മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ കേരളം കണ്ട ഏറ്റവും വലിയ നാശം വിതച്ച ദുരന്തമായിരുന്നു. ഇതിന്റെ ഭാഗമായി വയനാടിനെ സഹായിക്കാന്‍ സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ പ്രഖ്യാപിച്ച നിര്‍ബന്ധിച സാലറി ചലഞ്ചല്ലായിരുന്നു വയനാടിന്റെ പേരില്‍ പ്രഖ്യാപിച്ചത്. സമ്മതമുള്ളവര്‍ക്കു മാത്രമായിരുന്നു ചലഞ്ച്. ഇതിനായി ജീവനക്കാരില്‍ നിന്നം സമ്മതപത്രം വാങ്ങിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ പകുതി ജീവനക്കാരും മുഖതിരിച്ചിരിക്കുകയാണ് എന്നാണ് സൂചന. സാലറി ചലഞ്ചിലൂടെ അഞ്ഞൂറു കോടി പ്രതീക്ഷയായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. പകഷെ, കിട്ടിയത് പകുതിയില്‍ താഴെ മാത്രം.
ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സമ്മതം മൂളിയവര്‍ 52 ശതമാനം പേര്‍ മാത്രമാണെന്നാണ് ലഭിക്കുന്ന കണക്കുകള്‍. സാലറി ചലഞ്ചിലെത്തിയവര്‍ കൂടുതലും ലീവ് സറണ്ടറില്‍ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നല്‍കിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ, ഗഡുക്കളായോ നല്‍കാനുള്ള സമ്മതപത്രം നല്‍കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നല്‍കാനുള്ള അവസരമുണ്ടായിരുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്ക് വഴിയാണ് സമ്മതപത്രം നല്‍കേണ്ടത്. ഇതു വരെ നല്‍കിയത് 52 ശതമാനം പേര്‍ മാത്രമാണെന്നാണ് അറിയുന്നത്. ഏഴാം തീയതി യോടെയാണ് ശമ്പള വിതരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
ആകെ 5,32,207 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. മുഴുവന്‍ പേരും പങ്കാളികളായാല്‍ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ ഖജനാവില്‍ എത്തുന്ന തുക കുറയും. അഞ്ചു ദിവസമെന്നത് നിര്‍ബന്ധമാക്കിയതോടെ സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിരുന്നു. സമ്മത പത്രം നല്‍കാത്തവരില്‍ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. പ്രളയ കാലത്ത് ഒരുമാസത്തെ സാലറിയാണ് ജീവനക്കാര്‍ കൊടുത്തത്. മാത്രമല്ല, രണ്ടാമത്തെ പ്രളത്തിലും കൊടുത്തു, രണ്ടു ദിവസത്തെ സാലറി.
ഇങ്ങനെ കേരളത്തിലെ ദുരന്തത്തിനെല്ലാം സാലറി ചലഞ്ച് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതത്തിലായിപ്പോകുമെന്ന സ്ഥതിയണുള്ളതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌ക്കരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നതാണ് ജീവനക്കാരുടെ പ്രധാന പരാതി. ദുരന്തങ്ങള്‍ക്ക് സാലറി ചലഞ്ച് പ്രഖ്യാപിച്ച് ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമ്പോള്‍, അവരുടെ ശമ്പള പരിഷ്‌ക്കരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ മെല്ലെപ്പോക്കാണ് നടത്തുന്നത്. 2024 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും വയ്ക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയ്യാറായിട്ടില്ല എന്ന ആക്ഷേപം ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
സാധാരണഗതിയില്‍ പ്രാബല്യ തീയതിക്ക് ഒരു വര്‍ഷം മുമ്പ് കമ്മീഷനെ നിയമിക്കുന്നതാണ് പതിവ്. സര്‍ക്കാരിന്റെ കാലാവധിക്ക് മുമ്പ് റിപ്പോര്‍ട്ട് വാങ്ങി പരിഷ്‌കരണം നടത്തുകയാണ് മുന്‍കാല സര്‍ക്കാരുകള്‍ എല്ലാവരും ചെയ്തിരുന്നത്. 2019 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട പതിനൊന്നാം ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം 2021 ഫെബ്രുവരിയില്‍ നടപ്പാക്കിയാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് കസേര ഒഴിഞ്ഞത്. എന്നാല്‍ നാലു ഗഡുക്കള്‍ ആയി നല്‍കും എന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്ന, ഉത്തരവ് ഇറക്കിയ 2019 ലെ ശമ്പള പരിഷ്‌കരണ കുടിശിക പോലും കെ. എന്‍ ബാലഗോപാല്‍ കൊടുത്തില്ല. 2021 ജനുവരിയില്‍ പ്രാബല്യത്തിലുള്ള ഒരു ഗഡു ഡി.എ മാത്രമാണ് ബാലഗോപാല്‍ 3 വര്‍ഷത്തിനിടയില്‍ നല്‍കിയത്.
2024 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ശമ്പള, പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് വേണ്ടി ജീവനക്കാര്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നട്ടുച്ചക്ക് ശയന പ്രദക്ഷിണം നടത്തിയ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ സമരം സംസ്ഥാന വ്യാപകമായി ചര്‍ച്ചയായി മാറിയിരുന്നു. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയുടെ സര്‍വീസ് സംഘടനകളും പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വന്നിരിക്കുകയാണ്. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ കാര്യം എന്നാണ് കെ.എന്‍. ബാലഗോപാലിന്റെ നിയമസഭ മറുപടി. മുഖ്യമന്ത്രി പിണറായിയും ശമ്പള പരിഷ്‌കരണത്തിന് അനുകൂലമല്ല എന്ന് വ്യക്തം.
സര്‍ക്കാരിന്റെ നയം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ആണല്ലോ?.5 വര്‍ഷം കൂടുമ്പോഴുള്ള ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതി എന്നാണ് ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ നിലപാട്. തങ്ങള്‍ക്ക് പത്ത് വര്‍ഷം കൂടുമ്പോഴാണ് പരിഷ്‌ക്കരണം നടക്കുന്നത് എന്നതാണ് ഇവരുടെ ന്യായം. അതുകൊണ്ട് തന്നെ ശമ്പള, പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കാന്‍ ജീവനക്കാരും പെന്‍ഷന്‍കാരും ധാരാളം മഴയും വെയിലും കൊള്ളേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മുന്‍ ധമന്ത്രി തോമസ് ഐസക്കിന്റെ കാലത്ത് അനുവദിച്ച ക്ഷാമബത്ത കുടിശിക പി.എഫില്‍ നിന്ന് പിന്‍വലിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയായെങ്കിലും ജീവനക്കാര്‍ക്ക് പണം നല്‍കരുതെന്ന് അക്കൗണ്ടന്റ് ജനറലിന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 2021 ഫെബ്രുവരിയിലാണ് ജീവനക്കാര്‍ക്ക് കുടിശികയായി കിടന്ന ഡി.എയില്‍ 4 ശതമാനം അനുവദിച്ചത്. 2019 ജനുവരി 1 മുതല്‍ 3 ശതമാനവും ജൂലൈ 1 മുതല്‍ 5 ശതമാനവും 2020 ജനുവരി 1 മുതല്‍ 4 ശതമാനവും ജൂലൈ 1 മുതല്‍ 4 ശതമാനവും ആയിരുന്നു ക്ഷാമബത്ത വര്‍ധന.
ക്ഷാമബത്ത കുടിശിക ഐസക്ക് പ്രഖ്യാപിച്ചെങ്കിലും പണമായി നല്‍കിയിരുന്നില്ല. പകരം പി.എഫില്‍ ലയിപ്പിച്ചു. ലയിപ്പിച്ച ഓരോ ഗന്ധുവും യഥാക്രമം 2023 ഏപ്രില്‍ 1 , സെപ്റ്റംബര്‍ 1, 2024 ഏപ്രില്‍ 1 , സെപ്റ്റംബര്‍ 1 എന്നീ തീയതികളില്‍ പിന്‍വലിക്കാം എന്ന് തോമസ് ഐസക്ക് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഐസക്ക് മാറി ബാലഗോപാല്‍ ധനമന്ത്രി കസേരയില്‍ എത്തിയതോടെ കാലാവധി പൂര്‍ത്തിയായിട്ടും ഐസക്ക് വാഗ്ദാനം ചെയ്ത 3 ഗഡുക്കളും പിന്‍വലിക്കാന്‍ അനുവദിച്ചില്ല. നാലാം ഗഡു ഇന്നു മുതല്‍ പിന്‍വലിക്കാം എന്നായിരുന്നു ഐസക്കിന്റെ വാഗ്ദാനം. അതോടൊപ്പം പഴയ 3 ഗഡുക്കളും ലഭിക്കും എന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.
ജീവനക്കാരുടെ തടഞ്ഞ് വച്ച ആനുകൂല്യങ്ങള്‍ സമയ ബന്ധിതമായി അനുവദിക്കും എന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന്റെ വെളിച്ചത്തില്‍ ഇതെല്ലാം ലഭിക്കുമെന്ന ജീവനക്കാരുടെ പ്രതീക്ഷകള്‍ക്കാണ് ബാലഗോപാല്‍ പാര വച്ചിരിക്കുന്നത്. 16 ശതമാനം ക്ഷാമബത്ത കുടിശികയാണ് പി.എഫില്‍ നിന്ന് പിന്‍വലിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ബാലഗോപാല്‍ തടഞ്ഞുവച്ചിരിക്കുന്നത്. നിലവില്‍ 22 ശതമാനം ഡി.എ ബാലഗോപാല്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. അതിനോടൊപ്പമാണ് പഴയ 16 ശതമാനം ക്ഷാമബത്ത പിന്‍വലിക്കല്‍ തടഞ്ഞ് വച്ചിരിക്കുന്നതും. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടി കാണിച്ചിരിക്കുന്നത്.
CONTEWNT HIGHLIGHTS; Employees turn their backs on the salary challenge: How much did the government get after dreaming of 500 crores?