Explainers

മാറുമോ കേരളത്തിലെ അതിദരിദ്രരുടെ പട്ടിണി ?: എന്തായിസര്‍ക്കാര്‍ പദ്ധതി ? (സ്‌പെഷ്യല്‍ സ്റ്റോറി) /Will the hunger of the very poor in Kerala change?: What is the government’s plan? (Special Story)

പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും അതിദരിദ്രരെ സംഭാവന ചെയ്യുന്നുണ്ട്

അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ട പ്രധാന പദ്ധതിയാണ് കേരളത്തിലെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായെന്ന് ആര്‍ക്കുമറിവില്ലാത്ത അവസ്ഥയിലാണ്. മലയാളിയുടെ ഓണവും വിഷുവുമെല്ലാം വയനാട് ഉരുള്‍പൊട്ടല്‍ കൊണ്ടുപോയപ്പോള്‍ അതിദാരിദ്ര്യത്തിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് അനൗദ്യോഗിക വിലയിരുത്തല്‍.

സി.പി.എമ്മും സര്‍ക്കാരും തുടക്കത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍, പിന്നീട് ഗൗരവം കുറഞ്ഞു വന്നതായാണ് മനസ്സിലാകുന്നത്. കേരളത്തിലെ അതിദരിദ്രരുടെ എണ്ണം കൂടുകയാണോ അതോ കുറയുകയാണോ ചെയ്യുന്നതെന്ന് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം മനസ്സിലാക്കി തരുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് ഉറ്റവരും ഉടയവരും ഇല്ലാതായി, മണ്ണും സമ്പത്തുമെല്ലാം പോയവര്‍ അതിദ്രരിദ്രരുടെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ്.

അതി ദാരിദ്ര്യം എന്താണ് ?

അടിസ്ഥാന സൗകര്യങ്ങളും, അവകാശങ്ങളും നിറവേറ്റാന്‍ കഴിയാത്ത, ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഈ വിഭാഗത്തിലുള്ളവരെ സംബന്ധിച്ച് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ ഇവര്‍ക്കു സാധിക്കില്ല. അതേസമയം, ദരിദ്രരെ സംബന്ധിച്ച് അവരുടെ തൊഴില്‍ ശേഷിയും വരുമാനവും വെച്ച് ചുരുങ്ങിയ അളവിലെങ്കിലും മുന്നോട്ട് പോകാന്‍ കഴിയും. അവരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും സാധിച്ചിട്ടുണ്ട്. റേഷന്‍ സംവിധാനങ്ങളും, തൊഴിലുറപ്പു പദ്ധതിയും, ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളും ഇതിനു ഉദാഹരണങ്ങളുമാണ്. ഈ അടിസ്ഥാന സഹായങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയില്‍ നില്‍ക്കുന്ന അതിദാരിദ്ര്യ വിഭാഗത്തെയാണ് കണ്ടെത്തേണ്ടത്. പദ്ധതി ആരംഭിച്ചിട്ട് നാലു വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴിതാ വയനാട് ദുരന്തം കൂടി എത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയ കണക്കുകളെല്ലാം വരും ദിവസങ്ങളില്‍ തെറ്റുമെന്നുറപ്പാണ്.

അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന യജ്ഞം ?

2021ല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടപ്പാക്കാനുള്ള യജ്ഞം തുടങ്ങുക എന്നത്. അതിനായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിദാരിദ്ര്യം തുടച്ചുനീക്കുക എന്ന യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര്യ സര്‍വ്വേക്ക് തുടക്കമിട്ടു. ഭക്ഷണം, വരുമാനം, ആരോഗ്യം, പാര്‍പ്പിടം എന്നീ 4 ഘടകങ്ങളിലെ ഇല്ലായ്മയെ അടിസ്ഥാനമാക്കിയായിരുന്നു അതിദാരിദ്ര നിര്‍ണ്ണയ പ്രക്രിയ നടത്തിയത്. ഇപ്പോള്‍ 1.57 ലക്ഷം ഗുണഭോക്താക്കള്‍ ഈ പദ്ധതിയിലുണ്ട്.

ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം ?

ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മില്‍ വ്യത്യാസമുണ്ട്. ഭക്ഷണത്തെയും അതില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തെയും മാനദണ്ഡമാക്കിയാണ് മുമ്പ് ദാരിദ്ര്യം കണക്കാക്കിയിരുന്നത്. എന്നാല്‍, ആഹാരലഭ്യത എന്ന ഒറ്റ മാനദണ്ഡത്തില്‍ നിന്നു മാറി, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭാസം, ആരോഗ്യം, സേവന ലഭ്യത, അടിസ്ഥാന സൗകര്യങ്ങളും, വരുമാനവും, സാമൂഹിക ക്ഷേമ പരിപാടികളുടെ ലഭ്യത തുടങ്ങിയവ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അതിദരിദ്രരുടെ കണക്കുകള്‍ ?

കേരളത്തില്‍ നടത്തിയ സര്‍വ്വേയില്‍ 64,006 കുടുംബങ്ങളെയാണ് അതിദാരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. അതായത് ഈ കുടുംബങ്ങളില്‍ കഴിയുന്ന 1,03,099 വ്യക്തികളാണ് അതിദരിദ്രരരായി കണക്കാക്കപ്പെടുന്നത്. ഇതില്‍ പ്രാദേശിക സര്‍ക്കാര്‍ തലത്തിലെ സബ്കമ്മറ്റികള്‍ പരിശോധിച്ച് 87,158 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഈ വിവരങ്ങള്‍ MIS-ല്‍ രേഖപ്പെടുത്തുകയും 87,158 കുടുംബങ്ങളെ മൊബൈല്‍ അപ്പിന്റെ സഹായത്തോടെ ഇന്റര്‍വ്യു ചെയ്തു. 20 ശതമാനം സാമ്പിളുകള്‍ സൂപ്പര്‍ ചെക്കിംഗിന് വിധേയമാക്കി. അതില്‍ നിന്നും 73,747 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ മുന്‍ഗണനാ പട്ടിക, ഗ്രാമസഭകള്‍ പരിശോധിക്കുകയും അര്‍ഹതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കി 64006 കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുകയു ചെയ്തു.

അതിദരിദ്രരുടെ ലിസ്റ്റില്‍ 1735 പേര്‍ക്ക് സ്വന്തമായി ഭക്ഷണം ഉണ്ടാകാനുള്ള സൗകര്യമില്ല, 1622 പേര്‍ മാരകരോഗത്തിന്റെ പിടിയിലുമാണ്. പട്ടികയിലുള്ള 68 ശതമാനം പേരും ഒറ്റപ്പെട്ട് താമസിക്കുന്നവരാണ്. അതിദാരിദ്ര സര്‍വ്വേ വഴി കണ്ടെത്തിയ 64006 കുടുംബങ്ങളില്‍ 75 ശതമാനം പൊതുവിഭാഗത്തിലും, 20 ശതമാനം പട്ടികജാതി വിഭാഗത്തിലും, 5 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്. ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നറിയാത്ത വളരെ ചെറിയ ശതമാനം കുടുംബങ്ങളും ഇതില്‍ ഉള്‍പ്പടുന്നുണ്ട്. അതി ദരിദ്രരില്‍ 12763 പട്ടികജാതി വിഭാഗക്കാരാണുള്ളത്. 3201 പട്ടിക വര്‍ഗ വിഭാഗക്കാരും, 2737 തീരദേശവാസികളുമാണുള്ളത്. ഒരു വരുമാാനവും ഇല്ലാത്തവര്‍, ആരോഗ്യം ഭീഷണിയായി നില്‍ക്കുന്നവര്‍, രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍, റേഷന്‍ കിട്ടുന്നുവെങ്കിലും പാകം ചെയ്തു കഴിക്കാന്‍ കഴിയാത്തവര്‍, ഇവരെല്ലാമാണ് അതിദരിദ്രരുടെ പട്ടികയില്‍ ഉള്ളത്.

കൂടുതല്‍ അതിദരിദ്രര്‍ മലപ്പുറത്തോ ?

81 ശതമാനം അതിദരിദ്രര്‍ ഗ്രാമ പഞ്ചായത്തുകളിലുണ്ട്. 15 ശതമാനം മുന്‍സിപ്പാലിറ്റികളിലും, 4 ശതമാനം കോര്‍പ്പറേഷനുകളിലും പാര്‍ക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ ഗ്രാമ മേഖലകളിലെ കേന്ദ്രീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 8553 ദാരിദ്ര്യ കുടുംബങ്ങളുളള മലപ്പുറം ജില്ലയാണ് പട്ടികയില്‍ ഒന്നാമത്. (13.4 ശതമാനം). തൊട്ടുപിന്നില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് (11.4 ശതമാനം). ഏറ്റവും കുറവ് ദരിദ്രര്‍ കോട്ടയത്താണ് (1071 കുടുംബങ്ങള്‍). ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം എന്നീ 4 ഇല്ലായ്മ ഘടകങ്ങളെ ആസ്പദമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തിയത്. സര്‍വ്വേയിലൂടെ കണ്ടെത്തിയ 35 ശതമാനം കുടുംബങ്ങള്‍ വരുമാനത്തിന്റെ അഭാവവും 24 ശതമാനം കുടുംബങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും 21 ശതമാനത്തിന് ഭക്ഷണത്തിന്റെ അഭാവവും 15 ശതമാനം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടത്തിന്റെ അഭാവവും ഉള്ളവരാണ്.

പദ്ധതിയുടെ പ്രയോജനങ്ങള്‍ ?

അതി ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, 3125 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, 1281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയും പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. 11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയില്‍ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെ ?

ഈ പദ്ധതി മുന്നോട്ടു പോകുന്തോറും അതി ദരിദ്രരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. ഓരോ ദുരന്തങ്ങളും(പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും) അതാണ് കണിക്കുന്നത്. സൂനാമി മുതല്‍ വയനാട് മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ വരെ അനാഥമാക്കിയവര്‍ ഇതില്‍പ്പെടും. കാസര്‍ഗോഡ് എന്‍ഡോ സള്‍ഫാന്‍ ദുരന്ത ബാധിതരും ഇങ്ങനെ അതി ദരിദ്രരായവരില്‍പ്പെടുന്നുണ്ട്. ദുരന്തത്തില്‍പ്പെടുന്നവര്‍ എല്ലാവരും അങ്ങനെ ആവുന്നില്ലെങ്കിലും പകുതിയോളം പേര്‍ അതി ദാരിദ്ര്യത്തിലേക്ക് വീഴുന്നുണ്ട്. പദ്ധതി ഫലം കാണുമോ എന്നതാണ് മര്‌റൊരു പ്രശ്‌നം. കേന്ദ്ര വിഹിതം ലഭിക്കാത്തതു കൊണ്ട് നിത്യ നിദാന ചെലവു പോലും കഷ്ടമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല, ഭക്ഷ്യവകുപ്പിന്റെ സമൂഹത്തിലെ ഇടപെടല്‍ പരിമിതമായി മാറിയിരിക്കുന്നു. ലൈഫ് മിഷന്‍ വീടുകള്‍ നല്‍കുന്നതിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മെല്ലെപ്പോക്കും വിവാദങ്ങളും തീര്‍ന്നിട്ടില്ല.

 

CONTENT HIGHLIGHTS;Will the hunger of the very poor in Kerala change?: What is the government’s plan? (Special Story)

Latest News