സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഫയലുകള്‍ കൃത്യസമയത്ത് നീക്കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. സാധാരണക്കാരായ ജനങ്ങളുടെ റേഷന്‍കാര്‍ഡ് അപേക്ഷ മുതല്‍ ക്ഷേമ പെന്‍ഷന്‍ വരെയുള്ള ഫയലുകളും ഇതില്‍പ്പെടും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും, ഉള്ള ഉദ്യോഗസ്ഥര്‍ക്കു ആവശ്യത്തിലേറെ പണിയും കിട്ടുന്നതിനാല്‍ ഒരു കാര്യവും ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നില്ല എന്ന പരാതിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്.
ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിവിധ വകുപ്പുകളുടെ ചുമതലയില്‍ ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ വിവിധ വകുപ്പുകളുടെ ചുമതല ഉള്ളപ്പോള്‍ ഫയലുകള്‍ നോക്കാനോ, പാസാക്കാനോ കഴിയാതെ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഭരണപരമായ ബുദ്ധിമുട്ട് വാര്‍ത്ത ആയാല്‍ അത്, സര്‍ക്കാരിന് മോശം ഉണ്ടാക്കുമെന്നതിനാല്‍ പുറത്തു പറയുന്നില്ല. താലൂക്ക്, വില്ലേജ്, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വരെ ജീവനക്കാരുടെ കുറവ് വളരെ ബാധിച്ചിട്ടുണ്ട്.
ഇതെല്ലാം സര്‍ക്കാര്‍ ഓഫീസുകളെ ഫയലുകളുടെ കൂമ്പാരങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നോക്കൂ, ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവും, ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയയ പ്രഹസനങ്ങളും വെള്ളത്തിലായിരിക്കുകയാണ്. ജോലി സമ്മര്‍ദ്ദത്താല്‍ ആളുകള്‍ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ കേരളത്തിലും സ്ഥിരമായിരിക്കുന്നു. അതൊന്നും കണക്കിലെടുക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത ജോലി ഭാരം ഏല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
1982ലെ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നത്. അതായത്, കഴിഞ്ഞ 42 വര്‍ഷം മുമ്പ് ഉണ്ടാക്കിയ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത് എത്രമാത്രം ജോലി ഭാരം ഉണ്ടാക്കുന്നുണ്ട് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. 42 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളമല്ല ഇന്നുള്ളത് തിരിച്ചറിയാതെ പോകുന്നത് ഭരിക്കുന്ന സര്‍ക്കാര്‍ മാത്രമാണ്. 40 വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയിലേറെ ജോലിഭാരം താങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല.
കാര്യം സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും കൂടുതല്‍ ടെക്‌നോളജിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ പോലും ആ ഡാറ്റകള്‍ പ്രോസസ്സ് ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. എല്ലാ വകുപ്പുകളും, എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ചെന്നു പറഞ്ഞാലും ഇപ്പോഴും ഫയലുകള്‍ എഴുതുകയും, ഒപ്പിടുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരാണെന്നതാണ് സത്യം. ഇ ഫയലിംഗും മാനുവല്‍ ഫയലിംഗും ഒരുപോലെ നടക്കുന്നുണ്ട്. നിയമസഭയില്‍ പോലും ഇ നിയമസഭയായെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോഴും പേപ്പര്‍ സംവിധാനം നിര്‍ത്തിയിട്ടില്ല. ഇതാണ് കേരളത്തിലെ അവസ്ഥ. നോക്കൂ, ഒരുദ്യോഗസ്ഥന്റെ ഒപ്പുകാത്ത് 747 ഫയലുകളാണ് ഓഫീസില്‍ ഉറങ്ങുന്നതെന്ന വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ തീര്‍പ്പു കല്‍പിക്കാനുള്ള ഫയലുകളാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശികന്റെ തീരുമാനം കാത്തു കിടക്കുന്നത്. ഫയലുകള്‍ക്കു ജീവന്‍വയ്പ്പിക്കാന്‍ ഒടുവില്‍ മന്ത്രിയുടെ മുന്നില്‍ തന്നെ പരാതികളെത്തി.
എന്നാല്‍, മന്ത്രിക്കെന്തു സാധിക്കും. ഒരു ഫയല്‍ വായിച്ചു പഠിച്ച് അത് പരിഹരിക്കാന്‍ കഴിയുമോ. പല ചുമതലകള്‍ ഒരേസമയം വഹിക്കുന്നതു കൊണ്ടാണ് സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതെന്നാണ് ഡോ.എ. കൗശികന്‍ പറയുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍, ദുരന്ത നിവാരണ കമ്മിഷണര്‍ എന്നീ ചുമതലകള്‍ ഒരേസമയം വഹിക്കുകയാണ് അദ്ദേഹം. അതായത്, മൂന്നു വകുപ്പുകളുടെ ഫയലുകള്‍ നോക്കണം.
മൂന്നു ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പണിയാണിത്. അത് ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ആറു കയ്യും, മൂന്നു തലയും വേണം ഈ ജോലികള്‍ ചെയ്യാന്‍. ആ ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ അളക്കാന്‍ കഴിയുമോ. ഒന്നുകില്‍ കൈ മെയ് മറന്ന് ജോലി ചെയ്യണം. അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കണം. ഇതില്‍ ഏതെങ്കിലും ഒന്നേ കഴിയൂ. എല്ലുമുറിയെ പണിയെടുത്താല്‍ ഉദ്യോഗസ്ഥന്റെ ആയുസ്സ് കുറയും. പണിയെടുക്കാതിരുന്നാല്‍ ജനങ്ങള്‍ പെരുവഴിയിലാകും.
പൊതുജനങ്ങളുടെ അപേക്ഷകള്‍, കോടതി കേസുകള്‍, ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയാണു ഫയലുകളില്‍ ഭൂരിപക്ഷവും. വെറ്ററിനറി ഡോക്ടര്‍ കൂടിയായ ഡയറക്ടര്‍ക്ക് നേരത്തേ വകുപ്പിന്റെ പൂര്‍ണ്ണചുമതല ഉണ്ടായിരുന്നെങ്കിലും ലാന്‍ഡ് റവന്യു കമ്മിഷണറായി ചുമതല നല്‍കിയതോടെ ഡയറക്ടറുടെ ജോലി അധികച്ചുമതലയായി. പൂര്‍ണ്ണചുമതല ഉണ്ടായിരുന്നപ്പോഴും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല.
താഴെത്തട്ടില്‍ പല ഉദ്യോഗസ്ഥര്‍ അഭിപ്രായം രേഖപ്പെടുത്തി എത്തുന്ന ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. എന്നു പറഞ്ഞാല്‍ പണിയെടുക്കാന്‍ പണ്ടത്തെക്കാള്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കനോ പരിഗണിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമയമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈക്കം എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്യാംകുമാര്‍ ആത്മഹത്യ ചെയ്തത് ജോലിഭാരം താങ്ങാനാവാതെയാണ്.
എ.ഇ.ഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചു എന്നാണ് ഇതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചത്. പല വിദ്യാഭ്യാസ ഓഫീസുകളിലും എ.ഇ.ഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയാണ്. എ.ഇ.ഒമാര്‍ക്ക് പകരം സീനിയര്‍ സൂപ്രണ്ടുമാര്‍ അധികച്ചുമതല വഹിക്കുകയാണ്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷന്‍ നടപടികള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.
CONTENT HIGHLIGHTS;Officials fearing mental breakdown due to work load: Government system pushing to suicide; Government offices without adequate staff