പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പരസ്യമായി പ്രതിരോധത്തിലാക്കിയ എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ നടപടിയില്‍ CPM മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലും പരാതി പറച്ചിലും ഇത്ര പരസ്യമായി പാടില്ലായിരുന്നു എന്നാണ് നിലപാട്. പാര്‍ട്ടി അംഗം അല്ലാത്തതു കൊണ്ടുള്ള എല്ലാ കുഴപ്പങ്ങളും അന്‍വറിനുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയുടെ ചട്ടക്കൂടും, കാര്യപരിപാടികളും നയങ്ങളും ചിട്ടകളൊന്നും അറിയാത്തതാണ് അനവറിന്റെ പ്രശ്‌നമെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി പറയുന്നു.
ഇതേ അഭിപ്രായമാണ് LDF കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും, മന്ത്രി സജി ചെറിയാനും പറയുന്നത്. CPM സംസ്ഥാന സെക്രട്ടേറിയറ്റിലും ഇതേ നിലപാടാണ് എടുത്തിരിക്കുന്നതും. പാര്‍ട്ടി ഘടകങ്ങളില്‍ അംഗമല്ലെങ്കിലും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കേണ്ട ആളാണ് അന്‍വര്‍. എന്നാല്‍, ആഭ്യന്തര വകുപ്പിനെ തന്നെ വിശ്വാസമില്ലാത്ത വകുപ്പാക്കി മാറ്റുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇടതുപക്ഷത്തെ ഒരു എം.എല്‍.എയില്‍ നിന്നുതന്നെ ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം കെ.ടി ജലീലും ചേര്‍ന്നതാണ് മറ്റൊരു പ്രശ്‌നം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ജലീല്‍ തന്റെ പിന്തുണ അന്‍വറിനെ അറിയിട്ടത്.
ചാവേറാകാന്‍ ശ്രമിച്ചാല്‍പ്പിന്നെ ആര്‍ക്കും തടയാനാവില്ലെന്നാണ് ജലീലിന്റെ പ്രസ്താവന. ഇത് മറ്റെന്തൊക്കെയോ ഉദ്ദേശിച്ചുള്ള പോസ്റ്റ് കൂടിയാണ്. അന്‍വറിന്റെ പോരാട്ടത്തിനൊപ്പം കൂട്ടി വായിക്കാന്‍ ജലീലിനും എന്തൊക്കെയോ പറയാനുണ്ടെന്ന ധ്വനിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. ചാവേറാകാന്‍ പോകുന്നതാരാണ്. അന്‍വറാണോ. അതോ ജലീലോ. മുഖ്യമന്ത്രിക്കുന്ന നല്‍കിയ പരാതിയില്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞിരിക്കുകയാണ്. പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളിടത്തോളം പരാതികള്‍ കൊടുത്തിട്ടു കാര്യമില്ല. എന്നാല്‍, അതേ പരാതി പാര്‍ട്ടി സെക്രട്ടറിക്ക് കൊടുത്തിട്ടും ഫലമുണ്ടായില്ല.
അന്‍വര്‍ പരാതി പുറത്തു പറഞ്ഞതാണ് തെറ്റ് എന്ന നിലയിലാണ് പാര്‍ട്ടി അതെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയോടോ പാര്‍യോടോ ആയിരുന്നു അന്‍വര്‍ ഇതു പറയേണടിയിരുന്നത് എന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍, അന്‍വര്‍ തുറന്നു വിട്ട വിവാദങ്ങള്‍ മുഖ്യമന്ത്രിയോടോ പാര്‍ട്ടിയോടോ പറഞ്ഞിരുന്നെങ്കില്‍ എന്ു സംഭവിക്കുമെന്ന് അന്‍വറിന് അറിയമായിരുന്നു എന്നു വേണം കരുതാന്‍. ആരും അറിയാതെ ഈ വിവാദം ഒതുങ്ങിപ്പോകാതിരിക്കാനാണ് അന്‍വര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആദ്യം എത്തിയത്. അതിനു ശേഷം പരാതി കൊടുത്താല്‍, ഇങ്ങനെയൊരു പരാതി മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൊടുത്തിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക ബോധ്യമുണ്ടാകും. ഇല്ലെങ്കില്‍ ഈ വിഷയം പോലും ആരും അറിയാതെ പോകും.
പാര്‍ട്ടിയില്‍ നിന്നുതന്നെ പിന്തുണ കിട്ടിയതു കൊണ്ടാകും അന്‍വര്‍ പരസ്യമായി പരാതി ഉന്നയിച്ചതെന്നു വിശ്വസിക്കുന്ന നേതാക്കളുമുണ്ട്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വതന്ത്ര എം.എല്‍.എമാര്‍ മിതത്വം പാലിക്കണമെന്നാണ് CPM സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാല്‍, ഇത് സ്വതന്ത്രര്‍ കേള്‍ക്കുമോ എന്നതിലും സംശയമുണ്ട്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയുമുള്ള സ്വതന്ത്രരുടെ ഒളിയമ്പുകള്‍ പാര്‍ട്ടിക്ക് മനസ്സിലാകുന്നുമുണ്ട്. എന്നാല്‍, ഇപ്പോഴൊന്നും ചെയ്യാനാകില്ല. സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് അന്‍വര്‍.
ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളോടെങ്കിലും സംസാരിക്കണമായിരുന്നു. പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങളില്‍ നില്‍ക്കാത്ത അന്‍വറിന് അതറിയാത്തതിന്റെ പ്രശ്‌നമാണ്. എന്നാല്‍ അന്‍വര്‍ അതുകൊണ്ടൊന്നും നിര്‍ത്തുന്നില്ല. കേരള പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എ വാട്സാപ് നമ്പര്‍ പുറത്തുവിട്ടിരിക്കുകയാണ്. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അന്‍വര്‍ പറയുന്നു. പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
പോലീസിലെ ക്രിമിനല്‍സുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി സുജിത് ദാസും സംഘവും ജയിലിലടക്കപ്പെട്ടവര്‍, കണ്ടെടുത്ത മുതല്‍ കട്ടെടുത്തവര്‍, എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറയുന്നു.
പാര്‍ട്ടിയെ സംബന്ധിച്ച് പരസ്യമായി പരാതി ഉന്നയിച്ചത് പാര്‍ട്ടി സിസ്റ്റത്തിനെതിരാണ്. അത് ഗോവിന്ദന്‍ മാഷ് പറഞ്ഞത് ശരിയാണെന്നും എന്നാല്‍ താന്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ആരോപണം ഉന്നയിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചതാണ്. പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. അതേസമയം, അന്‍വറിനെ പിന്തുണച്ച് അഴിമതി വിരുദ്ധ പോര്‍ട്ടലുണ്ടാക്കുമെന്ന് അറിയിച്ച കെ.ടി ജലീല്‍ എം.എല്‍എയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി അഴിമതി കൈകാര്യം ചെയ്യാന്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ട് അപ് വേണ്ടെന്നായിരുന്നു.
പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എ വാട്സാപ് നമ്പര്‍ പുറത്തുവിട്ടതിനോട് സിപിഎം എങ്ങനെ പ്രതികരിക്കുമെന്നാണ് കാണേണ്ടത്. എന്നാല്‍, പി.വി അന്‍വര്‍ നല്‍കിയ പരാതിയില്‍ സിപിഎം അന്വേഷണമില്ല. പരാതിയില്‍ സര്‍ക്കാര്‍തല അന്വേഷണം തുടരട്ടെ എന്നാണ് പാര്‍ട്ടി നിലപാട്. പക്ഷെ, ഇതുകൊണ്ട് അന്‍വര്‍ അടങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. മാത്രമല്ല, ഇന്ന് പ്രതിപക്ഷ നേതാവിനെതിരേ അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എം.ആര്‍.അജിത് കുമറിനെതിരേ തുടങ്ങിയ പോരാട്ടം ഇപ്പോള്‍ അന്‍വറിന്റെ കൈവിട്ടു പോയിരിക്കുകയാണ്.
content highlights;Independents should leave the ‘work’ in hand: CPM leaders criticize; Will Anwar and Jalil get along?