ലബനന് നേരെയുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയുമായി ഹിസ്ബുള്ള ഫാദി-1, ഫാദി-2 മിസൈലുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതോടെ തുറന്ന യുദ്ധം ആരംഭിച്ചിരിക്കുകയാണ്. മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രയേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയര്‍ബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സഖ്റൂണ്‍ ഏരിയയിലെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറിക്ക് നേരെയും ഹിസ്ബുല്ല മിസൈല്‍ തൊടുത്തു.
ഇതുള്‍പ്പെടെ ആറ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് ഹിസ്ബുല്ല വ്യക്തമാക്കുന്നത്. ‘ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ്’ എന്നു പേരിട്ട സൈനിക നടപടിയില്‍ ഐ.ഡി.എഫ് തിങ്കളാഴ്ച തെക്ക്, കിഴക്കന്‍ ലബനനില്‍ നടത്തിയ വ്യാപക ആക്രമണത്തില്‍ 500ഓളം പേര്‍ മരിച്ചിരുന്നു. 1645 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുള്ളതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. ഇതിനു മറുപടിയാണ് ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം.
മെഗിദ്ദോ സൈനിക താവളം മൂന്ന് തവണയാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കുന്നു. ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന എയര്‍ഫീല്‍ഡ് ആദ്യമായിട്ടാണ് ഹിസ്ബുള്ള ലക്ഷ്യമിടുന്നത്. റമാത്ത് ഡേവിഡ് എയര്‍ബേസിനെ നേരത്തേയും ഹിസ്ബുള്ള ലക്ഷ്യമിട്ടിരുന്നു. ഹൈഫയിലെ ഇസ്രായേല്‍ സൈനിക വ്യവസായ സമുച്ചയത്തിന് നേരെ നേരത്തെ ഹിസ്ബുള്ള മിസൈല്‍ പ്രയോഗിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടി.
അതേസമയം ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആക്രമണങ്ങളുടെ തീവ്രത അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ലബനനിലെ ഇസ്രയേലിന്റെ ആക്രമണം മുഴുവന്‍ പ്രദേശത്തെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. ” അലി കറാകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ തെറ്റാണ്.
കമാന്‍ഡര്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഹിസ്ബുള്ള വ്യക്തമാക്കുന്നു. അതേസമയം, വടക്കന്‍ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗലീലിയിലും ഹൈഫയ്ക്ക് സമീപമുള്ള പട്ടണങ്ങളിലും അലേര്‍ട്ടുകള്‍ മുഴങ്ങുന്നുണ്ട്. എന്നാല്‍, വടക്കന്‍ നഗരമായ നഹാരിയ ലക്ഷ്യമാക്കി വന്ന രണ്ട് റോക്കറ്റുകള്‍ കടലില്‍ പതിച്ചതായി ഐ.ഡി.എഫ് അവകാശപ്പെടുന്നുണ്ട്. സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ ഹൈഫ നഗരത്തിലെ താമസക്കാര്‍ സുരക്ഷതി കേന്ദ്രങ്ങളിലേക്ക് മാറി.
വടക്കന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തിലും പരിസര പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായേലി സേന തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണങ്ങളില്‍ നിന്ന് അഭയം തേടി ഓടിയപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റതായും, ആക്രമണഭീതി മൂലമുണ്ടായ ഉത്കണ്ഠയില്‍ നിരവധി പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്ളയുമായുള്ള തുറന്ന യുദ്ധം ആരംഭിച്ചതോടെ ലെബനനിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍ിക്കഴിഞ്ഞിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നാണ് ലബനനിലെ ജനങ്ങള്‍ക്കു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കിയത്.
ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം 492 പേരുടെ മരണത്തിനു കാരണമായതിനു പിന്നാലെയാണ് ലബനന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്. ഇസ്രയേലിന്റെ യുദ്ധം ലബനീസ് ജനതയോടല്ലെന്നും ഹിസ്ബുള്ളയോടാണെന്നും സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.’ലബനനിലെ ജനങ്ങളോട് ഒരു സന്ദേശമുണ്ട്. ഇസ്രയേലിന്റെ യുദ്ധം നിങ്ങള്‍ക്കെതിരെയല്ല. അത് ഹിസ്ബുള്ളയ്‌ക്കെതിരെയാണ്. ഏറെക്കാലമായി നിങ്ങളെയെല്ലാം ഹിസ്ബുള്ള മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു.
നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകളും ഗാരേജുകളില്‍ മിസൈലുകളും അവര്‍ ഒളിപ്പിക്കുന്നു. ഈ റോക്കറ്റുകളും മിസൈലുകളുകളും ഞങ്ങളുടെ നഗരങ്ങളെയും ഞങ്ങളുടെ ജനതയെയും ലക്ഷ്യമിട്ടാണു വരുന്നത്. ഹിസ്ബുള്ള ആക്രമണങ്ങളില്‍നിന്ന് ഇസ്രയേല്‍ ജനതയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആയുധമെടുത്തേ മതിയാകൂ. സുരക്ഷിത സ്ഥാനങ്ങള്‍ തേടണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ നിര്‍ദേശം ഗൗരവമായെടുക്കണം. നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജീവന്‍ അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്.
ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായതിനുശേഷം നിങ്ങള്‍ക്കു സ്വന്തം വീടുകളിലേക്കു സുരക്ഷിതമായി തിരിച്ചുവരാം’ നെതന്യാഹു പറഞ്ഞു. അശാന്തിയുടെ നാളുകളില്‍ സ്വന്തം നാടും വീടും ഉഫേക്ഷിച്ചു പോകുന്ന ജനങ്ങളുടെ മാനസികാവസ്ഥ പോലും മനസ്സിലാക്കാതെയുള്ള യുദ്ധം എന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
CONTENT HIGHLIGHTS;Hezbollah Responds to Israel with ‘Fadi’: Benjamin Netanyahu Tells Lebanese to Move to Safe Places