Explainers

“പുഞ്ചിരി” കൊണ്ട് “പ്രതിസന്ധികളെ” മറികടന്ന കോടിയേരി: ഓര്‍മ്മകള്‍ക്ക് രണ്ടുവയസ്

കൊല്ലാന്‍ പാഞ്ഞടുക്കുന്നവനെ ഒരു പുഞ്ചിരികൊണ്ട് കീഴ്‌പ്പെടുത്താനാകും. സങ്കടക്കടലില്‍ ആടിയുലയുന്നവനെ ഒരു വാക്കുകൊണ്ട് സമാധാനിപ്പിക്കാനാകും. ആയിരങ്ങളെ അടക്കി നിര്‍ത്താന്‍ ഒരു നിര്‍ദ്ദേശം കൊണ്ട് കഴിയും. ഇതെല്ലാം കാട്ടിത്തന്നൊരു വിപ്ലവ നേതാവുണ്ടായിരുന്നു കേരളത്തിന്. സഖാവ് കോടിയേരി ബാലകൃഷ്ണന്‍. ചെങ്കൊടിയുടെ കാവല്‍ക്കാരനായി ജീവിതം തുടങ്ങി രണ്ടുവര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ ഒന്നിന് ജീവിതം അവസാനിപ്പിച്ച് ഭൂമിയില്‍ നിന്നു മടങ്ങുമ്പോള്‍ നഷ്ടപ്പെട്ടത്, പാര്‍ട്ടിയുടെ സൗമ്യനായ നേതാവിനെക്കൂടിയാണ്. നിഷ്‌ക്കളങ്കമായ പുഞ്ചിരിയോടെ ഏത് പ്രതിസന്ധിയിയെയും വരുതിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന വന്‍മരത്തെയാണ്. നഷ്ടം എന്നത്, ഒരു വലിയ അര്‍ത്ഥത്തില്‍ത്തന്നെ പറയേണ്ട പേരു കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍.

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വര്‍ഷം തികയുന്നു. കടന്നു വന്ന വഴികളിലെല്ലാം വിപ്ലവത്തിന്റെ കനലുകള്‍ ചവിട്ടിയപ്പോഴൊന്നും പതറിയിട്ടില്ലാത്ത നേതാവ്. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനം നേര്‍ക്കുനേര്‍ നോക്കാതിരിക്കുമ്പോഴും അതിനിടയില്‍ പാലമായി നിന്ന സഖാവ്. പാര്‍ട്ടിക്ക് ഗുണം ചെയ്യണണെന്നല്ലാതെ മറുത്തൊന്നും ചിന്തിക്കാത്ത അച്ചടക്കമുള്ള അംഗം. പാര്‍ട്ടി പറഞ്ഞപ്പോഴൊക്കെ മാറി നിന്നും, ചേര്‍ന്നു നിന്നും പരിഭവങ്ങളില്ലാതെ മടക്കം. ഒടുവില്‍ തന്റെ തട്ടകമായ എ.കെ.ജി. സെന്ററില്‍ കയറാതെയുള്ള മടക്കത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എല്ലാം പാര്‍ട്ടിയാണെന്ന് ചിന്തിച്ച മനുഷ്യന്റെ ആ നിറ പുഞ്ചിരിമാത്രമാണ് അതിനും ഉത്തരമായി കിട്ടുന്നത്. തന്റെ സ്വത സിദ്ധമായ കണ്ണൂര്‍ ശൈലിയില്‍ സഖാക്കളോട് സംസാരിക്കുമ്പോഴും കൂടെയുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് വാനോളം ഉറപ്പ് നല്‍കുന്ന വിധം ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യന്‍.

മറ്റൊരാളിലും അത്തരമൊരു സ്‌നേഹം കാണാനായിട്ടില്ല. അതായിരുന്നു സ ഖാവ് കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാം ചരമ ദിനം പാര്‍ട്ടി ആചരിക്കുകയാണ്. എ.കെ.ജി സെന്ററിനു മുമ്പില്‍ കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പതാക ഉയര്‍ത്തി. കണ്ണൂരില്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ 8.30ന് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തത്. തുടര്‍ന്ന് കോടിയേരി മുളിയില്‍ നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനം ചെയ്യും. വൈകിട്ട് 4.30ന് മുളിയില്‍ നടയില്‍ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മരിച്ചത് 2022 ഒക്ടോബര്‍ ഒന്നിനാണ്. മരിക്കുമ്പോള്‍ 69 വയസ്സ്. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ ന്യൂമാഹി ഗ്രാമത്തിലെ കോടിയേരിയില്‍ പരേതരായ മൊട്ടേമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും ഇളയ മകനായി 1953 നവംബര്‍ 16നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. ലക്ഷ്മി, നളിനി, ജാനകി, സരോജിനി എന്നിവര്‍ ജ്യേഷ്ഠ സഹോദരങ്ങളാണ്. ബി.എ ബിരുദധാരിയാണ്. കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി.

സ്‌കൂള്‍ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. തലശേരി ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ കെ.എസ്.എഫിന്റെ യൂണിറ്റ് സ്‌കൂളില്‍ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും. എം.ബാലകൃഷ്ണന്‍ എന്നതായിരുന്നു ആദ്യകാല പേര്. തലശേരിയില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ വച്ച് ഒരു സുഹൃത്ത് സംഘാടക സമിതിക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്ന് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പിന്നീട് ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1970ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗമായ കോടിയേരി ബാലകൃഷ്ണനെ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്യുമ്പോഴായയിരുന്നു ഇത്. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ 1970ല്‍ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973ല്‍ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. അതേ വര്‍ഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.

അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 1982 മുതല്‍ 1987 വരെ കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തലശേരിയില്‍ നിന്ന് വിജയിച്ച് വീണ്ടും നിയമസഭയിലെത്തി.

1988ല്‍ ആലപ്പുഴയില്‍ വെച്ചുനടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തി. 1990 മുതല്‍ 1995 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ CPM സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ 2002ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി. ഒരു ഇടവേളയ്ക്ക് ശേഷം 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006, 2011 വര്‍ഷങ്ങളിലും നിയമസഭാംഗമായിരുന്നു. 2001ലെ പതിനൊന്നാം കേരള നിയമസഭയില്‍ ആദ്യമായി പ്രതിപക്ഷ ഉപനേതാവായി.

2006 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായി. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിലാണ് പൊളിറ്റ് ബ്യൂറോ മെമ്പറാകുന്നത്. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി. 2018ല്‍ തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലും കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറിയായി. ചികിത്സയ്ക്ക് വേണ്ടി 2020ല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് തിരിച്ചെത്തിയതിന് ശേഷം 2022 മാര്‍ച്ചില്‍ എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

CPM മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്ന പി. രാജീവ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായതിനെ തുടര്‍ന്ന് 2021 മുതല്‍ 2022 വരെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയതിനെയും തുടര്‍ന്ന് 2022 ഓഗസ്റ്റ് 25ന് പാര്‍ട്ടി സെക്രട്ടറി പദവി രാജിവച്ചു. പിന്നീട് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്ന എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ കോടിയേരിക്ക് പകരം പാര്‍ട്ടി സെക്രട്ടറി സ്ഥാനമേറ്റു. അസുഖം മൂര്‍ച്ഛിച്ചതോടെ ചെന്നൈ അപ്പോളോയില്‍ ചിക്തസയിലിരിക്കുമ്പോഴാണ് ഒക്ടോബര്‍ ഒന്നിന് കോടിയേരി മരിക്കുന്നത്.

CPMന്റെ മികച്ച സംഘാടകനും നയതന്ത്രഞ്ജനുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഇടതുപക്ഷ മുന്നണിയിലും ഉണ്ടാകുന്ന ഏതു പ്രതിസന്ധിയിലും മധ്യസ്ഥ റോളിലെത്തി പ്രശ്‌ന പരിഹാരം നടത്തുന്ന മാര്‍ക്‌സിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും അല്ലാത്തേപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനോളം കഴിവ് മറ്റൊരാള്‍ക്കുമുണ്ടായിരുന്നില്ല. CPM നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയുമായ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. മക്കള്‍ ബിനോയ്, ബിനീഷ്. മരുമക്കള്‍ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കോടിയേരിയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ അര്‍ധകായ വെങ്കലശില്പം ഇന്ന് അനാച്ഛാദനം ചെയ്യുകയാണ്. കോടിയേരിക്ക് നിത്യസ്മാരകമായി കുടുംബമാണ് ശില്പം സ്ഥാപിക്കുന്നത്. കോടിയേരിയുടെ വീട്ടില്‍ കോടിയേരി സ്മൃതി പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്. വീടിന്റെ മുകള്‍നിലയില്‍ ഹാളിലാണ് അദ്ദേഹം ഉപയോഗിച്ച സാധനങ്ങള്‍, നേതാക്കളോടും കുടുംബങ്ങളോടുമൊപ്പമുള്ള ഫോട്ടോകള്‍, ഉപഹാരങ്ങള്‍ എന്നിവയെല്ലാം സൂക്ഷിച്ചിട്ടുള്ളത്. ഇവ കാണാന്‍ ഒട്ടേറെപ്പേര്‍ വീട്ടിലെത്തുന്നുണ്ട്. ഇതിനു സമീപത്തായാണ് ശില്പം സ്ഥാപിച്ചത്. താഴെചൊവ്വയിലെ ശില്പി എന്‍.മനോജ്കുമാറാണ് ശില്പം ഒരുക്കിയത്. 30 ഇഞ്ച് ഉയരമുണ്ട്. 2024 ജനുവരിയിലാണ് നിര്‍മാണം തുടങ്ങിയത്.

ഇതു മാത്രമല്ല, കുടുംബത്തിന്റെ ആഗ്രഹ പ്രകാരം കോടിയേരിയുടെ കൈപ്പത്തികളും കാല്‍ പാദങ്ങളും കാനായിയില്‍ ഒരുക്കിയിരിക്കുകയാണ്. ശില്പി ഉണ്ണി കാനായിയാണ് കോടിയേരി ബാലകൃഷ്ണന്റെ അമൂര്‍ത്ത ശില്പം നിര്‍മ്മിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ മൃതശരീരം ചിതയില്‍ വെക്കുന്നതിനു മണിക്കൂരുകള്‍ക്കു മുന്‍പ് കൈയുടെയും കാലിന്റെയും മോള്‍ഡ് എടുത്താണ് കലാരൂപം പൂര്‍ത്തിയാക്കിയത്.

അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഈ ശില്പം വെങ്കലത്തില്‍ നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് ഉണ്ണി കാനായി. കോടിയേരിയുടെ കൈയും കാലും എന്നും കാണാനും തൊടാനും പറ്റും വിധം അതുപോലെ നിര്‍മ്മി ച്ചുതരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അങ്ങനെ കൈയും കാല്‍പ്പാദവും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്തുവെച്ചു. ഇത് മെഴുകില്‍ രൂപപ്പെടുത്തി വ്യത്യാസം വരാതെ വെങ്കലത്തില്‍ അമൂര്‍ത്തശില്പം നിര്‍മ്മിക്കുകയായിരുന്നു. ഈ അമൂര്‍ത്ത ശിലപ്ം വീട്ടിലെ മ്യൂസിയത്തില്‍ സൂക്ഷിക്കും.

CONTENT HIGHLIGHTS;Kodiieri, who overcame “adversities” with a “smile”: two years of memories

Latest News