Explainers

അഞ്ചുകുഴി അമ്മയെ വെട്ടാന്‍ വന്ന ബിലീവേഴ്‌സ് ചര്‍ച്ചിനെ കുഴിച്ചുമൂടി: ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനം ഇറങ്ങുമോ ? / Believers who came to cut down Amma buried the church: Will the plane land in Cheruvalli estate?

ചെറുവള്ളി എസ്റ്റേറ്റിന് ഒരു ചരിത്രമുണ്ട്, അത് കൈവശം വെച്ചവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകന്‍ കെ.പി യോഹന്നാന്‍ ഇഹലോകവാസം വെടിഞ്ഞിട്ട് നാളുകളായി. ചെറുവള്ളി എസ്‌റ്റേറ്റും, വിശ്വാസികളുടെ അഞ്ചുകുഴി അമ്മയും ഇപ്പോഴും അവിടെ തന്നെയുണ്ട്. അവിടെ വിമാനത്താവളം വരുമോ എന്നതാണ് അറിയേണ്ടത്. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനു വേണ്ടി കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റിലാണ് അഞ്ചുകുഴി അമ്മയുടെ(വനദുര്‍ഗ) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെ നശിപ്പിക്കാനിറങ്ങിത്തിരിച്ചവര്‍ സ്വയം നശിച്ച് നാറാണക്കലു പിടിച്ചിട്ടുണ്ടെന്നാണ് വിശ്വാസികളുടെ പക്ഷം. അല്ലെങ്കില്‍ ഇതിനു മുമ്പേ അവിടെ വിമാനം പറന്നിറങ്ങുമായിരുന്നില്ലേ എന്നും അവര്‍ ചോദിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റിന് ഒരു ചരിത്രമുണ്ട്, അത് കൈവശം വെച്ചവര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല എന്നതാണ്. അതിന് ചരിത്രത്തില്‍ ഉദാഹരണങ്ങളുമുണ്ട്.

തിരുവിതാംകൂര്‍ രാജഭരണം ഇല്ലാതായി. വഞ്ചിപ്പുഴ മഠം ഇല്ലാതായി. രണ്ട് ബ്രിട്ടീഷ് കമ്പനികള്‍ ഇല്ലാതായി. ഹരിസന്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം എസ്റ്റേറ്റുമായി ബന്ധപ്പട്ട ക്രിമിനല്‍ കേസില്‍ ജാമ്യത്തിലാണ്. കെ.പി. യോഹന്നാല്‍ വിദേശത്തുവെച്ച് കാര്‍ ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടു. ഇനിയും ആ ക്ഷേത്രത്തെ ില്ലാതാക്കി വിമാനമിറക്കാന്‍ നോക്കുന്നവര്‍ക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം. അഞ്ചുകുഴി അമ്മയില്‍ പൂര്‍ണ്ണ വിശ്വാസമുള്ളവര്‍ ഇന്നും ആ ക്ഷേത്രത്തില്‍ പോയി പൂജകള്‍ നടത്തുന്നുണ്ട്. മണിമലയാറിന്റെ പ്രധാന കൈത്തോടാണ് കാരിത്തോട്. അവിടെ ഒരു കൊച്ച് അമ്പലമുണ്ട്. അതില്‍ അഞ്ചുകുഴി എന്നൊരു സ്ഥലമുണ്ട്.

പ്രകൃതിദത്തമായി ഉണ്ടായ അഞ്ച് കുഴികളാണ് അവിടുത്തെ പ്രത്യേകത. ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയില്ല. പൂജിക്കുന്നത് അഞ്ചു കുഴികളെയാണ്. പഞ്ചപാണ്ഡവര്‍ കുഴികളാണ് ഈ അഞ്ച് കുഴികളെന്നാണ് ഒരു വിശ്വാസം. മറ്റൊന്ന്, പാണ്ഡവര്‍ വനവാസക്കാലത്ത്, ദേഹശുദ്ധി വരുത്താന്‍ കുഴിച്ച കിറുകളാണെന്നും വിശ്വാസം. എന്തു തന്നെയായാലും അഞ്ച് അരുവികള്‍ ഒന്നിച്ചു ചേരുന്ന ഇടമാണിവിടം. ഒരു തീര്‍ത്ഥാടന കേന്ദ്രവും. ശബരിമല സീസണ്‍ ആകുമ്പോള്‍ അഞ്ചുകുഴി അമ്മയെ കാണാന്‍ നിരവധി പേര്‍ വരാറുണ്ട്. സര്‍വ്വമതത്തില്‍പ്പെട്ടവരും ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വരാറുണ്ട്. അതിന്റെയൊക്കെ മുകളില്‍ കൂടിയാണ് വിമാനത്താവളം പ്ലാന്‍ ചെയ്തത്.

വിമാനമിറങ്ങാന്‍ തടസ്സമുണ്ടോ ?

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേരള സര്‍ക്കാരിന് എന്താണ് തടസ്സം. തങ്ങളുടേതാണെന്ന് കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചും സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്ന തര്‍ക്കഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ്‍ മലയാളം എന്ന വിദേശ കമ്പനി ബിനാമി ഇടപാടിലൂടെ ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരുന്നു. ഇതില്‍ പലതും നിയമ വിരുദ്ധമായി മുറിച്ച് വില്‍പന നടത്തുകയും ചെയ്തു. ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം 2016 സെപ്റ്റംബര്‍ 24ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് രാജ്യത്ത് വിദേശ കമ്പനികള്‍ കൈവശം വച്ച് കൊണ്ടിരുന്ന തോട്ടങ്ങള്‍ ഉള്‍പ്പടെയുള്ള ഭൂമികളുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം അതാത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ നിഷിപ്തമാക്കുന്ന ഇന്ത്യന്‍ ഇന്റിപെന്റന്റ് ആക്ടിനെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഈ വില്‍പ്പന. 2005 ലാണ് ഹാരിസണ്‍സ് മലയാളം കൈവശം വച്ചിരുന്ന ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റത്. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി വിറ്റതെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന നന്ദനന്‍ പിള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഹാരിസണ്‍സിന് ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 2008ല്‍ തഹസില്‍ദാര്‍ പോക്കുവരവ് റദ്ദ് ചെയ്തു. സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിവിധ ജില്ലകളില്‍ ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദ് ചെയ്യുകയുമായിരുന്നു. സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞാണ് രാജമാണിക്യത്തിന്റെ കണ്ടെത്തലുകള്‍ കോടതി റദ്ദ് ചെയ്തത്. എന്നാല്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തിലുണ്ട്. ഈ വസ്തുത നിലനില്‍ക്കെ ഹാരിസണ്‍സ് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് വില കെട്ടിവച്ച് ഏറ്റെടുക്കാനുള്ള അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്ന ഭൂമി എന്തിന് പണം നല്‍കി ഏറ്റെടുക്കണമെന്ന ചോദ്യമാണ് ഉയര്‍ന്നത്.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക എന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ തീരുമാനം. ഹാരിസണ്‍സ് നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള രേഖ ചമയ്ക്കല്‍, വിദേശ നാണയ വിനിമയ നിയമ ലംഘനം, ഭരണഘടനാ ലംഘനം തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരില്‍ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ നിരവധി ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ഭൂമിയില്‍പ്പെടുന്നതാണിത്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സര്‍ക്കാരിന് 100 കോടിയില്‍പരം രൂപയുടെ നഷ്ടമുണ്ടാക്കല്‍ തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന ഗോസ്‌പെല്‍ മേധാവി കെ.പി യോഹന്നാന്‍.

1906 ലെ ലണ്ടന്‍ രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് വിദേശത്ത് മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട, ഇന്ത്യന്‍ കമ്പനീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഹാരിസണ്‍സ് മലയാളം കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ചുകൊണ്ടാണ് 2005ല്‍ യോഹാന്നാന് ചെറുവള്ളി എസ്റ്റേറ്റ് വിറ്റത്. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമി തട്ടിയെടുത്ത രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം വില കെട്ടി വച്ച് ആ ഭൂമി ഏറ്റെടുക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് ജനങ്ങളുടെ അഭിപ്രായം.

വിമാനം ഇറക്കാനുള്ള സ്ഥലമേത് ?

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ 1,039.8 ഹെക്ടര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റ് പരിധിയിലും 123.53 ഹെക്ടര്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ വിവിധ വ്യക്തികളുടെ ഭൂമിയുമാണ്. കരട് റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നത് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ട് ബാധിക്കുക. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ മാത്രം വിമാനത്താവള റണ്‍വേ ഒതുങ്ങി നില്‍ക്കില്ല എന്നത് പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളില്‍ മാത്രം റണ്‍വേ നിര്‍മ്മിച്ചാല്‍ റണ്‍വേയുടെ ഒരു ഭാഗം വനപ്രദേശത്തേക്ക് എത്തും. ഇത് വിമാനത്താവള നിര്‍മ്മാണത്തിനും ഭാവി വികസനത്തിനും തടസ്സമാകും. കരട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സിയായ ലൂയി ബഗ്ര്‍ കമ്പനിയുടെ അഭിപ്രായം ഇതാണ്. ആദ്യം ചെറുവള്ളി എസ്റ്റേറ്റില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയ പദ്ധതി അങ്ങനെ ജനവാസ മേഖലകളിലേക്ക് നീണ്ടു.

സാമൂഹികാഘാത പഠനം എന്തായി ?

പരിസ്ഥിതി മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകാരത്തിന് അപേക്ഷിക്കുന്നതിന് മുന്നോടിയായി കേരളം നടത്തേണ്ടിയിരുന്ന സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ടും 2023 മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതും. എന്നാല്‍ തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടിന്റെ കരട് പുറത്തുവന്നതോടെ ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന തദ്ദേശീയര്‍ ആശങ്കയിലാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് എരുമേലി, മണിമല പഞ്ചായത്തുകളില്‍ സ്ഥലമേറ്റെടുക്കല്‍ ബാധിക്കുന്ന വ്യക്തികളെ കേള്‍ക്കുന്നതിനായി നടന്ന പൊതുതെളിവെടുപ്പില്‍ അത്തരം ആശങ്കകള്‍ വ്യാപകമായി ഉന്നയിക്കപ്പെട്ടു. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയതും അവര്‍ അനധികൃതമായി ബിലീവേഴ്‌സ് ചര്‍ച്ചിന് വില്‍പ്പന നടത്തിയതുമായ ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി മുഖ്യമായും ഏറ്റെടുക്കേണ്ടത് എന്നതും പ്രതിസന്ധിയായി തുടരുകയാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ നല്‍കിയ കേസിന്റെ വാദം പാലാ സബ്‌കോടതിയില്‍ തുടരുമ്പോഴാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പണം കെട്ടിവച്ച് സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെയും പ്രതിഷേധമുണ്ട്.

സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പ്രകാരം, ചെറുവള്ളി എസ്റ്റേറ്റിലെ 2,21,432 റബര്‍ മരങ്ങളും 81,345 റബര്‍ തൈകളും വെട്ടിമാറ്റേണ്ടിവരും. എസ്റ്റേറ്റിന് പുറത്തു സ്വകാര്യ വ്യക്തികളുടെ 31,313 റബര്‍ മരങ്ങളും വെട്ടേണ്ടി വരും. എസ്റ്റേറ്റിനുള്ളില്‍ 64 ഹെക്ടര്‍ സ്ഥലത്തെ പൈനാപ്പിള്‍ കൃഷിയെയും എസ്റ്റേറ്റിന് പുറത്ത് 11620 മൂട് പൈനാപ്പിളിനെയും ബാധിക്കും. എസ്റ്റേറ്റിനുള്ളില്‍ 1200 തേക്കും 200 ആഞ്ഞിലിയും എസ്റ്റേറ്റിന് പുറത്ത് 2552 തേക്കും 2744 ആഞ്ഞിലിയും വെട്ടിമാറ്റേണ്ടിവരുമെന്ന് കരട് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന നാണ്യവിളകളും ഫലവൃക്ഷങ്ങളും വ്യാപകമായി വെട്ടിമാറ്റേണ്ടിവരുമെന്ന് വ്യക്തമാണ്.

ചെറുവള്ളി എസ്റ്റേറ്റ് ?

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് അസി. പ്രഫസര്‍ ഡോ. എം.വി. ബിജുലാല്‍ ആണ് സമിതി ചെയര്‍മാന്‍. ഇനിയും പല തലങ്ങളിലുള്ള അനുമതികള്‍ വേണ്ടതുണ്ടെങ്കിലും വിമാനത്താവളം ചെറുവള്ളിയില്‍ തന്നെ നിര്‍മ്മിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ക്കുള്ള മറുപടികളും ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

വിമാനം ഇറങ്ങുമോ ?

ഇനി അറിയാനുള്ളത് ഇതു മാത്രമാണ്. വിമാനം ഇറങ്ങുമോ. ചെറുവള്ളി എസ്‌റ്റേറ്റും അതിനുള്ളില്‍ കുടികൊള്ളുന്ന അഞ്ചുകുഴി അമ്മയെയും മൂടി, അതിനു മുകളില്‍ വിമാനമിറക്കുമോ. ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി സെറ്റില്‍ ചെയ്യുമോ. ഇങ്ങനെ തുടങ്ങിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്. ഒന്നുറപ്പാണ്, അഞ്ചുകുഴി അമ്മയുടെ ക്ഷേത്രം, അത് അവിടെ തന്നെയുണ്ടാകും. എന്തു സംഭവിച്ചാലും.

 

content highlights; Believers who came to cut down Amma buried the church: Will the plane land in Cheruvalli estate?

Latest News