സെക്രട്ടേറിയറ്റില്‍ പിണറായിയും രാജ്ഭവനില്‍ ആരിഫ് മുഹമ്മദ് ഖാനും ഇരുന്നുകൊണ്ട് അധികാര രാഷ്ട്രീയവും ഭരണഘടനാപരവുമായ ആയുധങ്ങള്‍ കൊണ്ട് ഏറ്റുമുട്ടിയ കാലത്തെക്കുറിച്ച് വരാനിരിക്കുന്ന ജനപ്രതിനിധികളെല്ലാം ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്. ഭരണഘടന നല്‍കുന്ന അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തില്‍ ഇടപെടല്‍ നടത്തി ശ്രദ്ധേയനായ ഗവര്‍ണറാണ് കേരളത്തിന്റെ രാജ്ഭവനില്‍ നിന്നും ഇന്ന് പടിയിറങ്ങുന്നത്. ഇന്ന് അവസാനിക്കുകയാണ് ആരിഫ് മുഹമ്മദ്ഖാന്റെ കാലാവധി. രണ്ടാമൂഴത്തിന് കാക്കണോ എന്നതാണ് പ്രധാന ചോദ്യം. അറിയേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണറായെത്തി രണ്ടാം പണിറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ പദവിയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥകള്‍ നിരവധിയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെയും, മന്ത്രിസഭാ ഓര്‍ഡിനന്‍സുകള്‍ തിരിച്ചയച്ചും, കേരളത്തിലെ യൂണിവേഴ്‌സിറ്റികളും ചാന്‍സിലര്‍ എന്ന പദവി എന്താണെന്ന് കാട്ടിക്കൊടുത്തുമൊക്കെ സര്‍ക്കാരിനെതിരേ സന്ധിയില്ലാ പോരാട്ടമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. ഇടതു വിദ്യാര്‍ത്ഥി സംഘടനയാ SFIയുമായി നേരിട്ട് തെരുവു യുദ്ധത്തിനും ഗവര്‍ണര്‍ തയ്യാറായി എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
കേരളാ പോലീസിന്റെ സെക്യൂരിറ്റി നാടകം പൊളിച്ച്, കേന്ദ്ര സേനയുടെ സുരക്ഷയിലേക്ക് മാറാനും ഇതുമൂലം ഗവര്‍ണര്‍ക്ക് സാധിച്ചു എന്നതാണ്. സര്‍ക്കാരിന്റെ എല്ലാ വഴികളിലും ഭരണഘടനാ അധികാരത്തിന്റെ നിഴല്‍ വീഴ്ത്തി എപ്പോഴും ഗവര്‍ണര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഇടപെടല്‍ ന്യൂനപക്ഷങ്ങള്‍ക്ക് BJPയോടുള്ള ദേഷ്യം കുറയ്ക്കാനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, ഇടതു സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നു പൊതുമനസാക്ഷിക്കു ബോധ്യമുള്ള ഇടങ്ങളിലെല്ലാം ഗവര്‍ണര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്, BJPയോടുള്ള അകലം കുറയ്ക്കുകയും ഇടതുപക്ഷത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്താനും കാരണമായിട്ടുണ്ട്.
BJPയുടെ മുസ്ലീം വിരുദ്ധത എന്ന അജണ്ടയ്ക്കു മുകളിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍ നടന്നത് ന്ൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു ആരിഫ് മുഹമ്മദ് ഖാന്‍ മാത്രമാണ് BJPയില്‍ പിടിച്ചു നില്‍ക്കുന്നുള്ളൂവെന്നും, മറ്റിടങ്ങളിലെല്ലാം മുസ്ലീംഗളെ ശത്രുപക്ഷത്താണ് BJP നിര്‍ത്തുന്നതെന്നുമുള്ള സത്യം മറക്കാനാവില്ല. എങ്കിലും കേരളത്തിന്റെ BJP വിരുദ്ധത ഒരു പരിധിവരെ കുറയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ശക്തമായ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ BJP എന്നത്, വെറുമൊരു പാര്‍ട്ടിയെന്നോ, വര്‍ഗീയത മാത്രം പ്രസരിപ്പിക്കുന്ന സംഘടനയെന്നോ, അക്രമകാരികളുടെ കൂടാരമെന്നോ ആണ് കേരളം കരുതിയിരുന്നത്.
എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനിലൂടെ സര്‍ക്കാരിന്റെ അപഥ സഞ്ചാരങ്ങളെ ചങ്ങലയ്ക്കിടാനും തടഞ്ഞു നിര്‍ത്താനും സാധിക്കുമെന്ന് തിരിച്ചറിവുണ്ടായപ്പോള്‍ BJPക്ക് കേരളത്തില്‍ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചു. അതിന്റെ പരിണിത ഫലമാണ് തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയം. ആ വിജയത്തിന്റെ പ്രധാന ഘടം BJPയെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നതാണ്. ഇതിനെല്ലാം വഴിമരുന്നിട്ടത് ആരിഫിന്റെ അചഞ്ചലമയ നീക്കങ്ങള്‍ തന്നെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളത്തില്‍ BJPയുടെ സാന്നിധ്യം കൂടിയായിരുന്നു ആരിഫ് മുഹമ്മദ്ഖാന്‍. ഗവര്‍ണര്‍ ജനകീയ പരിപാടികളില്‍ മുഖം കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതും ഇതുകൊണ്ടാണ്.
അതേസമയം, പിണറായി ഭരണത്ത വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സന്തോഷിക്കുന്നവര്‍ കുറവല്ല. സംസ്ഥാന സര്‍ക്കാറിന് ഭരണപ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടേയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വേഗത്തില്‍ പടിയിറങ്ങണമെന്നായിരുന്നു സര്‍ക്കാരിന്റെയും ആഗ്രഹം. എന്നാല്‍, പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കുംവരെ പദവിയില്‍ തുടരാം. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷത്തിലധികമായി പദവിയിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന് വീണ്ടും അവസരം കൊടുക്കുമോ എന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും.
നേരത്തേ ഉപരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധന്‍കറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവര്‍ണര്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചെങ്കിലും പദവിയില്‍ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍
പിണറായി സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തു കൊണ്ടായിരുന്നു ഗവര്‍ണര്‍ ആദ്യവെടി പൊട്ടിച്ചത്. പിന്നീട് കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ ഗവര്‍ണര്‍ വഴങ്ങാതെ കട്ടയ്ക്ക് എതിര്‍ത്തു. നിയമസഭാ സമ്മേളത്തില്‍ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചാണ് പിന്നീട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കി. എന്നാല്‍, ഭരണ പ്രതിസന്ധി മറി കടക്കാന്‍ ഗവര്‍ണര്‍ തന്നെ ഉപാധി കണ്ടെത്തി.
നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയില്‍ നിന്ന് മടങ്ങിയാണ് വീണ്ടും സര്‍ക്കാരിന് അടികൊടുത്തത്. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ താല്‍പര്യം, സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു. സര്‍ക്കാറിനെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇതില്‍ കാലടി, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായി. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന രീതിയില്‍ സെര്‍ച് കമ്മിറ്റി ഘടനമാറ്റിയുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ദീര്‍ഘനാള്‍ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവര്‍ണര്‍ ഒപ്പിട്ടില്ല. ബില്ലുകള്‍ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ 11 സര്‍വകലാശാലകളില്‍ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളില്‍ സംഘ്പരിവാര്‍ നോമിനികളെ ഗവര്‍ണര്‍ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവര്‍ണറെ തെരുവില്‍ തടയാനിറങ്ങിത് സംഘര്‍ഷമുണ്ടാക്കി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഒറ്റയ്ക്കിറങ്ങി വെല്ലുവിളിച്ചും ഗവര്‍ണര്‍ എതിരിട്ടു. കോഴിക്കോട് മാര്‍ക്കറ്റില്‍ പോയി നിന്നും, റാംഗി കേസില്‍ ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിച്ചുമൊക്കെ ഗവര്‍ണര്‍ ജനങ്ങളുടെ മനസ്സിലേക്ക് കയറി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായി.
പദ്മജ വേണു ഗോപാല്‍ ഗവര്‍ണര്‍ ആകുമോ ?
ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകുന്ന ആരിഫ് മുഹമ്മദ്ഖാന് പകരം പദ്മജാ വേണുഗോപാല്‍ വരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് BJPയില്‍ അംഗത്വമെടുത്ത പദ്മജയെ കേരളത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കണമെന്ന് കേരളത്തിലെ BJP നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്നോട് ഇത് ഔദ്യോഗികമായി ആരും പറഞ്ഞിട്ടില്ലെന്ന് പദ്മജ അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍, പദ്മജയെ ഗവര്‍ണര്‍ ആക്കിയാല്‍ കേരളത്തില്‍ BJPയുടെ നില കൂടുതല്‍ മെച്ചമാകുമെന്നാണ് കണക്കു കൂട്ടല്‍. കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ BJPയിലേക്ക് എത്താന്‍ സാധ്യതയും വര്‍ദ്ധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, തീരുമാനങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റേതാണ്. അതില്‍ സംസ്ഥാന നേതൃത്വത്തിന് ഒന്നും പറയാനാകില്ല.
CONTENT HIGHLIGHTS; Want to wait for the second term?: Arif Mohammad Khan’s term as governor will end today