Explainers

സംഗതി ഹോട്ടാണ്, വ്യാജ ഡോക്ടര്‍മാര്‍ എപ്പോഴുമുണ്ട് ഓണ്‍ലൈനില്‍: ഗുളികയും മരുന്നും പരിശോധനയും സ്‌പോട്ടില്‍ കിട്ടും

രോഗങ്ങളുടെ പേരിലും തട്ടിപ്പിന്റെ വലക്കണ്ണികള്‍

മനുഷ്യന്റെ വികാസത്തിനൊപ്പം അവരുടെ ജീവിത രീതികളും ശൈലികളും മാറിയതോടെ പേരറിയാത്ത രോഗങ്ങളും ഒപ്പം എത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് മരുന്നുകളും ചികിത്സാ രീതികളിലും മാറ്റം വന്നു. രോഗത്തിന്റെ തീവ്രത വര്‍ദ്ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. എന്നാല്‍, ആസുപത്രികളുടെയോ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയോ എണ്ണം വര്‍ദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷെ, ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിച്ചു തരുന്നത്. മുറുക്കാന്‍ കടകള്‍ പോലെ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് അംഗീകൃത ഡോക്ടര്‍മാരാണോ എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു.

മാത്രമല്ല, ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ എല്ലാത്തരം ക്രിമിനല്‍ ആക്ടിവിറ്റികളും ശക്തമായി തിരിച്ചു വന്നുകഴിഞ്ഞു. ഡോക്ടര്‍ അല്ലാത്തൊരാള്‍ ഒരു രോഗിയെ ചികിത്സിച്ചാല്‍ എന്തായിരിക്കും ഫലം എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അപ്പോള്‍, ഇക്കാലത്ത്, വ്യാജ ഡോക്ടര്‍മാരായി വിലസുന്നവരുടെ കാര്യം ആലോചിച്ചു നോക്കൂ. ഒരു രോഗിയുടെ ജീവന്‍വെച്ചാണ് ഇത്തരക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഡോഗ നിര്‍ണ്ണയവും, ചികിത്സയും, മരുന്നുമെല്ലാം നല്‍കി പറ്റിക്കുന്ന നിരവധി വ്യാജ ഡോക്ടര്‍മാര്‍ നിലവിലുണ്ട്. ഇവരെ കണ്ടെത്താനോ, ഇവര്‍ക്കെതിരേ നടപടി എടുക്കാനോ പരിമിതികളുണ്ട്.

എങ്കിലും സൈബര്‍ പോലീസ് കാര്യമായ ഇടപെടല്‍ ഈ മേഖലയില്‍ നടത്തുന്നുണ്ടെന്നാണ് അറിവ്. പക്ഷെ, കതതേരളത്തിലെ എല്ലാ ജില്ലകളിലും വ്യാജ ഡോക്ടര്‍മാര്‍ പിടിമുറുക്കിയിട്ടുണ്ടെന്നത് നഗ്നസത്യമാണ്. എന്നാല്‍, പ്രബുദ്ധരായ കേരളീയരെ ആണല്ലോ ഈ പറ്റിക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്. ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിയ കേരളമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴാണ് വ്യാജ ഡോക്ടര്‍മാരുടെ ഈ വിലസല്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേവലം പ്രീ ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വരെ ഹൃദ്ദ്രോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരായി മാറുന്നുണ്ട്. പൊള്ളാച്ചിയില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സിക്കുന്നതിനിടയില്‍ പിടിയിലായ എറണാകുളം സ്വദേശി നാരക്കോവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിവരമ്പോള്‍ പിടിയിലായിരുന്നു. തിരുവനന്തപുരത്തുകാരനായ രതീഷ് എന്നൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. വ്യാ ഡോക്ടറായ രതീഷ് ജയില്‍മോചിതനായ ശേഷമാണ് നാരക്കോവില്‍ എത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി അനൂപും തിരുവനന്തപുരം മെഡി. കോളജില്‍ എം.ബി.ബി.എസ് പി.ജി വിദ്യാര്‍ഥിയെന്ന വ്യാജേന വിലസിയ പൂന്തുറ മാണിക്യവിളാകം സ്വദേശി നഖീല്‍ എന്ന 22കാരനും തൃശൂര്‍ നെടുപുഴയില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ വനിതാ ഡോക്ടര്‍ കൃഷ്ണപുരം സ്വദേശി ജയലളിതയും പോലീസ് പിടിയിലായിട്ടുണ്ട്. ചാത്തന്നൂരില്‍ ”സ്മൃതി’ എന്നപേരില്‍ ക്ലിനിക്ക് തുടങ്ങി പൈല്‍സ്, ഫിസ്റ്റുല ചികിത്സകള്‍ നടത്തിയിരുന്ന കൊല്‍ക്കത്ത സ്വദേശി പിടിയിലായത് 2022ലാണ്.

അയാളുടെ വിദ്യാഭ്യാസം പത്താംക്ലാസ്സ്. മാതാപിതാക്കള്‍ പാരമ്പര്യ വൈദ്യന്മാരാണെന്നത് മാത്രമാണ് ചികിത്സയുമായുള്ള ഇയാളുടെ ബന്ധം. വ്യാജ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുകയും ആശുപത്രികളിലേക്ക് വ്യാജ ഡോക്ടര്‍മാരെ റിക്രൂട്ട് നടത്തുകയും ചെയ്യുന്ന ഏജന്റുമാര്‍ വരെയുണ്ട് സംസ്ഥാനത്ത്. 2021 ജൂലൈയില്‍ ആലപ്പുഴയില്‍ നിന്ന് ഇത്തരമൊരു റിക്രൂട്ട്മെന്റ് ഏജന്റിനെ പിടികൂടിയിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ വിളയില്‍ വീട്ടില്‍ സജിത്ത് (57) എന്നയാളാണ് വിവിധ ആശുപത്രികളിലെ ഒഴിവുകള്‍ അന്വേഷിച്ചറിഞ്ഞ് വ്യാജ ഡോക്ടര്‍മാരെ നല്‍കിയിരുന്നത്. ഏതുതരം വ്യാജ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിക്കൊടുക്കുന്ന സര്‍വകലാശാലകള്‍ തന്നെയുണ്ട് ഉത്തരേന്ത്യയില്‍.

വന്‍ തുക ഈടാക്കി വിദ്യാര്‍ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് ഭോപ്പാലിലെ സര്‍വേപള്ളി രാധാകൃഷ്ണന്‍ യൂനിവേഴ്‌സിറ്റിയിലെ (എസ് ആര്‍ കെ) വൈസ് ചാന്‍സലര്‍ ഡോ. എം പ്രശാന്ത് പിള്ള, മുന്‍ചാന്‍സലര്‍ ഡോ. എസ്.എസ് കുശ്വ എന്നിവര്‍ അറസ്റ്റിലായിരുന്നു. അതിസങ്കീര്‍ണമായ ഒരു പ്രക്രിയയാണ് രോഗ ചികിത്സ. പ്രത്യേകിച്ചും അലോപ്പതി. ഈ മേഖല കഴിവും പ്രാപ്തിയും ഇല്ലാത്തവര്‍ കൈകാര്യം ചെയ്താല്‍ ഗുരുതരമായിരിക്കും ഫലം പലപ്പോഴും. 2019ല്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പടിഞ്ഞാറെ കല്ലട വലിയപാടം സാബു- ശ്രീദേവി ദമ്പതികളുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായത് വ്യാജ ഗൈനക്കോളജി സര്‍ട്ടിഫിക്കറ്റുമായി വിലസിയ ചേര്‍ത്തല വാരനാട് സ്വദേശി ടി എസ് സീമയുടെ ചികിത്സയെ തുടര്‍ന്നായിരുന്നു.

ഇല്ലാത്ത യോഗ്യതയുടെ പേരില്‍ സര്‍ക്കാറിനെപ്പറ്റിച്ച് പത്ത് വര്‍ഷത്തോളമാണ് അവര്‍ കനത്തശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയത്. ആരോഗ്യ വകുപ്പ് ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഡോക്ടര്‍മാര്‍ മനുഷ്യജീവന് തന്നെ അപകടമുണ്ടാക്കുന്ന തരത്തില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടത്തിയിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ”സേഫ് തിരുവനന്തപുരം’ പദ്ധതിയോടനുബന്ധിച്ച് നടത്തിയ റെയ്ഡില്‍ 31 വ്യാജ ഡോക്ടര്‍മാരെയാണ് ജില്ലയില്‍ നിന്ന് പിടികൂടിയത്.

ഒരുവിധ അണുനശീകരണ സംവിധാനവും ഇല്ലാതെയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയും ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിച്ചുമൊക്കെയാണ് വ്യാജ ഡോക്ടര്‍മാര്‍ ചികിത്സ നടത്തിയിരുന്നതെന്നാണ് ആരോഗ്യ വകുപ്പിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരിയായ അണുവിമുക്തി വരുത്താത്ത സിറിഞ്ച്, സൂചി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം, എയ്ഡ്‌സ് തുടങ്ങി രക്തജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ഓണ്‍ലൈനുകളിലൂടെ ചികിത്സ നല്‍കുന്ന വ്യാജ ഡോക്ടര്‍മാര്‍.

Arrested doctor with handcuffs on wrists stands in clinic office slow motion. Professional therapist provides illegal practice. Healthcare laws

ആയുര്‍വ്വേദം, അലോപ്പതി, തുടങ്ങി ആരോഗ്യ മേഖലയിലെ എല്ലാ വിഷയങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. രോഗിയുമായി ഓണ്‍ലൈനില്‍ വന്ന്, വീഡിയോ കോള്‍ വഴി രോഗം പരിശോധിക്കുകയും മരുന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ രോഗിക്ക് മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിതന്നെ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇത്തരം ചികിത്സയും മരുന്നുകളും ഉപയോഗിക്കുന്നത്, ജീവഹാനിവരെ വിളിച്ചു വരുത്തുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാജ ഡോക്ടര്‍മാരില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗം?

സംസ്ഥാനത്തെ അംഗീകൃത ഡോക്ടര്‍മാരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, പഠിച്ച കോളജ് മുതല്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ വരെയുള്ള സകല ചരിത്രവും ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പോ, വെബ്സൈറ്റോ തയ്യാറാക്കിയാല്‍ ഇതിന് വലിയൊരളവു വരെ പരിഹാരമാകുമെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. മൊബൈല്‍ ആപ്പിലോ വെബ്സൈറ്റിലോ ഡോക്ടറുടെ പേരും രജിസ്‌ട്രേഷന്‍ നമ്പറും അല്ലെങ്കില്‍ പേരും ക്ലിനിക്കിന്റെ പേരും നല്‍കിയാല്‍ ഡോക്ടറുടെ ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയില്‍ ആയിരിക്കണം ഇതിനെ ഡിസൈന്‍ ചെയ്യേണ്ടത്. ചികിത്സ തേടിപ്പോകുന്നവര്‍ക്ക് ഒറിജിനലിനെയും വ്യാജന്മാരെയും തിരിച്ചറിയാന്‍ ഇത് സഹായമാകും. ഐ എം എ പോലുള്ള ഡോക്ടര്‍മാരുടെ ഔദ്യോഗിക സംഘടനകളോ സംസ്ഥാന ആരോഗ്യവകുപ്പോ മുന്‍കൈയെടുത്ത് തയ്യാറാക്കേണ്ടതാണ് ഈ സംവിധാനം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

 

CONTENT HIGHLIGHTS;The thing is hot, fake doctors are always online: pills, medicine and tests are available on the spot

Latest News