നിയമസഭയുടെ അന്തസ്സ് എന്താണ്. അത് അളക്കാന്‍ കഴിയുമോ. സാധാരണക്കാരന്‍ വോട്ടര്‍മാരുടെ പ്രതിനിധികളാണ് നിയമസഭയില്‍ ഇരിക്കുന്നത്. അതായത് കേരളം എന്ന സംസ്ഥാനത്തിന്റെ ചുരുക്കം. 140 മണ്ഡലങ്ങള്‍ ചേരുന്ന (ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി കൂടി ചേരുമ്പോള്‍ 141) കേരളത്തിന്റെ മിനിയേച്ചര്‍ ആണ് നിയമസഭ. അവിടെ ഓരോ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും, പുതിയ നിയമ നിര്‍മ്മാണങ്ങളും, പഴയ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും, അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കലും ഒക്കെയാണ് നടക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയ സമീപനങ്ങള്‍ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനുള്ള വേദി കൂടിയാണ് സഭ അത് തിരുത്തി മുന്നോട്ടു പോകാനുള്ള അവസരമാണ് സര്‍ക്കാരിനുള്ളത്.
മാത്രമല്ല, സര്‍ക്കാരിന്റെ മറുപടികള്‍ക്കും അവിടെ പ്രസക്തിയുണ്ട്. നിയമസഭയിലെ ഭരണ-പ്രതിപക്ഷ ഇടപെടലുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുകയും ചെയ്യും. വളരെ ദൗര്‍ഭാഗ്യകരമെന്നു പറയേണ്ട കാര്യങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയമസഭയില്‍ നിന്നും പുറത്തു വരുന്നത്. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണോ അതോ ദുര്‍ബലപ്പെടുത്തുന്നതാണോ എന്ന് ജനപ്രതിനിധികളാണ് ചിന്തിക്കേണ്ടത്. കാരണം, നിയമസഭ എന്നത്, എന്താണോ, എങ്ങനെയാണോ എന്നൊക്കെ മനസ്സിലാക്കിയിരിക്കുന്ന സാധാരണ ജനങ്ങളില്‍ ആ ചിത്രം മാറിക്കഴിഞ്ഞിരിക്കുന്നു. അപവാദങ്ങള്‍ വിളിച്ചു പറയുക, തെറി വിളിക്കുക, തമ്മില്‍ കൈയ്യാങ്കളി നടത്തുക, സ്പീക്കറുടെ കസേര എടുത്ത് എറിയുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, പിന്നെ, നിയമസഭ വേഗത്തില്‍ പിരിയുക.
ഇതാണ് ഇപ്പോള്‍ നടന്നു വരുന്നത്. അതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് നിയമസഭയില്‍ നടന്നതും. മുഖ്യമന്ത്രി ചെകുത്താന്‍ വേദമോതുന്ന പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുമ്പോള്‍ തിരിച്ച് നിലവാരമില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയും പറയുകയാണ്. ഇരു കൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ എന്ന് പറയാം. ഒരാള്‍ തെറി വിളിക്കുമ്പോള്‍ മറ്റേയാള്‍ അസഭ്യം പറയുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ മുഖ്യമന്ത്രി ചെകുത്താനാണെന്ന് പറയുന്നത്, പ്രതിപക്ഷമാണ്. നിലവാരമില്ലാത്ത ആളാണ് വി.ഡി. സതീശനെന്നു പറയുന്നത്, മുഖ്യമന്ത്രി പിണറായി വിജയനാണ്. ചെകുത്താന്‍ നിവരാമില്ലാത്തവനെന്നു പറയുമ്പോള്‍, നിവരാമില്ലാത്തവന്‍ ചെകുത്താനെന്നു പറയുന്നു.
ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ ആവശ്യം, തങ്ങള്‍ എഴുതിക്കൊടുത്ത 49 ചോദ്യങ്ങള്‍ വെട്ടിയതെന്തിനാണെന്നാണ്. അതും സ്പീക്കറുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്നു നടത്തിയ അന്തര്‍ധാരയിലൂടെ. മുഖ്യമന്ത്രിയുടെ ഒരു പേഴ്‌സണല്‍ സ്റ്റാഫാണ് സ്പീക്കറുടെ ഓഫീസില്‍ എത്തി, പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങള്‍ സ്‌ക്രൂട്ടണി നടത്തിയത്. ഇതില്‍ മുഖ്യമന്ത്രിയുടെ മലപ്പുറം ജില്ലയുമായും സ്വര്‍ണ്ണക്കടത്തുമായും ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും നക്ഷത്ര ചിഹ്നമിട്ടിരുന്നു. അതെല്ലാം പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റുകയായിരുന്നു.
ഇതാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഈ ചോദ്യം ചെയ്യലിനെ സ്പീക്കര്‍ തന്റെ റൂളിംഗുകൊണ്ടാണ് പ്രതിരോധിച്ചത്. സ്പീക്കര്‍ക്ക് ചോദ്യങ്ങളെ സ്റ്റാറാക്കാനും സ്റ്റാറല്ലാതാക്കാനും അധികാരമുണ്ടെന്ന് ശാക്തര്‍ ആന്റ് കൗളിന്റെ നിയമപുസ്തകം ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതിരോധം തീര്‍ത്തത്. നിയമസഭയിലെ നിയമങ്ങള്‍ക്കു മുകളിലുള്ള നിയമ പണ്ഡിതനാകണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചു. പിന്നാലെ മുഖ്യമന്ത്രിയും നിലവാരമില്ലാത്ത ആളാണ് വി.ഡി. സതീശനെന്ന് പച്ചക്കു പറഞ്ഞതോടെ എല്ലാം കൈവിട്ടു പോയി.
സഭയുടെ അന്തസ്സ് പാലിക്കാന്‍ നോക്കേണ്ടത് രണ്ടു ഭാഗവുമാണ്. സ്പീക്കര്‍ക്കെതിരേ എന്തു പറയാമെന്നും എന്തു പറയരുതെന്നും നല്ല ധാരണ ഇരുകൂട്ടര്‍ക്കുമുണ്ട്. എന്നാല്‍, അദ്ദേഹം തീര്‍ത്തും നിലവാരമില്ലാത്ത രീതിയിലാണ് അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത്. അത് ഇപ്പോള്‍ മാത്രമല്ല, നേരത്തെയും ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ പരിധിയും ലംഘിച്ചു കൊണ്ട് വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരമില്ലായ്മ പറയേണ്ടി വന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നെ അഴിമതിക്കാരനാക്കാന്‍ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് മുന്നില്‍ പിണറായി വിജയന്‍ ആരാണ് എന്നും സതീശന്‍ ആരാണ് എന്നും അറിയാം.
പിണറായി വിജയന്‍ അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ പൊരിഞ്ഞ വാക്ക് പോരാണ് നടന്നത്. താനൊരു ദൈവവിശ്വാസിയാണെന്നും എല്ലാ ദിവസവും താന്‍ പ്രാര്‍ത്ഥിക്കുന്നത്, പിണറായി വിജയനെപ്പോലെ ഒരു അഴിമതിക്കാരന്‍ ആകരുതെന്നാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതുകൊണ്ട് എന്റെ നിലവാരം അളക്കാന്‍ വരണ്ട. തുടര്‍ന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ പോരാട്ടമുണ്ടായി. ‘നിങ്ങള്‍’ എന്നാണ് ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്.
തുടര്‍ന്ന് പ്രതിപക്ഷത്തെ മാത്യു കുഴല്‍നാടന്‍, ഐ.സി ബാലകൃഷ്ണനും സ്പീക്കറുടെ ഡയസ്സില്‍ കയറി. ഇരുകൂട്ടരും നടുത്തളത്തിലേക്ക് ഇറങ്ങി. പി.വിക്ക് എന്ത് പി.ആര്‍ ഏജന്‍സി ബാനറും ഉയര്‍ത്തി. കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. അടിയന്തിര പ്രമേയമില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. വാച്ച് ആന്റ് വാര്‍ഡന്‍ തമ്മില്‍ ഏറ്റുമുട്ടി. അത്യസാധാരണമായ നാടകീയ രംഗങ്ങളാണ് പിന്നീടുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കില്ല.
അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയില്‍ നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. പിന്നാലെ രൂക്ഷഭാഷയില്‍ പിണറായിയും മറുപടി നല്‍കി.
പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. ഡയസില്‍ കയറി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്‍ ഐ.സി. ബാലകൃഷ്ണന്‍
അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തില്‍ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാടിവി കട്ട് ചെയ്തു. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതു തുടരുക തന്നെ ചെയ്യുമെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, സര്‍ക്കാര്‍ അത്രയേറെ പ്രതിസന്ധി നേരിടുന്ന വിഷയങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നതും.
CONTENT HIGHLIGHTS;Chief Minister and Leader of the Opposition as Devil and Substandard: The Legislative Assembly was beaten and divided