Explainers

ഗതികേടിന്റെ ഓണക്കാലം: സര്‍ക്കാരിന് ഓണമുണ്ണാന്‍ കടമെടുത്തേ മതിയാകൂ!!: 753 കോടിയുടെ കടപത്രമിറക്കും (സ്‌പെഷ്യല്‍ സ്റ്റോറി) /Onam season of bad luck: Govt just needs to borrow for Onamun!!: 753 crore debt will be wiped out

വായ്പാ പരിധി ഇതോടെ അഴസാനിക്കും, വരും മാസങ്ങളില്‍ സര്‍ക്കാര്‍ ചക്രശ്വാസം വലിക്കും

വീണ്ടുമൊരു ഓണക്കാലം വന്നിരിക്കുകയാണ്. ഇത്തവണ മലയാളികളുടെ ഓണത്തിനു മുകളിലൂടെ ഉരുള്‍പൊട്ടിയൊഴുകിയതോടെ ആഘോഷങ്ങളുടെ തീവ്രത കുറച്ചിട്ടുണ്ട്. എന്നാല്‍, അത്തം പത്തിന് പൊന്നോണ നാളില്‍ ഓണക്കോടിയും സദ്യയും ഒഴിവാക്കാനാവില്ലല്ലോ. വയനാടിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്ക് വേണ്ടി തന്നാല്‍കഴിയുന്ന സഹായം ചെയ്തു കൊണ്ടുള്ള മലയാളികളുടെ ‘ആഘോഷ ചുരുക്കല്‍’ പ്രശംസിച്ചേ മതിയാകൂ. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഓണക്കാലച്ചിലവുകള്‍ ഭീമമാണ്. ജീവനക്കാരുടെ ശമ്പളം മുതല്‍ വിപണിയിലെ ഇടപെടല്‍ വരെ അതില്‍പ്പെടും.

 

 

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിട്ട് നാളേറെയായി. കേന്ദ്രത്തിന്റെ സഹായങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാതെ വന്നതോടെ ഞെരുക്കത്തില്‍ നിന്നും ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് സംസ്ഥാന ഖജനാവ്. ട്രഷറിയില്‍ നിന്നുള്ള ബില്ലുകള്‍ മാറുന്നതിന് എത്ര തവണ നിയന്ത്രണങ്ങള്‍ നടത്തിയെന്ന് ധനവകുപ്പിനു തന്നെ നിശ്ചയമില്ല. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമേയാണ് പ്രകൃതിയുടെ ശിക്ഷയും കേരളം ഏങ്ങേണ്ടിവന്നത്. വയനാടിനെ താങ്ങി നിര്‍ത്താന്‍ സുമനസ്സുകള്‍ സഹായിക്കുന്നതു കൊണ്ടും സാലറി ചലഞ്ചുമെല്ലാം നടത്തി ആ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട് സര്‍ക്കാര്‍.

 

 

എന്നാല്‍, ഓണത്തിന് നല്‍കേണ്ട അലവന്‍സുകള്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും പൊതുവിപണിയിലെ ഇടപെടലിനും പണം ആവശ്യമായി വന്നിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പ് കടപത്രമിറക്കി 3000 കോടി രൂപ എടുത്തിരുന്നു. ഈ തുക കൊണ്ട് ഓണക്കാലം കഴിച്ചു കൂട്ടാമെന്ന കണക്ു കൂട്ടലുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഈ വര്‍ഷം പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാനായിരുന്നു ഈ തുക ഉപയോഗിച്ചത്. കൂടാതെ KSRTCക്ക് പെന്‍ഷനും ശമ്പളവും നല്‍കുന്നതിനും തുക വിനിയോഗിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന് കുറച്ചു തുക അനുവദിച്ചു. ഇങ്ങനെ 3000 കോടി ചെലവിട്ടു കഴിഞ്ഞതോടെ സര്‍ക്കാര്‍ വീണ്ടും പാപ്പരായി.

ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക പോകാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ഓണക്കാലത്തിന്റെ ചെലവിനായി വീണ്ടും കടപത്രമിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി 753 കോടി രൂപ കൂടി കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ടിനു നടക്കും. ഇതോടെ ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ എടുക്കാന്‍ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവന്‍ എടുത്തു തീരും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് നിലവില്‍ വായ്പ എടുക്കാനാകില്ല. എന്നാല്‍ പബ്ലിക്ക് അക്കൗണ്ടില്‍ എജിയുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്ക് കൂടി അര്‍ഹതയുണ്ട്. ഇതിനായി സംസ്ഥാനം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ല.

പണമെത്ര വേണം ?

ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ആനുകൂല്യം നല്‍കാന്‍ 600 കോടി വേണം. കടപരിധി നിര്‍ണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നല്‍കിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ രണ്ടുഗഡു ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കില്‍ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നല്‍കണം. ഇപ്പോള്‍ അതതുമാസം ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ട്. കുടിശ്ശിക ചേര്‍ത്ത് ഓണത്തിന് രണ്ടുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 1900 കോടി രൂപ വേണം.

സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന വായ്പാതുക കൊണ്ട് ഇക്കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ കഴിയുമോ എന്നതാണ് സംശയം. വായ്പ എടുക്കുന്ന തുകയ്ക്കു പുറണേ വരുന്ന തുക എങ്ങനെ കണ്ടെത്താനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു പിടുത്തവുമില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡെല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാടിന്റെ കാര്യത്തില്‍ സഹായം നല്‍കണമെന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു. എന്നാല്‍, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചില്ലെന്നാണ് സൂചന.

ട്രഷറിക്ക് പൂട്ടു വീഴുമോ ?

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിക്കാന്‍ കെ.എന്‍. ബാലഗോപാല്‍. 25 ലക്ഷം രൂപയില്‍ നിന്ന് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കി കുറയ്ക്കും. സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ഇത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. ശമ്പളവും ഓണ സീസണുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും വരുന്നതു കൊണ്ടാണ് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്. കടമെടു്പ് പരിധി തീരുന്നതോടെ ഏത് നിമിഷവും ട്രഷറി പൂട്ടും എന്ന അവസ്ഥയിലാണ്.

മറ്റ് ചെലവുകള്‍ക്ക് എല്ലാം കര്‍ശന നിയന്ത്രണം ധനവകുപ്പ് ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രതിസന്ധി ചൂണ്ടികാട്ടി ഈ വര്‍ഷം പ്രഖ്യാപിക്കില്ല. നവംബര്‍ മാസം പെന്‍ഷന്‍കാരുടെ പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു കൊടുക്കേണ്ടതാണ്. 600 കോടിയാണ് ഇതിന് വേണ്ടത്. ഇതും നീട്ടി വയ്ക്കും എന്നാണ് ധനവകുപ്പില്‍ നിന്നുള്ള സൂചന. വയനാടിന് കേന്ദ്ര സഹായമായി 2000 കോടി ആവശ്യപ്പെട്ടെങ്കിലും അത്രയും തുക ലഭിക്കുമെന്ന പ്രതീക്ഷ ധനവകുപ്പിനില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി 500 കോടി സമാഹരിക്കാം എന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍.

വെട്ടിക്കുറച്ച് വികസന പദ്ധതികള്‍ ?

അതേസമയം, സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായി തുടരവേ വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനിച്ചു കഴിഞ്ഞു. അനിവാര്യമല്ലാത്ത പദ്ധതികളാണ് ഒഴിവാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ 10 കോടി രൂപയ്ക്ക് മുകളില്‍ അടങ്കല്‍ തുക ഉള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കില്‍ മാറ്റി വയ്ക്കാനാണ് തീരുമാനം. പദ്ധതി ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. മാറ്റി വയ്ക്കാന്‍ കഴിയാത്ത പദ്ധതികള്‍ 10 കോടിയ്ക്കു മുകളിലാണെങ്കില്‍ വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളില്‍ ഈ പദ്ധതികളെല്ലാം നിര്‍ത്തണം.

പത്ത് കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനം തുക മാത്രമേ ചെലവിടാന്‍ പാടുള്ളു. സാമ്പത്തിക വര്‍ഷത്തിന്റെ അഞ്ച് മാസം പിന്നിട്ടെങ്കിലും പണില്ലാത്തതിനാല്‍ പദ്ധതി വിഹിതത്തിലെ ചെലവ് തീരെ കുറഞ്ഞു. ഡിസംബര്‍ വരെ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറുദിന കര്‍മ്മ പരിപാടികളും മുടങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

സപ്ലൈകോ ആവശ്യപ്പെട്ടത് 500 കോടി ?

ആവശ്യപ്പെട്ടതിന്റെ പകുതി നല്‍കിക്കൊണ്ട് സിവില്‍ സപ്ലൈസ് വകുപ്പിനെ സമാധാനപ്പെടുത്തി ധനവകുപ്പ്. ഓണക്കാലത്ത് വിപണിയില്‍ ഇടപെടാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആവശ്യപ്പെട്ടത് 500 കോടിരൂപയാണ്. എന്നാല്‍, 225 കോടി രൂപയാണ് അനുവദിച്ചത്. ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് വിലകൂടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു നടപടി. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോക്ക് അധികമായി ലഭ്യമാക്കിയത്.

വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍, 120 കോടി രൂപ അധികമായി നല്‍കാന്‍ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് ബജറ്റില്‍ 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. 391 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു എനനാണ് ധനവകുപ്പിന്റെ വിശദീകരണം.

പൊള്ളുന്ന വിലയില്‍ പൊതു വിപണി ?

പച്ചക്കറിയും പാലും പഴ വര്‍ഗങ്ങളുമെല്ലാം പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണ്. വരുമാം കൂടാത്ത, എന്നാല്‍ ചെലവു വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്ന മലയാളികളുടെ ഓണം ബുദ്ധിമുട്ടിലാകുമെന്നുറപ്പാണ്. സദ്യവിളമ്പുന്ന ഇലയില്‍ തൊടുകറികള്‍ കുറയും. ഓലനും കാളനും സാമ്പാറും, മിഴുക്കു പെരട്ടിയുമൊന്നും പഴയതു പോലെ ഉണ്ടാകുമെന്ന് പറയാനാകില്ല. അത്രയും വിലയാണ് പച്ചക്കറികള്‍ക്ക്. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇവിടെയാണ് പരാജയപ്പെട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസില്‍ അവശ്യ സാധനങ്ങളൊന്നും കിട്ടാനില്ലെന്ന പരാതി നേരത്തെ ഉയരുന്നുണ്ട്.

 

CONTENT HIGHLIGHTS; Onam season of bad luck: Govt just needs to borrow for Onamun!!: 753 crore debt will be wiped out

 

Latest News