകയാണ്.
എന്നിട്ടും, ബന്ദികളെ കണ്ടെത്താനോ ഹമാസിനെ അടിയറവു പറയിക്കാനോ ഇസ്രയേലിനു കഴിയുന്നില്ലെന്നതാണ് വസ്തുത. നേതാക്കളെ ഓരോരുത്തരെയായി വകവരുത്തുമ്പോഴും മളച്ചുപൊന്തുന്നതു പോലെ പുതിയ നേതാക്കളുടെ പിറവികള്‍ വ്യക്തമാക്കുന്നത്, ഹമാസ് അടിയറവു പറയില്ല എന്നു തന്നെയാണ്. ഒടുവില്‍ റിമോര്‍ട്ട് ബോംബിംഗിലൂടെ കൊലചെയ്ത ഇസ്മയില്‍ ഹനിയയില്‍ അവസാനിച്ചെന്നു കരുതിയ നേതൃത്വമാണ് യഹിയ സിന്‍വാറിലൂടെ ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ആരാണ് യഹിയ സിന്‍വാര്‍ എന്ന ചോദ്യത്തിന് പ്രസക്തി ഏറുന്നത്.
കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുമ്പ് ഇസ്മയില്‍ ഹനിയ പറഞ്ഞ ഒരു വാക്കുണ്ട്. ‘ഒരു നേതാവ് ഇല്ലാതായാല്‍ മറ്റൊരു നേതാവ് ഉയര്‍ന്നു വരും’ എന്ന്. ശരിയായ പ്രയോഗമായിരുന്നു അത്. ഹമാസിന്റെ രാഷ്ട്രീയവും, സാമൂഹികവും, മതപരവുമായ എല്ലാ കാര്യങ്ങളിലും ചേര്‍ച്ചയുള്ള നേതാവ് തന്നെയാണ് യഹിയ സിന്‍വാര്‍. ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്മായില്‍ ഹനിയ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനാകുന്നതിനു മുമ്പ് തന്നെ യഹിയ സിന്‍വാര്‍ യഥാര്‍ത്ഥ നേതാവായി മാറിയിരുന്നു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ആദ്യകാല ശില്‍പി എന്നുതന്നെ സിന്‍വാറിനെ വിളിക്കാം.
സിന്‍വാറിന്റെ ജീവിതം
ഗാസാ മുനമ്പിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പില്‍ 1962 ഒക്ടോബര്‍ 29നാണ് യഹയി സിന്‍വാറിന്റെ ജനനം. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അഷ്‌കെലോണില്‍ നിന്ന് കുടിയിറക്കപ്പെട്ടവരായിരുന്നു സിന്‍വാറിന്റെ മാതാപിതാക്കള്‍. ക്യാമ്പിലെ ദരിദ്ര്യവും പീഡനങ്ങളും നിറഞ്ഞ കുട്ടിക്കാലം. അടിസ്ഥാന സേവനങ്ങള്‍ക്കായി യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയെ (UNRWA) ആശ്രയിക്കുക മാത്രമായിരുന്നു ക്യാമ്പിലുള്ളവരുടെ ഏക മാര്‍ഗം. 1980കളുടെ തുടക്കത്തില്‍ അദ്ദേഹം ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയില്‍ ചേര്‍ന്നു. അവിടെ അറബി ഭാഷയെക്കുറിച്ചുള്ള പഠനം തന്റെ മതപരമായ ജീവിതത്തെ രൂപപ്പെടുത്താന്‍ സഹായിച്ചു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസ മുനമ്പിലെ പലസ്തീനി യുവാക്കള്‍ ഇസ്ലാമിസത്തിലേക്ക് ചേക്കേറുന്ന സമയത്താണ് അദ്ദേഹം സര്‍വകലാശാലയില്‍ പഠിക്കാനെത്തുന്നത്.
ഇസ്ലാമിക ചിന്തയെ പലസ്തീന്‍ ദേശീയതയുമായി സംയോജിപ്പിച്ച വിദ്യാര്‍ത്ഥി സംഘടനകള്‍ പെട്ടെന്ന് വളരുന്നു. 1982ല്‍ സിന്‍വാര്‍ ഇത്തരം സംഘടനകളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇസ്രയേല്‍ തടങ്കലിലായി. 1985ല്‍, ഹമാസിന്റെ രൂപീകരണത്തിന് മുമ്പ്, സിന്‍വാര്‍ അല്‍-മജ്ദ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇസ്ലാമിക യുവാക്കളുടെ ഒരു ശൃംഖലയായിരുന്നു അല്‍-മജ്ദ്. ഇസ്രയേല്‍ റിക്രൂട്ട് ചെയ്ത പലസ്തീനിയന്‍ ഒറ്റുകാരുടെ എണ്ണം കണ്ടെത്താന്‍ ഈ സംഘടന തയ്യാറായി. 1987ല്‍ ഹമാസ് രൂപീകൃതമായപ്പോള്‍, അല്‍-മജ്ദ് സ്ലീപ്പിംഗ് സെല്‍ ആയിമാറി. 1988ല്‍ ശൃംഖലയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. സിന്‍വാറിനെ ഇസ്രായേല്‍ ആഴ്ചകളോളം തടവിലാക്കി. പുറത്തിറങ്ങിയ സിന്‍വാര്‍, ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് പലസ്തീനികളെ കൊലപ്പെടുത്തി.
ഇതിനും ശിക്ഷിക്കപ്പെട്ടു. അതും നാല് ജീവപര്യന്തം തടവ്. തടവറയില്‍ സിന്‍വാര്‍ ചെയ്തത്, സഹതടവുകാരുടെ മേല്‍ ശക്തമായ ആധിപത്യം സ്ഥാപിക്കലായിരുന്നു. ദുരുപയോഗത്തിന്റെയും കൃത്രിമത്വത്തിന്റെയും തന്ത്രങ്ങളും ജയിലിന് പുറത്തുള്ള ബന്ധങ്ങളില്‍ നിന്നുള്ള സഹായവും ഇതിനായി സിന്‍വാര്‍ ഉപയോഗിച്ചു. വിവരദോഷികളെന്ന് സംശയിക്കുന്ന സഹതടവുകാരെ ശിക്ഷിക്കാന്‍ അദ്ദേഹം സഹതടവുകാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി. 1,600 തടവുകാരെ ചേര്‍ത്ത് തടവറയില്‍ നിരാഹാര സമരം നടത്താന്‍ നിര്‍ബന്ധിച്ചതു വഴി സിന്‍വാറിന്റെ സംഘടനമാ ശേഷി തെളിഞ്ഞു. ഒഴിവുസമയങ്ങളില്‍ ഇസ്രായേലി ശത്രുക്കളെക്കുറിച്ച് പഠിക്കാനും ഇസ്രായേലി പത്രങ്ങള്‍ വായിക്കാനും ഈ പ്രക്രിയയില്‍ ഹീബ്രു ഭാഷയില്‍ പ്രാവീണ്യം നേടാനും അദ്ദേഹം തയ്യാറായി.
സിന്‍വാറും, പലസ്തീന്‍ സ്വയം ഭരണവും
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പരിവര്‍ത്തനകരമായ ചില സംഭവങ്ങള്‍ സിന്‍വാറിന്റെ തടവറ കാലത്തു നടന്നു. 1990കളുടെ തുടക്കത്തില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പി.എല്‍.ഒ) ഇസ്രായേലും ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇത് ഇസ്രായേലിന്റെ നിലനില്‍പ്പിനുള്ള അവകാശത്തെ പി.എല്‍.ഒ അംഗീകരിച്ചതിന് പകരമായി ഒരു പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള സമാധാന പ്രക്രിയയ്ക്ക് രൂപം നല്‍കി. ഹമാസിന്റെ ചാവേര്‍ ബോംബാക്രമണങ്ങളും 1995ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിത്സാക് റാബിനെ ഒരു ജൂത തീവ്രവാദി കൊലപ്പെടുത്തിയതും ഈ പ്രക്രിയയ്ക്ക് തടസ്സമായി. രണ്ടാം പലസ്തീന്‍ ഇന്‍തിഫാദയില്‍ (2005) പ്രത്യാശയുടെ തിളക്കം മങ്ങി.
2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസിന് വോട്ട് ചെയ്യാനുള്ള അധികാരം നല്‍കി പലസ്തീനികള്‍ പി.എല്‍.ഒയെ തള്ളി. ഇതിന്റെ ഭാഗമായി ഓസ്ലോ ഉടമ്പടി പ്രകാരം സ്ഥാപിക്കപ്പെട്ട ഇസ്രായേലും ഇടക്കാല പലസ്തീന്‍ അതോറിറ്റിയും (പി.എ) തമ്മിലുള്ള ബന്ധം വഷളായി. 2007ല്‍, പിഎയ്ക്കുള്ളിലെ വിഭാഗീയ പോരാട്ടം ഹമാസിനെ ഗാസ മുനമ്പിന്റെ മാത്രം ചുമതല ഏല്‍പ്പിച്ച. ഇതോടെ ഇസ്രായേലും ഈജിപ്തും പ്രദേശം ഉപരോധിച്ചു. ഈ ഉപരോധം പില്‍ക്കാലത്ത് ഹമാസും ഇസ്രായേലും തമ്മില്‍ നിരവധി സായുധ പോരാട്ടങ്ങള്‍ക്ക് കളമൊരുക്കി. 2011ല്‍ സിന്‍വാര്‍ പുറത്തിറങ്ങുമ്പോഴേക്കും ഗാസ സംഘര്‍ഷ കലുഷിതമായിരുന്നു.
ഷാലിറ്റിനു പകരം സിന്‍വാര്‍
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിലെ (ഐ.ഡി.എഫ്) സൈനികനായ ഗിലാദ് ഷാലിത്തിനെ 2006ല്‍ അതിര്‍ത്തി കടക്കുന്നതിനിടെ ഹമാസ് തട്ടിക്കൊണ്ടു പോയിരുന്നു. ഷാലിറ്റിനെ രക്ഷിക്കാന്‍ ഇസ്രയേല്‍ നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. തുടര്‍ന്ന് 2011 ഒക്ടോബറില്‍ ഈജിപ്തും ജര്‍മ്മനിയും അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു കരാര്‍ ഉറപ്പിച്ചു. ഷാലിറ്റിനെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന സിന്‍വറിന്റെ സഹോദരന്‍ മുഹമ്മദ്, സിന്‍വാറിനെ കൈമാറ്റത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍, ഇത് നിരസിച്ചതോടെ സിന്‍വാറിനെ ഏതാന്ത തടവറയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതിനു പിന്നാലെ ഇസ്രയേല്‍ തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട 1,026 പേരില്‍ ഏറ്റവും മുതിര്‍ന്ന പലസ്തീന്‍ തടവുകാരനായിരുന്നു സിന്‍വാര്‍. ഷാലിറ്റിനെ ഇസ്രായേലിലേക്ക് വിട്ടയച്ച അതേ ദിവസം തന്നെയാണ് പലസ്തീന്‍ തടവുകാരെയും വിട്ടയച്ചത്.
ഗാസായില്‍ ഹമാസിന്റെ നേതൃതം
2012ല്‍ ജയില്‍ മോചിതനായതോടെ സിന്‍വാര്‍ ഗാസ മുനമ്പിലെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജയില്‍ നേതാവെന്ന നിലയിലുള്ള തന്റെ അനുഭവം അദ്ദേഹം ഉപയോഗപ്പെടുത്തുകയും ഒത്തുതീര്‍പ്പിനായി അതിന്റെ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഹമാസിനുള്ളില്‍ പ്രശസ്തി നേടുകയും ചെയ്തു. ഇസ്രയേലികളെ പിടികൂടാന്‍ അദ്ദേഹം തീവ്രവാദികളോട് ആഹ്വാനം ചെയ്തു. 2015ല്‍ പ്രത്യേകമായി നിയുക്തമാക്കിയ ആഗോള ഭീകരരുടെ പട്ടികയില്‍ സിന്‍വാറിന്റെ പേര് അമേരിക്ക ഉള്‍പ്പെടുത്തി. ഇതിനിടെ, ഗാസാ മുനമ്പില്‍ ഹമാസ് അതിന്റെ സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുകയായിരുന്നു.
അതിനായി പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (PIJ) പോലുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ കടുത്ത നിലപാടുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കുകയും അവരുടേതായ ചില സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2017ല്‍ ഗാസാ മുനമ്പിലെ ഹമാസിന്റെ പ്രതിരോധ മന്ത്രിയുടെ റോളില്‍ സിന്‍വാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഗാസ മുനമ്പില്‍ 2012 ലെ ഇസ്രായേലി ഓപ്പറേഷന്‍ സമയത്ത് , സിന്‍വാര്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഖുദ്സ് ഫോഴ്സ് ജനറല്‍ ഖാസിം സുലൈമാനിയെ ടെഹ്റാനില്‍ വെച്ച് കണ്ടുമുട്ടി. 2017ലെ ഗാസയിലെ ഗ്രൂപ്പിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഹമാസും ഹിസ്ബുള്ളയും തമ്മില്‍ അടുത്ത സഹകരണം വളര്‍ത്തിയെടുക്കാനും വിജയം കണ്ടു.
ഇസ്രയേലിലേക്കുള്ള ആക്രമണം
‘ഇസ്രായേലിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഹമാസ് ചര്‍ച്ചചെയ്ത സമയം കഴിഞ്ഞിരിക്കുന്നു, ഇസ്രായേലിനെ എപ്പോള്‍ തുടച്ചുനീക്കും എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.’ എന്നാണ് യഹിയ സിന്‍വാറിന്റെ നിലപാട്. പക്ഷേ, നേതാവെന്ന നിലയിലുള്ള തന്റെ ആദ്യ വര്‍ഷങ്ങളില്‍, അദ്ദേഹം അടങ്ങിയിരുന്നു. ഹമാസ് പിഎയുമായി ഒരു അനുരഞ്ജന കരാര്‍ ഉണ്ടാക്കി. ഗാസ മുനമ്പിന്റെ ഭൂരിഭാഗവും പി.എയ്ക്ക് കുറച്ചുകാലത്തേക്ക് വിട്ടുകൊടുത്തു. ഈജിപ്തുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. കൂട്ടുകെട്ടിനായി ഇറാനിലേക്ക് പോയി. ഇറാന്‍ ഹമാസിനെ അതിന്റെ സഖ്യകക്ഷികളുടെ ശൃംഖലയിലേക്ക് പുനഃസ്ഥാപിക്കുകയും അതിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. 2018ന്റെ അവസാനത്തില്‍, ദീര്‍ഘകാല ഉടമ്പടിക്കായി ഇസ്രായേലുമായി ചര്‍ച്ചകള്‍ നടക്കുകയും 2020 ജനുവരിയിലെ യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വരെ തുടരുകയും ചെയ്തു.
ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി, മുന്നോട്ടുള്ള പാതയായി ഇസ്രായേല്‍ സ്വീകരിച്ചെങ്കിലും പലസ്തീനികള്‍ തള്ളിക്കളയുകയായിരുന്നു. 2021 മെയ് മാസത്തില്‍ പലസ്തീന്‍ പ്രതിഷേധക്കാരും ഇസ്രായേല്‍ പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍, പ്രത്യേകിച്ച് അല്‍-അഖ്‌സ മസ്ജിദിന് ചുറ്റുമുള്ള വളപ്പില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ജറുസലേമിലേക്കും തെക്കന്‍, മധ്യ ഇസ്രായേലിലേക്കും റോക്കറ്റുകള്‍ അയച്ചുകൊണ്ട് ഹമാസ് പ്രതികരിച്ചു. ഹമാസും ഇസ്രായേലും തമ്മില്‍ 11 ദിവസത്തെ ശക്തമായ പോരാട്ടത്തിന് ഇത് വഴിവെച്ചു. സംഘട്ടനത്തിനു ശേഷം സിന്‍വാറിന്റെ ജനപ്രീതി ഇരട്ടിയായി. 2022ല്‍ ഹമാസിന്റെ സ്ഥാപക വാര്‍ഷികം ആഘോഷിക്കുന്ന ഒരു റാലിയില്‍, പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഒരു കരാറില്‍ ഇസ്രായേല്‍ ഒപ്പുവെച്ചില്ലെങ്കില്‍, ‘അല്‍-അഖ്‌സയെ പ്രതിരോധിക്കാന്‍ ഒരു കൊടുങ്കാറ്റായി എഴുന്നേല്‍ക്കാന്‍’ അദ്ദേഹം ഓരോരുത്തരോടും ആഹ്വാനം ചെയ്തു.
2023 ഒക്ടോബര്‍ 7ലെ ആക്രമണം
2023 ഒക്ടോബര്‍ 7ന്, ഹമാസ് ഇസ്രയേലിനു നേരെ ഒരു മിന്നലാക്രമണം നടത്തി. ‘ഓപ്പറേഷന്‍ അല്‍-അഖ്‌സ വെള്ളപ്പൊക്കം’ എന്ന് പേരിട്ട ആക്രമണം ഇസ്രായേലിന് എതിരായ ഏറ്റവും വിനാശകരമായ ആക്രമണമായിരുന്നു. സ്‌ഫോടകവസ്തുക്കള്‍, ബുള്‍ഡോസറുകള്‍, പാരാഗ്ലൈഡറുകള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു. കനത്ത ഉറപ്പുള്ള അതിര്‍ത്തിയില്‍ ഡസന്‍ കണക്കിന് പോയിന്റുകളില്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ ഇസ്രയേലിനെ ഞെട്ടിച്ചു കളഞ്ഞു. 20 മിനിറ്റിനുള്ളില്‍ 2,200 റോക്കറ്റുകളെങ്കിലും പ്രയോഗിച്ചാണ് ഇത് ആരംഭിച്ചത്. 1,500 ഹമാസ് പോരാളികള്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. ഇതിന്റെ മുഖ്യ സൂത്രധാരന്‍ യഹിയ സിന്‍വറായിരുന്നു.
സൈനിക ഔട്ട്പോസ്റ്റുകള്‍ ആക്രമിക്കുക മാത്രമല്ല, അവരുടെ വീടുകള്‍ക്കുള്ളിലെ കുടുംബങ്ങളെയും ഒരു സംഗീതോത്സവത്തില്‍ പങ്കെടുത്തവരെ കൊല്ലുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാര്‍ക്ക് ഏറ്റവും മാരകമായ ദിവസമായിരുന്നു അത്. ആക്രമണം സിന്‍വാറിന്റെ തന്ത്രങ്ങളുടെ മുഖമുദ്രയെയാണ് വെളിവാക്കിയത്. ബന്ദികളെ പിടിക്കുന്നത് തടവുകാരെ കൈമാറുന്നതിലുള്ള വിലപേശലിനു വേണ്ടിയിയാരുന്നു.
ഇസ്രയേലിന്റെ തിരിച്ചടിയും ഹമാസിന്റെ പ്രതിരോധവും
ഹമാസ് ആക്രമണത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണം ഗാസക്കാര്‍ക്ക് വിനാശകരമായിരുന്നു. ഗാസ മുനമ്പിലേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയ്ക്ക് സമ്പൂര്‍ണ്ണ ഉപരോധം നടപ്പാക്കി. ആഴ്ചകള്‍ക്കുള്ളില്‍, 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിനു ശേഷം കൂടുതല്‍ പലസ്തീനികളുടെ മരണത്തിന് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ കാരണമായി. 1.4 ദശലക്ഷത്തിലധികം പേര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ 110 പേര്‍ക്ക് പകരമായി 240 പലസ്തീന്‍ തടവുകാരെ നവംബറില്‍ ഇസ്രായേല്‍ മോചിപ്പിച്ചപ്പോള്‍, ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയ ആയിരക്കണക്കിന് തടവുകാരെ അപേക്ഷിച്ച് മോചിപ്പിച്ച തടവുകാരുടെ എണ്ണം കുറഞ്ഞു.
2024 മെയ് മാസത്തില്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ സിന്‍വാറിനും സഹ ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയേയ്ക്കും മുഹമ്മദ് ഡീഫിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍. ജൂലൈയില്‍ ഇസ്രായേല്‍ ഓപ്പറേഷനിലൂടെ ഹനിയേയും ഡീഫും കൊല്ലപ്പെട്ടു. സിന്‍വാറിനെ ത്രിമൂര്‍ത്തികളുടെ അവസാനത്തെ നേതാവായി അവശേഷിപ്പിച്ചു.
content highlights;Yahia Sinwar is the only one among those three? What do you know about leader of Hamas?