തിരുവനന്തപുരം: മലപ്പുറം പൊലീസിലെ അഴിച്ചുപണി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലപ്പുറം എസ്പിയെ എന്ത് കാരണത്താൽ മാറ്റിയെന്ന് പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അൻവറിന്റെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സർക്കാരും അധഃപതിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എഡിജിപിയെ സംരക്ഷിക്കാൻ അൻവർ ആവശ്യപ്പെടുന്ന എന്തും ചെയ്തു നൽകുകയാണെന്നും മുഖ്യമന്ത്രി ഭീരുവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാവില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ് ശശിധരന്. ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിന്റെ അന്വേഷ മികവിന് ഉദാഹരണമാണ്. ഇദ്ദേഹത്തെ എന്തിന് മാറ്റി? മാറ്റങ്ങൾ അൻവറിന് വേണ്ടിയാണ്. ഭരണ കക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എഡി.ജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്കാന് തയാറാകുന്ന ഭീരുവായി പിണറായി വിജയന് മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ആര്.എസ്.എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം എസ്പി ശശിധരനെ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായാണ് സ്ഥലം മാറ്റിയത്. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി. താനൂർ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.