Explainers

വീണ്ടും ഇടഞ്ഞ് CPI: ADGPക്കെതിരേ രാഷ്ട്രീയ നിലപാടുമായി മുന്നോട്ട്: പ്രതിരോധത്തിലായി CPM

മുന്നണിയിലെ രണ്ടാംകക്ഷിയായ CPIയുടെ രാഷഷ്ട്രീയ നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിച്ചതോടെ CPM പ്രതിരോധത്തിലായിരിക്കുകയാണ്. ADGP അജിത്കുമാറിനെതിരേ മറ്റെല്ലാ ആരോപണങ്ങളും വിട്ട് RSS നേതാവിനെ കണ്ടതില്‍ മാത്രം ഉറച്ചു നിന്നുകൊണ്ടാണ് CPIയുടെ പോരാട്ടം. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ തൃശൂര്‍പൂരം കലക്കിയതിലും, സ്വര്‍ണ്ണക്കടത്തിലും, കൊട്ടാരം പണിതതിലും നിന്നതോടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് RSS നേതാവിനെ കണ്ടകാര്യം പിന്നാലെ വെളിപ്പെടുത്തിയത്. ഇതോടെ കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈയ്യില്‍ നില്‍ക്കാതെ വന്നു. തൊട്ടു പിന്നാലെയാണ് കോവളത്തു വെച്ചും ADGP-RSS കൂടിക്കാഴ്ച നടന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

ഇതോടെ സര്‍ക്കാരും CPM ഉം ആരോപണങ്ങളില്‍പ്പെട്ട് ഉത്തരംമുട്ടി. പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണം എന്നതിനപ്പുറം മുന്നണിയിലെ സ്വതന്ത്ര എം.എല്‍.എ ഉന്നയിച്ച പരാതി എന്ന നിലയിലാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായത്. ഇതിനു പിന്നാലെ എം.ആര്‍. അജിത്കുമാര്‍, RSS കൂടിക്കാഴ്ച സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് CPI രാഷ്ട്രീയ നിലപാട് കടുപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ CPI സ്ഥാനാര്‍ത്ഥി തൃശൂരില്‍ തോറ്റതിനു ഉത്തരവാദി ആരാണെന്ന് വ്യക്തമാവുകയും ചെയ്തു. അന്‍വറിന്റെ പരാതിയും, വി.ഡി. സതീശന്റെ ആരോപണവും, അജിത്കുമാറിന്റെ സ്ഥിരീകരണവും വന്നതിനു ശേഷം അതിനെതിരേ നടപടി എടുക്കണമെന്ന് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതാണ്.

CPI സംസ്ഥാന ഘടകങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും CPMനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുന്നണിയിലിരുന്നു കൊണ്ട് പോലീസിനെ ഉപയോഗിച്ച് RSS ബന്ധം സ്ഥാപിക്കാനുള്ള നീക്കം നടത്തിയത് വഞ്ചനയാണെന്നു വരെ നേതാക്കള്‍ CPMനെതിരേ ആഞ്ഞടിച്ചിരുന്നു. ഈ വികാരം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് CPI കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ്ബാബു കഴിഞ്ഞ ദിവസം ജനയുഗത്തില്‍ ലേഖനം എഴുതിയത്. ഇതോടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ രാഷ്ട്രീയ നിലപാട് കൂടുതല്‍ വ്യക്തമായി. CPMന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയ ആയുധമെന്ന പോലെയാണ് CPIയുടെ ഇപ്പോഴത്തെ ഇടപെടല്‍.

ഒരു വശത്ത് പി.വി അന്‍വര്‍ നയിക്കുന്ന കുറുമുന്നണിയും, മറുവശത്ത് CPIയുടെ നിലകൊള്ളുകയാണ്. ഈ രണ്ടുപേരെയും എങ്ങനെ അടക്കി നിര്‍ത്തണമെന്നത് CPMന് വലിയ തലവേദനയായിരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന്‍ ഒറ്റപ്പെട്ടെന്നാണ് സൂചന. മന്ത്രിസഭയിലും ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിണറായി വിജയന്റെ നിലപാടുകളെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ മന്ത്രിമാര്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് പ്രത്യേകത. നേരത്തെയൊക്കെ മുഖ്യമന്ത്രിയുടെ ഏതു നിലപാടിനെയും ശക്തമായി അനുകൂലിച്ച് മന്ത്രിമാര്‍ ഒറ്റക്കെട്ടായി രംഗത്തു വന്നിരുന്നു. ഇപ്പോള്‍ മരുമകന്‍ മന്ത്രി മാത്രമാണ് രംഗത്തുള്ളത്. പത്തുപേര്‍ ഒരുമിച്ചു തല്ലിയാലും ഒറ്റയ്ക്ക് പൊരുതുമെന്നാണ് പിണറായി വിജയനെ കുറിച്ച് മരുമകന്‍ മന്ത്രി പറയുന്നത്.

പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇതിനിടയില്‍ CPIയുടെ എതിര്‍പ്പു കൂടി വന്നതോടെ മുന്നണിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. CPMന്റെ ശക്തനായ നേതാവ് ഇ.പി ജയരാജനെ മാറ്റിയതും CPIയുടെ കടുത്ത രാഷ്ട്രീയ നിലപാടിനെ തുടര്‍ന്നാണ്. BJP നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിയെ പാര്‍ട്ടിക്കു തന്നെ അനഭിമതനാക്കിയതിരിക്കുന്നത്. ഇങ്ങനെ ഓരോ സമയങ്ങളിലും CPI രാഷ്ട്രീയ ഇടപെലുകള്‍ നടത്തുന്നത് CPMന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, വൈക്കം എം.എല്‍.എ സി.കെ. ആശയെ പോലീസ്‌റ്റേഷനില്‍ മണിക്കൂറുകളോളം ഇരുത്തിച്ചതിനെതിരേ CPI നേതൃത്വം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

മുന്നണിയെ നിലനിര്‍ത്തുന്ന പാര്‍ട്ടിയേക്കാള്‍ പോലീസിനാണ് മുഖ്യമന്ത്രി പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശം നേരത്തെ ഉണ്ടായിട്ടുണ്ട്. എം.ആര്‍. അജിത് കുമാറിനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്ന ധാരണയും CPI നേതാക്കള്‍ക്കു വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണ്? എന്ന ചോദ്യം ഉയര്‍ത്തിയത്. എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഇതോടെയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പക്ഷെ, അന്വേഷിക്കുന്നതാര് എന്ന് തീരുമാനിച്ചിട്ടില്ല. അതേ സമയം ഉന്നയിക്കപ്പെട്ട മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും. മുന്‍ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്തിരുന്നു.

സര്‍ക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. അതേസമയം ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ മധുസൂദനന്‍ എന്നിവരും ഉണ്ടായിരുന്നു.

ആദ്യം ഐജി സ്പര്‍ജന്‍ കുമാര്‍ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരായ അന്വേഷണത്തില്‍ തന്നേക്കാള്‍ ജൂനിയറായ ഐജി സ്പര്‍ജന്‍ കുമാറിനെ മൊഴിയെടുക്കാന്‍ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നല്‍കിയിരുന്നു. ഐജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴി നല്‍കില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഡിജിപി തീരുമാനിച്ചത്.

അതേസമയം അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ ശുപാര്‍ശ വിജിലന്‍സിന് കൈമാറിയാല്‍ ആരോപണങ്ങളില്‍ വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.

CONTENT HIGHLIGHTS;Again, CPI: Advancing politically against ADGP: CPM on the defensive

Latest News