മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചത് ഇപ്പോഴും ചെവിയിലുണ്ട്. അന്ന് സംസ്ഥാന ഡി.ജി.പി ആയിരുന്ന ടി.പി. സെന്‍കുമാറിന്റെ ‘ചോറ് ഇങ്ങും കൂറ് അങ്ങും’ എന്ന നിലപാടിനെ പരസ്യമാക്കി മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്. കാരണം, സംസ്ഥാനം ഭരിക്കുന്ന, ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരന്‍ കൂടിയായ മുഖ്യമന്ത്രിയാണ് , പോലീസ് ഡി.ജി.പിയെ കുറിച്ച് എതിരഭിപ്രായം പറയുന്നത്. അന്നു മുതലാണ് ‘ആര്‍.എസ്.എസ്സുകാരനായ ഡി.ജി.പി’ എന്ന വിശേഷണത്തിലേക്ക് ടി.പി.സെന്‍ കുമാര്‍ മാറിയതും.
പിന്നീട് ഇടതു സര്‍ക്കാരും ടി.പി. സെന്‍കുമാറും തമ്മില്‍ നടന്നത് വലിയ നിയമ പോരാട്ടങ്ങളും തര്‍ക്കങ്ങളുമായിരുന്നു. ഒടുവില്‍ സെന്‍കുമാര്‍ തന്നെ വിജയിക്കുകയും ചെയ്തു. എന്നാല്‍, കാലിക പ്രസക്തമായ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതാണ്. അന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ പിന്നീടിങ്ങോട്ട്, വളരെ കൃത്യമായി സംഭവിച്ചു എന്നുള്ളത്. ടി.പി. സെന്‍കുമാറിന്റെ താവളം ഇപ്പോള്‍ RSS ആണ്. 2017 ഫെബ്രുവരി 28നായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം. സെന്‍കുമാറിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നു അത്. ആ പ്രസംഗം ഇങ്ങനെയായിരുന്നു.
ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ പ്രസംഗം കേട്ടുവേണം സമകാലക വിഷയത്തിനെ വിലയിരുത്താന്‍. സംസ്ഥാനത്തെ ക്രമസമാധാന പാലനം ഏല്‍പ്പിച്ചിരിക്കുന്ന ADGP എം.ആര്‍. അജിത് കുമാറിന്റെ പേരില്‍ തൃശൂര്‍പൂരം കലക്കിയെന്നും, രണ്ടുകോടി കൈക്കൂലി വാങ്ങിയെന്നുമുള്ള ആരോപണം ഉന്നയിച്ചത് എല്‍.ഡി.എഫ് MLA പി.വി അന്‍വറാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍, ഇത് പ്രതിപക്ഷമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ അത് രാഷ്ട്രീയാരോപണം ആണെന്നു പറയാം. പക്ഷെ, ഇത് സ്വന്തം മുന്നണിയിലെ സ്വതന്ത്ര എം.എല്‍.എയുടേതാണ് പരാതി. സെന്‍കുമാറിന്റെ കാര്യത്തില്‍ കണ്ട സംശയങ്ങള്‍ അജിത് മാറിന്റെ വിഷയത്തിലുമുണ്ട്.
അന്‍വറിന്റെ പരാതിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടത്തല്‍ വന്നതോടെ അജിത്കുമാറിന്റെ താവളവും ബോസും ആരാണെന്ന് കണ്ടെത്തുന്ന തിരക്കിലാണ് CPM. തൃശൂര്‍പൂരം കലക്കി BJPക്ക് കേരളത്തില്‍ വഴിയൊരുക്കി കൊടുക്കാന്‍ ADGP അജിത് കുമാര്‍ RSS ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വി.ഡി. സതീശന്റെ വെളിപ്പെടുത്തല്‍. ആ വെളിപ്പെടുത്തല്‍ ശരിയാണെന്ന് സമ്മതിച്ചിരിക്കുകയാണ് അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ്, കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനമെന്നാണ് വിശദീകരണം. എഡിജിപി തൃശൂരിലെ ഹോട്ടലില്‍ എത്തിയത് ആര്‍.എസ്.എസ് പോഷകസംഘടനാ നേതാവിന്റെ കാറിലാണ്. ഇത് ഡി.ജി.പിക്കും സര്‍ക്കാരിനും സ്‌പെഷല്‍ ബ്രാഞ്ച് അന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2023 മേയ് 20 മുതല്‍ 22 വരെ തൃശൂരിലെ പാറമേക്കാവില്‍ വച്ച് ആര്‍.എസ്.എസ് ക്യാമ്പ് നടന്നിട്ടുണ്ട്. ഈ ക്യാമ്പല്‍ പങ്കെടുക്കാനാണ് ദത്താത്രേയ എത്തിയത്. അതിനിടയിലാണ് ADGPയുടെ സ്വകാര്യ സന്ദര്‍ശനം നടന്നത്. ഈ കൂടിക്കാഴ്ചയും പൊലീസ് മേധാവിയുടെ സംഘം അന്വേഷിക്കും. അതേസമയം പോലീസ് ലോഗ്ബുക്കില്‍ രേഖ വരാതിരിക്കാനാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയതെന്ന സംശയവും ബലപ്പെടുന്നുണ്ട്. എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണ് ഇന്നും CPM പ്രതികരണം. എഡിജിപി നടത്തിയ സ്വകാര്യ സന്ദര്‍ശനത്തില്‍ പാര്‍ട്ടി എന്ത് പറയാനെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. അതേസമയം, 2017ലെ മുഖ്യമന്ത്രിയുടെ നിയമസഭാ സമ്മേളനത്തിലെ വാക്കുകള്‍ കടമെടുത്താല്‍, അജിത് കുമാര്‍ എന്ന വ്യക്തി സ്വകാര്യമായി സന്ദര്‍ശനം നടത്തിയതിനെ ആരും ചോദ്യം ചെയ്യുന്നില്ല.
പക്ഷെ, അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍. CPM അതു മറക്കണ്ട. അങ്ങനെ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പ്രവൃത്തിയല്ല, ഉണ്ടായിരിക്കുന്നത്. മാത്രമല്ല, തൃശൂര്‍ ലോക്‌സഭാ മണ്‍ലത്തില്‍ LDF സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ ADGPക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരിക്കുന്നത് LDF എം.എല്‍.എ പി.വി അന്‍വറാണ്. പ്രതിപക്ഷമല്ല. പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണമായ, RSS നേതാവിനെ ADGP സന്ദര്‍ശിച്ചിരുന്നുവെന്നത് അജിത്കുമാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് CPM മറുപടി പറയേണ്ടത്. കേരളത്തിലെ പോലീസില്‍ RSS രോഗം പിടിപെട്ടിട്ടുണ്ടോ എന്നൊരു സംശയം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമാണ്.
സമീപകാലത്തെ സംഭവങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, മുഖ്യമന്ത്രി പോലും നിയമസഭയില്‍ മുന്‍ ഡി.ജി.പിയെ കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകള്‍ അതിന് സാക്ഷ്യവുമാണ്. ഇത് നിഷേധിക്കാനാവില്ല. പോലീസിനെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. നിയമസഭയില്‍ RSS സഹയാത്രികനായ ടി.പി സെന്‍കുമാറിനെ തുറന്നു കാട്ടിയ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാര്‍ എന്തിനാണ് RSS ദേശീയ നേതാവിനെ കാണാന്‍ പോയത്. പ്രകാശ് ജാവഡേക്കര്‍ വെറുതേ ഒരു സന്ദര്‍ശനം നടത്തിയതിന്റെ പേരിലാണ് ഇ.പി. ജയരാജന്റെ LDF കണ്‍വീനര്‍ സ്ഥാനം ടി.പി രാമകൃഷ്ണന് കിട്ടിയത്.
അതും ഒരു സ്വകാര്യ സന്ദര്‍ശനമായിരുന്നു. ഇപ്പോള്‍ പുറത്തു വന്ന ADGPയുടെ സ്വകാര്യ സന്ദര്‍ശനവും അതുപോലുള്ള ഒന്നാണെന്നു വിശ്വാസിക്കാനാവില്ല. കാരണം, പ്രകാശ് ജാവഡേക്കര്‍ ഇപിയുടെ ഫ്‌ളാറ്റിലേക്കു പോയാണ് കണ്ടത്. എന്നാല്‍, ADGP അജിത് കുമാര്‍ RSS നേതാവ് താമസിച്ചിരുന്ന ഹോട്ടലില്‍ അങ്ങോട്ടു പോവുകയായിരുന്നു. അതു മാത്രമല്ല, ഇ.പി. ജയരാജന്‍ രാഷ്ട്രീയക്കാരനും അജിത് കുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. എന്നാല്‍, ഈ വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇടത് ഭരണത്തിന്റെ സുരക്ഷിതത്വത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാട്. ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്ന സന്ദേശവും സിപിഐ സിപിഎമ്മിന് നല്‍കിയിട്ടുണ്ട്. ഇതോടെ എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിയിലേക്ക് എത്തിയിരിക്കുകയാണ്.
CONTENY HIGHLIGHTS; Is the ‘RSS disease’ spreading in the police?: Chief Minister’s words backfired