Explainers

ശവത്തിനു പൗഡറിട്ടപോലെ CPMന്റെ അവസ്ഥ: പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ മൂന്ന് ഗ്രൂപ്പ്; അന്‍വര്‍ ആരുടെ ചാവേര്‍?; ജില്ലാക്കമ്മിറ്റികള്‍ പിടിക്കാന്‍ ഒരുങ്ങി പിണറായി(എക്‌സ്‌ക്ലൂസിവ്)

കൊല്ലത്തറിയാം പിണറായി വിജയനെന്ന സൂര്യന്‍ പാര്‍ട്ടിക്കുള്ളില്‍ അസ്തമിക്കുമോ അതോ ജ്വലിക്കുമോ എന്ന്

ശവത്തില്‍ പൗഡറിട്ട് പൊതു ദര്‍ശനത്തിനു വെയ്ക്കുന്നതു പോലെയാണ് കേരളത്തിലെ സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. അകം പഴുത്ത് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുമ്പോഴും, പുറത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ നേതാക്കളെല്ലാം കൃത്രിമച്ചിരിയും, വരട്ടു തത്വവാദങ്ങളും, ക്യാപ്‌സ്യൂളുകളും, തര്‍ക്കുത്തരവും, ആക്രമണവുമെല്ലാം നടത്തി മുന്നേറുകയാണ്. പാര്‍ട്ടിയുടെ ഉള്ള് ചീഞ്ഞളിഞ്ഞതിന്റെ ദുര്‍ഗന്ധം എ.കെ.ജി സെന്ററിനു വെളിയിലേക്ക് പരക്കുന്നുണ്ടെന്ന് പാര്‍ട്ടി അണികള്‍ക്ക് നന്നായറിയാം. പക്ഷെ, ഉള്‍പാര്‍ട്ടീ ജനാധിപത്യമെന്ന ഭൂതത്തെ ഭയന്ന് എല്ലാവരും രഹസ്യമായി പറഞ്ഞ് സംതൃപ്തി അടയുകയാണ്.

CPM സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ മൂന്നു ഗ്രൂപ്പുണ്ട്. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വവും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് കടന്നതോടെ പിണറായി വിജയന്‍ പാര്‍ട്ടിയിലെ ശക്തനായി മാറിയിരുന്നു. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രണ്ടാം പിണറായി സര്‍ക്കാരിലേക്ക് എത്തിയതോടെ പിണറായി വിജയന്‍ പാര്‍ട്ടിയിലെ മിക്ക നേതാക്കളുടെയും ശത്രു പക്ഷത്തേക്ക് സ്വയം അവരോധിക്കപ്പെടുകയായിരുന്നു. മുഹമ്മദ് റിയാസ് മരുമകനായി വന്നതിനു പിന്നാലെ റിയാസിന്റെ ഉപമുഖ്യമന്ത്രി ചമയല്‍ മുതല്‍ പൊതു ഇടങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വരെ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മരുമകന്‍ മുഹമ്മദ് റിയാസും ചേരുന്ന ഒരു ഗ്രൂപ്പും, പാര്‍ട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍, എ.കെ. ബാലന്‍, എ വിജയരാഘവന്‍ തുടങ്ങിയവരുടെ രണ്ടാം ഗ്രൂപ്പും, ഈ രണ്ടു ഗ്രൂപ്പുകളിലും പെടാതെ നില്‍ക്കുന്ന മറ്റൊരു ഗ്രൂപ്പുമാണുള്ളത് എന്നാണ് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നത്. പിണറായി ഗ്രൂപ്പല്ലാതെ മറ്റു രണ്ടു ഗ്രൂപ്പുകളില്‍ ഏതിന്റെ ചാവേറായാണ് പി.വി. അന്‍വര്‍ വെടിപൊട്ടിച്ചതെന്നാണ് അറിയേണ്ടത്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി വിജയനെന്ന ശക്തന്‍ അശക്തനായിക്കൊണ്ടിരിക്കുന്നുവെന്ന സൂചനകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത്, മുഖ്യമന്ത്രിക്കെതിരേ എന്ത് ആരോപണങ്ങള്‍ ഉണ്ടായാലും പ്രതികരിച്ചിരുന്ന മറ്റു മന്ത്രിമാര്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണ്. അതില്‍ പി.രാജീവ്, എം.ബി രാജേഷ് തുടങ്ങിയ യുവ മന്ത്രിമാരുണ്ട്.

ഇവരുടെയെല്ലാം പിന്നോട്ടുള്ള വലിയല്‍ മുഖ്യമന്ത്രിയുടെ സ്വീകാര്യതയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്. ഇപ്പോള്‍ അന്‍വര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ട് ഇവര്‍ രംഗത്തു വരാത്തതും ഗ്രൂപ്പുകളുടെ പിറവിയെ സൂചിപ്പിക്കുന്നുണ്ട്. അടുത്ത കാലത്തായി പാര്‍ട്ടികമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതെല്ലാം തേഞ്ഞുമാഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാല്‍, പുറത്തു പാര്‍ട്ടി സെക്രട്ടറി യോഗതീരുമാനങ്ങളായി പറയുന്നതൊന്നുമല്ല, കമ്മിറ്റിയില്‍ നടക്കുന്നതെന്ന് നേതാക്കള്‍ രഹസ്യമായി മാാധ്യമങ്ങളോടു പങ്കുവെയ്ക്കുന്നുണ്ട്.

എന്നാല്‍, അകത്തു നടക്കുന്നത്, അതേപടി പുറത്തറിഞ്ഞാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ആരും പരസ്യമായി പറയുന്നില്ലെന്നു മാത്രം. അതുകൊണ്ടു തന്നെ ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിലൂടെ തന്നെ എതിരാളികളെ വെട്ടി നിരത്തുകയെന്ന പോളിസിയാണ് പാര്‍ട്ടി നേതാക്കള്‍ എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ഇതേ രീതി തന്നെയായിരിക്കും പിണറായി വിജയനെതിരേയും മറ്റു ഗ്രൂപ്പുകള്‍ ലക്ഷ്യം വെയ്ക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെ അന്‍വറിന്റെ ഈ പൊട്ടിത്തറിയും പുഴുക്കുത്ത് പരാമര്‍ശവും ചതിയുമെല്ലാം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. പാര്‍ട്ടി നേതാക്കളും RSS ബന്ധത്തെ കുറിച്ച് സമ്മേളനങ്ങളില്‍ വന്‍തോതില്‍ ആക്ഷേപവും പ്രതിഷേധവും ഉയരുന്നുണ്ട്.

നിലവില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കൊല്ലത്തു വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പല ബ്രാഞ്ച് സമ്മേളനങ്ങളും അടിച്ചു പിരിയുകയോ, എതിര്‍പ്പ് പറയുകയോ ചെയ്താണ് മുന്നോട്ടു പോകുന്നത്. എങ്കിലും ഘടകങ്ങളുടെ എതിര്‍പ്പുകള്‍ ജില്ലാക്കമ്മിയില്‍ എത്തുമ്പോള്‍ പരിഹരിക്കാനുള്ള നീക്കം പിണറായി വിജയന്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സൂചനകള്‍. എല്ലാ ജില്ലാക്കമ്മിറ്റിയിലും പിണറായി വിജയന്‍ പങ്കെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്ന ജില്ലാക്കമ്മിറ്റികളുടെ എണ്ണം രണ്ടാണ്. ഇടുക്കിയും കോട്ടയവും. ഇതിനോട് ചേര്‍ത്ത് മറ്റു ജില്ലാക്കമ്മിറ്റികളെയും വരുതിയിലെത്തിച്ചാല്‍ പാര്‍ട്ടി വീണ്ടും തന്റെ വരുതിയില്‍ നില്‍ക്കുമെന്ന കണക്കു കൂട്ടലുണ്ട്.

അതിനിടയിലാണ് പാര്‍ട്ടിയിലെ വിമതപക്ഷത്തിന്റെ കരുനീക്കങ്ങള്‍ നടക്കുന്നത്. ശക്തമായ ആരോപണങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി, മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച നടത്തി നടപടി എടുക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍, അതെല്ലാം മുഖ്യമന്ത്രി മറികടന്ന് മുന്നോട്ടു പോകുന്നുണ്ട്. അധികാരവും, പാര്‍ട്ടിയിലെ ശക്തിയും ഉപയോഗിച്ചാണ് പിണറായി വിജയന്റെ നീക്കം. എന്നാല്‍, പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ആരും സമ്മതിക്കില്ല. അന്‍വറിനെ എല്‍.ഡി.എഫിന്റെ ഭാഗമല്ലാതാക്കിക്കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. അത് ഒരു
പിരിധിവരെ പരിഹാരമാകുമെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നടക്കാന്‍ പോകുന്നത് വലിയ ചര്‍ച്ചകളായിരിക്കും.

പിണറായി വിജയനെന്ന ശക്തനായ നേതാവിനെതിരേ ആയുധമെടുക്കുമ്പോള്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ അത്, ദോഷം ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളിലോ, പാര്‍ട്ടിക്കുപുറത്തോ അത്തരം നീക്കത്തിന് ആരും പെട്ടെന്ന് മുതിരില്ല. സര്‍വ്വ സന്നാഹങ്ങളോടെയല്ലാതെ ആക്രമണത്തിനും തയ്യാറാകില്ല. അന്‍വറിന്റെ ആക്രമണത്തിന്റെ അന്ത്യം എങ്ങനെയായിരിക്കുമെന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ അറിയാനാകും. ഇന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാട് പറയുന്നതോടെ അന്‍വര്‍ പൂര്‍ണ്ണമായും സ്വതന്ത്രനാകും. ഇതിനു പിന്നാലെയായിരിക്കും പിണറായി വിജയന്റെ ആക്രമണത്തിന് അന്‍വര്‍ ഇരയാകാന്‍ പോകുന്നത്.

എന്തായാലും CPMല്‍ ഗ്രൂപ്പ് ശക്തമായി തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് അന്‍വറിന്റെ ആരോപണം. തനിക്ക് പാര്‍ട്ടി നേതൃത്വത്തിലെ സഖാക്കളുടെ മാനസിക പിന്തുണയുണ്ടെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ പിണറായി വിജയനെതിരേ നിലകൊള്ളുന്ന നേതാക്കള്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. വി.എസ്. അച്യുതാനന്ദനോ, അദ്ദേഹത്തോടൊപ്പം നിന്നവരോ അല്ലെന്ന് ഉറപ്പാണ്. അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ഗ്രൂപ്പ് ഉണ്ടായിരിക്കുന്നു എന്നു വേണം മനസിലാക്കാന്‍. എന്നാല്‍, പാര്‍ട്ടിയില്‍ പല ഗ്രൂപ്പുണ്ടെന്ന് CPM സമ്മതിച്ചു തരുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ട. വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാമെന്നും അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരിക്കും പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

വ്യത്യസ്ത അഭിപ്രായം എന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പിന് പറയുന്ന പേരായി കാണേണ്ട കാലമാണിപ്പോള്‍. കാരണം, പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കാന്‍ കഴിയുന്നവന്‍ ആരാണോ അയാളാണ് ശക്തന്‍. അയാള്‍ പറയുന്ന കാര്യത്തിന് ഭൂരിപക്ഷം നേതാക്കള്‍ പിന്തുണച്ചാല്‍ അതാണ് നടപ്പാവുക. അതിനെ മാത്രമേ പൊതുജനങ്ങളിലേക്ക് പാര്‍ട്ടി എത്തിക്കുകയുള്ളൂ. ഇതാണ് CPM ന്റെ നയവും. പാര്‍ട്ടിയില്‍ ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കുക എന്നതാണ് ഓരോ നേതാക്കളും ശ്രമിക്കുന്നത്. അതിനാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ തങ്ങള്‍ക്കെതിരേ പറയുന്നവരെ വെട്ടി നിരത്തി, തങ്ങള്‍ക്കനുകൂലമായി നില്‍ക്കുന്നവരെ ചേര്‍ത്തു നിര്‍ത്തി കമ്മിറ്റി രൂപീകരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിലും ഇത്തരം വെട്ടി നിരത്തലും, കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കണം.

CONTENT HIGHLIGHTS;The state of the CPM is like a corpse being powdered and put on public display: three groups in the party secretariat; Whose death is Anwar?; Pinarayi set to capture district committees (Exclusive)

Latest News