ജലാശയങ്ങള്‍ മരണക്കയങ്ങളായി മാറിയ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുങ്ങിമരണങ്ങളില്‍ ഭൂരിഭാഗവും യുവതലമുറയില്‍പ്പെട്ടവര്‍ ആണെന്നതാണ് ഏറെ ദുഖകരമായ സത്യം. എന്നാല്‍, ഇങ്ങനെ ജലാശയങ്ങളില്‍ വീണു പോകുന്നവരെ രക്ഷിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇരട്ടച്ചങ്കു തന്നെ വേണം. കാരണം, വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, രക്ഷിക്കാനെത്തിയവരെ അപകടത്തില്‍പ്പെട്ടവര്‍ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയേക്കാം. ശ്വാസം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മരണ വെപ്രാളത്തിലായിരിക്കും അപകടത്തില്‍പ്പെട്ടവര്‍.
അവര്‍ രക്ഷയ്‌ക്കെത്തുന്നവരെ പിടിക്കുന്നത്, സ്വയം രക്ഷപ്പെടാനാണ്. അപ്പോള്‍ അപകടത്തില്‍പ്പെട്ടവരുമായി സ്വയം അപകടത്തില്‍പ്പെടാതെ കരയ്‌ക്കെത്തണമെങ്കില്‍ രക്ഷിക്കാനിറങ്ങുന്നവര്‍ക്ക് ഇരട്ടച്ചങ്കു തന്നെ വേണം. അങ്ങനെ ജലാശയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഇരട്ടച്ചങ്കുള്ളവര്‍ കുറവാണ്. പക്ഷെ, ഉള്ളവരെല്ലാം ഇരട്ടച്ചങ്കുമായി രക്ഷയ്‌ക്കെത്തുമെന്ന ഉറപ്പുണ്ട്. അങ്ങനെയൊരാളാണ് കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ മാല്‍പ്പെ സ്വദേശിയായ ഈശ്വര്‍. കാര്‍വാര്‍ അടക്കം വിവിധ മേഖലകളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ നാട്ടുകാരുടെ ദൈവദൂതനായി എത്തുന്നത് ഈശ്വര്‍ ആണ്.
അതുകൊണ്ടു തന്നെ ആഴങ്ങളില്‍ അപകടത്തില്‍പ്പെടുന്ന ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ചങ്കുറപ്പിന്റ പേരുകൂടിയാണ് ഈശ്വര്‍ മാല്‍പെ. വെറും കയ്യോടെ വെള്ളത്തില്‍ നിന്ന് പൊങ്ങില്ലെന്ന വിശ്വാസത്തിന്റെ പേരുകൂടിയാണത്. അങ്ങനെയൊരു അസാമാന്യ മനുഷ്യന്‍ രാജ്യമാകെ അറിയപ്പെടാനും, മാധ്യമങ്ങളില്‍ നിറയാനും കാരണമായത് ഷിരൂരിലെ മണ്ണിടിച്ചിലും, കോഴിക്കോടുകാരന്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ തിരയാനിറങ്ങിയതിലൂടെയുമാണ്. നല്ലതും മോശവുമായ നിരവധി വാര്‍ത്തകളാണ് ഷിരൂര്‍ ദൗത്യവുമായി വന്നുകൊണ്ടിരിക്കുന്നത്. ഏതാണ് സത്യം ഏതാണ് കള്ളം എന്നു മനസ്സിലാക്കാന്‍ പറ്റാത്ത സ്ഥിതി.
എന്നാല്‍, ഒന്നുറപ്പാണ്. ഈശ്വര്‍ മാല്‍പ്പെ വെറുമൊരു തിരച്ചില്‍കാരനല്ല. ആഴങ്ങളില്‍ പൊലിഞ്ഞു പോകേണ്ടുന്ന നിരവധി ജീവനുകള്‍ കരയ്‌ക്കെത്തിച്ച ഈശ്വരന്‍ ആണ്. മരണത്തിന്റെ മുഖത്തു നിന്നും ഒരു മനുഷ്യനെ തിരികെ കൂട്ടിക്കൊണ്ടു വരാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. അങ്ങനെയുള്ള ഒരാള്‍ക്കെതിരേ എന്തൊക്കെ ദുരാരോപണങ്ങള്‍ പറഞ്ഞാലും, ജനം വിശ്വസിക്കാന്‍ വഴിയില്ല. മാല്‍പ്പെ പോലീസുകാര്‍ ഈശ്വര്‍ മാല്‍പ്പെയെ കുറിച്ച് പറയുന്ന കാര്യമിതാണ്. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക നഷ്ടം നേരിട്ട ഒരു ഹോട്ടലുടമ നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ വിവരമറിഞ്ഞ ഈശ്വര്‍ മാല്‍പെ സ്ഥലത്തെത്തി. കൂരിരുട്ടില്‍ ആഴങ്ങളില്‍ ഇറങ്ങി കല്ലിനടിയില്‍ കുടുങ്ങിയ അദ്ദേഹത്തെ വലിച്ചെടുത്തു.
കരയ്‌ക്കെത്തിക്കുമ്പോള്‍ ഹോട്ടലുടമയ്ക്ക് ജീവനുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് കടലില്‍ ചാടിയ വിദ്യാര്‍ഥിനിയെ മരണത്തില്‍ നിന്ന് വലിച്ചുകയറ്റിയതും ഈശ്വര്‍ മാല്‍പെയാണ്. ഇതുപോലെ എത്രയോ കഥകളാണ് ഈശ്വര്‍ മാല്‍പ്പെയെ കുറിച്ച് മാല്‍പ്പെ നിവാസികള്‍ക്ക് പറയാനുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവര്‍ പറയുന്ന മറ്റൊരു കഥ കൂടിയുണ്ട്. ഈശ്വറിന്റെ കുടുംബത്തിന്റെ കഥ. ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പി മാല്‍പേയില്‍ ഇടത്തരം കുടുംബത്തിലാണ് ഈശ്വര്‍ ജനിച്ചത്. വയസ് 49. അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ജന്മനാ അസുഖ ബാധിതരാണ് മൂന്ന് മക്കളും. 2022ല്‍ ഒരു മകന്‍ അകാലത്തില്‍ നഷ്ടമായി.
അമ്മയും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ഈശ്വര്‍ മാല്‍പെ ബീച്ചിന് സമീപത്താണ് താമസം. സ്വന്തമായാണു നീന്തല്‍ പഠിച്ചത്. കുട്ടിക്കാലത്തു മല്‍പെ ബീച്ചില്‍ 5 കിലോമീറ്റര്‍ നീന്തി വെള്ളത്തെ മെരുക്കി. കടലില്‍ അപകടങ്ങളില്‍ മരിച്ചുപോകുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവെന്ന് ചെറുപ്പത്തില്‍ അറിഞ്ഞത് ഈശ്വറിന് വലിയ ഞെട്ടലായി. മൃതദേഹം കണ്ടെത്താന്‍ പോലീസും തയ്യാറാകാത്ത അവസരങ്ങള്‍ കൂടിയപ്പോള്‍ ഈശ്വര്‍ സ്വയം കടലില്‍ എടുത്തുചാടി തിരച്ചില്‍ ആരംഭിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം ഒരുങ്ങിയതോടെ ഈശ്വര്‍ ഇത്തരം ദൗത്യങ്ങള്‍ തന്റെ കടമയായി ഏറ്റെടുക്കുകയായിരുന്നു.
മുങ്ങിമരണം തടയാനും വെള്ളത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനുമായി നിരവധിപേരെ ഇദ്ദേഹം നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്. കോസ്റ്റല്‍ സെക്യൂരിറ്റി പോലീസിനും സമുദ്ര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്ന മാല്‍പെ, 20 വര്‍ഷമായി നൂറിലധികം പോലീസ് ഓഫീസര്‍മാരെയും പഠിപ്പിച്ചു. തന്റെ രക്ഷാ ദൗത്യങ്ങള്‍ക്ക് പുറമേ സൗജന്യ ആംബുലന്‍സ് സേവനവും മോട്ടോര്‍ ബോട്ടുകള്‍ക്ക് വെള്ളം നല്‍കുന്ന ബിസിനസ്സും ഇയാള്‍ക്കുണ്ട്. സാഹസിക ദൗത്യങ്ങളുടെ പേരില്‍ കര്‍ണാടകയുടെ ‘അക്വാമാന്‍’ എന്നാണ് ഈശ്വര്‍ മാല്‍പെ അറിയപ്പെടുന്നത്.
8 വോളന്റിയര്‍മാര്‍ അടങ്ങുന്നതാണ് ഈശ്വര്‍ മാല്‍പെയുടെ ദൗത്യസംഘം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും വെള്ളത്തിനടിയില്‍ നിന്ന് കയറിട്ട് മുകളിലേക്ക് വലിക്കുന്നതും വീഡിയോ ചിത്രീകരിക്കുക എന്നതുമാണ് ഇവരുടെ ചുമതല. രണ്ട് ദശകത്തിനിടെ കഠിനമായ ദൗത്യമാണ് ഷിരൂരിലേതെന്നു മാല്‍പെ പറയുമ്പോഴും വിവാദങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. വെള്ളത്തിനടിയിലെ സാഹസികത മാല്‍പെയുടെ വിനോദമല്ല, മറിച്ച് സമൂഹത്തോടുള്ള കടപ്പാടാണ്. 200 ഓളം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ആയിരത്തോളം അവശിഷ്ടങ്ങളും കണ്ടെടുത്തു ഇതില്‍ ഡ്രോണുകള്‍, മൊബൈല്‍ ഫോണുകള്‍, മൃതദേഹങ്ങള്‍ എന്നിവയെല്ലാമുണ്ട്. വെള്ളത്തില്‍ മാത്രമല്ല പ്രകൃതിദുരന്തങ്ങളില്‍ കുടുങ്ങിയവരെയും ആത്മഹത്യയുടെ വക്കിലുള്ളവരെയും ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്.
വെള്ളത്തിന്റെ സ്വഭാവവും ഭാവവും കൈവെള്ള പോലെ പഠിച്ച ആളാണ് മാല്‍പെ. കര്‍ണാടകയിലെ ബംഗളൂരു, ചിക്കമംഗളുരു, കോലാര്‍, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ നിന്ന് 20 വര്‍ഷമായി നിരവധി പേരെയാണ് മാല്‍പേ രക്ഷിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നത് കടമയായി കണക്കാക്കുന്ന ഈശ്വര്‍ മാല്‍പെ സേവനത്തിന് പണം കൈപ്പറ്റാറില്ല. ഞാന്‍ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്, എനിക്ക് ദൈവാനുഗ്രഹം മതിയെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഉഡുപ്പിയില്‍ ഒരാളെ വെള്ളത്തില്‍ വീണ് കാണാതായാല്‍ ആദ്യം പൊലീസ് വിളിക്കുക ഈശ്വറിനെയാണ്. ഉത്തര കന്നഡ എസ്.പി, ഡി.എസ്.പി എന്നിവരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഈശ്വര്‍ മാല്‍പെയും സംഘവും അര്‍ജുനായുള്ള തിരച്ചിലിന്റെ ഭാഗമാകുന്നത്.
content highlights;Who are the God(s) of Malpe? : To know the family of that double savior; Even when controversy rages, he is ready to jump into the depths for his life