പോലീസ് എന്ന വാക്കിനര്‍ത്ഥം എന്താണെന്ന് ചിന്തിച്ചു പോകുന്ന സംഭവങ്ങളാണ് കേരളത്തില്‍ ഓരോ ദിവസവും കടന്നു പോകുന്നത്. പോലീസ് എന്നാല്‍, പൊളൈറ്റ്, ഒബീഡിയന്റ്, ലോയല്‍, ഇന്റലിജന്റ്, കറേജ്, എഫിഷ്യന്‍സി (POLICE) എന്നൊക്കെയാണെന്നു പറയാന്‍ ധൈര്യം പോര. കാരണം, പോലീസിന്റെ മുഖം വികൃതമായിരിക്കുന്നു. മരംമുറിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ മുമ്പില്‍ സൃാഷ്ടാംഗം വീണ് പരാതി പിന്‍വലിക്കണമെന്ന് അപേക്ഷിക്കുന്ന എസ്.പി തൊട്ട് മാങ്ങാമോഷണം നടത്തി പിടിക്കപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ വരെയും കളങ്കിതരായി മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസ് ഇപ്പോള്‍ ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയാവുകയാണ്. ഒരു വശത്ത് ഗുണ്ടകളും ക്വട്ടേഷന്‍ സംഘവും ജനങ്ങളെ ഭപ്പെടുത്തുമ്പോള്‍,
മറു വശത്ത് രാഷ്ട്രീയക്കാരും സര്‍ക്കാരും അവരുടെ പാര്‍ട്ടിക്കാരും കാണിക്കുന്ന അഴിമതിയും ധൂര്‍ത്തും പിന്നെ ജനങ്ങളോടുള്ള നിഷേധാത്മക നിലപാടും. ഇതിനെല്ലാം മുകളിലാണ് യൂണിഫോം ഗുണ്ടായിസത്തിന്റെ പതിപ്പ്. കിരാത ശിക്ഷാരീതികള്‍ അവസാനിപ്പിച്ച നാട്ടിലാണ് ഉരുട്ടിക്കൊല നടത്തിയതിന്റെ പേരില്‍ പോലീസുകാര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇപ്പോഴിതാ ഒരു വീട്ടമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. സിനിമാ മേഖലയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങളെ വെല്ലുന്നതാണ് പീഡന കഥയാണ് ആ സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പോലീസില്‍ ബലാത്സംഗ ശ്രിംഘല തന്നെ ഉണ്ടെന്ന രീതിയിലാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
അതേസമയം, പോലീസിനെതിരേയുള്ള സ്ത്രീയുടെ വെളിപ്പെടുത്തല്‍ വ്യാജമാണെന്നും കേസ് വളരെ നേരത്തെ അന്വേഷിച്ചു അവസാനിപ്പിച്ചതാണെന്നുമാണ് പോലീസ് പറയുന്നത്. 2022ല്‍ മലപ്പുറത്തായിരുന്നു പീഡന പരമ്പര നടന്നത്. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സി.ഐ വിനോദിനാണ് പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു.
പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്.പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുന്നു. സുജിത് ദാസ് തന്നെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. കസ്റ്റംസ് ഓഫീസര്‍ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. അവിടെ താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിള്‍ എന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ചാനലിനു മുമ്പില്‍ യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ;
‘പറയാന്‍ പോകുന്നത് ഞാന്‍ അനുഭവിച്ച വേദനയാണ്. ഞാന്‍ വിനോദ് സാറിന്റെ അടുത്ത് പരാതിയുമായി പോയി. വീടിന്റെ അവകാശത്തിന്റെ കാര്യത്തിനാണ് പോയത്. ഞാന്‍ അങ്ങോട്ട് വരാമെന്ന് സാര്‍ പറഞ്ഞു. ഞാനും വീട്ടിലുള്ള പെണ്ണും തിണ്ണയില്‍ കിടക്കുകയായിരുന്നു. ഒമ്പതര സമയത്ത് വാതിലില്‍ മുട്ടി, ഞാന്‍ തുറന്നു. ഇതാരാണെന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. പൊന്നാനി സി.ഐ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ തിണ്ണയില്‍ ഇരുന്ന് സംസാരിച്ചു. രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചു. റൂമില്‍ ചെന്നപ്പോള്‍ കതക് അടയ്ക്കാന്‍ പറഞ്ഞു, ഞാന്‍ അടച്ചു. ബലമായി എന്നെ പിടിച്ചു എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു.
എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. എനിക്ക് എല്ലാം മനസ്സിലായി, ഞാന്‍ രണ്ടു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞു. വേറെ കാര്യമാണ് സംസാരിച്ചത് എന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് ഈ കേസ് സംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടായില്ല. വീണ്ടും പരാതി എഴുതി ഡി.വൈ.എസ്.പി ബെന്നിക്ക് നല്‍കി. ഡി.വൈ.എസ്.പി ബെന്നി പരാതി മുഴുവന്‍ വായിച്ചു. അത് തേഞ്ഞു പോകില്ലല്ലോ അവിടെത്തന്നെ കാണുമല്ലോ എന്നും പറഞ്ഞു. പിന്നീട് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു ചിരിച്ചു. കുറെ നാള്‍ ഇതിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.
ഒരു ദിവസം ഡി.വൈ.എസ്.പി സാധാരണ ഡ്രസ്സില്‍ വീട്ടില്‍ കയറി വന്നു. നിന്റെ കാര്യം ശരിയായിട്ടുണ്ട് എന്ന് പറഞ്ഞു, ഇരുന്ന് ജ്യൂസ് കുടിച്ചു. എന്നെ പിടിച്ചു വലിച്ചു, പക്ഷേ ഞാന്‍ വഴങ്ങിക്കൊടുത്തില്ല. എന്നെ ഉമ്മ വെച്ചശേഷം മടങ്ങിപ്പോയി. രണ്ടുമൂന്നു മാസത്തേക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ല. പരാതി നല്‍കാനായി എസ്.പിയുടെ ഓഫീസില്‍ മൂന്നുതവണ കയറിയിറങ്ങി. എന്റെ റൂമിലേക്ക് വരൂ അവിടെവച്ച് സംസാരിക്കാമെന്ന് എസ്.പി പറഞ്ഞു. അവിടെവെച്ച് പീഡിപ്പിക്കപ്പെട്ടു. എന്റെ വീടും ശരിയായില്ല വിനോദ് ചെയ്തതിനും നടപടി ഉണ്ടായില്ല. മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി, എനിക്ക് നീതി ലഭിച്ചില്ല.
ഒരു ദിവസം എസ്.പി വിളിച്ചു സംസാരിച്ചു. അക്കൗണ്ട് വിവരം ചോദിച്ചു. ഇഷ്ടമുള്ള അത്രയും പൈസ എടുത്തോളൂ എന്നു പറഞ്ഞു. പേടിയാണ് പൈസ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ നിര്‍ബന്ധിച്ചില്ല, പിന്നീട് അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. അയാളുടെ ഓഫീസില്‍ വച്ചാണ് സംസാരിച്ചത്. സിറ്റൗട്ടിലിട്ട എന്റെ ചെരുപ്പ് അയാള്‍ അകത്തു കൊണ്ടുവന്നു. ഒന്നരമണി മുതല്‍ നാലര മണി വരെ അയാള്‍ എന്നെ ഉപദ്രവിച്ചു. അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു, എന്നെയും കുടിക്കാന്‍ നിര്‍ബന്ധിച്ചു. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞെങ്കിലും ഞാന്‍ കുടിച്ചില്ല. പുറത്തു പറഞ്ഞാല്‍ പുറംലോകം ഇല്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കും എന്ന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് എസ്.പി പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥരും ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന് പറഞ്ഞു. ഞാന്‍ ഒന്നും പറയില്ലെന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്തു. കുറച്ചുദിവസം നല്ല വിഷമം ഉണ്ടായിരുന്നു, പിന്നെ അത് മറന്നു. വീണ്ടും പരാതിയുമായി പോയാല്‍ എന്നെ ഉപദ്രവിക്കില്ലേ. ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടത്.’
അതേസമയം, പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിനെ ഇന്നലെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായി സുജിത് ദാസ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. എസ്.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുജിത് ദാസ് അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും സുജിത് ദാസിന്റെ ഇത്തരം പ്രവൃത്തികള്‍ നിയമസംവിധാനങ്ങളോടുള്ള പൊതുജനത്തിന്റെ വിശ്വാസത്തെ ബാധിച്ചെന്നുമാണ് വിമര്‍ശനം.
സുജിത് ദാസിന്റേത് സത്യപ്രതിജ്ഞാ ലംഘനമാണ്, പൊലീസ് സേനയുടെ മേല്‍ നിഴല്‍വീഴ്ത്തി. പിവി അന്‍വറുമായി നടത്തിയ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ സംസാരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അത് പൊലീസ് സേനയുടെ വിശ്വാസ്യതയെ തകര്‍ത്തുവെന്നും’ ഉത്തരവില്‍ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍, സുജിത് ദാസിനും എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയും ഉന്നയിച്ചിരുന്നത്. മുന്‍ മലപ്പുറം എസ്.പി കൂടിയായ സുജിത് ദാസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും എസ്.പി ക്യാമ്പിലെ മരം മുറിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്.
പോലീസ് എന്നാല്‍, പോലീസുകാരെ സംരക്ഷിക്കാനും, കളങ്കിതരായി നിലകൊള്ളാനും, ജനങ്ങളുടെ മേല്‍ കുതിര കയറാനുമുള്ള സര്‍ക്കാര്‍ സംവിധാനമായി മാറിയെന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഓണക്കാലത്തുണ്ടായിരിക്കുന്ന പോലീസിലെ വിഴുപ്പലക്കലും, തമ്മില്‍ത്തല്ലുമൊക്കെ മറച്ചു പിടിക്കാന്‍, നിരത്തുകളിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വട്ടച്ചെലവിനും പിന്നെ, സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാനുമൊക്കെയായി പിരിവ് തുടങ്ങാന്‍ സമയമായിരിക്കുന്നു. എല്ലാ കൊള്ളരുതായ്മകള്‍ക്കും മീതെ നിരത്തുകളിലെ പിരിവ് വരുമ്പോള്‍ ജനങ്ങള്‍ അതിനു പിന്നാലെ പോകുമെന്ന സൈക്കോളജിക്കല്‍ മൂവാണ് നടത്താന്‍ പോകുന്നതെന്നാണ് സൂചന.
പോലീസിന്റെ ഈ കൊള്ളരുതായ്മകളെല്ലാം ചെന്നു പതിക്കുന്നത് മുഖ്യമന്ത്രിക്കു നേരെയാണ്. ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മയോ, കുറപിടിക്കലോ ആണ് ഇതിനെല്ലാം പിന്നിലെന്നം വിമര്‍ശനമുണ്ട്. ഇത് പാര്‍ട്ടിയും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍, ആര്‍ക്കും പരസ്യമായി തെറ്റു പറയാന്‍ കഴിയുന്നില്ല എന്നുമാത്രം. സഹികെട്ടാണ് ജനം കഴിയുന്നത്. അധികാരവും, മേല്‍നോട്ടവും സര്‍ക്കാരും പോലീസിനുമായതു കൊണ്ട് സാധാരണ ജനം വെറും പാവകളെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. ജനത്തിനെ സേവിക്കേണ്ട സര്‍ക്കാരും ജനത്തെ സംരക്ഷിക്കേണ്ട പോലീസും കടമകള്‍ മറന്നുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുയാണ്. ഇത് തിരുത്തപ്പെടണം. തിരുത്തല്‍ ശക്തികളും നല്ല ഉദ്യോഗസ്ഥരും ഭരണ കര്‍ത്താക്കളും ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് ജനങ്ങള്‍ക്കുള്ള ആശ്വാസം.
CONTENT HIGHLIGHTS; The police stink, the government stinks, and the people are all stuck: What is the meaning of police?