Explainers

പിണറായി & അന്‍വര്‍ യുദ്ധം: സംരക്ഷിക്കുന്തോറും തെളിവുകള്‍ പുറത്തു വിട്ട് ആക്രമിക്കുന്ന നയം; ADGPയെയും പി. ശശിയെയും പുഴുങ്ങിയെടുക്കുന്നു, നോക്കുകുത്തിയായി CPM

ADGP-RSS കൂടിക്കാഴ്ചയും, പൂരം കലക്കല്‍ കേസ് മുക്കലും ആയുധമാക്കി സി.പി.ഐയുടെ പാളയത്തില്‍പ്പട

ഓണം കഴിഞ്ഞതോടെ സര്‍ക്കാരിനെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് ഇട്ട് പൊള്ളിക്കുകയാണ് പി.വി അന്‍വറും, സി.പി.ഐയും ചേര്‍ന്ന്. സംസ്ഥാനത്തെ പ്രതിപക്ഷം വാര്‍ത്താസമ്മേളനങ്ങളും, പത്രക്കുറിപ്പുകളും ഇറക്കി വിശ്രമിക്കുമ്പോഴാണ് പാാളയത്തില്‍പ്പടയൊരുക്കി സി.പി.ഐയും സ്വതന്ത്രനായി പി.വി. അന്‍വറും കത്തിക്കയറുന്നത്. ഇരുകൂട്ടരുടെയും ടാര്‍ഗറ്റ് മുഖ്യമന്ത്രിയാണ്. അതിനായി എല്ലാ വഴികളിലൂടെയും ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റെന്നോ ശരിയെന്നോ സി.പി.എം മിണ്ടുന്നില്ല എന്നതാണ് പ്രധാന വിഷയം. അതായത്, അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിലൂടെ മുഖ്യമന്ത്രിക്ക് ഏല്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടിക്ക് വ്യക്തമായിരിക്കുന്നു.

എന്നിട്ടും, സംരക്ഷിക്കാനോ തള്ളിപ്പറയാനോ തയ്യാറാകുന്നില്ലെന്നര്‍ത്ഥം. അന്‍വറിന് അന്‍വറിന്റെ വഴി, മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി എന്ന ലൈനിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് മനസ്സിലാക്കിയാണ് സി.പി.ഐയും പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഇന്നലെ പി. ശശിക്കെതിരായുള്ള കൂടുതല്‍ തെളിവുകള്‍ പാര്‍ട്ടിക്ക് കൈ മാറിയ ശേഷമാണ് പി.വി. അന്‍വര്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കണ്ട് ADGP അജിത്കുമാറിന്റെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. എല്ലാ ആരോപണങ്ങളില്‍ നിന്നും അജിത്കുമാറിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങള്‍ പൊളിച്ചടുക്കുന്നതാണ് അന്‍വറിന്റെ നയം.

തൃശൂര്‍പൂരം കലക്കിയത് പോലീസാണെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തിനു വിരുദ്ധമായി വിവരാവകാശം വഴി മറുപടി നല്‍കിയെന്ന കാരണത്തില്‍ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതും എം.ആര്‍. അജിത്കുമാറിനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ആക്ഷേപം. തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല അജിത്കുമാറിനാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഈ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ലെന്നു മാത്രമല്ല, അങ്ങനെയൊരു അന്വേഷണത്തെ കുറിച്ച് പോലീസിന് അറിയില്ലെന്നുമാണ് വിവരാവകാശം വഴി പോലീസ് വകുപ്പ് മറുപടി നല്‍കിയത്.

എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാതിരിക്കേണ്ടത് എന്നതിനെ കുറിച്ച് പോലീസിലുള്ളവര്‍ക്കു പോലും വ്യക്തതയില്ലാത്ത സ്ഥിതിയാണ്. എന്തു ചെയ്താലും, അത് പ്രശ്‌നമായി മാറിയേക്കുമോ എന്ന ഭയവും പോലീസുകാര്‍ക്കുണ്ട്. ഈ അവസ്ഥയിലാണ് അജിത്കുമാറിനെതിരേ ശക്തമായ റിയല്‍എസ്‌റ്റേറ്റ് ആരോപണവുമായി അന്‍വര്‍ വീണ്ടും എത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുളള എഡിജിപി എംആര്‍ അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറയുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എം.ആര്‍ അജിത് കുമാര്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ളാറ്റിടപാടിലൂടെയാണെന്നും പി.വി അന്‍വര്‍ ആരോപിക്കുന്നു.

കവടിയാറിലെ വീട് കൂടാതെ വേറെ മൂന്നു വീടുകള്‍ കൂടി അജിത് കുമാറിനുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈപ്പറ്റി. എങ്ങനെയാണ് ഒരു പൊലീസ് ഓഫീസര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേര്‍രേഖ കൈവശമുണ്ട്. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ളാറ്റിടപാടിലൂടെയാണ്. എം.ആര്‍ അജിത് കുമാര്‍ 2016ല്‍ പട്ടം എസ്.ആര്‍.ഒയില്‍ 33.8 ലക്ഷം രൂപയ്ക്ക് ഒരു ഫ്‌ളാറ്റ് വാങ്ങി. സ്വന്തം പേരില്‍ 2016 ഫെബ്രുവരി19 നാണ് ഫ്‌ലാറ്റ് വാങ്ങിയത്. പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ളാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്.

ഈ ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കണം. റെക്കോര്‍ഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിളിക്കണമെങ്കില്‍ പണം എവിടുന്ന് കിട്ടി. ഈ പണം സോളാര്‍ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ള പണം വെളുപ്പിക്കലാണ് ഈ ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിനിടയില്‍ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം. ഭീകരമായ ടാക്‌സ് വെട്ടിപ്പ് ഇടപാടില്‍ നടന്നിട്ടുണ്ട്. 55 ലക്ഷം രൂപ വിലയുളള ഫ്‌ളാറ്റ് എങ്ങനെ അജിത് കുമാറിന് 33 ലക്ഷം രൂപയ്ക്ക് കിട്ടിയെന്ന് അന്വേഷിക്കണം. ഡോക്യുമെന്റ് പ്രകാരം 4,07,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കണം.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉടന്‍ പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി. അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈ കാര്യം ചെയുന്നതെന്നാണ് തന്റെ അറിവ്. പി. ശശി മുന്നണിയെ പ്രതിസന്ധിയിലാക്കി. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി. ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു മറയായി നില്‍ക്കുകയാണ് പി. ശശിയെന്നും അന്‍വര്‍ ആരോപിക്കുന്നു. മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോയപ്പോള്‍ അതിന് തടയിട്ടത് പി ശശിയും അജിത് കുമാറുമാണ്.

അതിന് ശശിയും പണം വാങ്ങിയിട്ടുണ്ടാകാം. സാജന്‍ സ്‌കറിയെ സഹായിക്കുന്ന നിലപാട് അജിത് കുമാറും, പി ശശിയും സ്വീകരിച്ചിട്ടുണ്ടെകില്‍ അവര്‍ അതിലും വലിയ രാജ്യദ്രോഹികളാണ്. കോഴിക്കോട്ട് കൊല്ലപ്പെട്ട മാമി കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമായിയുടെ അടുത്ത് എം ആര്‍ അജിത് കുമാറിന്റെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ഇങ്ങനെ തലങ്ങലും വിലങ്ങും ആക്രമിക്കുന്ന അന്‍വര്‍ മുഖ്യമന്ത്രിക്ക് ഓരോ ദിവസവും തലവേദന സൃഷ്ടിക്കുകയാണ്. എന്നാല്‍, മറ്റൊരു സുപ്രധാന കാര്യം വിസ്മരിക്കാനാവില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ ആത്മവീര്യവും, സത്യസന്ധതയും ചോദ്യ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

തല നേരെയല്ലെങ്കില്‍ വാലിന്റെ കാര്യം പറയാനുണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സാധാരണക്കാരന് പോലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു എന്നും വിമര്‍ശനമുയരുകയാണ്. അന്‍വറിന്റെ പരാതികളും, സി.പി.ഐയുടെ നിലപാടും വലിയ തിരിച്ചടികളായി മാറിയിട്ടുണ്ട്. ഓരോ വിഷയത്തെയും നിസ്സാരവത്ക്കരിച്ചുള്ള CPMന്റെ നിലപാട് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്നുറപ്പാണ്. മാത്രമല്ല, ഇപ്പോള്‍ CPM നോക്കുകുത്തിയുടെ റോളിലാണ് നില്‍ക്കുന്നത്. ആരുടെ ഒപ്പവും നില്‍ക്കാനാകുന്നില്ല. ആരെയും കുറ്റം പറയാനും പറ്റുന്നില്ല. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും പി. ശശിയും ADGPയും മരുമകന്‍ മന്ത്രിയും ഒരു കോര്‍ട്ടിലും, അന്‍വറും, സി.പി.ഐയും മറ്റൊരു കോര്‍ട്ടിലുമായുള്ള കളിയാണ് നടക്കുന്നത്. ഇപ്പോള്‍ പന്ത് അന്‍വറിന്റെ കോര്‍ട്ടിലാണ്. അടുത്ത ഗെയിം എന്താണെന്ന് കാത്തിരുന്നു കാണണം.

CONTENT HIGHLIGHTS;Pinarayi & Anwar War: The policy of attacking while releasing evidence while protecting; ADGP and P. Sasi is also consumed, CPM looks on

Latest News