വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കി മാധ്യമങ്ങലുടെ വായടപ്പിച്ചെങ്കിലും, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സാലറി ചലഞ്ച് വിചാരിച്ച പോലെ വിജയിക്കാത്തതില്‍ സര്‍ക്കാരിന് കടുത്ത നിരാശ. ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ അപവാദം കേള്‍ക്കുകയും ചെയ്തു, സാലറി ചലഞ്ചില്‍ വിജയിക്കാനുമാകാത്തത് സര്‍ക്കാരിന് ഇരട്ട പ്രഹരമായിരുന്നു. കേന്ദ്രം ഇതുവരെ ഫണ്ട് നല്‍കുന്നതിനുള്ള നീക്കം നടത്തിയിട്ടുമില്ല. സന്‍മനസ്സുള്ളവര്‍ നല്‍കുന്ന പണം ഉപയോഗിച്ചാണ് ഇപ്പോഴുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിരിച്ചു കിട്ടുന്ന തുകകൂടി ഉണ്ടെങ്കില്‍ സര്‍ക്കാരിന് കുറച്ച് ആശ്വാസമാകുമായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ ദുരിതാശ്വാസ ഫണ്ടിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ഇതോടെ സര്‍ക്കാരിന്റെ സാലറി ചലഞ്ച് പ്രതീക്ഷിച്ചതു പോലെ വിജയിച്ചില്ലെന്ന വിലയിരുത്തലുമുണ്ടായി. അതാണ്, വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ സമ്മതപത്രം നല്‍കുന്നതിനുള്ള സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് സംഭാവന നല്‍കുന്നതിന് അനുമതി നല്‍കി ധനവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ആഗസ്ത് മാസത്തെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യാനായിരുന്നു നേരത്തെ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. പല ജീവനക്കാര്‍ക്കും സമ്മതപത്രം നല്‍കാന്‍ സാധിച്ചില്ലെന്നും സമയപരിധി നീട്ടി നല്‍കണമെന്ന നിവേദനം ലഭിച്ചുവെന്നുമാണ് പുതിയ ഉത്തരവ് ഇറക്കിയതിന് ന്യായികരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സാലറി ചലഞ്ച് പരാജയപ്പെട്ടതോടെയാണ് സമ്മതപത്രം നല്‍കാനുള്ള സമയപരിധി നീട്ടിയതെന്ന ആക്ഷേപം പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
അഞ്ച് ദിവസം നിര്‍ബന്ധമാക്കാതെ ജീവനക്കാരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ സാലറി നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. അഞ്ചു ദിവസത്തെ സാലറി എന്നത്, 500 കോടിയായി സര്‍ക്കാര്‍ കണക്കു കൂട്ടിയാണ് അങ്ങനെ നിശ്ചയിച്ച് ചലഞ്ച് പ്രഖ്യാപിച്ചത്. എന്നാല്‍, ജീവനക്കാരില്‍ പകുതിയില്‍ താഴെ പേരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. സി.എം.ഡി.ആര്‍.എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് വെറും 41 കോടി രൂപ മാത്രമായിരുന്നു. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. പ്രതീക്ഷിച്ച തുക കിട്ടാതെ വന്നതോടെയാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് നല്‍കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്.
സാലറി ചലഞ്ചിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ക്ഷാമബത്ത അടക്കം നിരവധി ആനുകൂല്യങ്ങള്‍ 3 വര്‍ഷമായി ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. അതിന്റെ പ്രതിഷേധവും സാലറി ചലഞ്ചിനെ ബാധിച്ചു. ട്രഷറി രേഖകള്‍ അനുസരിച്ച് 41 കോടി 20 ലക്ഷത്തോളം രൂപയാണ് സാലറി ചലഞ്ചുവഴി കിട്ടിയിട്ടുള്ളത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിയവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സര്‍ക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടിരൂപ.
5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്യേണ്ടത്. സെപ്റ്റംബറില്‍ നല്‍കുന്ന ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളം വീതം നല്‍കണം. അങ്ങനെ പരമാവധി മൂന്നുഗഡുക്കളായി പണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇങ്ങനെ 500 കോടി രൂപ സ്വരൂപിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ധനവകുപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതിവിടെയാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ പട്ടിക നോക്കുമ്പോള്‍ അധികം ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്. ഇങ്ങനെ അഞ്ചുദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു. ഫലത്തില്‍ കണക്കില്‍ പണമെത്തിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ല. ഈ തുക ധനവകുപ്പ് നല്‍കേണ്ടി വരും.
അതായത് ഇനി ലീവ് സറണ്ടര്‍, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളം മാത്രമാണ് കിട്ടാനുള്ളത്. ഒക്ടോബറിലും നവംബറിലും അക്കൗണ്ടിലേക്ക് വരുന്നത് ലീവ് സറണ്ടറും, പിഎഫ് സംഭവാനയും ഇല്ലാത്ത തുകയാണ്. ഇങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട തുക ഇതുവരെ അനുവദിച്ചിട്ടില്ല. വയനാട്ടില്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫണ്ടില്ലാതെ മുന്നോട്ടു പോകാനാകാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെമ്മോറാണ്ടത്തെ പെരുപ്പിച്ച് കാണിച്ചുള്ള വാര്‍ത്തകള്‍ വന്നത്.
കേന്ദ്രത്തിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞിട്ടുള്ള തുകയെല്ലാം, സര്‍ക്കാര്‍ ചെലവഴിച്ചെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, അതെല്ലാം വാസ്തവ വിരുദ്ധമായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രത്തോട് ആവശ്യപ്പെട്ട കണക്കാണ് അതെന്നും വിശദീകരിച്ചു. എന്നാല്‍, സര്‍ക്കാരിന് ലഭ്യമാക്കേണ്ട തുകയൊന്നും കൃത്യമായി എത്തുന്നുമില്ല. ജീവനക്കാര്‍ പുറംതിരിഞ്ഞു നിന്നതോടെയാണ് സര്‍ക്കാരിന്റെ പ്രധാന സ്രോതസ്സ് അടഞ്ഞുപോയത്. 500 കോടി പിരിക്കാനായിരുന്നുവെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്നു.
CONTENT HIGHLIGHTS;500 Crore target but not getting anywhere SalaryChallenge: I only heard scandals; Government’s next payment after extension of time