Explainers

ഡബിള്‍ സ്‌ട്രോംഗില്‍ പൊരുതാന്‍ ഇരട്ടച്ചങ്കന്‍: ചക്രവ്യൂഹം തീര്‍ത്ത് ഗവര്‍ണറും അന്‍വറും പ്രതിപക്ഷവും; പിണറായി വിജയന് തലവേദന തീരുന്നില്ല

പാളയത്തില്‍ നിന്നുതന്നെ പടയൊരുക്കി പുറത്തുപോയ പി.വി അന്‍വറുമായുള്ള പോരാട്ടത്തിന് അവധി കൊടുത്ത് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിന് ശക്തി കൂട്ടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറും ഗവര്‍ണറും പ്രതിപക്ഷവും, സര്‍ക്കാരിനോ സി.പി.എമ്മിനോ എതിരേയല്ല പടനയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മാത്രമാണ്. അതിന് ഏതൊക്കെ വഴിയിലൂടെ ആക്രമിക്കാമോ, ആരെയൊക്കെ കുരുതി കൊടുക്കാമോ അതെല്ലാം ചെയ്തു കൊണ്ടാണ് മുന്നേറ്റം.

എന്നാല്‍, ഇവരോടെല്ലാം ഒറ്റയ്ക്കു പൊരുതി നില്‍ക്കാന്‍ പിണറായി വിജയനെന്ന ഇരട്ടച്ചങ്കന് കഴിയുന്നുണ്ടെന്നതാണ് വസ്തുത. ആരോപണങ്ങളും ആക്രമണങ്ങളും കൃത്യമായി മറുപടികളിലൂടെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ തേരോട്ടം. അതുകൊണ്ടു തന്നെ പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാരിലും പിണറായി വിജയനെതിരേ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയില്ല. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മലപ്പുറം ജില്ലയിലെ മുസ്ലീം എം.എല്‍.എമാരെ കൂട്ടു പിടിച്ചായിരുന്നു പോരാട്ടത്തിന്റെ തുടക്കം.

എന്നാല്‍, അന്‍വറിനെ തളയ്ക്കാന്‍ കെ.ടി ജലീലിനെ ഇറക്കിയാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. കാരാട്ട് റസാഖും കളം മാറിയതോടെ അന്‍വര്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. തൃശൂര്‍ പൂരം കലക്കലും, ADGPയുടെ RSS ബന്ധവും, സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസുമെല്ലാം തലവഴി ഒഴുകിയപ്പോഴും കൃത്യമായ പ്ലാനോടെയായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. ADGP എം.ആര്‍. അജിത്കുമാറിനെയും, പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറായി.

ഇതിനു പിന്നാലെയാണ്, ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗമായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന അഭിപ്രായത്തില്‍ തൂങ്ങിയുള്ള ഗവര്‍ണറുടെ പടപ്പുറപ്പാട്. ഇതോടെ അന്‍വറിന്റെ പോരാട്ടത്തെ അവധിക്കു വെച്ചിട്ട്, ഗവര്‍ണര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് മുഖ്യനും സംഘവും. ചീഫ് സെക്രട്ടറിയും, ഡി.ജി.പിയും ഇനി രാജ്ഭവനിലേക്കു വരേണ്ടതില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്.

ഇത്രയും ദിവസമായി വിശദീകരണം നല്‍കാന്‍ എത്താത്തതിന്റെ ദേഷ്യത്തിലാണ് ഗവര്‍ണറുടെ നിലപാട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഭിമുഖത്തിന്റെ പേരിലുള്ള വിശദീകരണം ആരായാനായിരുന്നു ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിപ്പിച്ചത്. എന്നാല്‍, ഇരുവരും രാജ്ഭവനില്‍ പോയില്ലെന്്‌നു മാത്രമല്ല, മറുപടിയും നല്‍കിയില്ല.

ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പകരം ഇനി മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നാല്‍ മതിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഭരണപരമായ പ്രശ്‌നങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരെ വിളിപ്പിക്കുന്നത് സാധാരണമാണ്.

ഇനി വിശദീകരണം ചോദിച്ചാല്‍ മന്ത്രിമാര്‍ വന്നാല്‍ മതിയെന്ന നിര്‍ദ്ദേശം തലവേദനയാകുക മന്ത്രിമാര്‍ക്ക് തന്നെയാകും. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തമായി വിശദീകരണം നല്‍കാന്‍ കഴിയുക ഉദ്യോഗസ്ഥര്‍ക്കാണ്. ഗവര്‍ണറുടെ നിര്‍ദേശം വന്നതോടെ ഭരണപരമായ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലും ഒപ്പിടേണ്ടത് ഗവര്‍ണറാണ്. നൂറു വിശദീകരണമാകും ഇനി ഗവര്‍ണര്‍ ചോദിക്കുക.

ഉത്തരം നല്‍കിയില്ലെങ്കില്‍ വീണ്ടും വീണ്ടും മന്ത്രിമാര്‍ക്ക് വരേണ്ടി വരും. സ്വര്‍ണക്കടത്തിലൂടെയുള്ള പരാമര്‍ശം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ‘ഹിന്ദു’അഭിമുഖത്തിലെ പരാമര്‍ശത്തിനാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് ഭരണത്തലവനായ തന്നെ അറിയിച്ചില്ല എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 10ന് കത്തുനല്‍കിയിട്ടും ഒക്ടോബര്‍ 8ന് മാത്രമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ രാജ്യ വിരുദ്ധ പരാമര്‍ശത്തിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗവര്‍ണര്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് പറയുന്നുണ്ട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇതിലും വലിയ ഭയപ്പെടുത്തലുകള്‍ കേരളം മുന്‍പും കണ്ടിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ഗവര്‍ണറോട് അതാണ് പറയാനുള്ളതെന്നും ഗോവിന്ദന്‍ പറയുന്നു.

ഗവര്‍ണര്‍ കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ കാലാവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയായി. കാലാവധി കേന്ദ്രം നീട്ടിയിട്ടില്ല. പുതിയ ആളെ നിയമിക്കുന്നതുവരെ സ്ഥാനത്തു തുടരാം. ആ സ്ഥാനത്തിരുന്ന് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതു പോലുള്ള തെറ്റായ നടപടികളിലേക്ക് ഗവണര്‍ എത്തിയിരിക്കുന്നു. ഭരണഘാടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ തുടര്‍ച്ചയായ വീഴ്ച വരുത്തിയിട്ടുള്ള ഗവര്‍ണറുടെ പുതിയ രീതിയാണ് ഇതെന്നും എം.വി.ഗോവിന്ദന്‍ പറയുന്നു.

എന്നില്‍, സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എ.കെ. ബാലന്‍ ഒരുപടി കൂടി കടന്നു പറയുകയാണ്. ഗവര്‍ണറെ വെല്ലുവിളിക്കുകയും ചെയ്തു. പിണറായി സര്‍ക്കാരിനെ പിരിച്ചു വിടുമായിരിക്കും. എന്നാല്‍, അതിന്റെ പിറ്റേ ദിവസം പിണറായി വിജയന്‍ അദികാരത്തിലെത്തുമെന്നുറപ്പാണ്. അതിന് ലോ കോളേജിന്റെ പടി കണ്ടിട്ടുള്ള വക്കീല്‍ മതിയാകും. ഭറണഘഠനയ്ക്കു വിരുദ്ധമായാണ് ഗവര്‍ണര്‍ നീങ്ങുന്നത്. അത് സര്‍ക്കാര്‍ തടയും.

സര്‍ സി.പിയെയും ഹിറ്റലറിനെയും ഉദാഹരിച്ചാണ് എ.കെ. ബാലന്‍ ഗവര്‍ണറെ നേരിടുന്ന കാര്യം വ്യക്തമാക്കിയത്. എന്തായാലും നിയമസഭയയില്‍ പ്രതിപക്ഷത്തെയും, പുറത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തെയും പ്രതിരോധിക്കുന്ന മുഖ്യമന്ത്രിക്ക് അന്‍വറും, ഗവര്‍ണറും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഒരാള്‍ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കാന്‍ നോക്കുമ്പോള്‍ മറ്റൊരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അവിമതി ആരോപിക്കുകയാണ്. ഇതു രണ്ടും ഭരണപരമായ കാര്യങ്ങളെ കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുകയയെന്ന തന്ത്രമാണ് സി.പി.എം എടുക്കുന്നത്.

CONTENT HIGHLIGHTS;Double Strong to Fight: Governor, Anwar and Opposition Complete Chakravyuham; Pinarayi Vijayan’s headache does not end

Latest News