CPMനെ പരസ്യമായി ആരോപണ ശരത്തിനു മുകളില്‍ നിര്‍ത്തി വെല്ലുവിളി ഉയര്‍ത്തുന്ന പി.വി. അന്‍വര്‍ എം.എല്‍.എ ഇനി എങ്ങോട്ട് ? എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. ഉന്നയിച്ച ആരോപണങ്ങളില്‍ അന്‍വര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ബോധപൂര്‍വ്വം പറഞ്ഞതു തന്നെയാണെന്ന് ഉറപ്പിക്കുകയാണ് CPM അണികള്‍. സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ കഴിയുമോ എന്നതില്‍ മാത്രമാണ് ആശങ്ക. ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നില്‍ക്കുകയും, പിന്നീട് അവിടെ നിന്നു മാറി സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭവിഷ്യത്തുകള്‍ ചെറുതാകില്ല.
CPM മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ അന്‍വറിനെ വിളിച്ചത് രാഷ്ട്രീയ കോമാളി എന്നാണ്. ഇത്രയും ദിവസം മിണ്ടാതിരുന്നത്, തിരുത്തുമെന്ന് കരുതിയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞതില്‍ അന്‍വറിനുള്ള താക്കീതു കൂടിയുണ്ട്. അന്‍വര്‍ വിളിച്ചിരിക്കുന്ന പൊതു സമ്മേളനത്തില്‍ ഇനി എന്താണ് പറയ.ുന്നത് എന്ന് വ്യക്തമായതു കൊണ്ടാണ് CPM നേതൃത്വങ്ങള്‍ അന്‍വറിനെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതോടെ അന്‍വറിന് പ്രതിപക്ഷത്തേക്കും മുസ്ലീംലീഗിലേക്കും വഴി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, അന്‍വറിനെ ആരെടുക്കും എന്നതാണ് പ്രശ്‌നം.
ഉന്നയിച്ച രാഷ്ട്രീയ ആയുധത്തോട് ഇഷ്ടമാണെങ്കിലും അന്‍വറിനെ പാര്‍ട്ടിയിലെടുക്കാന്‍ കോണ്‍ഗ്രസ്സിന് താല്‍പ്പര്യമില്ല. മുസ്ലീംലീഗിന് പകുതി മനസ്സുണ്ട്. എന്നാല്‍, നാളെ അന്‍വര്‍ ലീഗിന് എതിരാകുമോയെന്ന ഭയമുണ്ട്. CPIയാണെങ്കില്‍ അടുപ്പിക്കില്ല. എന്നാല്‍, അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളെല്ലാം നല്ലതാണെന്ന നിലപാടുമുണ്ട്. പാര്‍ട്ടിയിലെ പുഴുക്കുത്തുകളെ തുറന്നു കാണിക്കാനുള്ള പോരാട്ടത്തിന്റെ അവസാനമാണ് ഇന്നത്തെ ദിവസം. അതായത്, ഇടതുപക്ഷ മുന്നണിയില്‍, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമായി ഇരുന്നുകൊണ്ട് CPMനെ ആക്രമിക്കുന്ന നടപടിയുടെ അവസാന ദിവസമാണ് ഇന്ന്. പാര്‍ട്ടിയും മുന്നണിയും ഒരുപോലെ അന്‍വറിനെ തള്ളിക്കളഞ്ഞിരിക്കുയാണ്. ഇനി അന്‍വര്‍ എന്ന വ്യക്തി സ്വതന്ത്രനായ എം.എല്‍.എ മാത്രമാണ്.
അന്‍വറിനെയോ, അന്‍വറിന്റെ പിതൃത്വമോ CPM ഏറ്റെടുക്കില്ല എന്നുറപ്പായി. സ്വതന്ത്രനായി നില്‍ക്കുന്ന അന്‍വറിന് എങ്ങോട്ടു വേണമെങ്കിലും ചേക്കേറാം. പക്ഷെ, അത് നിരുപാധികമായിരിക്കണം എന്നുമാത്രം. ഉപാധികള്‍ വെച്ചുകൊണ്ട് ഒരു പാര്‍ട്ടിയിലേക്കും പോകാനൊക്കില്ല എന്നതാണ് വസ്തുത. അതേസമയം, പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ട് എന്നാണ് പറയുന്നത്.
അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്നും പി.എം.എ സലാം പറയുന്നു. അതായത്, മുസ്ലീംലീഗിന് അന്‍വറിനെ സംരക്ഷിക്കാന്‍ ഒരു ഉദ്ദേശവുമില്ല എന്നര്‍ത്ഥം. പക്ഷെ, അന്‍വര്‍ ഉയര്‍ത്തിയ
ആരോപണങ്ങള്‍ രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. പൂരം കലക്കലില്‍ അന്വേഷണം ADGP യെ ഏല്‍പ്പിച്ചത് കള്ളന് താക്കോല്‍ കൊടുക്കും പോലെയാണ്. ഇന്ന് യു.ഡി.എഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. അന്‍വറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് മുസ്ലിംലീഗിന്റെ നിലപാട്.
എന്നാല്‍, വരാനിരിക്കുന്ന ദിവസങ്ങളില്‍ എന്തു സംഭവിക്കുമെന്ന് രാഷ്ട്രീയ കേരളം കാത്തിരുന്നു കാണുകതന്നെ വേണം. ഇഠതുപക്ഷത്ത് ഒരു കുറുമുന്നണി രൂപപ്പെട്ടിരുന്നു എന്നതു പോലും CPMനെ അസ്വസ്ഥരാക്കിയിരുന്നു. കെ.ടി. ജലീലും, കാരാട്ട് റസാഖും, പി.വി. അന്‍വറും ഇതിന്റെ ഭാഗമാണ്. നാല്‍പ്പത് ദിവസം മുമ്പ് പി. ശശിക്കെതിരേയും എ.ഡി.ജി.പിക്കെതിരേയും ആരോപണം ഉന്നയിച്ച് അന്‍വര്‍ രംഗത്തു വന്നതിനു പിന്നാലെ കെ.ടി ജലീല്‍ ഇട്ടൊരു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നു. അത്, ചാവേറാകാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നാണ്. ഇപ്പോള്‍ കെ.ടി. ജലീലും വെളിപ്പെടുത്തലിന് തയ്യാറായിരിക്കുകയാണ്.
ഒക്ടോബര്‍ 2ന് അതുണ്ടാകുമെന്നാണ് കെ.ടി. ജലീല്‍ പറഞ്ഞിരിക്കുന്നത്. അന്‍വറിനു പിന്നാലെ ജലീലും CPM ബന്ധം ഉപേക്ഷിക്കുമോ എന്ന ധ്വനിയാണ് ഇതിലൂടെ തെളിയുന്നത്. എങ്കില്‍ പാര്‍ട്ടിയുടെ പിന്തുണ കുറയുന്നു എന്നുതന്നെ വിലയിരുത്തേണ്ടി വരും. ഇതില്‍ കാരാട്ട് റസാഖിന്റെ നിലപാട് പൂര്‍ണ്ണമായി മാറിയോ എന്നാണ് സംശയം. അന്‍വറിന്റെ വഴിയേ ഈ രണ്ടുപേരും പോകുന്നുണ്ടെന്നായിരുന്നു CPM അണികള്‍ നേരത്തെ പറഞ്ഞിരുന്നത്. പക്ഷെ, ഇടയ്ക്ക് മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ട കാരാട്ട് റസാഖ് പേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ കുറുമുന്നണിയില്‍ കാരാട്ട് റസാഖിനെ കാണാതായി. അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് സൂചനകള്‍.
അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനപൂര്‍വ്വം ചിത്രീകരിച്ചെന്ന് പി.വി.അന്‍വര്‍. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പോലീസ് മുക്കുന്നുണ്ടെന്നും അതില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്നും അന്‍വര്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ചു. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആ രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്.
മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്.
മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അന്‍വറാണോ സ്വര്‍ണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. ‘നിങ്ങള്‍ പറ, നിങ്ങള്‍ പറ’ എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല.
ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ലോ ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡി.ഐ.സി തിരിച്ച് കോണ്‍ഗ്രസില്‍ പോയത് മുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണ്.
അതുകൊണ്ട് പ്രഥമദൃഷ്ട്യ ശശിയെ കുറിച്ച് അന്‍വര്‍ പറഞ്ഞതില്‍ ഒരു കഴമ്പുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെങ്കില്‍ ചവറ്റുകുട്ടയിലാണ് ഇടേണ്ടത്. പിന്നെ എന്തിനാണ് പരിശോധന നടത്തുമെന്ന് പറഞ്ഞതെന്നും അന്‍വര്‍ ചോദിച്ചു. പാര്‍ട്ടിലൈനില്‍ നിന്ന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്. ഈ പാര്‍ട്ടിയുമായി സഹകരിക്കുന്നത് മുതല്‍ ഇതിന്റെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ ഉന്നയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. ലോക്കല്‍ സെക്രട്ടറിക്കടക്കം സാധാരണക്കാരന്റെ വിഷയത്തിന് പോലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാല്‍ സ്റ്റേഷനില്‍നിന്ന് രണ്ടടികൂടി കിട്ടുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ട്.
ഇതിന്റെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാന്‍ ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി നല്‍കിയതായിരിക്കും ഇതൊക്കെ, അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. എനിക്ക് ഇനി പ്രതീക്ഷ കോടതിയിലാണ്. അടുത്ത പടി ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വ്വമായ ഒരു കാര്യവും നടക്കുന്നില്ല. എല്ലാം അവര്‍ ഉദ്ദേശിച്ച നിലക്ക് വളച്ചുകൊണ്ടുപോകുകയാണ്.’, അന്‍വര്‍ പറഞ്ഞു.
CONTENT HIGHLIGHTS;Where to Anwar now?: Congress not interested, League half-hearted; Can you stand free?