സിനിമ എന്നത്, ചതിക്കുഴികളും വഞ്ചനകളും നിറഞ്ഞതാണെന്ന് എത്ര കൃത്യമായാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അല്ലെങ്കില്‍, വളര്‍ന്നു വരുന്ന നടിമാര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കാന്‍ കഴിയുമോ?. പെണ്‍വാണിഭങ്ങളുടെ അടിവേരുകള്‍ വരെ മാന്തിപ്പറിച്ചല്ലേ മന്ത്രി വിശദമായി പറഞ്ഞു വെച്ചിരിക്കുന്നത്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നതിനും പന്ത്രണ്ടും വര്‍ഷം മുമ്പായിരുന്നു മലയാള സിനിമാ നടന്‍കൂടിയായ ഇപ്പോഴത്തെ മന്ത്രി ഗണേഷ്‌കുമാറിന്റെ വചനങ്ങള്‍ പുസ്തക രൂപത്തില്‍ എഴുതപ്പെട്ടത്.
അന്ന് അദ്ദേഹം എഴുതി, ഹരിത പബ്ലിക്കേഷന്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ച അതേ സംഭവങ്ങളല്ലേ ഇന്ന് ഹേമാ കമ്മിറ്റിയും റിപ്പോര്‍ട്ടായി എഴുതി വെച്ചിരിക്കുന്നത്. കുറഞ്ഞപക്ഷം ഹേമ കമ്മിറ്റി ഈ പുസ്തകം വായിക്കേണ്ടിയിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. മലയാള സിനിമാ മേഖലയെ കുറിച്ച് ദീര്‍ഘ വീക്ഷണമുള്ള ഗണേഷ്‌കുമാറിനെയായിരുന്നു സാംസ്‌ക്കാരിക സിനിമാ മന്ത്രി ആക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തെറ്റു പറ്റിയിട്ടുണ്ടോ എന്ന് ചിന്തിക്കുന്നവരെ സി.പി.എം അണികളെ തെറ്റു പറയാനൊക്കില്ല.
കാരണം, ഭരണഘടനയില്‍ എഴുതി വെച്ചിരിക്കുന്നത് കുന്തവും കുടച്ചക്രവുമാണെന്ന് വിളിച്ചു പറഞ്ഞ് നടപടി നേരിട്ട മന്ത്രി സജി ചെറിയാനെക്കാള്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് ഗണേഷ്‌കുമാര്‍. പക്ഷെ, സംഭവിച്ചതോ, നേരെ വിപരീതമായി. അതുകൊണ്ടു കൂടിയാണ് ഗണേഷ്‌കുമാര്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചോദിക്കുമ്പോള്‍, താന്‍ സിനിമാ മന്ത്രിയല്ലെന്നും, നടനൊക്കെ പണ്ടായിരുന്നുവെന്നും, ഇപ്പോള്‍ ഗതാഗതമന്ത്രിയാണെന്നും പറഞ്ഞ് തടിതപ്പുന്നത്. പക്ഷെ, ഗണേഷ്‌കുമാറിന്റെ സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ചുള്ള ദീര്‍ഘ വീക്ഷണത്തെ ആരും കാണാതെ പോകരുത്.
“ടിവിയിലോ സിനിമയിലോ ഒന്നു മുഖം കാണിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ആ മോഹം മുതലെടുക്കാന്‍ ഒട്ടേറെപ്പേര്‍ ഇന്നു രംഗത്തുണ്ട് താനും. സീരിയലെന്ന പേരില്‍ മാത്രമല്ല, മ്യൂസിക് ആല്‍ബം എന്ന പേരിലും തട്ടിപ്പുകള്‍ ഏറെയുണ്ട്. സിനിമയിലും സീരിയലിലും ഇത്രയും കാലം പ്രവര്‍ത്തിച്ചതിന്റെയും കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയതിന്റെയും വെളിച്ചത്തില്‍ ആരും സിനിമയിലോ സീരിയലിലോ ഒന്നുമായിട്ടില്ല. അവസരങ്ങള്‍ ദൈവം തുന്നതാണ്. കലയിലെ വളര്‍ച്ചയും മുന്നേറ്റവും എപ്പോഴും ദൈവദത്തമാണ്. ദയവു ചെയ്ത് ചതിക്കുഴികളില്‍ പെടരുത്”
സിനിമയുടെ വെള്ളി വെളിച്ചതില്‍ മുഖം കാണിച്ച് പിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, സ്ത്രീകള്‍. അങ്ങനെ വലിയ മോഹങ്ങളുമായി വരുന്ന പെണ്‍കുട്ടികളോട് ഗണേഷ്‌കുമാര്‍ പന്ത്രണ്ടു വര്‍ഷം മുമ്പ് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആ ഉപദേശം ഇതാണ്. ‘പണം കൊടുത്തും ശരീരം കൊടുത്തും ആരും സിനിമയിലും സീരിയലിലും ഒന്നുമായിട്ടില്ല. ദയവുചെയ്ത് ചതിക്കുഴികളില്‍പ്പെടരുത്’ എന്നാണ് ഉപദേശം.
ഈ ഉപദേശം ചെവിക്കൊള്ളാതെ സിനിമയെന്ന മായാലോകത്തേക്ക് കടന്നു വന്നവരെല്ലാം അതിന്റെ തിക്താനുഭവങ്ങള്‍ അറിയുകയും ചെയ്തിട്ടുണ്ട്. ഹേമാ കമ്മിഷന്‍ നിയമിക്കേണ്ടി വന്നതു പോലും അത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. മാത്രമല്ല, കമ്മിഷനു മുമ്പില്‍ തെളിവും മൊഴിയും കൊടുത്തവരേക്കാള്‍ എത്രയോ പേരാണ് ഇപ്പോഴും നിശബ്ദം ജീവിക്കുന്നത്. സിനിമയിലും ജീവിതത്തിലും തോറ്റു പോയവര്‍. പാതി വഴിയില്‍ ജീവന്‍ പോലും ഉപേക്ഷിക്കേണ്ടി വന്നവര്‍.
സ്വപ്‌നങ്ങളും ദാമ്പത്യബന്ധങ്ങളും തകര്‍ന്നു പോയവര്‍. കുടംബത്തില്‍ കയറാന്‍ പറ്റാതെ, മക്കളുടെ മുമ്പില്‍ തലകുനിച്ചു ജീവിക്കുന്നവര്‍ അങ്ങനെ എത്രയോ പേരുണ്ട്. അവരുടെയെല്ലാം കണ്ണീരും നിശബ്ദ നിലവിളികളുടെയും ശിക്ഷ കൂടി സിനിമാ മേഖലയിലെ പവര്‍ഗ്രൂപ്പും അഴരെ സംരക്ഷിക്കുന്നവരും അനുഭവിക്കേണ്ടതായുണ്ട്. കെ.ബി. ഗണേഷ് കുമാര്‍ പന്ത്രണ്ടു വര്‍ഷം മുമ്പ് ‘ഗണേഷ്‌കുമാറിന്റെ ലേഖനങ്ങള്‍’ എന്ന പുസ്തകത്തിലാണ് തന്റെ അനുഭവം തന്നെ പങ്കുവെച്ചു കൊണ്ട് എഴുതിയിരിക്കുന്നത്.
“ഈ സീനിയര്‍ നടി ഈ പെണ്‍കുട്ടി ശാരീരിക ബന്ധത്തിനു തയ്യാറാണെന്ന സൂചന അദ്ദേഹത്തിനും മറ്റു പലര്‍ക്കും നല്‍കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ ലാലു എന്നോടു പറഞ്ഞു. “ആ കൊച്ചിനെ വീട്ടില്‍ പറഞ്ഞു വിടാന്‍നോക്ക്. അല്ലെങ്കില്‍ അവളുടെ ജീവിതം തുലയും.”
ജീവിതാനുഭവങ്ങള്‍ ഉള്ളവര്‍ക്കേ പുസ്തകങ്ങള്‍ എഴുതാനാകൂ. ഗണേഷ്‌കുമാറിന് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് എഴുതാന്‍ ആയിരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഇനിയും പുസ്തകങ്ങള്‍ എഴുതുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ഹരിത പബ്ലിക്കേഷനാണ് ഗണേഷ്‌കുമറിന്റെ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ 43-ാം പേജിലാണ് സിനിമയുടെ ഉള്ളറകളെ വെളിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുള്ളത്. ‘പെണ്‍വാണിഭത്തിന്റെ അടിവേരുകള്‍’ എന്ന അധ്യായത്തിലാണ് ഉപദേശമുള്ളത്. സിനിമയില്‍ വന്നു കുറച്ചു കാലമായ സമയത്തുള്ള ഒരു സംഭവമാണ് അദ്ദേഹം പറയുന്നത്. പുസ്തകത്തില്‍ പറയുന്നതിങ്ങനെ:
പെണ്‍വാണിഭത്തിന്റെ അടിവേരുകള്‍
വര്‍ഷങ്ങള്‍ക്കു മുമ്പ്. ഞാന്‍ സിനിമയില്‍ വന്നിട്ട് അധികകാലമായിട്ടില്ല. അന്ന് ഞങ്ങളുടെ സിനിമാ സെറ്റില്‍ വാര്‍ധക്യത്തിലേക്ക് പദമൂന്നി നില്‍ക്കുന്ന ഒരു നടി വന്നത്, കഷ്ടിച്ച് കൗമാരത്തിലെത്തിയ പെണ്‍കുട്ടിയോടൊപ്പമാണ്. മുതിര്‍ന്ന നടി വര്‍ഷങ്ങളായി സിനിമയിലുള്ളതാണ്. അവര്‍ പലര്‍ക്കും ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും അടുത്ത് പെണ്‍കുട്ടിയെ വിളിച്ചുനിര്‍ത്തി തമാശ പറയുന്നതും അടുത്ത് ഇടപെടാന്‍ പ്രേരിപ്പിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒന്നുരണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഞാനും ലാലു അലക്‌സും സെറ്റില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവരെ വീണ്ടും കണ്ടു.
ഗണേശേ ആ കൊച്ച് കൊട്ടാരക്കരക്കാരിയാണെന്നു പറഞ്ഞല്ലോ…വല്ല പരിചയവുമുണ്ടോ?.. ലാലു അലക്‌സ് ചോദിച്ചു.
കൊടടാരക്കരയെന്നു കേട്ടതു കൊണ്ട് അന്നന്വേഷിക്കാമെന്ന് എനിക്കുതോന്നി. ഞാന്‍ ആ കുട്ടിയെ വിളിച്ച് വീടും മറ്റും അന്വേഷിച്ചു. പറഞ്ഞുവന്നപ്പോള്‍ എനിക്ക് ആ കുട്ടിയുടെ വീട്ടുകാരെ വ്യക്തമായറിയാം. ഞങ്ങളുടെ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തനായ പയ്യന്റെ അടുത്ത ബന്ധുവാണ് അവള്‍.
‘എനിക്ക് റോള്‍ തരാമെന്നു ആ ചേച്ചി പറഞ്ഞു. അതുകൊണ്ടു വന്നതാണ്. ചേച്ചി വര്‍ഷങ്ങളായി സിനിമയില്‍ ഉള്ളതല്ലേ, അതുകൊണ്ട് അവര്‍ ശുപാര്‍ശ ചെയ്താല്‍ റോള്‍ കിട്ടാതിരിക്കുമോ. ചേച്ചിയുടെ കൂടെയായതുകൊണ്ടു മാത്രം എന്റെ വീട്ടുകാര്‍ എന്നെ അയച്ചതാണ്.’ എന്നൊക്കെ അവള്‍ പറഞ്ഞു.’
” പെണ്‍വാണിഭ കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മിക്ക പെണ്‍വാണിഭങ്ങളുടെയും വേരുകള്‍ ചികയാന്‍ ചെന്ന മാധ്യമ ലേഖകര്‍ കണ്ടെത്തിയ പൊതുസ്വഭാവം ഇതില്‍ അകപ്പെട്ട ഇരകളുടെ സിനിമാ-സീരിയല്‍ മോഹങ്ങളാണ്. പണ്ടും ഇത്തരം വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. അന്നൊനനും ആരും ഇതു പുറത്തു പറഞ്ഞിരുന്നില്ല. ഇന്ന് സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് അറിയാം”
അതു കേട്ടപ്പോള്‍ എനിക്കു വലിയ വിഷമം തോന്നി. കാരണം, അവളുടെ ബന്ധുവായ പയ്യനെ അത്രയ്ക്ക് അടുത്തറിയാവുന്നതാണ്. ഇവര്‍ക്കൊരു കുഴപ്പം സംഭവിച്ചാല്‍ അതു തടയാതിരുന്നതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം എനിക്ക് എന്നുമുണ്ടാകും. ഞാനും ലാലു അലക്‌സും കൂടി അന്ന് സംവിധായകനോട് സംസാരിച്ചു. അപ്പോള്‍ അവള്‍ക്ക് അങ്ങനെയൊരു റോള്‍ കൊടുക്കാന്‍ ഒരുദ്ദേശവും അദ്ദേഹത്തിനില്ലെന്നു മനസ്സിലായി. ഈ സീനിയര്‍ നടി ഈ പെണ്‍കുട്ടി ശാരീരിക ബന്ധത്തിനു തയ്യാറാണെന്ന സൂചന അദ്ദേഹത്തിനും മറ്റു പലര്‍ക്കും നല്‍കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ ലാലു എന്നോടു പറഞ്ഞു.
“ആ കൊച്ചിനെ വീട്ടില്‍ പറഞ്ഞു വിടാന്‍നോക്ക്. അല്ലെങ്കില്‍ അവളുടെ ജീവിതം തുലയും.”
ഞാന്‍ ആ കുട്ടിയെ വിളിച്ചു കാര്യം പറഞ്ഞു.’ നീ വിചാരിക്കുന്നതു പോലെ ഈ സിനിമയില്‍ നിനക്കു റോള്‍ കിട്ടാന്‍ സാധ്യതയില്ല. മാത്രമല്ല, ആ നടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിനക്ക് വലിയ കുഴപ്പുമുണ്ടാകുകയും ചെയ്യും.’
ഒരു വിധത്തില്‍ അവളെ പറഞ്ഞു മനസ്സിലാക്കി നാട്ടിലേക്ക് അയച്ചു. UDF സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 48 പെണ്‍വാണിഭ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയപ്പോള്‍ എനിക്കു പെട്ടെന്ന് ഈ സംഭവമാണ് ഓര്‍മ്മ വന്നത്. പെണ്‍വാണിഭങ്ങളെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. സൂര്യനെല്ലി, കിളിരൂര്‍ കേസുകള്‍ കാരണം ജനമധ്യത്തില്‍ സജീവമായി നിലനില്‍ക്കുന്ന പദമാണത്. പെണ്‍വാണിഭ കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മിക്ക പെണ്‍വാണിഭങ്ങളുടെയും വേരുകള്‍ ചികയാന്‍ ചെന്ന മാധ്യമ ലേഖകര്‍ കണ്ടെത്തിയ പൊതുസ്വഭാവം ഇതില്‍ അകപ്പെട്ട ഇരകളുടെ സിനിമാ-സീരിയല്‍ മോഹങ്ങളാണ്.
പണ്ടും ഇത്തരം വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. അന്നൊനനും ആരും ഇതു പുറത്തു പറഞ്ഞിരുന്നില്ല. ഇന്ന് സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് അറിയാം. മാധ്യമങ്ങളുടെ കണ്ണുകള്‍ ഓരോ മുക്കിലും മൂലയിലും എത്തുകയും ചെയ്യുന്നുണ്ട്. അതുകണ്ട് ഇന്ന് ഇത്തരം സംഭവങ്ങള്‍ക്കു വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. കഴിഞ്ഞ ദിവസം എന്റെ പരിചയക്കാരന്‍ ഒരു കാര്‍ഡ് കൊണ്ടുവന്നു കാണിച്ചു. അയ്യായിരം രൂപയുമായി വന്നാല്‍ സീരിയലില്‍ ബാലതാരത്തിന്റെ വേഷം റെഡിയാണെന്നാണ് കാര്‍ഡില്‍. അദ്ദേഹത്തിന്റെ കുട്ടിക്ക് ഏഴെട്ടു വയസ്സേ വരൂ.
കുട്ടികള്‍ മാത്രമല്ല, ചെറുപ്പക്കാരായ പെണ്‍കുട്ടികളും ഇത്തരം തട്ടിക്കു സംഘങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. കൊട്ടാരക്കര നിന്ന് ഒരു പയ്യന്‍ വന്നു പറഞ്ഞു. ‘ അയ്യായിരം രൂപയടച്ച് രജിസ്റ്റര്‍ ചെയ്താല്‍ റോള്‍ കിട്ടുമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് പറഞ്ഞു.
‘ എന്ത് ഇന്റര്‍വ്യൂ ബോര്‍ഡ്’
ഞാന്‍ തുടര്‍ന്നു. ‘ യഥാര്‍ഥ പ്രൊഡ്യൂസര്‍ ഒരിക്കലും നടീനടന്‍മാരില്‍ നിന്നു പണം വാങ്ങി റോള്‍ കൊടുത്ത് സിനിമയോ ,ീരിയലോ എടുക്കില്ല. കാരണം, ആ സിനിമയും സീരിയലും ഓടില്ല. ഇത് തട്ടിപ്പാണ്’
എനിക്ക് സിനിമയില്‍ റോള്‍ കിട്ടിയത് പണം മുടക്കിയാണെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു. ‘ഇരകള്‍’ ഇറങ്ങിയ കാലത്ത്. എന്റെ സിനിമാ മോഹത്തോട് രാഷ്ട്രീയ പ്രവേശനത്തേക്കാള്‍ എതിരായിരുന്നു അച്ഛന്‍. ഒരു ചില്ലിപൈസപോലും മുടക്കാന്‍ അച്ഛന്‍ തയ്യാറുമല്ലായിരുന്നു. അതൊക്കെ ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ എതിരാളികള്‍ കെട്ടിച്ചമച്ച കഥകളില്‍ ഒന്നുമാത്രം.
‘നേരേ’ നില്‍ക്കുന്നവര്‍ക്കു കുഴപ്പമില്ല
ഇന്നു സിനിമയില്‍ നല്ല കുടുംബങ്ങളില്‍ നിന്ന് ഒട്ടേറെ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അന്നുമിന്നും ‘നേരെ’ നില്‍ക്കുന്നവര്‍ക്ക് കുഴപ്പമില്ല. ബുദ്ധിപരമായി ചൂഷണങ്ങളെ ഒഴിവാക്കാന്‍ ഇന്നതെയും അന്നത്തെയും ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ക്ക് അറിയാമായിരുന്നു. വീണു പോകുന്നത്, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നെത്തുന്ന നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളാണ്. മുമ്പ് എന്നോടൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുള്ള ഒരു സ്ത്രീയെ ഈയിടെ എറണാകുളത്തു വച്ചുകണ്ടു. നല്ല കഴിവുള്ള നടിയായിരുന്നു. പക്ഷെ, സനിമ വേണ്ടെന്നു വച്ചു. പിന്നീട് സീരിയലില്‍ അഭിനയിച്ചെങ്കിലും അതും നിര്‍ത്തി.
“സിനിമയിലും സീരിയലിലും ഇത്രയും കാലം പ്രവര്‍ത്തിച്ചതിന്റെയും കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയതിന്റെയും വെളിച്ചത്തില്‍ ആരും സിനിമയിലോ സീരിയലിലോ ഒന്നുമായിട്ടില്ല. അവസരങ്ങള്‍ ദൈവം തുന്നതാണ്. കലയിലെ വളര്‍ച്ചയും മുന്നേറ്റവും എപ്പോഴും ദൈവദത്തമാണ്. ദയവു ചെയ്ത് ചതിക്കുഴികളില്‍ പെടരുത്”
എന്താണ് എല്ലാം വേണ്ടെന്നു വെച്ചത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അഭിനയിപ്പിക്കുന്നതിലല്ല ഇന്ന് ആളുകള്‍ക്കു താല്‍പ്പര്യം. പല തരത്തില്‍ ഉപയോഗിക്കുന്നതിലാണ്. അതിനു നിന്നു കൊടുക്കാന്‍ വയ്യ. അതുകൊണ്ടു മതിയാക്കി എന്നാണ്. ടിവിയിലോ സിനിമയിലോ ഒന്നു മുഖം കാണിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ആ മോഹം മുതലെടുക്കാന്‍ ഒട്ടേറെപ്പേര്‍ ഇന്നു രംഗത്തുണ്ട് താനും. സീരിയലെന്ന പേരില്‍ മാത്രമല്ല, മ്യൂസിക് ആല്‍ബം എന്ന പേരിലും തട്ടിപ്പുകള്‍ ഏറെയുണ്ട്.
സിനിമയിലും സീരിയലിലും ഇത്രയും കാലം പ്രവര്‍ത്തിച്ചതിന്റെയും കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയതിന്റെയും വെളിച്ചത്തില്‍ ആരും സിനിമയിലോ സീരിയലിലോ ഒന്നുമായിട്ടില്ല. അവസരങ്ങള്‍ ദൈവം തുന്നതാണ്. കലയിലെ വളര്‍ച്ചയും മുന്നേറ്റവും എപ്പോഴും ദൈവദത്തമാണ്. ദയവു ചെയ്ത് ചതിക്കുഴികളില്‍ പെടരുത്.
എത്ര കാര്യമാത്ര പ്രസക്തമായ പുസ്തകം. ഗണേഷ്‌കുമാറിനെ പോലെയുള്ളവര്‍ മന്ത്രിയാകുമ്പോള്‍ പ്രതീക്ഷിക്കേണ്ടത് എന്താണ്. ഒരു സിനിമാ നടനായിരിക്കുമ്പോള്‍ കൊട്ടാരക്കരയിലെ, സ്വന്തം പാര്‍ട്ടിലെ പ്രവര്‍ത്തകന്റെ ബന്ധു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ നടത്തിയ മനസ്സ്, കേരളത്തിന്റെ മന്ത്രിയായപ്പോള്‍ കൈമോശം വന്നതെങ്ങനെ. ഗണേഷ്‌കുമാര്‍ എഴുതി പുസ്തകം പൊതു സമൂഹത്തില്‍ വായിക്കപ്പെടുകയാണ്. ആ എഴുത്തില്‍ സത്യമുണ്ടെങ്കില്‍ ഗണേഷ്‌കുമാര്‍, മന്ത്രിയെന്ന അധികാരം കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള രക്ഷകര്‍തൃത്വമായിട്ടു കാണണം. ചുരുങ്ങിയപക്ഷം സിനിമയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ ചൂഷണത്തിനു വിധേയമാക്കാതിരിക്കാനെങ്കിലും ഉപയോഗിക്കണമെന്നാണ് പറയാനുള്ളത്.
CONTENT HIGHLIGHTS;No one has become anything in “movies and serials” by giving “money and body”, please don’t fall for scams: Minister Ganesh Kumar’s advice goes viral