തലസ്ഥാന നഗരം ഭരിക്കുന്നത് ഗുണ്ടകളാണെന്ന് പറയുമ്പോള്‍, അത് ഏതുരീതിയിലുള്ള ഭരണമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തിന്റെയും നീതിന്യായത്തിന്റെയും സര്‍ക്കാരിന്റെയും നിമവ്യവസ്ഥകള്‍ പാലിച്ചു ജീവിക്കുന്നവരുടെ ഇടയില്‍ വഴിതെറ്റി ജീവിക്കുന്നവര്‍ ഏതു സമയത്തും, ജീവനെടുക്കാന്‍ നടക്കുന്നുണ്ട്. അവര്‍ക്ക് നിയമവും നിയമ പുസ്തകവുമൊന്നും പ്രശ്‌നമല്ല. എപ്പോള്‍ വേണമെങ്കിലും കോഴിയെ കൊല്ലുംവിധം ഒരു മനുഷ്യ ജീവന്‍ എടുക്കാം. ഈ രീതിയിലാണ് നഗരം ഭരിക്കുന്നത് ഗുണ്ടകള്‍ എന്നു പറയുന്നത്. എത്രയൊക്കെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും, ഗുണ്ടകള്‍ തലപൊക്കി കൊണ്ടിരിക്കും.
ജയിലുകള്‍, പോലീസ്‌റ്റേഷനുകള്‍, കോടതികള്‍ അങ്ങനെയെല്ലാം ഇവര്‍ക്ക് ചിരപരിചിത സ്ഥലങ്ങളാണ്. ഇവിടുള്ളവര്‍ കുടുംബക്കാരെപ്പോലെയാണ്. ഒരാളെ കൊന്നാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്നും, അതില്‍ നിന്നും ഊരിപ്പോരാന്‍ എന്തു വേണമെന്നുമൊക്കെ വ്യക്തമായും കൃത്യമായും അറിയുന്നവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ ഇവര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ കൊലപാതകങ്ങളല്ലെന്നു വാദിക്കാന്‍ തലമുതിര്‍ന്ന വക്കീലന്‍മാരാണ് കോടതികളില്‍ ഹാജരാകുന്നത്. ഇവര്‍ക്കെതിരേ സാക്ഷി പറയാന്‍ പോലും ആരുമുണ്ടാകില്ല. തെളിവുകള്‍ ഉണ്ടാകില്ല. അങ്ങനെ ജയിലുകള്‍ വീണ്ടും ഇവര്‍ക്കു മുമ്പില്‍ താനേ തുറന്നുപോകും.
അങ്ങനെയുള്ള രണ്ടു ഗുണ്ടകളാണ് ഇന്ന് തലസ്ഥാന വാസികളുടെ ഉറക്കം കെടുത്തുന്നത്. സിറ്റിയിലെ പ്രബല ഗുണ്ടാസംഘ തലവന്‍മാരായ അമ്മക്കൊരു മകന്‍ സോജു എന്ന അജിത് കുമാറും ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാറും. ഇവര്‍ തമ്മിലുള്ള കുടിപ്പക തുടങ്ങിയിട്ട് കാലംകുറേയായി. പരസ്പരം സംഘാംഗങ്ങളെ കൊന്നു കുഴിച്ചു മൂടിക്കൊണ്ടുള്ള വേട്ടയ്ക്ക് വീണ്ടും തുടക്കമിടാനുള്ള ഒരുക്കത്തിലാണ് ഇരു കൂട്ടരും. അമ്മയ്‌ക്കൊരു മകന്‍ സോജു ജയിലില്‍ നിന്നും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ചൂഴാറ്റുകോട്ട അമ്പിളി, ക്രഷര്‍ ഉടമ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്. എങ്കിലും അമ്പിളിയുടെ കൂട്ടാളികളെ വകവരുത്താനും,
അമ്പിളിലെ എങ്ങനെയെങ്കിലും ജയിലില്‍ നിന്നിറക്കി വകവരുത്താനുമുള്ള നീക്കം സോജുവിന്റെയും സംഘത്തിന്റെയും ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പാണ്. ജെറ്റ് സന്തോഷ് കൊലക്കേസില്‍ വധശിക്ഷാ തടവുകാരനായിരുന്നു സോജു. 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്നു സോജു. 2012ല്‍ സോജുവിന്റെ സംഘം അമ്പിളിയുടെ താവളം കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ടിപ്പര്‍ ഡ്രൈവറും, അമ്പിളിയുടെ വലംകൈയ്യുമായ സജിയെ കൊല്ലുന്നത്. ഇതിന്റെ തുടര്‍ച്ചകളാണ് ഇനി ഉണ്ടാകാന്‍ പോകുന്നത്. സജി കൊന്നതിന് കണക്കു തീര്‍ക്കാന്‍ അമ്പിളിയുടെ സംഘവും തയ്യാറെടുത്തിട്ടുണ്ടാകും.
2004ലാണ് ജെറ്റ് സന്തോഷിനെ കൈയ്യും കാലും വെട്ടിമാറ്റി മലയിന്‍കീഴ് ആലന്തറ കോളനിയില്‍ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയില്‍ തള്ളിയത്. അന്നുമുതല്‍ ആരംഭിച്ചതാണ് സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സീരിയല്‍ കൊലപാതകങ്ങള്‍. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ നടന്ന കൊലപാതകമാണ് 2012 സെപ്തംബര്‍ 6നുണ്ടായ സജി വധം. ജെറ്റ് സന്തോഷിനെ കൊന്നതിനു പകരമായി സോജുവിന്റെ അളിയന്‍ മൊട്ട അനിയെ 2006ല്‍ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായാണ് അമ്പിളിയുടെ വലംകൈയ്യായ സജിയെ കൊലപ്പെടുത്തുന്നത്.
അമ്പിളിയുടെ ഒളിത്താവളം കണ്ടെത്താനായി സജിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി മുഴുവന്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കി. തുടയിലും മുതുകിലുമായി കുത്തിയും വരഞ്ഞും മൃതപ്രായനാക്കി. രക്തം വാര്‍ന്നൊഴുകുമ്പോഴും സജിയെ മൃഗീയമായി ഉപദ്രവിക്കല്‍ തുടര്‍ന്നു. ഒടുവില്‍ അമ്പിളിയുടെ ഒളിത്താവള വിവരം ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ സജിയെ കൊന്ന് നെടുങ്കാട് ജംഗ്ഷില്‍ തള്ളി. സജിയെ കൊല്ലുന്നതിനു മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡില്‍ തള്ളുകയും ചെയ്തിരുന്നു.
മൊട്ടമൂട് ഷാജിയുടെ വധത്തെ തുടര്‍ന്നാണ് അമ്പിളി സോജുവിന്റെ ശത്രുവാകുന്നത്. പിന്നീട് പരസ്പരം കൊന്ന് കണക്കുകള്‍ തീര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജെറ്റ് സന്തോഷിനെ കൊല്ലുന്നത്. മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച സോജു തന്റെ ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ കരമനയില്‍ വിളിച്ചുവരുത്തി ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടു പോയാണ് 2004ല്‍ കൊലപ്പെടുത്തിയത്. സന്തോഷിന്റെ കൈയ്യും കാലും വെട്ടിമാറ്റി മൃഗീയമായി കൊല്ലുകയായിരുന്നു. ഇതില്‍ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനില്‍കുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടില്‍ തടവറക്കുള്ളില്‍ കഴിയുകയായിരുന്നു.
അപ്പോഴാണ് സോജുവിന്റെ സംഘം സജിയെ കൊല്ലുന്നത്. സോജുവിന്റെ കൊലപാതക ഭീഷണി ഭയന്ന് അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂര്‍, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റിയിരുന്നു. സജിയെ കൊല്ലുന്നതിനു രണ്ടാഴ്ച മുന്‍പു ചൂഴാറ്റുകോട്ടയിലെത്തി സോജുവിന്റെ സംഘം അമ്പിളിയെ തിരക്കിയിരുന്നു. സോജുവിനെ വകവരുത്താന്‍ അമ്പിളിയുടെ സംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജുവിന്റെ അളിയനായ മൊട്ട അനിയെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിര്‍സംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താന്‍ എതിര്‍ സംഘത്തിലെ തന്നെ റോബിന്‍ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്.
ഇതിനു പ്രതികാരമെന്നോണം 2011ല്‍ തങ്കൂട്ടനെ കൊലപ്പെടുത്താന്‍ അമ്പിളി സഹായിച്ചതായും പൊലീസ് പറയുന്നുു. നൂറില്‍ കൂടുതല്‍ വെട്ടുകളാണ് തങ്കുട്ടന്റെ മൃതശരീരത്തില്‍ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരന്‍ മുരുകന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തു നിന്നെത്തിയ സംഘമാണു 2011ല്‍ നടുറോഡില്‍ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്. നഗരത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന, നെടുങ്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നതും.
നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയാണ് സോജു. കൊലക്കേസ് ഉള്‍പ്പെടെ 24 ക്രിമിനല്‍ കേസുകളില്‍ പ്രതി. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം ജയിലില്‍. എന്നാല്‍ ഗുണ്ടാ നിയമപ്രകാരം തടങ്കലില്‍ ആകുന്നവരുടെ കേസ് പുനഃപരിശോധിക്കുന്ന ഉന്നതതല റിവ്യൂ കമ്മിറ്റിക്കു പ്രിയങ്കരന്‍. സോജുവിനെ പൊലീസ് വെറുതെ പീഡിപ്പിക്കരുതെന്ന് ഹൈക്കോടതി പോലും ഉത്തരവിട്ടിട്ടുണ്ട്. 2011 നവംബറില്‍ അമ്പിളിയെ വധിക്കാന്‍ പോകുന്നതിനിടെയാണ് സോജു ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടുന്നത്. ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന സോജു ജയില്‍മോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്.
അതിനു ശേഷം സോജുവിനെ 2012 മാര്‍ച്ചിലാണു ഫോര്‍ട്ട് എസി രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്യുന്നത്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു സോജു ഗുണ്ടകളുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒരു കിലോമീറ്ററോളം ഓടിച്ചാണു പിടിച്ചത്. പക്ഷേ കരുതല്‍ തടങ്കലില്‍ ജയിലിലായ സോജുവിന്റെ അപ്പീല്‍ പരിഗണിച്ച കമ്മിറ്റി, ഒരു മാസം തികയും മുമ്പേ വിട്ടു. വീണ്ടും ആയുധങ്ങളുമായി ഇയാളെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
അപ്പോഴാണു സോജു ഹൈക്കോടതിയെ സമീപിച്ചത്. സോജുവിനെ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നും വെറുതെ പീഡിപ്പിക്കരുതെന്നും കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതോടെ സിറ്റി പൊലീസ് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ജയില്‍മോചിതനായ ശേഷവും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സോജുവും സംഘവും നാട്ടുകാരെ ഭീഷണിപ്പെടുത്തി പണപ്പിരിവു തുടര്‍ന്നു. ഇതിനിടയിലാണ് ജെറ്റ് സന്തോഷ് വധക്കേസില്‍ പിടിക്കപ്പെടുന്നതും. വധശിക്ഷ വരുന്നതും.
സിനിമയിലെ ഗ്യാങ്സ്റ്ററിന് സമാനമാണ് ചൂഴാറ്റുകോട്ട അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എംജി കോളേജില്‍ നിന്നും മികച്ച മാര്‍ക്കില്‍ ബിരുദം നേടിയ സജികുമാര്‍. എസ്.ഐ ലിസ്റ്റിലും സജികുമാര്‍ ഇടം നേടി. എന്നാല്‍ പെട്ടെന്ന് വന്ന കേസുകള്‍ സജി കുമാറിനെ ചൂഴാറ്റുകോട്ട അമ്പിളിയാക്കി. ഇതോടെ എസ്.ഐ ആകാന്‍ മോഹിച്ചിറങ്ങിയ സജികുമാര്‍ കുപ്രസിദ്ധ ഗുണ്ടയായി മാറി. മലയിന്‍കീഴിലും പരിസരത്തും മുംബൈ അധോലകത്തിന്റെ ചെറുപതിപ്പ് അമ്പിളി സൃഷ്ടിച്ചു. ഗുണ്ടാ പിരിവുമായി ജീവിതം. ഒറ്റുകാരെ എല്ലാം വകുവരുത്തിയ ഗുണ്ടാ നേതാവ്. രണ്ടു കൊലപാതകമുള്‍പ്പെടെ അന്‍പതോളം കേസുകളിലെ പ്രതിയാണ് അമ്പിളി.
വലിയൊരു ഗ്യാങ്ങും കുറച്ചു കാലം മുമ്പ് വരെ അമ്പിളിക്കൊപ്പമുണ്ടായിരുന്നു. ചാലയിലെ അക്രമങ്ങളാണ് അമ്പിളിയുടെ എസ്.ഐ മോഹത്തെ തകര്‍ത്തത്. ഏഴുവര്‍ഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. മടങ്ങിയെത്തി ചാരായം വാറ്റ് തുടങ്ങി. ആരും കടന്നു ചെല്ലാത്ത മൂക്കുന്നിമലയിലെ മാഫിയാ രാജാവായി അമ്പിളി മാറി. അമ്പിളിയുടെ ശിങ്കിടിയായിരുന്നു മൊട്ട അനി. എന്നാല്‍ ഇവര്‍ പിന്നീട് തെറ്റി. ഇതിന്റെ പ്രതികാരമായിരുന്നു മൊട്ട അനിയെ വകവരുത്തി തീര്‍ത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ നയിക്കുന്ന പ്രധാനിയായി അമ്പിളി മാറി. മൊട്ട അനി ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. മൊട്ട അനിയെ 2006ല്‍ കരമന തളിയലില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി ചതിക്ക് ചതിയെന്ന സന്ദേശം അമ്പിളി നല്‍കി. ഈ കേസില്‍ അമ്പിളി ഒന്നാം പ്രതിയാണ്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അമ്മയ്ക്കൊരു മകന്‍ സോജുവിന്റെ സഹോദരീ ഭര്‍ത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്കൊപ്പം നിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കൂട്ടന്‍ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തു വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കൂട്ടനെ ചൂഴാറ്റുകോട്ട ജംഗ്ഷനടുത്തു വെച്ച് ബിനുവിന്റെ അനുജന്‍ മുരുകന്റെ സംഘം വെട്ടിക്കൊന്നു. എന്നാല്‍, ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.
ക്രഷര്‍ ഉടമ ദീപുവിനെ അതിര്‍ത്തി കടത്തി മൂന്ന് കിലോമീറ്ററിന് അപ്പുറം കൊണ്ടുചെന്ന് കൊലപ്പെടുത്തിയതിന് പിന്നില്‍ കേരളത്തിലെ ജയില്‍ ഒഴിവാക്കാനുള്ള ചൂഴാറ്റുകോട്ട അമ്പിളിയുടെ കുതന്ത്രമായിരുന്നു. സോജുവിന്റെ അളിയനെ അമ്പിളി കൊലപ്പെടുത്തിയതു മുതലുള്ള വൈരാഗ്യം പല തവണ അമ്പിളിയെ വകവരുത്താന്‍ സോജു ശ്രമിച്ചിരുന്നു. തലനാരിഴയ്ക്ക് അമ്പിളി രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സോജുവിന് വധശിക്ഷയ്ക്ക് വിധിച്ചു ജയിലിലുമായി. ഇതോടെ പരോള്‍ പോലുമില്ലാതെ അകത്ത് കിടക്കുകയായിരുന്നു സോജു. സോജു അകത്തായതോടെ അമ്പിളിയ്ക്ക് മരണ ഭയം മാറി. കേസുകളില്‍ അറസ്റ്റിലായി പിന്നീട് ജയിലില്‍ ആകാതിരിക്കാനും ശ്രമിച്ചിരുന്നു.. ജയിലിലുള്ള സോജുവിന്റെ അടുത്ത് എത്താതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.
എന്നാല്‍, ദീപുവിനെ കൊല്ലാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ജയിലുകള്‍ ഒഴിവാക്കാന്‍ അമ്പിളി തീരുമാനിച്ചു. ഇതിന്റെ കൂടെ ഭാഗമാണ് ദീപുവിനെ തമിഴ്നാട്ടില്‍ എത്തിച്ചുള്ള കൊല. കേരളാ അതിര്‍ത്തിയ്ക്ക് അപ്പുറം കൊല നടന്നതോടെ അന്വേഷണം തമിഴ്നാട് പോലീസിനായി. അറസ്റ്റിലായ അമ്പിളിയെ അടച്ചത് നാഗര്‍കോവില്‍ ജയിലിലും. കേരളത്തില്‍ കൊല നടന്നിരുന്നുവെങ്കില്‍ കൊടുംകുറ്റാളിയായ അമ്പിളിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനാക്കുമായിരുന്നു. അങ്ങനെ വന്നാല്‍ അമ്മയ്ക്കൊരു മകന്‍ സോജുവിന്റെ അടുത്ത് അമ്പിളി എത്തുമായിരുന്നു. ജയിലില്‍ പ്രധാന കുറ്റവാളിയാണ് സോജു. അവിടെ എന്തും ചെയ്യാനുള്ള ആള്‍ബലം സോജുവിന് ഉണ്ടാകുമെന്ന് അമ്പിളി കണക്കു കൂട്ടി. ഈ കണക്കുകൂട്ടലും ദീപു കൊലയ്ക്കുള്ള സ്ഥലം നിശ്ചയിക്കുന്നതില്‍ പ്രധാന വിഷയമായി.
ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിയ ഗുണ്ടകള്‍ വീണ്ടും പരസ്പരം പോര്‍ വിളിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതില്‍ പ്രധാനികളാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും. മുത്തൂറ്റ് പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരു ഗുണ്ടകളും കുപ്രസിദ്ധി നേടുന്നത്. തുടര്‍ന്ന് നഗരത്തിലെ എല്ലാ വിഷയങ്ങളിലും ഇവര്‍ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍, പിന്നീട് പോലീസ,ിന്റെ ശക്തമായ ഇടപെലിനെ തുടര്‍ന്ന് അടിങ്ങിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഒതുങ്ങിയിരുന്നവരെല്ലാം പൂര്‍വ്വാധികം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവും, അതുമായി ബന്ധപ്പെട്ട് നടത്തുന്ന് റിംഗ്‌റോഡ് പദ്ധതിയുമാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ്, മണ്ണ്, കരിങ്കല്‍ ക്വാറി, മാഫിയ പ്രവര്‍ത്തനങ്ങളിലൂടെ വന്‍തോതില്‍ പണം നേടാനാണു ചോരക്കളി.
വര്‍ഷങ്ങളായി ഓംപ്രകാശിന്റെ ഗുണ്ടാസംഘവും നിഥിന്റെ ഗുണ്ടാസംഘവും തമ്മിലുള്ള കുടിപ്പകയ്ക്ക് അറുതി വന്നിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കൊലപാതകങ്ങള്‍ക്ക് സാധ്യതകല്‍പ്പിക്കുന്നുണ്ട് പോലീസ്. നിഥിനെ ഓംപ്രകാശ് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ചും, ഈ സംഭവത്തിനു മുമ്പ് നിഥിന്റെ സംഘം ഓംപ്രകാശിന്റെ സംഘാംഗത്തിന്റെ വീടുകയറി ആക്രമിച്ചതുമൊക്കെ വലിയ സംഭവങ്ങളായിരുന്നു. കൊച്ചിയും ചെന്നൈയും കേന്ദ്രീകരിച്ചാണ് ഓംപ്രകാശിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ പുത്തന്‍പാലം രാജേഷ് കത്തിവീശി ഭീഷണിപ്പെടുത്തിയതാണ് അവസാന സംഭവം. സംഭവസ്ഥലത്തു നിന്ന് രാജേഷ് കടന്നുകളഞ്ഞെങ്കിലും സഞ്ചരിച്ച കാര്‍ മാഞ്ഞാലിക്കുളത്ത് കണ്ടെത്തുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അടക്കം വലിയ പദ്ധതികള്‍ വരുന്നതും റിയല്‍എസ്റ്റേറ്റ് രംഗത്തെ ഉണര്‍വുമാണ് ഗുണ്ടാ സംഘങ്ങളെ സജീവമാക്കുന്നത്. വസ്തുക്കള്‍ വാങ്ങുന്നതിനും മണ്ണിടിക്കുന്നതിനും ഗുണ്ടാ സംഘങ്ങളുടെ അനുമതി ആവശ്യമാണ്. ഇടപാടുകളിലെല്ലാം ഇവര്‍ക്ക് കമ്മിഷന്‍ നല്‍കണം. ആരും പരാതി പറയാത്തതിനാല്‍ പുറത്തറിയുന്നില്ലെന്നു മാത്രം. അന്തിയൂര്‍കോണം അജി, മൊട്ട അനി, പാറശ്ശാല ബിനു, ജെറ്റ് സന്തോഷ്, വിഭു തുടങ്ങി നിരവധി ഗുണ്ടകളാണ് നേരത്തേ ഗുണ്ടാപോരാട്ടത്തില്‍ മരിച്ചത്.
CONTENT HIGHLIGHTS;The smoldering capital: everywhere the wind smells of death; The townspeople are terrified