‘ഊര്‍ദ്വശ്വാസം വലിക്കുന്ന ലോക തൊഴിലാളി വര്‍ഗത്തിന്റെ പ്രാണവായുവാണ് മാര്‍ക്‌സിസം’ എത്ര സത്യമായ വാചകമാണത്. ഭരണാധികാരികളുടെ അമിതാധികാര പ്രയോഗങ്ങളില്‍ നശിച്ചുപോയ ഒരു രാജ്യത്തെ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാനാവില്ല. അങ്ങനെയൊരു രാജ്യത്ത് സമാധാനവും സന്തോഷവും സംഗീതംപോലെ സ്‌നേഹവും ഉണ്ടാകണമെങ്കില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെന്താരകം വിരിയണമെന്ന് ചിന്തിച്ച ശ്രീലങ്കന്‍ ജനതയുടെ ദിവസമായിരുന്നു കഴിഞ്ഞു പോയത്. രാമായണത്തിലെ രാവണ്‍കോട്ടയില്‍ ചെങ്കൊടിയേന്തിയൊരു ആണൊരുത്തന്‍ പ്രസിഡന്റായി അധികാരമേറ്റിരിക്കുന്നു.
ചരിത്രമാണ്. കടലുകള്‍ക്കിടയില്‍ നിന്നും ഭൂമിയിലെ കരയുള്ളിടങ്ങളിലെല്ലാം പ്രതിധ്വനിക്കുന്ന ചരിത്രം. ലോകത്തെയാകെ ഒരു തുരുത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ച ആ കമ്യൂണിസ്റ്റുകാരന്റെ പേരാണ് ‘അനുര കുമാര ദിസനായകെ’. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഗൂഗിളില്‍ ലോകം തിരഞ്ഞൊരു പേരാണത്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ആശയത്തിന് ലോകത്തില്‍ പ്രസക്തിയില്ലെന്ന് മുതലാളിത്ത സംസ്‌ക്കാരം വെല്ലുവിളിക്കുന്ന ഘട്ടത്തില്‍, ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കുക മാത്രമല്ല, ഉച്ചത്തില്‍ വിളിച്ചു പറയുകയും, വാനില്‍ ചെങ്കൊടി പാറിക്കുമെന്നും, പാവങ്ങള്‍ക്കു വേണ്ടി അധികാരം നേടുമെന്നും ഉറപ്പിക്കുക കൂടിയാണ് അനുര കുമാര ദിസനായകെ ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് അറിയണം. അറിയേണ്ടത് നാളത്തെ ചരിത്രം കൂടിയാണെന്ന ബോധ്യത്തോടെ അറിയണം. കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചതിന് ശേഷം ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാര്‍ക്‌സിസ്റ്റ് ചായ്‌വുള്ള രാഷ്ട്രീയ നേതാവ് അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ (തിങ്കളാഴ്ച) രാവിലെ കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വെച്ച് ദിസനായകെ സത്യപ്രതിജ്ഞ ചെയ്തത്. ലോക നേതാക്കളെല്ലാം ദിസനായകെയ്ക്ക് അഭിനന്ദനം അറിയിച്ചു.
ആരാണ് അനുര കുമാര ദിസനായകെ ?
ശ്രീലങ്കന്‍ പ്രസിഡന്റെ ഫലം വന്നതിന് ശേഷമാണ് 55കാരനായ അനുര കുമാര ദിസനായകെയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ആരാണ് അനുര കുമാര ദിസനായകെ എന്നും ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി ഏതാണെന്നുമാണ് ആളുകള്‍ തിരഞ്ഞത്. 1968 നവംബര്‍ 24ന് ബഹു-മത നഗരമായ ഗലേവേലയിലാണ് ദിസനായകെയുടെ ജനനം. ഇടത്തരം കുടുംബ പശ്ചാത്തലം. അച്ഛന്‍ സര്‍ക്കാര്‍ സര്‍വേ വകുപ്പില്‍ ഓഫീസ് സഹായിയായി ജോലി ചെയ്തു. അമ്മ വീട്ടമ്മയായിരുന്നു. കെലനിയ സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയാണ് അനുര കുമാര ദിസനായകെ. വിദ്യാര്‍ഥി കാലത്തെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ഇദ്ദേഹം. ചെറിയ രാഷ്ട്രീയ ഇടപെടലുകളില്ലാതെ ഒരു ചെറിയ കര്‍ഷക കുടുംബത്തില്‍ വളര്‍ന്നുവെങ്കിലും, ‘എ.കെ.ഡി’ എന്ന ആദ്യാക്ഷരത്തില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ദിസനായകെ, വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
അക്കാലത്ത്, ശ്രീലങ്കന്‍ ഭരണകൂടത്തോടും ഭരണവര്‍ഗത്തോടുമുള്ള വിരോധം അദ്ദേഹത്തെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വേരുകളുള്ള പാര്‍ട്ടിയായ ജെ.വി.പിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചു. ജ്യേഷ്ഠസഹോദരനായി അദ്ദേഹം കരുതിയിരുന്ന അദ്ദേഹത്തിന്റെ കസിന്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടിരുന്നു. 1987 മുതല്‍ ജനതാ വിമുക്തി പെരമുന (ജെ.വി.പി) എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1988ല്‍ ജെ.വി.പിയുടെ സായുധ കലാപത്തിനെതിരെ രണസിംഗെ പ്രേമദാസ ഗവണ്‍മെന്റിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനം നടന്നു. ദിസനായകെയ്ക്ക് 20 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധു കൊല്ലപ്പെട്ടു. ശ്രീലങ്കയിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്.
രാഷ്ട്രീയ എതിരാളികള്‍ക്കും സാധാരണക്കാര്‍ക്കും എതിരായ റെയ്ഡുകളും കൊലപാതകങ്ങളും ആക്രമണങ്ങളും അടയാളപ്പെടുത്തിയ ഒരു സംഘര്‍ഷം. ഇത് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. മുതലാളിത്തത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് അജണ്ടയും ജെ.വി.പിക്ക് ഉണ്ടായിരുന്നു. 1980കളോടെ ജെവിപി കൂടുതല്‍ സിംഹള-ദേശീയ നിലപാട് സ്വീകരിച്ചു. സ്വയം ഭരണത്തിനും ഇന്ത്യയുടെ ഇടപെടലിനുമുള്ള തമിഴ് രാഷ്ട്രീയ അഭിലാഷങ്ങളെ ശക്തമായി എതിര്‍ത്തു. വംശീയ സംഘര്‍ഷം രൂക്ഷമാകുന്ന സമയത്ത് മധ്യസ്ഥനായി.
വര്‍ഷങ്ങളോളം നിരോധിക്കപ്പെട്ട ശേഷം പാര്‍ട്ടി പിന്നീട് നിയമവിധേയമാക്കപ്പെട്ടു. 1994ല്‍ പുതിയ നേതൃത്വവുമായി ജെ.വി.പി ഗതി മാറ്റി. അത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ സമന്വയിക്കുകയും പാര്‍ലമെന്ററി പ്രാതിനിധ്യം നേടുകയും ചെയ്തു.
അധികാരങ്ങളിലേക്ക് ?
1995ല്‍ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ ഓര്‍ഗനൈസറായി. 1997ല്‍ ജെ.വി.പിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ ജെ.വി.പി പൊളിറ്റ് ബ്യൂറോ അംഗവുമായി. 2008ല്‍ അതിന്റെ നേതാവാകുകയും ചെയ്ത ദിസനായകെ, ‘ഭീകരതയുടെ കാലഘട്ടം’ എന്ന് വിളിക്കപ്പെടുന്ന സമയത്ത് ഗ്രൂപ്പിന്റെ അക്രമത്തിന് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പാര്‍ലമെന്റില്‍ മൂന്ന് സീറ്റുകള്‍ മാത്രമുള്ള ജെവിപി, ഇപ്പോള്‍ ദിസനായകെ നയിക്കുന്ന എന്‍.പി.പി സഖ്യത്തിന്റെ ഭാഗമാണ്. 2000ത്തിലാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് ദിസനായകെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ കാര്‍ഷിക മന്ത്രിയായെങ്കിലും സഖ്യത്തിലുണ്ടായ ഭിന്നതകളെ തുടര്‍ന്ന് 2005ല്‍ രാജിവെച്ചു. അഴിമതി വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പോരാടുന്ന അനുര കുമാര ദിസനായകെ ഈ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2024 ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഫലം?
42.31 വോട്ട് നേടി അനുര ദിസനായകെ ഒന്നാമതെത്തിയപ്പോള്‍ നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17.27 ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്ക് 32.76 വോട്ടുകളും ലഭിച്ചു. കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ഥിക്കും നേടാനാകാതെ വന്നതോടെയാണ് രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ എണ്ണി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ വിജയം ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമല്ലെന്നാണ് ദിസനായകെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്.
നിങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചത്. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും ഈ വിജയം നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് പറയുന്നു. മാര്‍ക്‌സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരമുനയുടെ നേതൃത്വത്തിലുള്ള സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) സ്ഥനാര്‍ഥിയായാണ് ദിസനായകെ മത്സരിച്ച് വിജയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന ലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനത്തിലധികം മാത്രം വോട്ടുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ ഭരണത്തിലേറിയത്.
വഴി തെളിഞ്ഞത് ഇങ്ങനെ ?
മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയെ 2022ല്‍ ശ്രീലങ്കയില്‍ നിന്ന് പുറത്താക്കിയത് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളാണ്. വര്‍ഷങ്ങളായി കുറഞ്ഞ നികുതി. ദുര്‍ബലമായ കയറ്റുമതി. പ്രധാന നയ പിശകുകള്‍. കോവിഡ് -19 പാന്‍ഡെമിക്കിനൊപ്പം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വറ്റി. പൊതു കടം 83 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ എത്തി. പണപ്പെരുപ്പം 70 ശതമാനം ആയി ഉയര്‍ന്നു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മൂലം ആളുകള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്ന അവസ്ഥയുണ്ടായി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പലരും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. പ്രതിസന്ധിക്ക് രാജപക്സെയും അദ്ദേഹത്തിന്റെ സര്‍ക്കാരും കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പ്രസിഡന്റ് വിക്രമസിംഗെ, പണപ്പെരുപ്പം കുറയ്ക്കുകയും ശ്രീലങ്കന്‍ രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും അത് ഫലവത്തായില്ല.
2022ലെ സാമ്പത്തിക പ്രതിസന്ധിയും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും വ്യവസ്ഥാപരമായ അഴിമതിയും രാഷ്ട്രീയ ശിക്ഷാനടപടിയും ഉള്‍പ്പെടെ ശ്രീലങ്കയില്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ നേതൃത്വത്തിന് ആവശ്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. ആ ആവശ്യം മനസ്സിലാക്കി ദിസനായകെ തന്റെ വഴി തെലിക്കുകയും ചെയ്തു. ജനങ്ങള്‍ ആഗ്രഹിക്കുന്നതിനോട് യോജിക്കാത്ത പാര്‍ലമെന്റില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള നിലപാട് ?
ദിസനായകെ മുമ്പ് ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ വിജയം ഇന്ത്യയില്‍ ആശങ്കയുണ്ടാക്കിയിരിക്കാം. എങ്കിലും, ദിസനായകെ ബീജിംഗുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ശ്രീലങ്കയുടെ കടലും കരയും വ്യോമാതിര്‍ത്തിയും ഇന്ത്യയ്ക്ക് ഭീഷണിയായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം അടുത്തിടെ പ്രസ്താവിച്ചിരുന്നു. ന്യൂഡല്‍ഹിയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഇത് നിര്‍ണായകവുമാണ്.
ഇതാണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. വരാനിരിക്കുന്നത്, നല്ല കാലമാണെന്ന് പ്രത്യാശിക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സഹായങ്ങള്‍ക്കെങ്കിലും ശ്രീലങ്ക അര്‍ഹമായേക്കും. പക്ഷെ, അത് ഇന്ത്യക്ക് ദോഷകരമാകാതെ ഇരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
CONTENT HIGHLIGHTS;Lanka, where the dragon blossomed: Ravana reddened the fort; Who is Anura Kumara Dissanayake?