Explainers

ജലീല്‍ പറഞ്ഞ ‘ആ ചാവേര്‍’ അന്‍വറോ ?: രണ്ടുംകല്‍പ്പിച്ച് മുഖം മാറ്റി മുഖപുസ്തകം; അടുത്ത നീക്കം ?

ADGP എം.ആര്‍. അജിത്കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും എത്ര ആത്മവിശ്വാസത്തോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എ തെളിവുകള്‍ നിരത്തി ആരോപണം ഉന്നയിച്ചത്. ഓരോ വാര്‍ത്താ സമ്മേളനങ്ങളിലും അന്‍വറിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു വരുന്നതാണ് കേരളം കണ്ടത്. അന്‍വറിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നതോടെ ആരോപണങ്ങളെല്ലാം സത്യത്തിനോട് അടുത്തുകൊണ്ടിരിക്കുകയും ചെയ്തു. മുന്‍ എം.എല്‍.എ കാരാട്ട് റസാഖും, എം.എള്‍.എ കെ.ടി. ജലീലും നിരുപാധികം പിന്തുണ നല്‍കിയതും അന്‍വറിന്റെ ആത്മവിശ്വാസം കണ്ടിട്ടാണ്.

സ്വയം ചാവേറാകാന്‍ തീരുമാനിച്ചവനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജലീല്‍ പറഞ്ഞ ആ ചാവേര്‍ അന്‍വര്‍ തന്നെയാണോ?. എങ്കില്‍ അന്‍വര്‍ ആരെ തീര്‍ക്കാനാണ് ചാവേറാകുന്നത്. ആരാണ് അന്‍വറിനെ ചാവേറാക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. കാരണം, അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റ പത്രസമ്മേളനത്തോടെ റദ്ദുചെയ്യപ്പെട്ടു കഴിഞ്ഞു. ഇതുവരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും സത്യവിരുദ്ധമായിരുന്നുവെന്നും, ആര്‍ക്കൊക്കെ എതിരെയാണോ ആക്രമണം നടത്തിയത്,

അവരെ സംരക്ഷിക്കുകയും അനവറിനെ പൂര്‍ണ്ണമായി തള്ളുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. ഇനി അന്‍വര്‍ ഉയര്‍ത്താന്‍ പോകുന്ന എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുകയും ചെയ്തു കഴിഞ്ഞു. ഇതുവരെ അന്‍വര്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്ന ആരോപണങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് മുഖ്യമന്ത്രി വാതുറന്നതോടെ മ നസ്സിലാക്കാന്‍ കഴിഞ്ഞത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ വാക്കുകളെയാണോ, അന്‍വറിന്റെ ആരോപണത്തെയാണോ മുഖവിലയ്‌ക്കെടുക്കേണ്ടത് എന്ന ചോദ്യവും പ്രസക്തമാവുകയാണ്. സി.പി.എമ്മും മുഖ്യമന്ത്രിക്കൊപ്പം നിലകൊണ്ടതോടെ ഇടതു സ്വതന്ത്രന്‍ എം.എല്‍.എ വലിയ സ്വതന്ത്രനായിരിക്കുകയാണ്.

രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പ്രസ്താവനയോടെ കോണ്‍ഗ്രസിലേക്ക് കയറിച്ചെല്ലാനുള്ള വാതിലും അടഞ്ഞു. അന്‍വറിന്റെ വന്നവഴിയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. ഇടതുപക്ഷത്തിന് ഇങ്ങനെയൊരു സ്വതന്ത്രനെ ആവശ്യമില്ലെന്ന വ്യക്തത വരുത്തിക്കഴിഞ്ഞു. കൂടെനിന്ന് കൂമ്പില്‍ കുത്തുന്നതു പോലെയാണ് മുഖ്യമന്ത്രിക്ക് ഫീല്‍ ചെയ്തിരിക്കുന്നത്. രണ്ടുതവണ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ അവസരം കൊടുക്കുകയും, കൂടെ നിര്‍ത്തുകയും ചെയ്തപ്പോള്‍ പകരം കിട്ടിയത് വലിയ പണിയാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണത്തിനപ്പുറം ഭരണകക്ഷിയിലെ സ്വതന്ത്ര എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് ആരോപണങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചത്.

പി. ശശിക്കെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ശശിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാാരണമെന്ന് അന്‍വര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇ.എം.എസ്. എന്ന പഴയ കോണ്‍ഗ്രസുകാരനെ ഒര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിച്ചതിന് അന്‍വര്‍ മറുപടി നല്‍കിയത്. ഇതിനെല്ലാം ഒടുവിലാണ്, അന്‍വര്‍ പുതിയ യുദ്ധത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം അന്‍വര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്കില്‍(മുഖ പുസ്തകം) നിന്നും പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം മാറ്റി. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് മുന്‍പ് കവര്‍ചിത്രമായി ഉണ്ടായിരുന്നത്.

ഇത് മാറ്റി അന്‍വര്‍ ചായയും പിടിച്ച് വാച്ചടില്‍ സമയം നോക്കുന്ന ചിത്രവും ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. സി.പി.എമ്മിന്റെ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന് അന്‍വര്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് സിപിഎമ്മും അന്‍വറിനെ തള്ളിയത്. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം എന്ന രൂപത്തിലുള്ള അഭ്യര്‍ത്ഥനയാണ് സി.പി.എം നല്‍കിയത്. വാര്‍ത്താക്കുറിപ്പ് പിന്നീട് മൂന്നു തവണ പാര്‍ട്ടി തിരുത്തുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തന്റെ വഴി നോക്കും എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത അന്‍വര്‍ ഇരുമുന്നണികളിലുമുള്ള രാഷ്ട്രീയാഭയം നഷ്ടപ്പെടും എന്ന നില വന്നതോടെയാണ് തത്ക്കാലം അടങ്ങിയത്.

പാര്‍ട്ടിക്ക് വിധേയനാണ് എന്ന് പറയുന്ന അന്‍വര്‍ സിപിഎം തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളി താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് പിന്‍മാറ്റത്തിലും വ്യക്തമാക്കുന്നത്. പാര്‍ട്ടി ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് ചെയ്‌തെന്ന അവകാശവാദവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്. തല്ക്കാലം ഇടതുപാളയത്തില്‍ നിന്നും ഇറങ്ങില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പുറത്തിറക്കിയ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനക്ക് തുല്യമായ കുറിപ്പാണ് അന്‍വര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അന്‍വര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് പാര്‍ട്ടി പുറത്തിറക്കിയ നിലപാട് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നതാണ് എന്ന് വരുത്തി തീര്‍ത്ത് അന്‍വറിന് പിന്തുണ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു എന്നാണ് സൂചനകള്‍.

മുഖ്യമന്ത്രിയെ തള്ളി കാര്യകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിശദീകരിച്ച എംഎല്‍എ ഇപ്പോള്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടി തന്നോടോപ്പമാണ് എന്ന ആത്മവിശ്വാസവും ഇടത് എംഎല്‍എ പങ്കുവയ്ക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുന്നത് സിപിഎം അണികളിലാണ്. അന്‍വറിനെ എതിര്‍ത്ത സൈബര്‍ സഖാക്കളടക്കം പുതിയ നിലപാടിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ അടിമുടി പ്രതിരോധത്തിലും ആശയക്കുഴപ്പത്തിലുമാക്കാനും നിലമ്പൂര്‍ എംഎല്‍എയ്ക്ക് കഴിയുന്നുണ്ട് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്, പൊതുസമൂഹത്തിനോട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. എന്നാല്‍, ഇത് സാധാരണക്കാരായ പാര്‍ട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവര്‍ത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.

വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ സര്‍ക്കാര്‍ പല അടിയന്തര നടപടികളും സ്വീകരിച്ചതില്‍ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും,ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.

ഈ നാട്ടിലെ സഖാക്കളെയും, പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്.അത് എന്റെ പ്രിയപ്പെട്ട പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്.മറ്റ് വഴികള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നില്ല.അക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

”വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്‍കിയാല്‍ അവ പരിശോധിക്കും” എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു.വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമയബന്ധിതമായി വേണ്ട പരിശോധനകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ”ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആര്‍എസ്എസ് സന്ദര്‍ശനത്തില്‍ തുടങ്ങി,തൃശൂര്‍ര്‍പൂരം മുതല്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും, സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാന്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ”ചാപ്പയടിക്കും, മുന്‍ വിധികള്‍ക്കും” (എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂര്‍വ്വമായ പരിശോധനയും നടപടിയും ഈ പാര്‍ട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.ഈ ചേരിക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് സിപിഎം. ഈ പാര്‍ട്ടിയോട് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്.നല്‍കിയ പരാതി, പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും, ചില പുഴുക്കുത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്‍ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്,ആളും വേറേയാണ്. ഞാന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം ശിരസ്സാല്‍ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

”ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്”. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍.

സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ.
സഖാക്കളേ നാം മുന്നോട്ട്..

അന്‍വറിന്റെ അടുത്ത നീക്കം എന്താണെന്നാണ് സി.പി.എമ്മും, മുഖ്യമന്ത്രിയുടെ ഓഫീസും ജനങ്ങളും കാത്തിരിക്കുന്നത്.

 

CONTENT HIGHLIGHTS;Is it ‘that death’ that Jalil said? Next move?

Latest News