വിദ്യാഭ്യാസ കാലഘട്ടത്തില്‍ SFIയുടെ സജീവ പ്രവര്‍ത്തകന്‍. പിന്നീട്, പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍. DYFI യൂണിറ്റ് സെക്രട്ടറി, അവിടുന്ന്, SNDP യൂത്ത് വിംഗിന്റെ നേതാവ്. അപ്പോഴൊക്കെയും കൈവിടാതെ ഗുണ്ടായിസവും കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ കോടികള്‍ മറിയുന്ന മയക്കുമരുന്നു കച്ചവടക്കാരന്‍. ഇതാണ് തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കം. നല്ലതെന്നു പറയാന്‍ പ്രത്യേകിച്ചൊന്നും മില്ലെങ്കിലും, ഓം പ്രകാശിനൊപ്പം നില്‍ക്കുന്നവര്‍ക്ക് അയാള്‍ എപ്പോഴും നല്ലവനും, വിശ്വാസമുള്ളവനുമാണ്. അതുകൊണ്ടാണല്ലോ, ഓംപ്രകാശിന്് ഒരു സംഘത്തെ തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയുന്നത്.
തന്റെ ഗുണ്ടാ നേതാവിലേക്കുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓംപ്രാകശ് ജയിലില്‍ കിടന്നിട്ടുണ്ട്. കൊലപാതകങ്ങളും, അതിനു വഴി ഒരുക്കിയതുമെല്ലാമായിരുന്നു കേസുകള്‍. ഇപ്പോഴിതാ കൊച്ചിയില്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ പേരില്‍ പിടിച്ചിരിക്കുന്നു. പക്ഷെ, അതിനേക്കാളൊക്കെ, വലിയ കേസായിരുന്നു. മുത്തൂറ്റ് പോള്‍.എം ജോര്‍ജിന്റെ കൊലപാതകം. അതാണ് ഓം പ്രകാശ് എന്ന ഗുണ്ടയെ കുപ്രസിദ്ധിയിലേക്ക് എത്തിച്ചത്.
മുത്തൂറ്റ് പോള്‍ എം. ജോര്‍ജിന്റെ കൊലപാതകം ?
ആ കൊലപാതക കഥ നടക്കുന്നത് 2009 ആഗസ്റ്റ് 21 അര്‍ദ്ധരാത്രിയിലാണ്. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയില്‍ ഒരു ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ വഴിയില്‍ വച്ച് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നു. എന്നിട്ട് ആ കാര്‍ നിര്‍ത്താതെ പോകുന്നു. അതിവേഗത്തിലോടി രണ്ടര കിലോമീറ്റര്‍ എത്തിയപ്പോള്‍ പൊങ്ങ ജംഗ്ഷന് സമീപം വെച്ച് കാര്‍ നിന്നു. കാറിന് കേടുപാടെന്തെങ്കിലും സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ കാറിലുണ്ടായിരുന്ന ആള്‍ പുറത്തിറങ്ങി. പിന്നാലെയെത്തിയ ഒരു സംഘം കാറിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കത്തിലാവുകയും ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് മുത്തൂറ്റ് പോള്‍.എം ജോര്‍ജ് എന്ന വ്യവസായിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. എംസി റോഡിലെ ജ്യോതി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. റോഡരികിലെ മതിലില്‍ ചേര്‍ത്തു നിര്‍ത്തിയാണ് പോളിനെ തുരുതുരാ കുത്തിയത്. കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയെന്നും പോള്‍ സംഭവസ്ഥലത്ത് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്.
ഈ കൊലപാതകത്തിനു പിന്നാലെയാണ് പിണറായി വിജയന്റെ വിഖ്യാതമായ RSSന്റെ ‘എസ്’ കത്തി വരുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്നയാള്‍ക്കും കുത്തേറ്റു. ചങ്ങനാശേരി നാലുകോടി സ്വദേശികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ ജയചന്ദ്രന്‍, സതീഷ് എന്ന കാരി സതീഷ്, സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസില്‍ പിടിയിലായത്. കാരി സതീഷ് ഉപയോഗിച്ച എസ് കത്തി ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്നതാണെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചതോടെ പോളിന്റെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
തിരുവല്ല സ്വദേശിയായ ബിജു സഞ്ചരിച്ചിരുന്ന ബൈക്കിലാണ് പോള്‍ ഓടിച്ച കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. മണ്ണഞ്ചേരിയില്‍ മറ്റൊരു ക്വട്ടേഷനുമായി രണ്ട് ടെമ്പോ ട്രാവലറുകളിലായി പോയ കാരി സതീഷും സംഘവും ഇത് കാണുകയും കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. ടെമ്പോ ട്രാവലറിലുണ്ടായിരുന്നവരും പോള്‍ എം ജോര്‍ജ്ജും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്ന എന്നാണ് പോലീസ് ഭാഷ്യം. ആദ്യം ആലപ്പുഴ ലോക്കല്‍ പോലീസും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. കാരി സതീഷിനെ പോലെ ഈ കൊലപാതകത്തിന് ശേഷം എല്ലാവരും ശ്രദ്ധിച്ച പേരാണ് ഓംപ്രകാശിന്റേത്.
പോളിന്റെ യാത്ര സംബന്ധിച്ചും പോളിനൊപ്പം കാറിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നവരെ കുറിച്ചും നിറംപിടിച്ച കഥകളാണ് പുറത്തുവന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഈ കേസില്‍ രാഷ്ട്രീയ ക്വട്ടേഷന്റെ സാധ്യതകളും ഉയര്‍ന്നു. ഓംപ്രകാശിനും സംഘത്തിനും DYFIയിലും SFIയിലുമുള്ള ബന്ധമാണ് രാഷ്ട്രീയ ഗുണ്ടായിസമെന്ന സാധ്യതകള്‍ ഉയരാന്‍ കാരണമായത്. മുത്തൂറ്റ് പോളിന്റെ കൊലപാതകത്തോടെയാണ് തിരുവനന്തപുരത്ത് മാത്രം കേട്ടിരുന്ന ഓം പ്രകാശ് എന്ന ഗുണ്ടാത്തലവന്റെ പേര് കേരളത്തിലാകമാനം ഉയര്‍ന്നു കേട്ടത്. ഈ കേസില്‍ പ്രതിസ്ഥാനത്തായിരുന്നില്ലെങ്കിലും പോള്‍ സഞ്ചരിച്ച കാറില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നെന്ന സാക്ഷിമൊഴികളാണ് അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാകാന്‍ കാരണം.
രണ്ട് ഗുണ്ടകളെയും കൂട്ടി സഞ്ചരിക്കേണ്ട ആവശ്യം പോളിനെന്തായിരുന്നുവെന്ന് തുടങ്ങി ഇവരുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നു. ഇവര്‍ സഞ്ചരിച്ച എന്‍ഡവര്‍ കാര്‍ ഓംപ്രകാശും രാജേഷും ചേര്‍ന്ന് സംഭവസ്ഥലത്തു നിന്നും മാറ്റിയെന്ന കഥകളും പ്രചരിച്ചു. നിറംപിടിപ്പിച്ച കഥകളോടെയാണ് സുന്ദരനായ ഈ ഗുണ്ടാത്തലവന്റെ കഥകള്‍ അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഓം പ്രകാശ് എന്ന ഗുണ്ടയുടെ വരവ് ?
മലയിന്‍കീഴ് സ്വദേശിയായ ഓംപ്രകാശ് മലയിന്‍കീഴുണ്ടായ പാര്‍ട്ടി കൊലപാതകത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് എത്തിയത്. SFIയുടെ കോട്ടയായ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ആറ്റിങ്ങല്‍ അയ്യപ്പന്‍, മലയിന്‍കീഴ് അജി എന്നിവരുടെ ശിഷ്യന്‍ എന്ന നിലയില്‍ വഞ്ചിയൂരില്‍ എത്തിയ ഓംപ്രകാശ് അവിടെ പുത്തന്‍പാലം രാജേഷിനെയും മറ്റ് ഗുണ്ടകളെയും കോര്‍ഡിനേറ്റ് ചെയ്യുന്ന ഒരു ശക്തിയായി മാറി. അമ്പലമുക്കില്‍ വച്ച് രമേശ് എന്ന ഗുണ്ടയുടെ അച്ഛനെ വെട്ടിയതോടെയാണ് ഓംപ്രകാശ് പേരെടുക്കുന്നത്. അധികം വൈകാതെ നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണം ഇയാള്‍ക്കായി മാറി. ഒരുകാലത്ത് തന്റെ ആശാനായിരുന്ന മലയിന്‍കീഴ് അജിയെ കൊലപ്പെടുത്തിയതും ഓംപ്രകാശിന്റെ നേതൃത്വത്തിലാണ്.
പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായെന്നാണ് ഓംപ്രകാശിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ. എന്നാല്‍ തിരുവനന്തപുരം മ്യൂസിക് കോളേജിലാണ് ഇയാള്‍ പ്രീഡിഗ്രി ചെയ്തത്. സാധാരണഗതിയില്‍ മറ്റൊരു കോളേജിലും അഡ്മിഷന്‍ ലഭിക്കാത്തവരാണ് മ്യൂസിക് കോളേജില്‍ എത്തുന്നത്. അതിനാല്‍ തന്നെ ഡിസ്റ്റിംഗ്ഷന്‍ കഥ കഥമാത്രമാകാനാണ് സാധ്യതയെന്ന് ചിലര്‍ പറയുന്നുണ്ട്. പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ഓംപ്രകാശിന് ഒരു കളമുണ്ടായിരുന്നു. പല ഗുണ്ടകളുടെയും ഒളിത്താവളമായിരുന്നു ഒരു കാലത്ത് ഈ ഹോസ്റ്റല്‍. യൂണിവേഴ്സിറ്റി കോളേജിലെ ഏതെങ്കിലും വിദ്യാര്‍ത്ഥികളുമായി അടുപ്പം സ്ഥാപിച്ചാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിപ്പറ്റുന്നത്. ഏതെങ്കിലും കേസില്‍പ്പെടുമ്പോള്‍ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ ഹോസ്റ്റലില്‍ പോലീസ് കയറില്ലെന്ന ധൈര്യത്തിലാണ് ഇവിടെ ഒളിക്കുന്നത്.
ആറ്റിങ്ങല്‍ അയ്യപ്പനെ പാര്‍ട്ടി ഇടപെട്ടാണ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരുന്നത്. ഒരു കോണ്‍ഗ്രസ് നേതാവിനെ വെട്ടിയ കേസിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ ഓംപ്രകാശിനെയും മറ്റ് ചിലരെയും ഹോ്സ്റ്റലില്‍ എത്തിക്കുകയും ഗുണ്ടകളുടെ താവളമായി അവിടം മാറുകയും ചെയ്തു. അയ്യപ്പനും ഗുണ്ടുകാട് സാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. സാബു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ലോ കോളേജിലെ ഒരു പ്രശ്നത്തില്‍ അയ്യപ്പന്‍ ഇടപെടുകയും എസ്എഫ്ഐക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. എസ്എഫ്ഐക്കാരെ എസ്എഫ്ഐക്കാര്‍ സംരക്ഷിക്കുന്നവര്‍ തന്നെ മര്‍ദ്ദിച്ചപ്പോഴാണ് ഇവരുടെ ഇവിടുത്തെ താമസത്തിനെതിരെ പാര്‍ട്ടി രംഗത്തെത്തിയത്.
കൂടാതെ ഒരു പോലീസുകാരന്റെ മകനെ ഇവരുടെ അക്കാലത്തെ സങ്കേതമായ ചാലൂക്ക്യ ബാറില്‍ വച്ച് ഇവര്‍ പിടികൂടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് തങ്ങളുടെ ബൈക്കില്‍ ചാരിനിന്നതിനാണ് ഇയാളെ അയ്യപ്പന്റെ നേതൃത്വത്തിലുള്ളവര്‍ പിടികൂടിയത്. ഇയാളെ ഹോസ്റ്റല്‍ മുറിയിലെത്തിച്ച് മര്‍ദ്ദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. അതിന് ശേഷം കഴക്കൂട്ടത്തിന് സമീപം ഇയാളെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഈ സംഭവവും എസ്എഫ്ഐ നേതൃത്വത്തിന് ചൊരുക്കി.
കോളനി സെറ്റപ്പില്‍ നിന്നും സ്റ്റൈലിഷ് ഗുണ്ടയിലേക്ക് ?
മറ്റ് ഗുണ്ടകളെ അപേക്ഷിച്ച് സാമൂഹിക സ്ഥിതിയില്‍ ഏറെ മുന്നിലായിരുന്നു ഓംപ്രകാശ്. മറ്റുള്ളവര്‍ വിദ്യാഭ്യാസത്തിന്റെയും കോളനി വാസത്തിന്റെയും പേരില്‍ പലയിടങ്ങളിലും ഇടിച്ചുകയറാന്‍ മടിച്ചു നിന്നപ്പോള്‍ ഓംപ്രകാശിന് അത്തരമൊരു തടസമുണ്ടായിരുന്നില്ല. ഓംപ്രകാശ് വരുന്ന കാലത്ത് നഗരത്തിലുണ്ടായിരുന്ന ഗുണ്ടകളായ ആല്‍ത്തറ വിനീഷ്, പുത്തന്‍പാലം രാജേഷ് തുടങ്ങിയവര്‍ കോളനികളിലെ സാമൂഹിക അവസ്ഥ മൂലം ഏതെങ്കിലും കേസില്‍ പ്രതികളാകുകയും പിന്നീട് പിടിച്ച് നില്‍ക്കാന്‍ ഗുണ്ടാ പ്രവര്‍ത്തനത്തില്‍ സജീവമായവരുമാണ്. അന്നുവരെ നഗരം കണ്ടുശീലിച്ചിരുന്നത് കോളനികള്‍ കേന്ദ്രീകരിച്ച് അവിടുത്തെ സാമൂഹിക സാഹചര്യം മൂലം ഗുണ്ടകളായി തീരുന്നവരെയാണ്. എന്നാല്‍ കോളനി പശ്ചാത്തലത്തില്‍ അല്ലാത്ത, വിദ്യാഭ്യാസമുള്ള, വളരെ സ്‌റ്റൈലിഷ് ആയ ഒരു ഗുണ്ടയെയാണ് ഓംപ്രകാശില്‍ കണ്ടത്.
സ്റ്റൈലന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും അടിച്ചുപൊളിച്ച് ജീവിക്കുകയും ചെയ്തിരുന്ന ഓംപ്രകാശ് മറ്റ് ഗുണ്ടകള്‍ക്കും മാതൃകയായി. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് കഴുത്തിലെ കട്ടിയുള്ള മാലയും കാലിലെ വിലയേറിയ ഷൂസും സണ്‍ഗ്ലാസുമെല്ലാം തലസ്ഥാനത്തെ കോളനി നിവാസികളായിരുന്ന ഗുണ്ടകള്‍ക്ക് പുതുമയായിയുരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ ജീവിതത്തില്‍ തന്നെ അത് മാറ്റങ്ങള്‍ വരുത്തി. തിരുവനന്തപുരം അധോലോകത്തിന്റെ മുഖം മാറ്റിയത് ഓംപ്രകാശ് ആണെന്നാണ് പറയപ്പെടുന്നത്. തനിക്ക് പരിചയമുള്ള ചില പെണ്‍കുട്ടികള്‍ ഓംപ്രകാശിന്റെ കടുത്ത ആരാധകനായിരുന്നെന്നാണ് അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്നവര്‍ പറയുന്നത്. ഗുണ്ടാത്തലവന്‍ എന്ന ഇമേജില്‍ നില്‍ക്കുമ്പോഴും ഒരു സൂപ്പര്‍ ഹീറോയായാണ് യൂണിവേഴ്സിറ്റി കോളേജിലും ഹോസ്റ്റലിലും ഓംപ്രകാശ് വിലസി നടന്നത്. അതേസമയം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വന്ന കാലത്ത് വളരെ നിശബ്ദനായ ഒരു വ്യക്തിയായിരുന്നു ഇയാളെന്ന് അന്ന് അവിടെയുണ്ടായിരുന്ന ചിലര്‍ പറയുന്നു.
ഓംപ്രകാശിന്റെ ക്വട്ടേഷന്‍ രീതി ?
കോളനിയില്‍ നിന്നുള്ള ഗുണ്ടകള്‍ക്ക് സാമൂഹികമായ പിന്നോക്കാവസ്ഥയുടെ വൈകാരിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഓംപ്രകാശ് നഗരത്തിലെത്തുന്നത് തന്നെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഓംപ്രകാശ് തന്റെ കായികശേഷിയ്ക്കൊപ്പം ബുദ്ധി കൂടി ഉപയോഗിച്ച് കളിച്ചയാളാണെന്ന് അയാളുടെ പഴയകാല സുഹൃത്തുക്കള്‍ക്ക് അഭിപ്രായമുണ്ട്. ഓംപ്രകാശ് എല്ലാം ഒരുക്കുന്ന ആളായാണ് നിന്നത്. കൊലപാതമാണെങ്കിലും കയ്യേറ്റമാണെങ്കിലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയെന്നതായിരുന്നു ഇയാളുടെ രീതി. ഒരാള്‍ക്കെതിരെ ക്വട്ടേഷനുണ്ടായാല്‍ അയാളെ എവിടെ വച്ച് പിടിക്കാമെന്നതാണ് ആദ്യം ചിന്തിക്കുക. റൂട്ട് ഇടുകയെന്നാണ് ഇതിന് പറയുന്നത്. ആക്രമിക്കപ്പെടേണ്ട-അല്ലെങ്കില്‍ കൊല്ലപ്പെടേണ്ട ആള്‍ ഏതൊക്കെ വഴികളിലൂടെ പതിവായി സഞ്ചരിക്കുന്നുവെന്നും ഇതില്‍ ഏറ്റവും സുരക്ഷിതമായി പിടികൂടാന്‍ പറ്റുന്നതെവിടെയെന്നും നിശ്ചയിക്കുന്ന രീതിയാണ് ഇത്. അതിന് ശേഷമാണ് ഓപ്പറേഷന്‍ നടപ്പാക്കുന്നത്. പലപ്പോഴും പലയാവര്‍ത്തി റൂട്ടിട്ട ശേഷമായിരിക്കും കൃത്യം നിര്‍വഹിക്കാന്‍ സാധിക്കുന്നത്.
ഓം പ്രകാശും CPM ബന്ധവും
ഓം പ്രകാശ് സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നാണ് ഓം പ്രകാശിന്റെ അച്ഛന്‍ പ്രസന്ന കുമാരന്‍ ആരോപിച്ചിരുന്നു. താനും തന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്. ഓം പ്രകാശ് ഡി.വൈ.എഫ്.ഐ മലയിന്‍കീഴ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു. എന്നാല്‍ വിഭാഗീയത മൂലം പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളി. ഓം പ്രകാശ് ആദ്യ കേസില്‍ പ്രതിയായതു സി.പി.എമ്മിനു വേണ്ടിയായിരുന്നു. പിന്നീട് കേസുകള്‍ ഓം പ്രകാശിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ, പ്രസന്ന കുമാരന് ഒരാള്‍ അടുത്തിരുന്ന് ഇതെല്ലാം പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ കൈരളി ചാനല്‍ പിന്നീട് പുറത്തുവിടുകയും ചെയ്തു. വഞ്ചിയൂരില്‍ പാര്‍ട്ടിക്കാരുമായി ഓംപ്രകാശിന് ബന്ധമുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാം. പക്ഷെ, പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ഇയാളെ ഉപയോഗിച്ചിട്ടില്ലെന്നത് വസ്തതുതയും.
ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആല്‍ത്തറ വിനീഷിനെ പിന്നീട് അവര്‍ പുറത്താക്കിയിരുന്നു. അതുപോലെ ഗുണ്ടുകാട് സാബു ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടും സിപിഎം ഇയാളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതും പാര്‍ട്ടിക്ക് ഗുണ്ടകളുമായി ബന്ധമില്ലാത്തതിന്റെ തെളിവാണെന്നാണ് പറയപ്പെടുന്നത്. വലിയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഗുണ്ടകളെ താഴേത്തട്ടില്‍ തന്നെ ഒറ്റപ്പെടുത്താമെന്നല്ലാതെ അടിച്ച് തീര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കാറില്ല. എന്നാല്‍ ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടായാല്‍ പിന്നെ ഗുണ്ടകളുമായി ബന്ധമില്ലാതെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് തിരുവനന്തപുരത്തുള്ളത്. ആര്‍എസ്എസിന് വഞ്ചിയൂരിലുണ്ടായിരുന്ന സ്വാധീനം പൊളിച്ചത് ഓംപ്രകാശും പുത്തന്‍പാലം രാജേഷും ചേര്‍ന്നാണ്.
പാര്‍ട്ടി കൈവിട്ടതോടെ പണക്കാര്‍ക്കൊപ്പം ?
പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ അവരുടെ സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പായ ഓംപ്രകാശ് പോളിന്റെ പണവും സ്വാധീനവും പ്രയോജനപ്പെടുത്തുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളാണ് ഓംപ്രകാശിനെയും പോള്‍ എം ജോര്‍ജ്ജിനെയും ഒരുമിപ്പിച്ചത്. തിരുവനന്തപുരത്ത് പലയിടങ്ങളിലും ഭൂമി വാങ്ങിയിരുന്ന പോള്‍ ഇടപാടുകള്‍ക്കായി തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം ഓംപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രശ്നമാകുന്ന ഇടപാടുകള്‍ പരിഹരിക്കുന്നതാകട്ടെ ഓംപ്രകാശിന്റെ കയ്യൂക്കും. കൊലപാതകം നടന്ന ദിവസം ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളും മദ്യപിച്ചിരുന്നുവെന്നും ആദ്യം ഇരുന്ന സ്ഥലത്തുനിന്നും അടുത്ത സ്ഥലത്തേക്ക് പോയപ്പോളാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവമുണ്ടായത്.
ഓംപ്രകാശും രാജേഷും കാറിലുള്ള ധൈര്യത്തില്‍ പോള്‍ ആണ് ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ ടീമുമായി ഉടക്കിയതെന്ന് ഓംപ്രകാശിന്റെ ചില സുഹൃത്തുക്കള്‍ പറയുന്നു. സംഘര്‍ഷമുണ്ടായപ്പോള്‍ ഇരുവരും ഇടപെട്ടെങ്കിലും എതിരാളികളില്‍ നിന്നും നല്ല മര്‍ദ്ദനമേറ്റതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതൊരു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ചതാണെന്നും പോലീസ് അന്ന് കണ്ടെത്തിയിരുന്നു. അതിനാലാണ് ഈ കേസില്‍ ഇരുവരും ശിക്ഷിക്കപ്പെടാതെ പോയതും സാക്ഷികളായി മാറിയതും. ഇടക്കാലത്ത് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ തിരുവനന്തപുരം ജില്ലാ ട്രഷററായി ഇയാള്‍ നിയമിക്കപ്പെട്ടിരുന്നു. 2011ല്‍ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഓംപ്രകാശും ഒരുമിച്ചുള്ള ഫ്ളക്സുകളും തിരുവനന്തപുരത്ത് ഉയര്‍ന്നിരുന്നു. ഇത് സംഘടനയ്ക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
മയക്കുമരുന്നു കച്ചവടത്തിലേക്ക്
എല്ലാം പയറ്റിത്തെളിഞ്ഞാണ് ഒടുവില്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഓംപ്രകാശ് തിരിഞ്ഞിരിക്കുന്നത്. വിദേശത്തു നിന്നും വിലകൂടിയ കൊക്കെയിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ എത്തിച്ച് കൊച്ചി പോലുള്ള മെട്രോ നഗരങ്ങളിലെ വന്‍കിട പാര്‍ട്ടികളില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. സിനിമാ മേഖലയിലുള്ളവര്‍ക്കും ഓംപ്രാകശ് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍, ബുദ്ധിമാനായ ഗുണ്ട എന്ന പേരുള്ളതു കൊണ്ടുതന്നെ തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ക്ക് അപാര കഴിവാണ്.
CONTENT HIGHLIGHTS; Gangsterism through SFI-DYFI-SNDP, then into drug trade: Muthoot became notorious with the killing of Paul M George; How did the notorious criminal Om Prakash grow?