നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ആ പേര് സജീവമാവുകയാണ്. ഓംപ്രകാശ് . ഇത്തവണ കൊലപാതകത്തിന്റെ പേരിലോ, കത്തിക്കുത്തിന്റെ പേരിലോ, ഗുണ്ടാപ്പക തീര്‍ക്കലിന്റെ പേരിലോ അല്ല. അതില്‍നിന്നെല്ലാം വ്യത്യസ്തമായി മയക്കുമരുന്ന് കച്ചവടത്തിന്റെ പേരിലാണ്. അതും എറണാകുളത്തു നിന്നും. സ്ഥലവും പ്രവൃത്തിയും അമ്പേ മാറിയെങ്കിലും ആ പേരുകാരന്‍ ഇന്നും ഓംപ്രകാശ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. എന്നാല്‍, ഓംപ്രാകശ് കുപ്രസിദ്ധനോ സുപ്രസിദ്ധനോ ആയാലും, ചെയ്യുന്ന പ്രവൃത്തിക്ക് ആ പേര് ചേരില്ലെന്നു കണ്ടായിരിക്കണം കൊച്ചിയിലെ ഹോട്ടലില്‍ ബോബി ചലപതി എന്ന പേരില്‍ മുറിയെടുത്തത്.
സോഷ്യല്‍ മീഡിയയിലും യുവാക്കളുടെ ഹരവുമൊക്കെയായ അലെന്‍ വാക്കറുടെ മെഗാ ഡി.ജെ ഷോ, ബോള്‍ഗാട്ടി പാലസില്‍ വെച്ച് നടന്നിരുന്നു. ഈ പരിപാടിക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ എത്തിയത് എന്നായിരുന്നു എക്‌സൈസിനും പോലീസിനും ലഭിച്ച വിവരം. മരട് കുണ്ടന്നൂരിലെ ക്രൗണ്‍പ്ലാസ എന്ന അത്യാഡംബര ഹോട്ടലിലാണ് ചലപതി എന്നപേരില്‍ ഓംപ്രകാശിന് വേണ്ടി റൂം ബുക്ക് ചെയ്തിരുന്നത്. സംഭവം അറിഞ്ഞ എക്‌സൈസും പോലീസും സംയുക്തമായി ഓംപ്രാകശിനെയും സംഘത്തെയും പൊക്കി. അവിടുണ്ടായിരുന്ന മദ്യവും, മയക്കുമരുന്ന് വെച്ചിരുന്നു എന്നുകണ്ടെത്തിയ കവറുമൊക്കെ സീസി ചെയ്തു. ഓംപ്രകാശിനെ പിടിച്ചു. ചോദ്യം ചെയ്തു. FIR ഇട്ടു. സിനിമാ നടനും നടിയും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചേര്‍ത്തു. ഒപ്പമുണ്ടായിരുന്നവരെയും പിടിച്ചു. റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കി.
കോടതിയില്‍ ഹാജരാക്കി. പക്ഷെ, അവിടെ കഥമാറി. കോടതി ഓംപ്രകാശിന് ജാമ്യം അനുവദിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവു കണ്ടെത്താന്‍ കഴിയാത്തതാണ് കോടതി ജാമ്യം അനുവദിക്കാന്‍ കാരണം. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. എന്നാല്‍, പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പാടെ തള്ളിക്കൊണ്ടാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അപ്പോള്‍, കൊച്ചിയില്‍ മുറിയെടുത്ത് ഡി.ജെപാര്‍ട്ടി കാണാന്‍ പോയ, കൂട്ടുകാര്‍ ഹോട്ടല്‍മുറിയില്‍ കാണാന്‍ വന്ന ഓംപ്രാകശ് മയക്കുമരുന്ന് കച്ചവടക്കാരനാണോ?. എന്തിനാണ് ആ നിരപരാധിയായ ചെറുപ്പക്കാരനെ ഇങ്ങനെ ക്രൂശിക്കുന്നത് ?. എന്നൊക്കെയുള്ള സ്വാഭാവിക ചോദ്യങ്ങള്‍ ഉയരാം.
ഓംപ്രാകശ് തെറ്റുകാരനാണോ ?
പാതി പൊതിഞ്ഞും, ബാക്കി വിഴുങ്ങിയുമൊക്കെയുള്ള പോലീസിന്റെ എഫ്.ഐ.ആറും, ചുമത്തിയിട്ടുള്ള വകുപ്പുകളും ജാമ്യം അനുവദിക്കാന്‍ പോന്നതാണെന്നാണ് ഓംപ്രകാശിനു വേണ്ടി ഹാജരായ വക്കീല്‍ പറയുന്നത്. ഓംപ്രാകശിനെ പിടിക്കുമ്പോള്‍ അവിടെ നിന്നും സിനിമാ നടനെയോ നടിയെയോ പിടിച്ചിട്ടില്ല. മൊഴിയുടെ അടിസ്ഥാനത്തിലാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പേരു ചേര്‍ത്തത്. മുറിയില്‍ കണ്ടെത്തിയ, മയക്കുമരുന്ന് വെച്ചിരുന്നു എന്നു പറയുന്ന പായ്ക്കറ്റില്‍, മയക്കു മരുേേന്നാ അതിന്റെ അംശമോ ഉണ്ടായിരുന്നില്ല. ആ പായ്ക്കറ്റ് മയക്കുമരുന്ന് വെച്ചിരുന്നതാണെന്ന ശാസ്ത്രീയ തെളിവുമില്ല. പോലീസ് പിടിക്കുമ്പോള്‍ ഓംപ്രകാശ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുമില്ല.
മുന്‍കാല പോലീസ് ഹിസ്റ്ററിയും, ലഭിച്ച രഹസ്യ വിവരത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ക്രൗണ്‍പ്ലാസയില്‍ റെയ്ഡ് നടത്തി ഓംപ്രകാശിനെ പിടികൂടുന്നത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ എത്തിയതു തന്നെ മയക്കുമരുന്ന് കച്ചവടത്തിനാണെന്ന് സംശയിക്കുന്നതു കൊണ്ടാണ് കസ്റ്റഡിയിലെടുത്തതും. പക്ഷെ, തെളിവുകള്‍ കിട്ടാതെ പോയതെങ്ങനെ. കുപ്രസിദ്ധ ഗുണ്ടയെ പൂട്ടാന്‍ പോയ പോലീസിനും എക്‌സൈസിനും കിട്ടിയത് തിരിച്ചടിയല്ലേ. എല്ലാ പഴുതുകളും അടച്ചുള്ള ഓപ്പറേഷനായിരുന്നില്ലേ വേണ്ടിയിരുന്നത്. അതോ, മയക്കു മരുന്ന് അവിടുന്ന് മാറ്റിയ ശേഷമാണോ പോലീസ് സംഘം എത്തിയത്. ആകെ കിട്ടിയത്, അളവില്‍ കൂടുതല്‍ മദ്യം മാത്രം.
അതിന് എടുക്കാവുന്ന കേസും, ചുമത്താവുന്ന വകുപ്പുകളും ഇട്ടെങ്കിലും ഓംപ്രാകശിന് ജാമ്യം കിട്ടി. ഇനി കേസ് കേസിന്റെ വഴിക്കു പോകും. പോലീസിന്റെ കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ പുറത്തുള്ള ഓംപ്രകാശിനും കൂടെയുള്ളവര്‍ക്കും കഴിയില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ നിരവധിപേര്‍ ഓംപ്രകാശിനെ അങ്ങോട്ടു പോയി കാണാന്‍ കൊച്ചിയിലുണ്ടെങ്കില്‍, ഈ കേസ് ഇല്ലാതാക്കാനും കഴിയുന്നവരുണ്ടെന്ന് സാരം.
ഓംപ്രകാശിന് നിലവില്‍ കേസുണ്ടോ ?
കൊലപാതകവും തട്ടിക്കൊണ്ട് പോകലും അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. പക്ഷെ, ഒന്നില്‍പ്പോലും ശിക്ഷ അനുഭവിച്ചിട്ടില്ല. എല്ലാ കേസിലും ജാമ്യം ലഭിച്ചിട്ടുമുണ്ട്. അതുകൊണ്ട് നിലവില്‍ ഓംപ്രകാശ് സ്വന്തന്ത്രനാണ്. അവസാനമായി വന്ന ഈ മയക്കുമരുന്ന് കച്ചവടക്കേസിലും ഓംപ്രാകശിന് ജാമ്യം കിട്ടിയിരിക്കുന്നു. അങ്ങനെ ഒരു കേസ് പോലും ശിക്ഷിക്കപ്പെടാതെ നില്‍ക്കുന്ന ഓംപ്രകാശിനെ കുടുക്കാന്‍ ചെയ്ത പണിയാകാനാണ് സാധ്യതയെന്ന് പറഞ്ഞാല്‍ തെറ്റില്ല. പക്ഷെ, തെറ്റിയത് പോലീസിനും എക്‌സൈസിനുമാണ്. അവര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ തന്ത്രപരമായി രക്ഷപ്പെട്ടതാണ് ഗുണ്ടാനേതാവും സംഘവും.
1999 മുതല്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീടുകയറി ആക്രമണങ്ങള്‍, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ പോയ ഓംപ്രകാശിനെ കുടുക്കിയത് റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളായിരുന്നു. 11 മാസം വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഓംപ്രകാശ് തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളിലും തര്‍ക്കങ്ങളിലും രഹസ്യമായി ഇടപെടുന്നതും പലരെയും ഭീഷണിപ്പെടുത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും നിരീക്ഷിച്ചാണ് ഓം പ്രകാശിനെ പിടികൂടിയത്.
ഓംപ്രകാശ് കൊച്ചിയില്‍ പോയതെന്തിന് ?, പേരുമാറ്റി മുറിയെടുത്തത് എന്തിന് ?
ഗുണ്ടാനേതാവായ ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാള്‍ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. ഡി.ജെ പാര്‍ട്ടികള്‍ക്കായി വിദേശത്തു നിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ന്‍ എത്തിക്കുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ പലതവണ കൊച്ചി നഗരത്തില്‍ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. എന്നാല്‍, ഞായറാഴ്ച ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. പ്രതികളില്‍ നിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളു എന്നാണ് പോലീസിന്റെ ഭാഷ്യം.
ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്നേഹ, ടിപ്സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരുടെ പേരുകളാണ് പ്രതികളെ ഹോട്ടലില്‍ സന്ദര്‍ശിച്ചതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മയക്കുമരുന്ന് കച്ചവടം തന്നെയയായിരുന്നു ഓംപ്രകാശിന്റെ ലക്ഷ്യം. എന്നാല്‍, പോലീസിന്റെ കൈയ്യില്‍ തെളിവില്ലാതെ വന്നതോടെ അത് ചീറ്റിപ്പോയി. പക്ഷെ, അപ്പോഴും ഓംപ്രകാശ് എന്നയാള്‍ പേരുമാറ്റി മുറിയെടുത്തത് എന്തിനെന്ന ചോദ്യമുണ്ട്. കൊച്ചിയില്‍ പോയതെന്തിന് എന്ന ചോദ്യവും. ലക്ഷങ്ങള്‍ വിലവരുന്ന സ്യൂട്ട് റൂം ബുക്ക് ചെയ്തതെന്തിന്. ഇതുനുമാത്രം പണം എവിടുന്ന്. ഓംപ്രകാശിന്റെ ജോലിയെന്താണ്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് മയക്കുമരുന്ന് കച്ചവടവുമായി ഓംപ്രകാശിന് അഭേദ്യമായ ബന്ധമുണ്ടെന്ന് തെളിയുന്നത്.
പോലീസിനും എക്‌സൈസിനും കനത്ത തിരിച്ചടി ?
ഗുണ്ടാനേതാവിന്റെ മയക്കുമരുന്നു കച്ചവടം കൈയ്യോടെ പിടിച്ചിട്ടും, കോടതി ജാമ്യം അനുവദിച്ച്, പുല്ലുപോലെ പുറത്തിറങ്ങിയത് പോലീസിനും എക്‌സൈസിനും കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. അല്ലെങ്കില്‍, കേസിനു വേണ്ടുന്ന എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞേനേ. പക്ഷെ, തെളിവിന്റെ ഒരു കഷ്ണംപോലും ഹാജരാക്കാന്‍ കഴിയാതെ വന്നതാണ് പോലീസിന് തിരിച്ചടിയായത്. ഇനി ഓംപ്രകാശിനെ കൊച്ചിയില്‍ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അയാള്‍ അവിടുന്ന് മുങ്ങിയിട്ടുണ്ടാകും.
CONTENT HIGHLIGHTS;Omprakash’s ‘no evidence’ drug trade?: Court grants bail due to lack of evidence; Is it true that Omprakash’s cocaine trade is true after cutting his hand and being a gangster?