പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണ സംരംഭങ്ങളിൽ ഒന്നാണ് പോത്തുവളർത്തൽ. ഏത് ജനുസ്സു അല്ലെങ്കിൽ ഏത് പ്രായം എന്നതാണ് പോത്തുവളർത്തലിന്റെ വിജയസൂത്രം. കഴിക്കുന്ന ആഹാരത്തെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവ് അല്ലെങ്കിൽ തീറ്റ പരിവർത്തനശേഷി, വളർച്ചാനിരക്ക് എന്നിവ നോക്കി വേണം ജനുസ്സുകളെ തിരഞ്ഞെടുക്കാൻ. ആറു മാസമെങ്കിലും പ്രായമുള്ള പോത്തിൻക്കുട്ടികളെ വാങ്ങുന്നതാണ് നല്ലത്. ഈ പ്രായത്തിൽ 80 – 100 കിലോ ശരീരഭാരം ഇവർക്ക് ഉണ്ടായിരിക്കും. ഒരു വർഷം പ്രായം എത്തിയ പോത്തിൻ കുട്ടികൾക്ക് ശരാശരി 150 കിലോ ഭാരമുണ്ടാകും.
മുന്ന് മാസം വരെ പോത്തിൻകുട്ടികൾ അമ്മയുടെ പാൽ കുടിക്കണം. ഇത് പലപ്പോഴും സംഭവിക്കാത്തതിനാൽ തന്നെ വളർച്ചനിരക്ക് കുറയുകയും വളർച്ച മുരടിച്ച പോത്തിൻ കുട്ടികളെ ലഭിക്കുകയാണ് പതിവ്. മൂന്നാം മാസം പാലുകുടി നിർത്തിയാൽ ഖരാഹാരവുമായി പൊരുത്തപ്പെടാൻ ഒരു മാസം വേണ്ടിവരും. ഈ സമയം പോത്തുകുട്ടികളുടെ ശരീരഭാരം കുറയാനും അസുഖങ്ങൾ വരാനും സാധ്യത ഏറെയാണ്. അതുകൊണ്ട് ആറു മാസത്തിനുമേൽ പ്രായമായ കുട്ടികളെ വേണം വാങ്ങാൻ.
പോത്തിറച്ചിയുടെ മെച്ചങ്ങൾ
ഏറെ പോഷകസമ്പുഷ്ടവും കുറഞ്ഞ കൊഴുപ്പും അതെ സമയം മാംസ്യത്തിന്റെ അളവ് കൂടുതലുമാണ് പോത്തിറച്ചിയിൽ. കൂടാതെ ഫാറ്റി ആസിഡുകൾ. വൈറ്റമിൻ ബി എന്നിവയാൽ സമൃദ്ധം. വിപണിസാധ്യതയും ഇറച്ചിയുടെ സ്വാദും പരിഗണിച്ച് രണ്ടര മുതൽ മൂന്ന് വയസ്സുവരെ പ്രായം എത്തുമ്പോൾ വിൽക്കുന്നതാവും അനുയോജ്യം.
അരോഗ്യപരിപാലനം
ചെള്ള്, പേൻ, പട്ടുണ്ണി എന്നിവ ഉണ്ടാക്കുന്ന രോഗങ്ങളെ നിയന്ത്രിക്കണം. തൊഴുത്ത് ദിവസവും ജൈവമാലിന്യങ്ങൾ നീക്കി ബ്ലീച്ചിങ് പൗഡർ ചേർത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. പലതരം വിരകൾ, കൃമികൾ, പണ്ടപ്പുഴു, എന്നിവയ്ക്ക് ചാണകം പരിശോധിച്ച് മരുന്ന് നൽകാൻ ശ്രദ്ധിക്കണം. ആറു മാസം വരെ മാസത്തിൽ ഒരു തവണ വിരമരുന്ന് നൽകണം. ആറു മാസം പ്രായമായ പോത്തിൻ കുട്ടിക്ക് കുളമ്പുരോഗത്തിനും ചർമമുഴ രോഗത്തിനുമുള്ള പ്രതിരോധ കുത്തിവെയ്പ്പും നൽകണം.
story highlight: buffalo