പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ പ്രതിപക്ഷത്തെ ‘വെട്ടിയൊതുക്കി’ ഇരിക്കുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തിന് സര്‍ക്കാരുമായി നേര്‍ക്കുനേര്‍ സംവദിക്കാനാകുന്ന ഇടം കൂടിയാണ് നിയമസഭ. മറ്റു സമയങ്ങളിലെല്ലാം ഒളിപ്പോര്‍ എന്നപോലെ വാര്‍ത്താ സമ്മേലനങ്ങള്‍ വിളിച്ചും, രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും ഒക്കെയാണ് സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍, നിയമസഭാ സമ്മേളന കാലയളവില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിയമസഭയില്‍ ട്രഷറി ബെഞ്ചില്‍ ഉണ്ടാകും.
പ്രതിപക്ഷ നേതാവ് അടക്കമുള്ള എംഎല്‍.എമാരും ഉണ്ടാകും. മുന്‍കൂട്ടി നിയമസഭാ സെക്രട്ടേറിയറ്റില്‍ എം.എല്‍.എമാര്‍ എഴുതി കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ നിയമസഭയില്‍ തന്നെ ഉത്തരം നല്‍കും. ഈ ചോദ്യങ്ങളെ സ്റ്റാര്‍ഡ് ക്വസ്റ്റിയന്‍സ് എന്നാണ് വിളിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍, എം.എല്‍.എമാര്‍ എല്ലാവരും ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ എഴുതി നല്‍കും. എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിക്ക് സഭയില്‍ ഉത്തരം നല്‍കാനാകില്ല. അതുകൊണ്ടു തന്നെ സഭയില്‍ ഉത്തരം നല്‍കുന്ന ചോദ്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ രേഖാമൂലം ഉത്തരംനല്‍കും.
ഈ രേഖകള്‍ എം.എല്‍.എമാര്‍ക്ക് ഔദ്യോഗികമായി നിയമസഭ വഴി നല്‍കുകയും ചെയ്യും. മന്ത്രിമാര്‍ രേഖാമൂലം നല്‍കുന്ന ചോദ്യങ്ങളെയാണ് അണ്‍ സ്റ്റാര്‍ഡ് ക്വസ്റ്റിയന്‍സ് എന്നും വിളിക്കുന്നത്. സ്റ്റാര്‍ഡ് ക്വസ്റ്റിയനുകള്‍ നിയമസഭാ സെക്രട്ടേറിയറ്റ് വിശദമായി പരിശോധിച്ച്, മന്ത്രിക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങളെ മാത്രമേ പരിഗണിക്കൂ. എന്നാല്‍, നിയമസഭയില്‍ മന്ത്രിയുടെ മറുപടി കേള്‍ക്കാനായി പ്രതിപക്ഷം ചില ചോദ്യങ്ങള്‍ സ്റ്റാര്‍ഡ് ക്വസ്റ്റിയനായി നല്‍കാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വളരെ തന്ത്രപരമായ ഉത്തരമാണ് നല്‍കി വരുന്നത്.
എന്നാല്‍, നാളെ നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തിന് നിരവധി പ്രത്യേകതകളുണ്ട്. മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുകയാണെന്ന ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ADGP-RSS കൂടിക്കാഴ് മുതല്‍, തൃശൂര്‍പൂരം കലക്കല്‍, തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം, മുഖ്യമന്ത്രിയും അന്‍വറുമായുള്ള ഏറ്റുമുട്ടല്‍, സ്വര്‍ണ്ണം പൊട്ടിക്കല്‍, ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കല്‍, മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമര്‍ശം, പി.ആര്‍ ഏജന്‍സി, ഹിന്ദുവിലെ അഭിമുഖം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതെല്ലാം പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്നുറപ്പാണ്.
ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വെട്ടിനിരത്തല്‍ നടന്നത്. പ്രതിപക്ഷ എം.എല്‍.എമാര്‍ എഴുതി നല്‍കിയ സ്റ്റാര്‍ഡ് ക്വസ്റ്റ്യനുകളില്‍ ചിലത് അണ്‍സ്റ്റാര്‍ഡ് ക്വസ്റ്റ്യനാക്കി മാറ്റിക്കഴിഞ്ഞു. ഇത് നീതിയല്ലെന്നു കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ എ.എന്‍. ശംസീറിന് കത്തു നല്‍കിയിരിക്കുകയാണ്. നിയമസഭയുടെ കാതലായ സെഷനാണ് ചോദ്യോത്തര വേള. ഈ സമയം എം.എല്‍.എമാര്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും അതിനുള്ള ഉത്തരം മന്ത്രിമാര്‍ നേരിട്ട് നല്‍കുന്നതിനുമുള്ള സമയമാണ്. ഒരു മണിക്കൂറാണ് നിയമസഭാ സെഷനില്‍ ചോദ്യോത്തരത്തിന് അനുവദിക്കുന്നത്.
ഈ സമയത്ത് മന്ത്രിമാര്‍ ഉത്തരം നല്‍കിയാലും, എംഎള്‍.എമാര്‍ക്ക് ഉഫചോദ്യം ചോദിക്കാനുള്ള സമയം സ്പീക്കര്‍ അനുവദിക്കും. നിലവില്‍ ഉണ്ടായിരിക്കുന്ന എല്ലാ വിഷയങ്ങളും മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും ബന്ധപ്പെട്ടുള്ളതായതു കൊണ്ടാണ് ചോദ്യങ്ങളെല്ലാം അണ്‍സ്റ്റാര്‍ഡ് ആക്കിയതെന്നാണ് ആക്ഷേപം. മാത്രകമല്ല, അണ്‍സ്റ്റാര്‍ഡ് ക്വസ്റ്റ്യനുകള്‍ മാഘ്യമങ്ങള്‍ വഴി മാത്രമേ പുറത്തേക്കു വരൂ. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എം.എല്‍.എമാര്‍ക്കു നല്‍കാന്‍ മന്ത്രിമാര്‍ക്ക് സമയവും അനുവദിക്കും. അതുകൊണ്ടാണ് സ്റ്റാര്‍ഡ് ക്വസ്റ്റിയ്‌നുകളെ അണ്‍സ്റ്റാര്‍ഡ് ക്വസ്റ്റിയനാക്കി മാറ്റിയിരിക്കുന്നത്.
ഇതിനെതിരേയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ട വിരുദ്ധമായി, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നു നേരിട്ട് മറുപടി ലഭിക്കേണ്ട, എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയങ്ങളില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്‍കിയ 49 നോട്ടീസുകളാണ് മാറ്റിയിട്ടുള്ളത്.
നിയമസഭാ നടപടിചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിങ്ങുകള്‍ എന്നിവയ്ക്ക് വിരുദ്ധമായാണ് നക്ഷത്രചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കിയതെന്നു പ്രതിപക്ഷ നേതാവ് പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, സഭ നടക്കാന്‍ മണുക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിന്‍മേല്‍ ഒരു അനുകൂല നടപടി പ്രതിപക്ഷം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഒക്ടോബര്‍ 7 നാണ് ആദ്യ ചോദ്യോത്തര ദിവസം. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒക്ടോബര്‍ 7ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ചോദ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല. ഒക്ടോബര്‍ 4 മുതല്‍ 18 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്. ഒക്ടോബര്‍ 7ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഭക്ഷ്യമന്ത്രി, തദ്ദേശ മന്ത്രി എന്നിവരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത്. ഒരു എം.എല്‍.എയ്ക്ക് 7 ചോദ്യങ്ങള്‍ വരെ ഒരു ദിവസം ഉന്നയിക്കാം.
അന്‍വറില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിരുന്നവരെ അമ്പരിപ്പിക്കുന്നതാണ് അന്‍വറിന്റെ നീക്കം. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം ചോദ്യമായി ഉന്നയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചതും തൃശൂര്‍ പൂരം കലക്കല്‍ ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തല്‍ സഭ സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിക്കുകയും ചെയ്യും. വയനാട് ദുരന്തം, ഹേമ കമ്മിറ്റി, കാഫിര്‍ തുടങ്ങിയ വിഷയങ്ങളും ചോദ്യങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും കുടുംബവും ഓഫിസും , എ.ഡി.ജി.പിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് സഭാ സമ്മേളനം നടത്തി കൊണ്ടുപോവുക സ്പീക്കര്‍ എ.എന്‍ ഷംസീറിന് എളുപ്പമാകില്ലെന്നുറപ്പാണ്.
CONTENT HIGHLIGHTS;So don’t be a ‘star’: the opposition was ‘cut down’ before the assembly session; Questions have been changed to Unstarred