ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍ കണ്ണും നട്ട്, തന്റെ തേരാളിയെ കാത്തിരുന്ന ഒരു മനുഷ്യസ്‌നേഹിയുടെ കഥയാണ് ഇന്ന് കേരളത്തിന് അഭിമാനത്തോടെ പറയാനുള്ളത്. ഇന്നലെ ഉച്ചവരെ ആ കഥയ്ക്ക് വലിയ പ്രസക്തിയില്ലായിരുന്നു. പക്ഷെ, കര്‍ണ്ണാടകയിലെ ഷിരൂരിലൂടൊഴുകുന്ന, ഒരേസമയം ശാന്തതയും രൗദ്രതയും കൈമുതലാക്കിയ ഗംഗാവാലി പുഴ കനിയുന്നതു വരെയും. പുഴയുടെ ആഴങ്ങളില്‍ വീണുപോയ തന്റെ തേരാളിയെ ഏതു രൂപത്തിലായാലും അവന്റെ വീട്ടിലെത്തിക്കാന്‍ വേണ്ടി ഉറക്കമിളച്ചിരുന്ന രാപ്പകലുകള്‍. വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച ദിവസങ്ങള്‍. കനത്ത മഴയിലും, കുത്തിയൊലിക്കുന്ന പുഴയിലേക്കു നോക്കി, അവനെ തിരികെ തന്നാല്‍ മടങ്ങിപ്പൊയ്‌ക്കൊള്ളാം എന്ന് മനസിലുരുവിട്ട് 72 നാള്‍.
‘മനാഫ്’. അതാണ് ആ ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പുതിയ പേര്. മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കുന്ന നല്ല നാളേകളെ സ്വപ്‌നംകാണുന്ന കാലത്തിന്റെ അടയാളം കൂടിയാണ് ആ പേരുകാരന്‍. ‘അര്‍ജുന്‍’ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരു വിതുമ്പലായ് വന്നു വിളിക്കുകയായിരുന്നു ഓരോ മലയാളിയുടെയും മനസ്സില്‍. അപ്പോഴൊേെക്കയും അവനെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു മനാഫ് കാണാമറയത്തുമായിരുന്നു. കോഴിക്കോട് കല്ലായ.ിപുഴയോരത്തെ തടിക്കച്ചവടക്കാരന്‍ മനാഫിന്റെ സ്‌നേഹത്തിന്റെ കഥ കേള്‍ക്കാന്‍ ഇന്നലെ വൈകിട്ടു മുതല്‍ കണ്ണും കാതും തുറന്നിരുന്നവര്‍ എത്രപേരാണെന്ന് കണക്കുണ്ടാകില്ല.
ഒന്നറിയാം, അയാളുടെ സഹനവും, ആ കണ്ണില്‍പൊടിഞ്ഞ കണ്ണീരും പര്‍ന്നു കയറിയത് മലയാളികളുടെ ഇടനെഞ്ചിലേക്കായിരുന്നു. അര്‍ജുന്റെ ലോറി ഗംഗാവാലിയില്‍ നിന്നും ഉയര്‍ന്നു വന്ന നിമിഷം മുതല്‍ ശരീരത്തിലൂടെ അരിച്ചു കയറിയ തരിപ്പിനൊടുവില്‍ വിങ്ങിപ്പൊട്ടിപ്പോയവര്‍ എത്രയോപേരാണ്. അറിയാതെ കണ്ണു നീര്‍ച്ചാലുകള്‍ വഴി ഒഴുകിപ്പോയതെത്ര കണ്ണീരാണ്. വിതുമ്പലടക്കാന്‍ പ്രയാസപ്പെട്ട എത്രയെത്ര അമ്മമാര്‍…സഹോദരിമാര്‍…സുഹൃത്തുക്കള്‍. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് തേരാളിയായെങ്കില്‍, ഇവിടെ മനാഫിന്റെ തേരിന്(ലോറിക്ക്) അര്‍ജുനായിരുന്നു സാരഥി. തന്റെ തേരിനെ വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ച തേരാളി ആ തേരിലുള്ളില്‍ തന്നെയുണ്ടാകുമെന്ന് മനാഫ് മാത്രം വിശ്വസിച്ചു.
മറ്റുള്ളവരോട് അത് പറയാനും ശ്രമിച്ചു. പുഴയുടെ 12 മീറ്റര്‍ ആഴത്തില്‍ ആ ലോറിയുണ്ടായിരുന്നുവെന്നും, അതിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും മനാഫ് പറഞ്ഞത് ഇന്നലെയോടെയാണ് ലോകം പോലും വിശ്വസിച്ചത്. തന്റെ തേരിനെയും തേരാളിയെയും അത്രകണ്ട് സ്്‌നേഹിച്ചിരുന്നൊരു സതീര്‍ത്ഥ്യനായിരുന്നു താനെന്ന് തെളിയിക്കുക കൂടിയാണ് മനാഫ് ചെയ്തത്. ‘ നമ്മള്‍, ഒന്ന് നേടണമെന്ന് വിചാരിച്ച് ആത്മാര്‍ത്ഥമായി ഇറങ്ങിയാല്‍ അത് നടന്നിരിക്കും. ആരൊക്കെ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും’ ഇതായിരുന്നു പുഴയില്‍ നിന്നും ലോറി കണ്ടെത്തിയപ്പോള്‍ മനാഫിന്റെ വാക്കുകള്‍. വിതുമ്പുന്ന വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞ മറ്റൊരു കാര്യം അര്‍ജുന്റെ അമ്മയ്ക്കു കൊടുത്ത വാക്കാണ്. ‘അവനെ തിരികെ എത്തിച്ചിരിക്കും, അതിനി എന്ത് ത്യാഗം സഹിച്ചായാലും’.
‘ആ വണ്ടി പൊന്തിക്കുക, ആ ക്യാബിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്, അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു.’ മനാഫെന്ന കല്ലായിക്കാരന്‍ തടിക്കച്ചവടക്കാരന്റെ കരളുറപ്പും മനോധൈര്യവും, വാക്കിന്റെ വിലയുമാണ് ആ വാക്കുകളില്‍ സ്ഫുരിച്ചു നില്‍ക്കുന്നത്. ഉറവവറ്റാത്ത സ്‌നേഹത്തിന്റെ കഥ മാത്രമല്ലത്, ഒറ്റപ്പെടുത്തലുകളില്‍ തളരാതെ, ദുസൂചനകള്‍ വെച്ചുള്ള അപവാദങ്ങളില്‍ പതറാതെ, നഷ്ടങ്ങളെയും കഷ്ടങ്ങളെയും അതിന്റെ പാട്ടിനു പറഞ്ഞുവിട്ടും, ഒറ്റയ്ക്കു സഹിച്ച് കരഞ്ഞ് തളര്‍ന്ന മനസ്സിനെ വീഴാതെ പിടിച്ചു നിര്‍ത്തിയതിന്റെ കൂടെ കഥയാണ്.
കാലുപിടിച്ചും, തൊഴുതും, കരഞ്ഞും, കേണപേക്ഷിച്ചും അര്‍ജുനെ കണ്ടെത്താന്‍ താണ്ടിയ മുള്‍വഴികളില്‍ മനാഫ് വിജയിച്ചു. അര്‍ജുനെയും, അവന്‍ ഓടിച്ചിരുന്ന വണ്ടിയെയും തിരികെ നല്‍കിയതോടെ ഒരായിരം വട്ടം ഗംഗാവാലിയോടെ മനാഫ് നന്ദി പറഞ്ഞിട്ടുണ്ടാകും. കേട്ട പഴികള്‍ക്കെല്ലാം മറുപടി നല്‍കിയതിന്. തന്റെ സതീര്‍ത്ഥ്യനെ തിരികെ തന്നതിന്. അര്‍ജുന്‍ എവിടെയെന്ന ചോദ്യത്തിന് വലിയ ഉത്തരം നല്‍കിയതിനൊക്കെയുമുള്ള നന്ദി. എല്ലാം കഴിഞ്ഞാണ് മനാഫ് അര്‍ജുന്റെ അമ്മയ്ക്കു കൊടുത്ത വാക്ക് പാലിച്ചതിന്റെ ആശ്വാസത്തിലേക്ക് ശ്വാസം വിടുന്നത്. ഉറങ്ങാതിരുന്ന കണ്ണുകളില്‍ കണ്ണീര്‍പോലുമില്ലാതെ നിന്നൊരു മനുഷ്യനെയാണ് മാധ്യമങ്ങള്‍ ഗംഗാവാലി പുഴയ്ക്കരികില്‍ ഇന്നലെ കണ്ടത്.
മനാഫിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി ഭാഗമായിരുന്നു, ഒരുഘട്ടത്തില്‍ അവസാനിച്ചെന്നു തോന്നിയ തിരച്ചില്‍ എഴുപത് ദിവസത്തോളം നീളാന്‍ കാരണമായതും. ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങള്‍. ”ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങളോളം മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല. അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല. മനാഫ് എക്കാലവും മാതൃകയായി ഓര്‍മ്മിക്കപ്പെടും. നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.”
എന്നുതുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അര്‍ജുനെയും ലോറിയെയും കാണാതായതിന് പിറ്റേന്ന് മുതല്‍ മനാഫ് ഷിരൂരില്‍ ഉണ്ട്. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന തിരച്ചില്‍ വേഗത്തിലാക്കുന്നതും തിരച്ചില്‍ അവസാനിപ്പിക്കുമെന്ന ഘട്ടത്തില്‍ അധികാരികളുടെ പിറകെ നടന്ന് അന്വേഷണം പുനരാരംഭിപ്പിച്ചതുമെല്ലാം മനാഫായിരുന്നു. സ്വാര്‍ഥലാഭത്തിനു വേണ്ടിയാണ് മനാഫ് ഇങ്ങനെ ചെയ്യുന്നത് എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളും കേട്ടു.
ഇനി, അര്‍ജുന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് പ്രധാനം. ആ അമ്മയ്ക്കു മകനാവുകയെന്നതാണ് കര്‍മ്മം. തന്റെ മക്കള്‍ക്കൊപ്പം അര്‍ജുന്റെ കുഞ്ഞിനെ വളര്‍ത്തുകയെന്നതാണ് ധര്‍മ്മം. അര്‍ജുന്റെ വീടിനെ സ്വന്തം വീടുപോലെ നോക്കുകയെന്നതില്‍ സന്തോഷം കണ്ടെത്തുക എന്നതാണ് സത്യവും. അതിനാണ് ഇനിയുള്ള ജീവിതം മനാഫ് മാറ്റിവെയ്ക്കുന്നതും. ലോകമേ !!! കാണുക ഇതാണ് കേരളം. ഇതാണ് മലയാളി. ഇതാണ് മനുഷ്യന്‍. ജീവിത വഴികളില്‍ മനുഷ്യനെ തിരിച്ചറിഞ്ഞ സ്‌നേഹിക്കാനും കരുതലോടെ ചേര്‍ത്തു പിടിക്കാനും പഠിപ്പിക്കുന്ന ഒരു നാടിന്റെ അടയാളമായി എടുത്തു കൊള്ളുക. ‘മനാഫ്’ അതാണ് മലയാളിയുടെ മനസ്സ്. ‘മനാഫ്’ അതാണ് നമ്മുടെ മതം. ‘മനാഫ്’ അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാരന്‍.
CONTENT HIGHLIGHTS;’Manaf’, the name is a sign of the times when man loves man like music; He comes and calls ‘Arjun’