ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നുപറയും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡെല്‍ഹിയില്‍ പോയുള്ള അഭിമുഖം. എന്തിനു വേണ്ടിയാണോ അഭിമുഖം നടത്തിയത്, അത് തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. മലപ്പുറത്തെ കുറിച്ച് താന്‍ പറയാത്ത കാര്യം, തന്റെ വായില്‍ തിരുകിക്കയറ്റിയതാണെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദുവിന് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തിയ. പി.ആര്‍. ഏജന്‍സിയും, അവര്‍ പറഞ്ഞിട്ട് എഡിറ്റു ചെയ്ത വാര്‍ത്തയും പുറത്തു വരുന്നത്. ഇതോടെ മുഖ്യമന്ത്രി പറഞ്ഞുവെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച വാക്കുകളേക്കാള്‍, പി.ആര്‍. ഏജന്‍സി എന്ന സത്യത്തിലേക്ക് വെളിച്ചം വീശിത്തുടങ്ങി. ഇതോടെ മുഖ്യമന്ത്രി ‘ജാങ്കോ നീ അറിഞ്ഞാ…ഞാന്‍ പെട്ടു’ ഈ അവസ്ഥയില്‍ ആയിരിക്കുകയാണ്. മലപ്പുറത്തെക്കുറിച്ചു പറഞ്ഞെന്നു സമ്മതിച്ചാല്‍ അത് വലിയ വിഷയമാകും. സമ്മതിച്ചില്ലെങ്കില്‍ പി.ആര്‍ വര്‍ക്ക് പുറത്തറിയും.
ഈ വിഷമസന്ധിയില്‍ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ ഉപദേശകന്‍ പി. ശശിയുടെ സ്ട്രാറ്റജിക്കല്‍ മൂവാണ് പ്രധാനം. ശശിയുടെ ഉപദോശ പ്രകാരമായിരിക്കും മുഖ്യമന്ത്രിയുടെ ഇനിയുള്ള നീക്കങ്ങള്‍. ഫലത്തില്‍ വിവാദമായ മലപ്പുറം പരാമര്‍ശത്തിലെ അപകടം പരിഹരിക്കാന്‍ ‘ഹിന്ദു’ പത്രത്തെ തള്ളിപ്പറഞ്ഞ് കത്തയച്ച പ്രസ് സെക്രട്ടറി പിണറായി വിജയനെ ഊരാക്കുടുക്കിലാക്കി എന്നു തന്നെ പറയേണ്ടിവരും. പ്രസ് സെക്രട്ടറിയുടെ കത്തിന് പത്രം നല്‍കിയ വിശദീകരണത്തിലൂടെ മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സിയുടെ പങ്ക് പുറത്തായെന്ന് മാത്രമല്ല, വിവാദ പരാമര്‍ശം ഉള്‍പ്പെടുത്താന്‍ ‘ഹിന്ദു’വിന് മേല്‍ പിആര്‍ ഏജന്‍സിയുടെ രേഖാമൂലമുള്ള സമ്മര്‍ദം ഉണ്ടായി എന്നുകൂടിയാണ് വ്യക്തമായത്. ‘ഹിന്ദു’വിന്റെ വിശദീകരണത്തോടെ വിഷയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാവുകയും ചെയ്തിരിക്കുകയാണ്.
ദി ഹിന്ദുവിന്റെ ക്ഷമാപണം ഇങ്ങനെ
”മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പി.ആര്‍ ഏജന്‍സിയായ കെയ്‌സന്‍ ദ ഹിന്ദുവിനെ സമീപിച്ചു. സെപ്തംബര്‍ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസില്‍ വെച്ച് ഞങ്ങളുടെ മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടു. തുടര്‍ന്ന് പിആര്‍ പ്രതിനിധികളിലൊരാള്‍ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിരസിച്ച ആ വരികള്‍, അഭിമുഖത്തില്‍ ഉള്‍പ്പെടുത്താനായി പിആര്‍ പ്രതിനിധി രേഖാമൂലം എഴുതി നല്‍കിയതാണ്. എന്നിരുന്നാലും അന്നത്തെ അഭിമുഖത്തിന്റെ ഭാഗമായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് ഞങ്ങളുടെ വീഴ്ചയാണ്, അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഈ തെറ്റിന് ക്ഷമ ചോദിക്കുന്നു.” -ദ ഹിന്ദു വിശദീകരിച്ചത് ഇങ്ങനെയാണ്.”
ഹിന്ദു ക്ഷമാപണം നടത്തിക്കൊണ്ട്, അവരുടെ പ്രസിദ്ധീകരണ തെറ്റ് തിരുത്തിയപ്പോള്‍ വെട്ടിലായത്, മുഖ്യമന്ത്രി തന്നെയാണ്. വംശീയ ചുവയുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ വായില്‍ തിരുകിക്കയറ്റിയത് PR കമ്പനി ആണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം മാധ്യമത്തിന് തരപ്പെടുത്തി നല്‍കിയതും PR കമ്പനിയാണ്. അപ്പോള്‍ മുഖ്യമന്ത്രി ആദ്യം കണ്ടത്, ദി ഹിന്ദുവിനെയല്ല, PR കമ്പനിയെയാണ്. ഒന്നുകില്‍ PR കമ്പനി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ മുഖ്യമന്ത്രി PR കമ്പനിയെ സമീപിച്ചു. ഈ രണ്ടും സാധ്യതകളിലും ബലമായി സംശയിക്കാവുന്നത്, രണ്ടാമത്തേതാണ്. കാരണം, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍, തങ്ങളുടേതായ വരികള്‍ കൂട്ടിച്ചേക്കാന്‍ നിര്‍ബന്ധിച്ചെങ്കില്‍, മുഖ്യമന്ത്രിയും PR കമ്പനിയും തമ്മില്‍ അടുത്തബന്ധം ഉണ്ടാകണം.
വെറുമൊരു ബന്ധം മാത്രമല്ല, തന്റെ വാക്കുകളെപ്പോലും മാറ്റിമറിക്കാനോ, തിരുത്തി എഴുതാനോ, കൂട്ടിച്ചേര്‍ക്കാനോ സ്വാധീനമുള്ള ബന്ധം. അതാണ് ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന, മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പരസ്യമായി പറഞ്ഞ ആ വാക്കുകള്‍. പക്ഷെ, എങ്ങനെയാണ് ആ വാക്കുകള്‍ അഭിമുഖത്തില്‍ വന്നതെന്നു ദി ഹിന്ദു പറഞ്ഞതോടെ മുഖ്യമന്ത്രിയും PR ഏജന്‍സിയും തമ്മിലുള്ള അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഇനി അറിയേണ്ടത്, മുഖ്യമന്ത്രിയുമായി PR ഏജന്‍സിയുടെ ഇടപാടെന്താണെന്നാണ്. വെറും ഇടപാടല്ല, ഗാഢ ബന്ധമുള്ള ഇടപാട്.
അതേസമയം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധിയായി കൂടെയുണ്ടായിരുന്നത് ടി.ഡി.സുബ്രഹ്‌മണ്യന്‍ എന്ന ആളാണ്. ഇദ്ദേഹം മുന്‍ എസ്.എഫ്.ഐ നേതാവാണെന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല, സുബ്രഹ്‌മണ്യന്‍ സി.പി.എം നേതാവ് ടി.കെ. ദേവകുമാറിന്റെ മകനുമാണെന്നാണ് വിവരം. ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സംഘാംഗമായിരുന്ന സുബ്രഹ്‌മണ്യന്‍ കേരള കോണ്‍ഗ്രസ്(എം) വിവിധ ദേശീയ പാര്‍ട്ടികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്(എം)നെ എല്‍.ഡി.എഫ് പാളയത്തില്‍ എത്തിച്ചതില്‍ പ്രധാനപങ്ക് വഹിച്ചതും സുബ്രഹ്‌മണ്യനാണ്. പ്രശാന്ത് കിഷോറിന്റെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുപ്പു നയതന്ത്ര സ്ഥാപനമായ ഐ പാക്കിന്റെ സ്ട്രാറ്റര്‍ജി റിസര്‍ച്ച് ടീം മേധാവിയായി പ്രവര്‍ത്തിച്ചു.
ഇക്കാലയളവില്‍ വിവിധ പാര്‍ട്ടികള്‍ക്കായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന സംഘത്തിലും സുബ്രഹ്‌മണ്യന്‍ അംഗമായിരുന്നു. 2019ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചു. കൂടാതെ ബംഗാളില്‍ മമതാ ബാനര്‍ജിക്കായും തെലങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സംഘം, തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കു വേണ്ടിയും ഗോവ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ഒപ്പവും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും സുബ്രഹ്‌മണ്യന്‍ പങ്കാളിയായി. കൈസന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വിനീത് ഹണ്ടയും സുബ്രഹ്‌മണ്യനും സുഹൃത്തുക്കളാണ്. കൈസന്‍ വൈസ് പ്രസിഡന്റ് നിഖില്‍ പവിത്രന്‍ മാഹി സ്വദേശിയാണ്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനു വേണ്ടി പുനരുജ്ജീവന പാക്കേജ് തയാറാക്കിയ വേളയില്‍ സുബ്രഹ്‌മണ്യനും ഐപാക് സംഘാംഗമായിരുന്നു.
പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപീകരിച്ചതോടെ ഐപാക് വിട്ട സുബ്രഹ്‌മണ്യന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലേക്ക് മാറിയിരുന്നു. അതേസമയം, ഐപാക്കില്‍ പ്രവര്‍ത്തിക്കുന്ന വേളയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ നിലനിര്‍ത്തിയ സുബ്രഹ്‌മണ്യന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മുന്‍ ഹരിപ്പാട് എംഎല്‍എയായ ടി.കെ. ദേവകുമാറിന്റെ മകന്‍ എന്ന നിലയില്‍ സിപിഎം നേതാക്കളുമായി സുബ്രഹ്‌മണ്യന് അടുപ്പമുണ്ട്. ഈ അടുപ്പം വച്ചാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ അഭിമുഖം ലഭിച്ചതെന്നാണ് അറിവ്. സെക്കന്ദരാബാദ് ‘എഫ്‌ളുവില്‍’ ( ഇംഗീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി) എസ്.എഫ്.ഐ യുണിറ്റ് സെക്രട്ടറിയായിരുന്നു. യൂണിറ്റ് സ്ഥാപനത്തിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കേരളത്തില്‍ കേരള കോണ്‍ഗ്രസ്(എം) മുന്നണിമാറ്റ നീക്കങ്ങള്‍ നടക്കുന്ന വേളയില്‍ സുബ്രഹ്‌മണ്യന്‍ സജീവമായിരുന്നു. പിന്നീടാണ് ദേശീയ രാഷ്ട്രീയത്തിലേക്കും പിആര്‍ മേഖലയിലേക്കും സുബ്രഹ്‌മണ്യന്‍ ചുവടു മാറ്റുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്ര ബോധപൂര്‍വമായി പിആര്‍ ഏജന്‍സികളുടെ ഇടപെടലിലൂടെ രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്ന സംഭവം മറനീക്കി പുറത്തുവരുന്നത് ഇതാദ്യമാണ്. പിആര്‍ഡിയും വിപുലമായ അനുബന്ധ സംവിധാനങ്ങളുമുള്ള സംസ്ഥാനത്ത്, മുഖ്യമന്ത്രിക്കായി എങ്ങനെയാണ് കെയ്‌സണ്‍ രംഗപ്രവേശം ചെയ്തത് എന്നതാണ് സംശയം. അഭിമുഖ സമയത്തെല്ലാം കെയ്‌സന്റെ രണ്ടു പ്രതിനിധികള്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ഹിന്ദുവിനെ ബന്ധപ്പെട്ടത് തന്നെ ഈ പിആര്‍ ഏജന്‍സിയാണെന്നും വ്യക്തമായതോടെ മുഖ്യമന്ത്രി തന്നെ കുരുക്കില്‍പ്പെടുകയാണ്.
CONTENT HIGHLIGHTS;”Django you know…I’m in” This is the state of the CM: PR work for the interview was done by an old SFI guy