Explainers

ജന്‍മം കൊണ്ട് റഷ്യന്‍, കര്‍മ്മം കൊണ്ട് ഇന്ത്യന്‍: അന്റോനോവ് എന്ന AN12 വിമാനത്തെ അറിയുമോ ?

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഞ്ഞു മലകള്‍ക്കടിയില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്‍ഖെ ചുണക്കുട്ടനായ ഒരു വിമാനത്തിന്റെ കഥയുടെ ബാക്കിയാണെന്ന് വിശ്വസിക്കുന്ന പട്ടാളക്കാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കുളു ജില്ലയിലെ റോത്തംഗ് പാസിലെ വെളുത്ത താടിപോലെ പരന്നു കിടക്കുന്ന മഞ്ഞു മലകളിലേക്ക് മറഞ്ഞു പോയ ആ വിമാനത്തിന്റെ പേരാണ് അന്റോനോവ് എന്ന AN12. ജന്‍മം കൊണ്ട് രഷ്യക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് തനി ഇന്ത്യാക്കാരന്‍ എന്നുതന്നെ പറയണം ഈ വിമാനത്തെ.

1968 ഫെബ്രുവരി മാസത്തിലെ കൊടും തണുപ്പുള്ള ഒരു ദിവസത്തിലാണ് കുളു ജില്ലയിലെ റോത്തങ് പാസില്‍ മഞ്ഞുമലകള്‍ക്കിടയില്‍ അന്റോനോവ് എന്‍12 കാണാതാകുന്നത്. അടുത്തിടെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ മഞ്ഞില്‍ നിന്നും കണ്ടെടുത്തതോടെയാണ് അന്റോനോവിന്റെ കഥകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. 1968ല്‍ 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡില്‍ നിന്നു ലേ,യിലേക്കു പോവുകയായിരുന്നു എഎന്‍12. കാണാതായ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളു. 2003 ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

2005, 2006, 2013, 2019 വര്‍ഷങ്ങളില്‍ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2007ല്‍ ഓപ്പറേഷന്‍ പുനരുദ്ധാന്‍-3 എന്ന പേരില്‍ സൈന്യം മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. 2019ലെ തിരച്ചിലില്‍ അഞ്ചു പേരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ അവിഭാജ്യഘടകമായിരുന്നു എഎന്‍-12 എന്ന സോവിയറ്റ് നിര്‍മിത വിമാനം. എങ്ങനെയാണ് അത് ഇന്ത്യന്‍ വ്യോമസേനയുെട അവിഭാജ്യ ഘടകമായി മാറിയത് എന്നതിനെ കുറിച്ച് അഭ്യുദയകാംഷികള്‍ ഗൂഗിളിലും ഇന്‍ര്‍നെറ്റിലുമൊക്കെ തിരയുന്നുണ്ട്.

യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിച്ചിരുന്ന എഎന്‍ – 10 മോഡല്‍ വിമാനത്തിന്റെ മറ്റൊരുപതിപ്പായിരുന്നു എഎന്‍ -12. എന്നാല്‍, പുതിയ പതിപ്പ് യുദ്ധങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനായി രൂപകല്‍പ്പന ചെയ്തതാണെന്നു മാത്രം. 1959ലാണ് എഎന്‍ -12 നിര്‍മ്മിച്ച് കമ്മിഷന്‍ ചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ വ്യോമസേനയുടെ ഭാഗമായതോടെ സര്‍വ്വസജ്ജമായി യുദ്ധമുഖത്ത് എപ്പോഴും AN-12 ഉണ്ടായിരുന്നു. യുദ്ധ സന്നാഹം വര്‍ദ്ധിപ്പിക്കാനായി അത്യാദുനിക രീതിയിലുള്ള AN12 വിമാനങ്ങള്‍ നിരവധി നിര്‍മ്മിച്ചിരുന്നു. ഏതാണ്ട് 1,248 എഎന്‍-12 വിമാനങ്ങള്‍ സോവിയറ്റ് യൂണിയന്റെ കൈവശമുണ്ടായിരുന്നു.

കാര്‍ഗോ – പാരാട്രൂപ്പ് യാത്രാ ആവശ്യങ്ങള്‍ക്കായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. യുഎസ് നിര്‍മിത ലോക്ക്ഹീഡ് സി-130 ഹെര്‍ക്കുലീസ് വിമാനത്തോടു സാമ്യമുണ്ടായിരുന്ന എഎന്‍ -12 നെ ‘കബ്’ എന്നാണ് നാറ്റോ വിശേഷിപ്പിച്ചിരുന്നത്. 1960ല്‍ കുറച്ച് എഎന്‍-12 വിമാനങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നു ചൈന വാങ്ങിയിരുന്നു. 1973 വരെ സോവിയറ്റ് യൂണിയന്‍ ഇവ നിര്‍മ്മിച്ചു. നിലവില്‍ എഎന്‍ -12ന്റെ 30 ലധികം പതിപ്പുകള്‍ ലോകത്ത് പലയിടത്തും ഉപയോഗിക്കുന്നുണ്ട്. റഷ്യ നിര്‍മ്മിച്ച് നല്‍കിയ AN-12 വിമാനങ്ങളാണ് മിക്ക രാജ്യങ്ങലുടെയും വോമസേനയില്‍ ഉള്ളതെന്നു ചുരുക്കം.

28,000 കിലോഗ്രാമാണ് വിമാനത്തിന്റെ ഭാരമുള്ള വിമാനം പറപ്പിക്കാന്‍ രണ്ട് പൈലറ്റ്, ഒരു ഫ്‌ളൈറ്റ് എന്‍ജിനീയര്‍, ഒരു നാവിഗേറ്റര്‍, ഒരു റേഡിയോ ഓപ്പറേറ്റര്‍ എന്നിവരാണ് വേണ്ടത്. വിമാനത്തിന് 20,000 കിലോഗ്രാം വരെ വഹിക്കാനും കഴിയും. മണിക്കൂറില്‍ 660 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ AN12ന് ശേഷിയുണ്ട്. ഒറ്റപ്പറക്കലിന് 5,700 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും കഴിവുണ്ട്. എഎന്‍-12ന്റെ ചില വിമാനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നതുംെ പ്രത്യേകതയാണ്. ഒരേ സമയം വിമാനത്തെ ബോംബറായും ഉപയോഗിക്കാം. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ആയിട്ടാണ് ഇന്ത്യന്‍ വ്യോമസേന AN12നെ ഉപയോഗിച്ചിരുന്നത്.

ഉയരം കൂടിയ മേഖലയിലും, കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങളിലും ഈ വിമാനത്തെ ഉപയോഗിക്കാനാകും. ഒരേ സമയം, യുദ്ധവിമാനമായും പാരാട്രൂപ്പ് ട്രാന്‍സ്‌പോര്‍ട്ട് വിമാനമായും ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായും എഎന്‍-12 ഉപയോഗിക്കാനാവുമെന്നത് വിലയ പ്രത്യേകതയാണ്. 1961 ലാണ് എഎന്‍-12 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഹിമാലയന്‍ ഗീസുകള്‍ എന്നറിയപ്പെട്ടിരുന്ന നമ്പര്‍ 44 ഇന്ത്യന്‍ സ്‌ക്വാഡ്രണിലേക്കായിരുന്നു അവയുടെ വരവ്. 1962ലെ ഇന്ത്യ – ചൈന യുദ്ധത്തില്‍ എഎന്‍-12 വരവറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആറു വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന റഷ്യയില്‍ നിന്നു വാങ്ങിയത്. വൈകാതെ നമ്പര്‍ 25 സ്‌ക്വാഡ്രണിലും എഎന്‍ -12 വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.

1971 വരെ എഎന്‍ -12 ഒരു കാര്‍ഗോ – പാരാട്രൂപ്പ് വിമാനമാണെന്നായിരുന്നു കരുതിയിരുന്നത്. യുദ്ധമുഖത്ത് നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാല്‍, 1971ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ കളിമാറി. എഎന്‍ -12 വിമാനത്തിന്റെ മറ്റൊരു പതിപ്പായ എഎന്‍-12 എസ് യുദ്ധത്തിനായി സര്‍വ്വസജ്ജമാണെന്നു മാത്രമല്ല, യുദ്ദമുഖത്തെ കഴുകനായി മാറുകയും ചെയ്തു. ഇന്ത്യ – പാക്ക് യുദ്ധകാലത്ത് എഎന്‍-12എസിനെ ഇന്ത്യന്‍ വ്യോമസേന ബോംബര്‍ വിമാനങ്ങളായി ഉപയോഗിക്കുകയും ചെയ്തു. 1990 വരെ ഇന്ത്യന്‍ വ്യോമസേനയുടെ അവിഭാജ്യ ഘടകമായിരുന്നു എഎന്‍-12 വിമാനങ്ങള്‍.

എന്നാല്‍, കാലം മാറിയതോടെ യുദ്ധത്തിന്റെ രകൂപവും ഭാവവും മാറി. രാജ്യങ്ങള്‍ യുദ്ധമുഖത്തേക്ക് ആദുനിക സംവിധാനങ്ങളും വിമാനങ്ങളും കൊണ്ടുവന്നു. ഇന്ത്യയും പുത്തന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ യുദ്ധവിമാനങ്ങളിലേക്കു തിരിഞ്ഞു. ഇതോടെ AN12 വിമാനങ്ങള്‍ സേനയില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ന്യൂഡല്‍ഹിയിലെ പാലം ഇന്ത്യന്‍ വ്യോമസേനാ മ്യൂസിയത്തില്‍ ഒരു എഎന്‍-12 സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ അംഗോള, ചാഡ്, എത്യോപ്യ, കസാഖിസ്ഥാന്‍, മ്യാന്‍മാര്‍, നൈജീരിയ, റഷ്യ, സുഡാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമസേനകള്‍ എഎന്‍-12 ഉം അതിന്റെ പരിഷ്‌കൃത വിഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

CONTENT HIGHLIGHTS;Russian by birth, Indian by deed: Do you know the Antonov AN12 aircraft?

Latest News