സംസ്ഥാന സര്‍ക്കാരിനെ സംശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന RSS-ADGP കൂടിക്കാഴ്ചയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന വാര്‍ത്തകളാണ് കേരളം കേള്‍ക്കുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടവും രാഷ്ട്രീയക്കളം മാറ്റവുമൊക്കെ പതിവാണെങ്കിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അങ്ങനെയൊന്ന് ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം, എതു പാര്‍ട്ടി ഭരിച്ചാലും സര്‍ക്കാര്‍ സംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ അവരുടെ പണി ചെയ്യുകയെന്നല്ലാതെ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍, തൃശൂര്‍പൂരം കലക്കിയതിന്റെ പേരില്‍ ADGP എം.ആര്‍. അജിത് കുമാര്‍ കുരിശു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയുമെന്ന് സ്ഥാപിച്ചിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് RSS നേതാക്കളെ ADGP എം.അര്‍.അജിത്കുമാര്‍ സന്ദര്‍ശിച്ചതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തൃശൂരില്‍ RSS നേതാവ് ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കോവളത്തു വെച്ച് RSSന്റെ മറ്റൊരു നേതാവായ റാം മാധവുമായ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തു വരുന്നത്. ഇഥോടെ അജിത്കുമാറിന്റെ RSS ബന്ധം ശക്തമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അജിത്കുമാര്‍ തൃശൂരില്‍ RSS നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ ശരിവെയ്ക്കുകയാണെങ്കില്‍, അതിനു മുമ്പ് കോവളത്തെ RSS നേതാവുമായുള്ള കൂടിക്കാഴ്ച എന്തിനു വേണ്ടിയായിരുന്നു. ഇതാണ് ഉയരുന്ന പ്രധാന സംശയം.
തൃശൂരില്‍ JDF സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ അമ്പേ തോറ്റപ്പോള്‍ BJP സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി തൃശൂരിനെ എടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മകളുടെയും കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ വേണ്ടിയുള്ള ‘കൊടുക്കല്‍ വാങ്ങല്‍’ ആയിരുന്നോ അവിടെ നടന്നതെന്നാണ് പ്രതിപക്ഷ ആരോപണത്തിലൂടെ ഉയര്‍ന്ന സംശയം. ആ സംശയം ബലപ്പെടുന്നതായിരുന്നു പിന്നീടുണ്ടാ സംഭവങ്ങളും ADGPയുടെ ഇടപെടലുകളും. തൃശൂര്‍പൂരം കലക്കിയതും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടതു സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുമെല്ലാം. പക്ഷെ, അപ്പോഴും തീരാത്ത സംശയം ഇതാണ്. കോവളത്തെ കൂടിക്കാഴ്ചയുടെ ഉദ്ദേശം. അതിന്റെ ഉദ്ദേശം കേരളത്തിന്റെ ഡി.ജി.പി സ്ഥാനമായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പോലീസ് മേധാവിപ്പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസുമായി പാലമിട്ടത്. തൃശ്ശൂരില്‍ ആര്‍.എസ്.എസ്. മേധാവിയെ കണ്ട സ്വകാര്യാവശ്യം ഇതാണെന്നാണ് പുറത്തു വരുന്നസൂചന. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, കോവളത്തുവെച്ച് രണ്ടുപ്രാവശ്യം ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിനു പിന്നിലും ഇതാണോയെന്നതാണ് സംശയം. സി.പി.എമ്മുമായി വലിയ അടുപ്പമുണ്ടായിരുന്ന മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ അവസ്ഥ തനിക്കുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് അജിത്കുമാര്‍ കേന്ദ്രബന്ധത്തിന് ശ്രമം തുടങ്ങിയത്. അടുത്ത വര്‍ഷം ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമായിരുന്നു ഇത്.
അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീവ് കുമാര്‍ പട്‌ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പി കേഡറിലെത്തും. ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ ADGP എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലേക്കെത്തും. ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ബന്ധമൊരുക്കലാണ് അജിത്കുമാറിന്റെ നടപടിയെന്നും വിലയിരുത്തുന്നു.
30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. കേന്ദ്രം വിവിധ പരിശോധനകള്‍ നടത്തിയാണ് മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് മടക്കി നല്‍കുന്നത്. അതില്‍നിന്ന് ആരെവേണമെങ്കിലും നിയമിക്കാം. രണ്ടുപ്രാവശ്യവും സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് എം.ആര്‍. അജിത്കുമാര്‍ നീങ്ങുന്നതെന്ന സൂചനയാണുള്ളത്. ഇടതുസര്‍ക്കാരുമായുള്ള നല്ല ബന്ധം ഉള്ളതിനാല്‍ മറ്റുള്ളവരെക്കാള്‍ ആദ്യം തന്നെ പരിഗണിക്കുമെന്ന വിശ്വാസവും അജിത്കുമാറിനുണ്ട്.
എന്നാല്‍, കേന്ദ്രം നല്‍കുന്ന പട്ടികയില്‍ ഇടം പിടിക്കാതെ സംസ്ഥാന സര്‍ക്കാരിന് സഹായിക്കാനാവില്ല എന്നൊരു കടമ്പ കടന്നു കിട്ടാനാണ് മുന്നൊരുക്കത്തിനായി RSS നേതാക്കളെ കണ്ടതെന്നാണ് സൂചനകള്‍. അജിത്കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാതിരുന്നതും ഇത്തരം വളഞ്ഞ വഴികളിലൂടെയുള്ള സഞ്ചാരമായതു കൊണ്ടാണ്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എംആര്‍ അജിത്ത് കുമാര്‍- ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെയും അനങ്ങിയിട്ടില്ല.
എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.
CONTENT HIGHLIGHTS; ADGP’s RSS rasayana to become DGP fast: Is this the motive behind meeting leaders?