കേരള രാഷ്ട്രീയം എന്നും ഇടതു വലത് പക്ഷങ്ങള്‍ക്കൊപ്പമാണ് നിന്നിരുന്നതെങ്കില്‍ വരും കാലത്ത് അതിന് മാറ്റം വരുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് BJP. സാവധാനത്തിലുള്ള BJP വത്ക്കരണത്തിലേക്ക് കേരളം നീങ്ങിത്തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ആദ്യമൊക്കെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാത്തവര്‍ ഇപ്പോള്‍ BJPയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രകടമാണ്. എന്നാല്‍, അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുപോലും നോക്കാത്ത സ്ഥിതിയായിരുന്നു.
പക്ഷെ, അഞ്ചു വര്‍ഷത്തിനിപ്പുറം കേരളത്തിലെ BJPയുടെ വോട്ട് ഷെയര്‍ നോക്കിയാല്‍ ഇടതു വലതു പക്ഷങ്ങള്‍ക്ക് പരസ്പരം അവരുടെ വോട്ടുകള്‍ പോയ വഴി അന്വേഷിച്ച് പഴിചാരാനേ കഴിയൂ. കാരണം, ഇടതു വലത് വോട്ടുകള്‍ ചോര്‍ന്നിരിക്കുന്നത് BJPയിലേക്കാണ്. അതൊരു വസ്തുതയാണ്. ഇടതുപക്ഷത്തിന്റെ കണക്കെടുപ്പുകളില്‍ വോട്ടു ചോര്‍ച്ച വലതുപക്ഷത്തേക്കാണെന്ന വിലയിരുത്തല്‍ നടത്തി സമാധാനിക്കുമ്പോള്‍, വലതുപക്ഷം നേരെ മറിച്ചാണ് വിലയിരുത്തി സമാധാനിക്കുന്നത്. കണക്കുകളില്‍ കള്ളം കുത്തി നിറച്ച് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍ വളരുന്നത് BJPയാണ്.
കണക്കുകള്‍ പ്രകാരം 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തും, ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തുമാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍, കേരളത്തിലെ മെമ്പര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാന്‍ BJPക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ആള്‍ക്കാര്‍ BJPയിലേക്ക് എത്തിയത്. അതില്‍ കേരളത്തിന്റെ ലീഡര്‍ കെ. കരുണാകരന്റെ മകളും ഉള്‍പ്പെട്ടതോടെ ചിത്രം വ്യക്തമായി. കാലങ്ങള്‍ക്കു മുമ്പു തന്നെ സി.പി.എമ്മില്‍ നിന്നും എ.പി. അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ BJP പാളയം തേടി പോയിട്ടുണ്ട്. പിന്നീട് പോയവരില്‍ പ്രമുഖരും ഉള്‍പ്പെടും.
ഇപ്പോള്‍ പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ BJPയില്‍ ചേരാനുള്ള നീക്കം നടത്തിയിരുന്നുവെന്ന് ശോഭാ സുരേന്ദ്രനും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെരുമൊരു ആരോപണം ആണെങ്കില്‍പ്പോലും അതിലേക്ക് വിരല്‍ ചൂണ്ടുന്ന നടപടികളാണ് സി.പി.എം എടുത്തത്. ഇ.പി ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുമല്ല, അകത്തുമല്ലാത്ത അവസ്ഥയിലാണ്. എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തൊട്ട് തല മുതിര്‍ന്ന നേതാക്കള്‍ വരെ BJP പാളയത്തിലെത്തിയിട്ടുണ്ട്.
കേരളത്തില്‍ ഒളിമ്പ്യന്‍ പത്മിനിി തോമസ് അടക്കം മാറി. ഇപ്പോഴിതാ കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐ.പി.എസ്സും BJPയില്‍ എത്തിയിരിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയ മോഹം വെച്ചാണ് ഇവരെല്ലാം BJPയില്‍ പോകുന്നതെന്ന് ആരോപണം ഉണ്ടെങ്കിലും ഇവരെല്ലാം നിരുപാധികം പാര്‍ട്ടിയില്‍ ചേര്‍ന്നവാരണെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, തങ്ങളുടെ ഭാവിയെ കൃത്യമായി മനസ്സിലാക്കിുള്ള നീക്കമാണ് നടത്തിയതെന്ന് മനസ്സിലാക്കാനും കഴിയുന്നുണ്ട്.
ഇവര്‍ക്കു പിന്നാലെ ആരൊക്കെ BJP പാളയത്തില്‍ എത്തുമെന്ന് കാത്തിരുന്നു കാണണം. ഒന്നുറപ്പാണ്. കേരളത്തിലെ കാറ്റ് BJPക്ക് അനുകൂലമായി മാറിക്കഴിഞ്ഞു. അതിന് നരേന്ദ്രമോദി എന്ന രാഷ്ട്രീയക്കാരന്റെ പ്രഭാവം വളരെ വലുതാണ്. ശ്രീലേഖ ഐ.പി.എസ്സും നരേന്ദ്രമോദിയുടെ ആരാധകയായാണ് BJPയില്‍ എത്തുന്നത്. എന്നാല്‍, അവരുടെ രാഷ്ട്രീയ പ്രവേശം അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്നും സൂചനയുണ്ട്.
ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ശ്രീലേഖയെ പരിഗണിക്കാന്‍ പദവികള്‍ നിരവധിയുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് മേയറാക്കുക എന്നതാണ് ബി.ജെ.പി കാണുന്ന ഒരു ലക്ഷ്യം. നിലവില്‍ തിരുവനന്തപുരം നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ഇത്തവണ എന്തായാലും ഭരണം പിടിക്കുമെന്ന വാശിയിലാണ്.
തലസ്ഥാന നഗരത്തിലെ മേയര്‍ എന്ന് പറയുന്നത് ഏറെ പ്രാധാന്യമുള്ള തസ്തിക ആയതിനാല്‍ ശ്രീലേഖയെ പോലുള്ള ഒരു വനിത ആ പദവിയില്‍ എത്തിയാല്‍ അത് സ്ത്രീകള്‍ക്കിടയില്‍ ബി.ജെ.പിക്ക് പിന്തുണ കൂടാന്‍ കാരണമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. പാലക്കാട് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിലും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവശ്യമെങ്കില്‍ ശ്രീലേഖയെ മത്സരിപ്പിക്കാനും ബി.ജെ.പി ശ്രമിച്ചേക്കും.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരോട് പ്രത്യേക കരുതല്‍ കാണിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയതും മറ്റൊരു കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവിയെ തമിഴ്നാട് ഗവര്‍ണറാക്കിയതും നരേന്ദ്ര മോദിയാണ്. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായിരുന്ന കിരണ്‍ ബേദിയെ നേരത്തെ പോണ്ടിച്ചേരി ഗവര്‍ണറാക്കുകയും ചെയ്തിരുന്നു.
അതായത്, ശ്രീലേഖയെ കാത്തുനില്‍ക്കുന്നത് വലിയ പദവികള്‍ തന്നെയാണെയാണെന്ന് നിസ്സംശയം പറയാനാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രീലേഖയുടെ വസതിയിലെത്തിയാണ് അംഗത്വം നല്‍കിയിരിക്കുന്നത്. അതിനുമുന്‍പ് കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയും സംസ്ഥാന നേതൃത്വം തേടിയിരുന്നു. കേരള ഫയര്‍ ഫോഴ്സ് മേധാവിയായിരിക്കെ രണ്ടുവര്‍ഷം മുന്‍പാണ് ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിച്ചത്.
മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബിജെപി പാളയത്തിലേക്ക് എത്തിയിരുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും സംഘപരിവാറിന്റെ വിവിധ പരിപാടികളില്‍ സജീവ സാന്നിധ്യമാണ് ഇപ്പോഴും സെന്‍കുമാര്‍. ഒരു ഘട്ടത്തില്‍ സെന്‍കുമാര്‍ ബിജെപിക്കായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നത്.
നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് പ്രതീക്ഷകള്‍ ഏറെയാണ്. പാലക്കാട് ശ്രീലേഖയെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പ്രിയങ്ക ഗാന്ധിക്ക് എതിരായി വയനാട്ടില്‍ ശ്രീലേഖ മത്സരിക്കാനും സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രചാരകയായി ഈ മുന്‍ ഐ.പി.എസ് ഓഫീസര്‍ മണ്ഡലങ്ങളില്‍ പോകുമെന്നുറപ്പാണ്.
CONTENT HIGHLIGHTS;Slow-flowing BJP: Visible changes begin to emerge in Kerala; Both Left and Congress lose; Will Srilekha IPS become a trump card?