ഏഴു മാസം കൂടി കാത്തിരുന്നാല്‍ പാര്‍ട്ടിയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതും ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള തമിഴ്‌നാട്ടില്‍. ഈ ഏഴുമാസത്തെ കാത്തിരിപ്പാണ് ഇനി നടക്കാന്‍ പോകുന്നത്. പുറമേ കെട്ടുറപ്പും ശക്തിയുമെല്ലാം ഉണ്ടെന്ന് തോന്നുന്ന സി.പി.എമ്മില്‍ ഇപ്പോള്‍ത്തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിനു വേണ്ടിയുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഇ.എം.എസും, പ്രകാശ് കാരാട്ടുമാണ് കേരളത്തില്‍ നിന്നും പാര്‍ട്ടിയെ നയിച്ച ജനറല്‍ സെക്രട്ടറിമാരായിട്ടുള്ളത്. രാജ്യത്ത് വരാനിരിക്കുന്നത് വലിയ പരീക്ഷങ്ങളുടെ കാലഘട്ടമാണ്.
കമ്പ്യൂട്ടര്‍ യുഗത്തില്‍ ബി.ജെ.പിയുടെ ശക്തമായ മുന്നേറ്റത്തെ ചെറുക്കാന്‍ പാര്‍ട്ടിയെ പരുവപ്പെടുത്തേണ്ടതുണ്ട്. ഒരേ സമയം തീരുമാനം എടുക്കാനും, സഖാക്കളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനും കഴിവുള്ളവര്‍ക്കേ ജനറല്‍ സെക്രട്ടറി അലങ്കരിക്കാനാവൂ. നിലവിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതോടെ ആ കസേര ശൂന്യമായിരിക്കുന്നു. പകരം എത്തുന്നയാളുടെ സംഘടനാ ബോധവും നയപരമായ ഇടപെടലുകളും തീരുമാനമെടുക്കുന്നതിലെ കാര്‍ക്കശ്യവും വളരെ പ്രാധാന്യമുള്ളതാണ്. നിലവില്‍ കേരളത്തില്‍ നിന്നും പോളിറ്റ്ബ്യൂറോയില്‍ അംഗങ്ങള്‍ കൂടുതലുണ്ട്.
17 അംഗ പോളിറ്റ്ബ്യൂറോയാണ് സി.പി.എമ്മിനുള്ളത്. ഇതില്‍ ആറുപേരും കേരളത്തില്‍ നിന്നുള്ളവരും. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ (അന്തരിച്ചു, സീറ്റ് ഒഴിവുണ്ട്), എം.എ ബേബി, എം.വി ഗോവിന്ദന്‍, എ വിജയരാഘവന്‍, പ്രകാശ് കാരാട്ട് എന്നിവരാണ്. സീതാറാം യച്ചൂരി(അന്തരിച്ചു, ഒഴിവുണ്ട്), ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, മുഹമ്മദ് സലിം, സൂര്‍ജ്യകാന്ത മിശ്ര, ബി.വി. രാഘവലു, തപന്‍കുമാര്‍ സെന്‍, നിലോത്പല്‍ ബസു, ജി രാമകൃഷ്ണന്‍, സുഭാഷിണി അലി, രാം ചന്ദ്രഡോം, അശോക് ധാവ്‌ളെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാം എന്നാണ് നിലവിലെ തീരുമാനം.
അതുവരെ സംയുക്തമായി തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഉചിതമെന്നും തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരികയാണ്. അതിനിടയിലാണ് ജനറല്‍ സെക്രട്ടറിയുടെ വിയോഗം ഉണ്ടായത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. അതിനു ശേഷം ഏര്യാ സമ്മേളനങ്ങളും, പിന്നാലെ ജില്ലാ സമ്മേളനങ്ങളും, സംസ്ഥാന സമ്മേളനവും പൂര്‍ത്തിയാക്കിയ ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കടക്കുന്നത്.
ഇതില്‍ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും, കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങള്‍ പോളിറ്റ്ബ്യൂറോ മെമ്പര്‍മാരെ നിശ്ചയിക്കുകയും അതില്‍ നിന്നും ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി തീരുമാനിക്കുകയും ചെയ്യും. ഈ പ്രക്രിയ നടക്കാനെടുക്കുന്ന കാലയളവിലാണ് പാര്‍ട്ടിയുടെ നയപരിപാടികള്‍ കൂട്ടായി തീരുമാനിക്കാമെന്ന് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനറല്‍ സെക്രട്ടറിയുടെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയില്ല. യച്ചൂരിക്കുള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ലെന്നതാണ് സി.പിഎമ്മിനെ അലട്ടുന്ന മറ്റൊരുകാര്യം. കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ റോളാണ് കാലങ്ങളായി യച്ചൂരി നിര്‍വഹിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ബോസ് എന്നാണ് വിശേഷിപ്പിച്ചിരുന്നതു പോലും. കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കുന്ന പ്രാധാന്യം അതില്‍ നിന്നുതന്നെ വ്യക്തമാണ്. ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. തീരുമാനം ഈ യോഗങ്ങളില്‍ വരുമെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ ഒരു നേതാവ് വിടവാങ്ങുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.
അതേസമയം, പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി.ബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായിട്ടുണ്ട്. 75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി. താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം പാര്‍ട്ടി സെന്റര്‍ എന്ന തീരുമാനം വന്നത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള തപന്‍ സെന്‍, ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവലു, എം.എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ പാര്‍ട്ടി പ്രായപരിധി കടന്നിട്ടില്ലെങ്കിലും ദേശീയ തലത്തില്‍ പ്രശസ്തരല്ല എന്നതാണ് ഇവര്‍ക്കു മുന്നിലുള്ള പ്രധാന തടസ്സം. ഇവിടെയാണ് മണിക് സര്‍ക്കാരിന്റെയും ബൃന്ദ കാരാട്ടിന്റെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭരണകൂടങ്ങള്‍ക്കുമെല്ലാം ഈ മുഖങ്ങള്‍ സുപരിചിതമാണ്. യെച്ചൂരി ശോഭിച്ച മേഖലകളില്‍ ഒരു പരിധിവരെ ശോഭിക്കാനും ഇവര്‍ക്കു കഴിയും.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് ബൃന്ദ കാരാട്ട്. രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെ ഒരു പോലെ ബഹുമാനിച്ചു പോവുന്ന ലളിത ജീവിത ശൈലിയുടെ ഉടമയാണ് മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ മണിക് സര്‍ക്കാര്‍ പിന്തുടര്‍ന്ന ജീവിതരീതി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദരിദ്രനായ മുഖ്യമന്ത്രി എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും മണിക് സര്‍ക്കാരിനെ വിശേഷിപ്പിച്ചിരുന്നത്.
1972ല്‍ മേഘാലയയ്ക്കും മണിപ്പൂരിനുമൊപ്പമാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1987ല്‍ സി.പി.എം ആദ്യമായി ഇവിടെ അധികാരത്തിലെത്തി. 1988-1993 കാലഘട്ടത്തിലൊഴികെ ത്രിപുര ഭരിച്ചത് സി.പി.എമ്മാണ്. 1993-1998 കാലഘട്ടത്തില്‍ ദശരഥ് ദേബായിരുന്നു മുഖ്യമന്ത്രി. അതിനു ശേഷമാണ് മണിക് സര്‍ക്കാര്‍ നായകസ്ഥാനം ഏറ്റെടുത്തത്. തുടര്‍ച്ചയായി നാല് തവണയാണ് മണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നത്. അധികാരത്തില്‍ ഉള്ളപ്പോഴും അധികാരം നഷ്ടമായപ്പോഴും കമ്യൂണിസ്റ്റ് ജീവിത രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. ഇപ്പോഴും ആ രീതി തുടരുകയുമാണ്.
CONTENT HIGHLIGHTS;Can the General Secretary of CPM be from Kerala?: Should we wait till the party congress?