‘ വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുകതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ…ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.’ ഇതാണ് നിലമ്പൂര്‍ എം.എല്‍.എ തന്റെ ഫേസ്ബുക്കിലെ ഇന്നത്തെ പോസ്റ്റ്. അന്‍വറിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്, നീതി നിഷേധിക്കപ്പെട്ട്, മാറ്റി നിര്‍ത്തപ്പെട്ടവന്റെ പ്രതിഷേധമാണെന്ന് മനസ്സിലാകും. സര്‍ക്കാരിന്റെ ഭാഗമായിരുന്നിട്ടു പോലും നീതി നടപ്പാക്കാന്‍ കഴിയാതെ പോകുന്നതിന്റെ വേദനയും വിഷമവും വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഇന്ന് വൈകിട്ട് നടത്താന്‍ പോകുന്ന വാര്‍ത്താ സമ്മേളനത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച് ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് അന്‍വര്‍. വൈകിട്ട് ആരുടെയൊക്കെ പേരുകള്‍, എന്തൊക്കെ വെളിപ്പെടുത്തലുകള്‍ ആയിരിക്കും ഉണ്ടാവുക. ആരൊക്കെയാണ് അന്‍വറിന്റെ വാര്‍ത്താ സമ്മേളനം ഭയക്കുന്നതെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. അന്‍വറിന് വാര്‍ത്താ സമ്മേളനം നടത്താന്‍ മുഖ്യമന്ത്രിയോളം ഗൃഹപാഠം ചെയ്യേണ്ടതില്ല. തെളിവുകളുമായിട്ടായിരിക്കും എത്തുക. കാരണം, അന്‍വര്‍ വിതച്ച വിത്താണ് ADGP എം.ആര്‍. അജിത്കുമാറിനെതിരേയുള്ള ആരോപണം. അത് ഇപ്പോള്‍ കൊയ്യുന്ന അവസ്ഥയിലായിട്ടുണ്ട്.
പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായതും ഈ ആരോപണങ്ങളിലൂടെയാണ്. പക്ഷെ, അന്‍വറിനെ കണ്ണുരുട്ടിയും, ശാസിച്ചും, ഭയപ്പെടുത്തിയും ഒടുവില്‍ തള്ളിക്കളഞ്ഞുമാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നിവര്‍ന്നു നിന്നത്. വെറും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരുമാകില്ലെന്നും, വന്നവഴി മറക്കരുതെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞതോടെ അന്‍വര്‍ പൂര്‍ണ്ണമായും പുറത്താണെന്ന് ഉറപ്പായിക്കഴിഞ്ഞു. രക്ഷിക്കാനാരുമില്ലെന്ന സ്ഥിതി വന്നാല്‍, പിന്നെ പിടിവിട്ട കളിക്കേ സാധ്യതയുള്ളൂവെന്ന് അന്‍വറിനും അറിയാം. ആ കളിയാണ് ഇനി അന്‍വറില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. ഇടതു സ്വതന്ത്രന്‍ എന്ന ചങ്ങല പൊട്ടിച്ചെറിയുമോ എന്നതാണ് ജനങ്ങളുടെ സംശയം.
അതോ പുതിയ വെളിപ്പെടുത്തലുകളിലൂടെ അന്‍വര്‍ വീണ്ടും കളം പിടിക്കുമോ. ഒരു കാര്യം ഉറപ്പാണ്. അന്‍വറിന്റെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തിരി കൂടുതലുള്ള ആത്മാഭിമാനത്തിന്റെ പേരില്‍ തീ ആകാന്‍ തയ്യാറായിരിക്കുന്നത്. വിശ്വസിച്ച പാര്‍ട്ടി തള്ളിപ്പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിക്കു വിധേയനായാണ് എല്ലാ സമയവും അന്‍വര്‍ നടന്നിരുന്നത്. തന്റെ ഫേസ്ബുക്ക് കവര്‍ പോലും പിണറായി വിജയനു പിന്നാലെ നടക്കുന്ന ഫോട്ടോ ആയിരുന്നു. പിന്നീടതു മാറ്റി ജനങ്ങളിലേക്കിറങ്ങുന്ന ഫോട്ടോ ഇട്ടു. ആരോപണങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ പൊള്ളിയവരും അവരെ സംരക്ഷിച്ചവരും ചേര്‍ന്ന് ത്താക്കാലികമായി നിശബ്ദനാക്കി.
അപ്പോഴും അടങ്ങിയെങ്കിലും ആത്മാഭിമാനത്തിന് മുറിവേറ്റുവെന്ന ചിന്തയാണ് വീണ്ടും ശബ്ദിക്കാന്‍ തീരുമാനമെടുപ്പിച്ചത്. ഇതിനു തൊട്ടുമുമ്പ് വനംവകുപ്പിലെ ഉദ്യോഗസ്ഥനെ ശാസിക്കുകയും, വകുപ്പിനെതിരേ കടുത്ത ആരോപണവും ഉന്നയിച്ചായിരുന്നു അന്‍വര്‍ കളം വിട്ടത്. ‘നിയമസഭയില്‍ പറയാനിരുന്ന കാര്യമാണ് ഇപ്പോള്‍ പറയുന്നത്, ഇനി പറയാന്‍ കഴിഞ്ഞില്ലെങ്കിലോ’ എന്നൊരു സൂചനയും നല്‍കിക്കൊണ്ടാണ് അപ്പോള്‍ പി.വി.അന്‍വര്‍ എം.എല്‍.എ, വനംവകുപ്പിനെതിരേ ആയുധമെടുത്തത്. മുഖ്യമന്ത്രിയും അതിനു പിന്നാലെ CPMഉം പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞതോടെ സ്ഥലജലവിഭ്രമം സംഭവിച്ചതു പോലെയാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അവസ്ഥയെന്ന ഒളിഞ്്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങളും കേട്ടു. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ചതിനു പിന്നാലെ വനംവകുപ്പിനെതിരേയും ശക്തമായ ആരോപണം ഉന്നയിച്ചത് മുന്നണിക്കുള്ളിലും തലവേദനയായി.
എന്നാല്‍, തുടങ്ങിവെച്ച, അഴിമതിക്കെതിരേയുള്ള പോരാട്ടം പൂര്‍ത്തിയാക്കിയേ നിര്‍ത്തൂ എന്നാണ് അന്‍വര്‍ പ്രതിരകിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ പ്രതികരണവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയില്‍ ഈ കേസുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസില്‍ നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പല തവണ ആവര്‍ത്തിച്ചിരുന്നു.
ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസില്‍ എടവണ്ണ പൊലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിര്‍ത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ജനകീയമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം അന്‍വര്‍ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് വൈകിട്ട് അന്‍വര്‍ മാധ്യമങ്ങളെ കാണുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് കമന്റുകളായി വന്നിരിക്കുന്നത്.
അന്‍വറിന്റെ FB പോസ്റ്റിനു താഴെ വന്ന ചില പ്രതികരണങ്ങള്‍ ഇങ്ങനെ
- ‘അതെ സത്യം പറഞ്ഞു വിജയിക്കാന്‍ ഒരുമ്പിട്ടവന് നെഞ്ചിനകത്ത് ആ സത്യം വെച്ച് മിണ്ടാതിരിക്കാനാകില്ല…അത് ഏത് കൊലകൊമ്പത്തെ പാര്‍ട്ടി നിര്‍ദ്ദേശം വന്നാലും…’ എന്നാണ് ഒരു കമന്റ്.
- ‘നിങ്ങളുടെ ഒപ്പം ഒരു നിഴലായി ഞങ്ങള്‍ പിന്നില്‍ കൂടെയുണ്ട്…അത് സോഷ്യല്‍ മീഡിയയിലെ കേവലം എഴുത്ത് മാത്രമായിരിക്കില്ല..
പുഴുക്കുത്തുകള്‍ക്ക് പരവതാനിവിരിക്കുന്ന ഏത് രാജാവായാലും പ്രശ്‌നമില്ല, നീതിയോടൊപ്പം സ്വന്തം അണികള്‍ക്കൊപ്പം നില്‍ക്കേണ്ട നേതൃത്വം ആയാലും പ്രശ്‌നമില്ല… നിങ്ങള്‍ക്കൊപ്പം ഉള്ളത് ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളും സത്യത്തിനൊപ്പം നിലകൊള്ളുന്ന പാര്‍ട്ടി അണികളും ആകുമ്പോള്‍ സത്യത്തില്‍ യഥാര്‍ത്ഥ ജനകീയ നേതാവ് നിങ്ങളാണ്…
നിങ്ങളുടെ ശരിക്കൊപ്പമാണ് നിങ്ങള്‍ക്ക് ഒപ്പമാണ് കേരളീയ ജനത…
ഒരിഞ്ചു പിന്തിരിയരുത്…
ഉപദേശകരും,ആരോപണ വിധേയരും പറഞ്ഞ വാക്കുകള്‍ മാത്രം അതേപടി വിഴുങ്ങിയ
മുഖ്യന് പറഞ്ഞ വാക്കുകള്‍ തിരുത്തേണ്ടി വരും ..
നിങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ഇത് കേരളത്തിലെ ജനങ്ങള്‍ ഉണ്ട്…
ഇല്ല സര്‍,സത്യം ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഇവര്‍ക്കൊന്നുമാകില്ല…’ മറ്റൊരു കമന്റ് ഇങ്ങനെയാണ്. - ‘ അധികാരികള്‍ കൂടെ ഇല്ലെങ്കിലും അധികാരത്തിലെത്തുന്ന ജനം നീതിയുടെ പക്ഷം ചേര്‍ന്നു നില്‍ക്കുന്നവരുടെ കൂടെയുണ്ടാവും. ചരിത്രപരമായ മറ്റൊരു മണ്ടത്തരം കൂടിയാണ് സി പി എം ഇപ്പോള്‍ ചെയ്യുന്നത് അതിന് നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും.’ എന്നാണ് ഒരാളുടെ കമന്റ്.
- ‘ഇടതുപക്ഷ എം എല്‍ എ എന്ന ലേബലിലുള്ള പി വി അന്‍വറിന്റെ അവസാന വാര്‍ത്ത സമ്മേളനമായിരിക്കും ഇന്ന്’ എന്നാണ് മറ്റൊരു പ്രതികരണം. ‘
- ‘അന്‍വര്‍ താങ്കള്‍ മറ്റൊരു കെ.ടി ജലീല് ആകുമെന്ന് കരുതിയിരുന്നു. ജലീലിനെ പോലെ ആട് ജീവിതം നയിക്കാന്‍ താങ്കള്‍ തയ്യാറല്ല എന്നാണ് താങ്കളുടെ പ്രസ്താവനകള്‍ നല്‍കുന്ന സൂചന. ഒരു കരുതല്‍ താങ്കള്‍ക്ക് എപ്പോഴും വേണം. ഒന്ന് പിണറായി ആണ്. രണ്ട് സിപിഎം ആണ്. അവരുടെ ചതിക്കുഴികള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പ്രയാസകമാകും. താങ്കള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ശരിയാണെന്നുള്ളത് കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. താങ്കളുടെ രാഷ്ട്രീയത്തില്‍ സത്യസന്ധത ഉണ്ടെങ്കില്‍ കേരളീയ സമൂഹത്തിനു നഷ്ടപ്പെടാന്‍ പാടില്ല. നിങ്ങളെപ്പോലെ ഒരു ജനപ്രതിനിധിയെ ധീരമായി മുന്നോട്ടുപോകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നും പ്രതികരിക്കുന്നുണ്ട്.
- ‘ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്…അല്ലെങ്കില്‍ കളരിക്ക് പുറത്ത്. എന്തായാലും രണ്ടിലൊന്ന് വൈകിട്ട് അറിയാം.’
- ‘ പാര്‍ട്ടി അടിമയാകുമ്പോള്‍ ഒരാള്‍ക്ക് ആദ്യം നഷ്ടപ്പെടുന്നത് അല്ലെങ്കില്‍ നഷ്ടപ്പെടുത്തുന്നത് ആത്മാഭിമാനമാണ്. അത് വീണ്ടെടുക്കുമ്പോള്‍ നമ്മള്‍ വീണ്ടും മനുഷ്യരോടൊപ്പം നില്‍ക്കുന്ന നന്മയുള്ള മനുഷ്യരാകുന്നു.. അവനാണ് യഥാര്‍ത്ഥ സഖാവ്.. അന്തസ്സുള്ള മനുഷ്യനായി മനുഷ്യരോടൊപ്പം നില്‍ക്കുക.’
ഇങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ വരുന്നത്. അന്‍വറിനാണോ ആരോപണ വിധേയര്‍ക്കും അഴരെ സംരക്ഷിക്കുന്നവര്‍ക്കുമാണോ പിന്തുണ ലഭിക്കുന്നതെന്ന് ഇന്ന് വൈകിട്ടോടെ അറിയാനാകും.
CONTENT HIGHLIGHTS;”If there is no justice, you will be a fire”: Will PV Anwar explode in the evening?; Who is afraid?