ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധികാരികളുടെ നീതികേടിനെതിരെ തെരുവിലിറങ്ങി പ്രതിഷേധ സമരം നടത്തിയും, പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി മത്സരത്തില്‍ ഫൈനല്‍ ബെര്‍ത്ത് കരസ്ഥമാക്കിയും മുന്നോട്ടു കുതിച്ച വിനേഷ് ഫോഗട്ട്, നിങ്ങളാണ് യഥാര്‍ഥ താരം. ആ നൂറുഗ്രാം ഭാരം ഇന്ത്യയിലെ 144 കോടി ജനങ്ങള്‍ക്ക് ഇന്നൊരു തീരാ ഭാരമായി മാറിയിരിക്കുന്നു. ഒളിമ്പിക്‌സ് ഗുസ്തി കളത്തിലെ എല്ലാ കടമ്പകളും നിഷ്പ്രയാസം കടന്നെത്തിയ ഫോഗട്ടിനെ അയോഗ്യയാക്കിയത് 100ഗ്രാം തൂക്ക കൂടുതലാണ്. ഇത് മറികടക്കാന്‍ മുടിമുറിച്ചും, രക്തം പുറന്തള്ളുന്നതുമായ അങ്ങേയറ്റമുള്ള നടപടികള്‍ ഫോഗട്ടും സംഘവും എടുത്തെങ്കിലും ഫലമുണ്ടായില്ല. ഫോഗട്ടിനൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങളും പിന്തുണയോടെ നിന്നു.
മനസ്സു തകര്‍ന്ന ഫോഗട്ട് ഇപ്പോള്‍ പാരീസ് ഒളിമ്പിക്‌സ് വില്ലേജിലെ ആശുപത്രിയിലാണ്. നിര്‍ജ്ജലീകരണവും ബോധക്ഷയവും അവരെ ആസുപത്രിയിലെത്തിച്ചിരിക്കുന്നു. തളര്‍ന്നു പോകരുതെന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരണമെന്നും എല്ലാവരും കൂടെയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷെ, ഇനി പാരീസ് ഒലിമ്പിക്‌സില്‍ ഗുസ്തി മത്സരത്തില്‍ ഫോഗട്ടിന് മത്സരിക്കാനാവില്ല. കപ്പിനും ചുണ്ടിനും ഇടയില്‍ ആ സ്വര്‍ണ്ണം ഫോഗട്ടിന് നഷ്ടപ്പെടുകയാണ്. ഓര്‍മ്മയുണ്ടോ, ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ തെരുവുകളില്‍ അനീതിക്കെതിരെ പോരാടിയ വീര വനിതയെ. സമരപാതയില്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ പൊരുതിയ ഫോഗട്ട്. അതേ വീര്യത്തോടെ വിനേഷ് ഫോഗട്ട് ഒളിംപിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തിയതിനെ കാവ്യനീതിയായി മാത്രമേ കാണാന്‍ കഴിയൂ.
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെ ആ കസേരയില്‍ ഇനി ഇരുത്താനാവില്ലെന്ന് തീരുമാനിച്ചത്, വനിതാ താരങ്ങളെ പീഡിപ്പിച്ചുവെന്ന ക്ഷമയര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ആരോപണവും പ്രതിഷോധവും നടന്നത്. അതിന്നും കണ്ണില്‍ നിന്നു മായാത്ത കായിക താരങ്ങളും, ജനങ്ങളും ഇന്ത്യയിലുണ്ട്. കളിക്കളങ്ങളില്‍ വാശിയോടെ മത്സരിക്കേണ്ട കായികതാരങ്ങളെ തെരുവിലിറക്കിയവര്‍ മറന്നു പോയിട്ടുണ്ടാകാം. എന്നാല്‍ കളിക്കളത്തിലെ പോരാട്ട വീര്യം ഒട്ടും ചോരാതെ സമരരംഗത്തും പ്രകടമാക്കിയാണ് ഫോഗട്ട് നിന്നത്. അന്ന് താരം നേരിട്ട വ്യക്തിഹത്യയ്ക്കും പരിഹാസത്തിനും ഒറ്റപ്പെടലിനും കണക്കില്ല. അതേ ഫോഗട്ടാണ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ഗുസ്തിക്കളത്തില്‍ എതിരാളികളെ എണ്ണം പറഞ്ഞ് മലര്‍ത്തിയടിച്ചത്.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്ലിസ് ഗുസ്മന്‍ ലോപസിനെ 5-0ത്തിന് മലര്‍ത്തിയടിച്ചാണ് ഫോഗട്ട് ഫൈനലില്‍ കടന്നത്. ഇന്ന് രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍, മത്സരത്തില്‍ വിജയിച്ചാല്‍ സ്വര്‍ണ്ണവും, തോറ്റാല്‍ വെള്ളിയും ലഭിക്കേണ്ടിയിരുന്ന ഫോഗട്ട് മത്സരത്തില്‍ നിന്നുതന്നെ പുറത്തായതാണ് ഇന്ത്യക്കാരെയാകെ വിഷമത്തിലാക്കിയത്.
നിലവിലുള്ള സ്വര്‍ണ ജേതാവ് ജപ്പാന്‍ താരം യുയി സുസാക്കിയടക്കം വന്‍താരങ്ങളെ ഒന്നിനു പിറകെ കീഴടക്കി ഒളിംപിക്‌സ് ഗുസ്തിയില്‍ ഫൈനലില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചു. യുക്രെയ്‌നിന്റെ ഒക്‌സാന ലിവാച്ചിനെ ക്വാര്‍ട്ടറിലും തകര്‍ത്തായിരുന്നു വിനേഷിന്റെ മുന്നേറ്റം. മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018 ലോക ചാംപ്യന്‍ഷിപ് വെങ്കല ജേതാവുമായ ലിവാച്ചിനെതിരെ 7-5നായിരുന്നു വിനേഷിന്റെ വിജയം. 2010നു ശേഷം 3 മത്സരങ്ങളില്‍ മാത്രം തോല്‍വിയറിഞ്ഞിട്ടുള്ള സുസാക്കിയെ 3-2ന് ആണ് വിനേഷ് പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. നേരത്തേ, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും 8 ഏഷ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയിട്ടുള്ള വിനേഷ്, റിയോ ഡി ജനീറോ, ടോക്കിയോ ഒളിംപിക്‌സുകളില്‍ മെഡല്‍ നേടാതെ പുറത്തായിരുന്നു.
വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സിലെ ഉജ്വല പ്രകടനം കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയില്‍ പരാജയപ്പെട്ട് താരം പുറത്താകുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിനേഷ് ഫോഗട്ടിന്റെ വിജയം കേന്ദ്ര സര്‍ക്കാരിനും അധികാരവ്യവസ്ഥയ്ക്കും എതിരായ നേട്ടമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പുറത്താകല്‍.
ഗൂഢാലോചനയോ? ഗുരുതര വീഴ്ച
മിന്നുന്ന ഫോമില്‍ കുതിക്കുകയായിരുന്ന വിനേഷിന്റെ മെഡല്‍ നഷ്ടവും അയോഗ്യതയും രാജ്യത്തെ കായിക പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയമെന്നാണ് പലരും ഇതിനോടു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ചിലര്‍ ആരോപിക്കുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ഇതിനു പിന്നിലുണ്ടെന്നും ആരാധകര്‍ തുറന്നടിക്കുന്നു. നേരത്തേ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ സിങ് ശരണിനെതിരേ ഗുസ്തി താരങ്ങളുടെ വന്‍ പ്രതിഷേധ സമരം നടന്നപ്പോള്‍ ഇതില്‍ മുന്‍നിരയില്‍ തന്നെ വിനേഷുമുണ്ടായിരുന്നു.
മാത്രമല്ല പോലീസ് അവരുള്‍പ്പെടെയുള്ള ഒളിംപ്യന്‍മാരെ പ്രതിഷേധത്തിനിടെ വലിച്ചിഴച്ചു മാറ്റിയതും വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ പാരീസില്‍ മെഡല്‍ നേടി സര്‍ക്കാരിനു ശക്തമായ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലായിന്നു വിനേഷ്. സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരേയും പലരും രംഗത്തു വന്നിട്ടുണ്ട്. മാത്രമല്ല സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതരമായ ഒരു വീഴ്ചയെക്കുറിച്ചും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിനേഷ് ഫോഗട്ടിനു പാരീസ് ഒളിംപിക്സില്‍ വെള്ളി മെഡല്‍ ലഭിക്കുമായിരുന്നു. ഭാര പരിശോധനയ്ക്കു മുമ്പ് താരം അസുഖം കാരണം മല്‍സരിക്കുന്നില്ലെന്നു അധികൃതരെ സപ്പോര്‍ട്ട് സ്റ്റാഫ് അറിയിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വീഴ്ച സംഭവിക്കില്ലായിരുന്നു. എങ്കില്‍ വെള്ളിയെങ്കിലും വിനേഷിനു ലഭിച്ചേനെയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം ഒളിംപിക്സിന്റെ ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റൊന്നും ഇട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ വിനേഷിനെ അയോഗ്യയാക്കിയ ശേഷം മോദി പോസ്റ്റിട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും സോഷ്യല്‍ മനീഡിയയില്‍ ആരോപണമുണ്ട്. നേരത്തേയുള്ള പ്ലാന്‍ ആണോയെന്നു സംശയിക്കേണ്ടി വരുമെന്നും ആരാധകര്‍ തുറന്നടിക്കുന്നു. പുരുഷനായ അത്ലറ്റിനെ വനിതകളുടെ ബോക്സിങില്‍ മല്‍സരിക്കാന്‍ അനുവദിച്ചു. ഇപ്പോഴിതാ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി ഫൈനലിലെത്തിയ നമ്മുടെ വിനേഷ് ഫോഗട്ടിനെ കുറച്ചു ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കിയിരിക്കുന്നു. ഇത്രയും മോശമൊരു ഒളിംപിക്സ് ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രിയുടെ പോസ്റ്റ്
കൂടുതല്‍ ശക്തയായി തിരിച്ചുവരിക, ഞങ്ങളെല്ലാവരും കൂടെയുണ്ട്’; ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി
പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലിനായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.’വിനേഷ്, നീ ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളില്‍ക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്. വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും നിന്റെ പ്രകൃതം. കൂടുതല്‍ ശക്തയായി തിരിച്ചുവരിക! ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്’, മോദി കുറിച്ചു. സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
വിനേഷ് ഫോഗട്ട് ആരാണ് ?
മൂന്ന് തവണ ഒളിമ്പ്യനായ വിനേഷ് ഫോഗട്ട് 1994 ഓഗസ്റ്റ് 25നാണ് ജനനം. ഒരു ഇന്ത്യന്‍ പ്രൊഫഷണല്‍ ഗുസ്തിക്കാരിയുമാണ്. നേരത്തെ, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍ വനിതാ ഗുസ്തി താരം. 2019 ലെ ലോറസ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റും ഫോഗട്ടാണ്. മുന്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നിരവധി വനിതാ ഗുസ്തിക്കാര്‍ ലൈംഗികമായി ഉപദ്രവിച്ചതായി 2023 ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ നടന്ന 2023 ലെ ഇന്ത്യന്‍ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ നേതാക്കളില്‍ ഒരാളായിരുന്നു അവര്‍.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരേയുള്ള സമരം ?
മുപ്പത് ഇന്ത്യന്‍ ഗുസ്തിക്കാര്‍, ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്, ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ, അന്‍ഷു മാലിക് എന്നിവരുള്‍പ്പെടെ വിനേഷ് ഫോഗട്ട് 2023 ജനുവരിയില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പരിശീലകനും പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് വര്‍ഷങ്ങളായി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ. ക്ലെയിമുകള്‍ പരിശോധിക്കാന്‍ ഒരു മേല്‍നോട്ട സമിതി രൂപീകരിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ 2023 ജനുവരിയില്‍ പ്രതിഷേധം തത്ക്കാലം നിര്‍ത്തി. എന്നാല്‍, ഏപ്രിലില്‍, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അറിയിച്ചതോടെ വീണ്ടും സമരം ശക്തമാക്കി.
content highlights; vinesh Phogat who came forward by protesting and wrestling, you are the real star