Agriculture

അരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം – Mushroom farming

പരിശീലനം നേടാതെ കൂൺ കൃഷിക്കിറങ്ങിയാൽ പാകപ്പിഴ ഉറപ്പാണ്

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടേയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽ തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല എന്ന് കരുതി അങ്ങനെയങ്ങ് തഴയേണ്ടതുണ്ടോ കൂണിനെയും കൂൺ കൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ.

ആന്റി ഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലാവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്. അതുവഴി എല്ലുകൾക്ക് കരുത്തും കൂടും, ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങൾ ഒഴിവാക്കാം. അതുകൊണ്ടുതന്നെ മധ്യവയസ്സ് പിന്നിട്ടവർ ഭക്ഷണത്തിൽ നിശ്ചയമായും കൂൺ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കൂണിലെ ബീറ്റാ ഗ്ലുക്കോൺ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് ടൈപ്പ് ടു പ്രമേഹസാധ്യത കുറയ്ക്കുമെന്നാണ് മറ്റൊരു കണ്ടെത്തൽ. കൂണിലെ എൻസൈമുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ചുരുക്കത്തിൽ പറഞ്ഞാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ തൊടിയിൽനിന്നു കിട്ടുന്ന കൂൺ മാത്രം കഴിച്ചാൽ പോരാ, ഭക്ഷണത്തിൽ നിരന്തരം ഉൾപ്പെടുത്തുന്ന ഒരു ഭാഗമായി തന്നെ കൂണിനെ മാറ്റണമെന്നാണ് ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നത്.

കൂണ്‍ വിത്ത്

കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിക്കാൻ നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയോഗിക്കരുത് . കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്. പരിശീലനം നേടാതെ കൂൺ കൃഷിക്കിറങ്ങിയാൽ പാകപ്പിഴ ഉറപ്പാണ്.

കൂണ്‍മുറി

കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. കൂൺ തടമൊരുക്കുമ്പോൾ വൈക്കോൽ നുറുക്കിയിടുന്നത് കൂടുതൽ ഗുണകരമാണ്. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കണം അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം.

STORY HIGHLIGHT: Mushroom farming