കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളും, വെളിപ്പെടുത്തലുകളുമെല്ലാം ഇടതുമുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴി വെയ്ക്കുമെന്നാണ് സൂചന. ഇതിന് വഴിയൊരുക്കുന്നത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ തന്നെയായിരിക്കും. ഇ.പി ജയരാജനെ LDF കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ശക്തമായി ഇടപെട്ടതും സി.പി.ഐ ആണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച മുന്നിണിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്ന വിലയിരുത്തല്‍ അന്നേ ഉണ്ടായി. അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പനെയും ബാധിച്ചു. മുന്നണിക്കുണ്ടായ വലിയ പരാജയവും ഇതുമൂലമാണുണ്ടായതെന്നാണ് സി.പി.ഐ ആരോപിച്ചത്.
ഇതേ തുടര്‍ന്ന് എല്‍.ഡി.എഫില്‍ പരാതി ഉന്നയിച്ചും, സി.പി.എമ്മിന് പ്രത്യേകം പരാതി നല്‍കിയും സി.പി.ഐ പ്രതിഷേധം അറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണയില്‍ ഇപി. ജയരാജന്റെ കണ്‍വീനര്‍ സ്ഥാനം നിലനിന്നു. എന്നാല്‍, സി.പി.എം സെക്രട്ടേറിയറ്റില്‍ ഇപി. ജയരാജനെ സ്ഥാനം ഒഴിയാന്‍ വിടാതെ, പാര്‍ട്ടി പുറത്താക്കുകയാണ് ചെയ്തത്. ഇത് സി.പി.ഐയെ തണുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. പിന്നാലെ മുന്‍ മന്ത്രിയായ ടി.പി. രാമകൃഷ്ണനെ കണ്‍വീനറായി നിയമിക്കുകയും ചെയ്തു. പാര്‍ട്ടിയുമായി തെറ്രിയ ഇ.പി ഇപ്പോള്‍ കണ്ണൂരില്‍ തന്നെയാണ് തങ്ങുന്നത്.
നടപടിക്കു ശേഷം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനോ, കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ ഇ.പി തയ്യാറായിട്ടുമില്ല. ഇതിനു ശേഷമാണ് ഇടതു സ്വതന്ത്രനായ പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും മുന്‍ മലപ്പുറം എസ്.പിക്കും സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരേയും വെളിപ്പെടുത്തുലമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലിനു പിന്നാലെ ലൈംഗിക പീഡന പരാതിയുമായി ഒരു യുവതിയും മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി. ഇതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടി.
ഫോണ്‍ചോര്‍ത്തലും, എ.ഡി.ജി.പിയുടെ തൃശൂര്‍പൂരം കലക്കലും വെളിപ്പെട്ടതോടെ CPI വിഷയത്തില്‍ ഇടപെട്ടു. തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് CPIയുടേതാണ്. മാത്രമല്ല, കേരളത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നതും തൃശൂരില്‍ നിന്നുമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും അതുവഴി ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്തത് CPIയെ വിലയ നാണക്കേടിലേക്കും വീഴ്ചയിലേക്കും തള്ളിയിട്ടു. ഇതിനാണ് അന്‍വറിന്റെ വെളിപ്പെടുത്തലിലൂടെ ഉത്തരം കിട്ടിയത്. ADGPയുടെ പൂരംകലക്കല്‍ BJPയുടെ വിജയത്തിലേക്ക് വഴിതെളിച്ചെന്നാണ് അന്‍വര്‍ എം.എല്‍.എ പറഞ്ഞത്.
ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറ്റൊരു വെളിപ്പെടുത്തലും നടത്തിയതോടെ CPIയ്ക്ക് ഏകദേശം കാര്യങ്ങള്‍ വ്യക്തമായി. ADGPയും RSS നേതാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ CPI സ്ഥാനാര്‍ത്ഥി തോറ്റത് എങ്ങനെയാണെന്ന ചോദ്യത്തിന്റെ പൂര്‍ണ്ണ ഉത്തരം ലഭിക്കുകയായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ADGP അജിത്കുമാരിനെയാണ് ഏല്‍പ്പിച്ചത്. അതിന്റെ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടോ, അതേക്കുറിച്ചുള്ള അന്വേഷണമോ നടന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. ഇതോടെ CPIയ്ക്ക് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടായി.
മുഖ്യമന്ത്രിയും, CPMഉം ആ സംശയത്തിലും പെട്ടു. ഇതോടെ സി.പി.ഐ കൂടുതല്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായി. ഇതോടെയാണ് തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സി.പി.ഐയുടെ ആവശ്യം ഇടതു മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടൊപ്പം എ.ഡി.ജി.പി അജിത്കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയിലും കടുത്ത നിലപാടിലാണ് സി.പി.ഐ. ഇത് സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും ഒരു പോലെ വിഷമ വൃത്തത്തിലാക്കിയിരിക്കയാണ്. പൂരം അലങ്കോലമാക്കിയ പോലീസ് നടപടിയിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്നണി ബന്ധത്തെപ്പോലും ബാധിക്കുന്നതാണ് എന്നാണ് സി.പി.ഐ നിലപാട്.
നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഈ വിഷയം സിപിഐ ഉന്നയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടഞ്ഞതും തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെക്കാനും ഇടയായ സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് കമ്മീഷണറുടെ ഇടപെടല്‍ അതിരു കടന്നതായിരുന്നുവെന്ന് എല്‍.ഡി.എഫ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അഞ്ചു മാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സി.പി.ഐ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരണമെന്ന സി.പി.ഐയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. സര്‍ക്കാര്‍ ചെലവില്‍ പൂരം അട്ടിമറിച്ചതിന്റെ ഗുണഭോക്താക്കള്‍ ബി.ജെ.പിയും സുരേഷ് ഗോപിയുമാണെന്നാണ് സി.പി.ഐയുടെ പ്രധാന ആക്ഷേപം. അതിനിടയിലാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും പുറത്തുവന്നത്.
ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനയോടും സി.പി.ഐ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പുകഴ്ത്തി പലവട്ടം സംസാരിച്ചതും സി.പി.ഐയെ പ്രകോപിപ്പിച്ച സംഭവങ്ങളാണ്. മേയറിനെതിരെ നടപടി വേണമെന്ന സി.പി.ഐയുടെ ആവശ്യത്തോട് സി.പി.എം മുഖം തിരിച്ചതു സി.പി.ഐയെ ചൊടിപ്പിച്ചിരുന്നു. എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി തൃശൂരിലും തിരുവനന്തപുരത്തും നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന സി.പി.ഐയുടെ ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂലമായോ പ്രതികുലമായോ പ്രതികരിച്ചിട്ടില്ല.
ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കണമെന്ന സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവന. മഹാത്മാഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് അര്‍.എസ്.എസ്. എന്ന് സി.പി.ഐ. ഷംസീറിനെ ഓര്‍മ്മപ്പെടുത്തേണ്ട അവസ്ഥയുണ്ടായി. ഗാന്ധി വധത്തില്‍ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ഷംസീറിനെപ്പോലെ ഒരാള്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
അതേസമയം, ഇപിയെ പുറത്താക്കി ടി.പിയെ കണ്‍വീനറാക്കിയ ശേഷമം നടക്കുന്ന ആദ്യത്തെ LDF യോഗമാണ് നാളത്തേത്. നാളത്തെ യോഗത്തിന് വലിയ പ്രാധാന്യമുണ്ട്. നിരവധി വിഷയങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനെല്ലാം സമവായത്തിലൂടെ പരിഹാരം കണ്ടെത്തി മുന്നണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. നിലവിലത്തെ സാഹചര്യത്തില്‍ ടി.പി രാമകൃഷ്ണന് അതിനു കഴിയുമോ എന്നത് വലിയ ചോദ്യമാണ്. സര്‍ക്കാരും CPMഉം തമ്മില്‍ രണ്ടു തട്ടിലായിരിക്കുകയാണിപ്പോള്‍. സി.പി.ഐയും സി.പിഎമ്മും തമ്മില്‍ ആശയപരമായി ഒന്നാണെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രണ്ടു തട്ടിലാണ്. ഇതെല്ലാം തലവേദന സൃഷ്ടിക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയുടെ ഇടപെടലുകളെ കുറിച്ചും, ഫോണ്‍ ചോര്‍ത്തലുകളെ കുറിച്ചും വ്യക്ത വരുത്തണമെന്നും CPI ആവശ്യപ്പെടും. മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷിയായ NCPയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം. എ.കെ ശശീന്ദ്രന്റെ മന്ത്രിസഥാനവും, തോമസ് കെ. തോമസിന്റെ മന്ത്രി മോഹവും എന്താകുമെന്നും ടി.പിയുടെ ഇടപെടല്‍ പോലിരിക്കും. മറ്റൊന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായുള്ള പ്രശ്‌നമാണ്. മുകേഷനും സണേഷിനുമെതിരേയുള്ള നടപടികളെന്താണെന്നും CPI ചോദിച്ചേക്കും.
CONTENT HIGHLIGHTS; TP First LDF meeting to be convened by Ramakrishnan tomorrow: Will CPI explode?; From the Pooram Kalakal inquiry report to Shamseer’s RSS baptism, the discussion will be on