കളം നിറഞ്ഞു കളിക്കുക മാത്രമാണ് വിജയിക്കാനുള്ള ഏക വഴി. അല്ലെങ്കില്‍ പാലക്കാടന്‍ കോട്ടയില്‍ അപ്രതീക്ഷിത വിജയപതാക ഉയരുമെന്നതില്‍ സംശയം വേണ്ട. കടുത്ത മത്സരത്തിലേക്കാണ് പാലക്കാട് പോകുന്നത്. ചേലക്കരയും, വയനാടും അത്രയ്ക്കു ശക്തമായ പോരാട്ടമാണ് നടക്കുന്നതെങ്കിലും പാലക്കാടിന്റെ ചൂടിനൊപ്പം എത്തില്ലെന്നുറപ്പ്. മൂന്നു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം പാലക്കാടിനെ ചേര്‍ത്തു നിര്‍ത്തിയ ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് പോയതിനു പിന്നാലെ നാഥനില്ലാതെ പോയിരിക്കുകയാണ് പാടലക്കാട് നിയോജഡക മണ്ഡലത്തിന്.
ഇനി വരുന്നയാള്‍ ഏതു നിറക്കാരന്‍(കൊടിയുടെ നിറം) ആണെന്ന് ഉറപ്പിച്ചു പറയാനാകില്ല. ഷാഫിക്കു പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ സരിന്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. ഇന്നലെയും, ഇന്നും സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടുത്ത ഭാഷയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇനി അറിയേണ്ടത്, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുമോ എന്നാണ്.
സരിന്റെ സമ്മതവും, എല്‍.ഡി.എഫിന്റെ തീരുമാനവും അറിഞ്ഞാല്‍ പാലക്കാടിന്റെ കോണ്‍ഗ്രസ് ജാതകം എഴുതാനാകും. മൂന്നാം സ്ഥാനത്തു നിന്നും ഇഴഞ്ഞു കയറിയാലും പാലക്കാട് കോട്ടയുടെ ഓരത്തു പോലും എത്തില്ലെന്നുറപ്പുള്ള എല്‍.ഡി.എഫിന്റെ അവസാന ആയുധമായി വീണുകിട്ടിയതാണ് സരിനെ. ഈ ആയുധം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തിയെടുത്ത് കുറഞ്ഞ പക്ഷം രണ്ടാംസ്ഥാനത്ത് എത്താനല്ലാതെ വിജയിക്കാമെന്ന മോഹവുമായി ഇറങ്ങേണ്ടതില്ലെന്നാണ് പാലക്കാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം അറിയുന്നവര്‍ പറയുന്നത്.
കാരണം, എല്‍.ഡി.എപിന്റെ വോട്ടുകള്‍ കുറയുകയോ, കുറുമാറിപ്പോവുകയോ, ചോരുകയോ ചെയ്തിട്ടുണ്ട്. ആ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കല്ല പോയിരിക്കുന്നതെന്നുറപ്പാണ്. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫിയുടെ ഭൂരിപക്ഷം തുച്ഛമായ വോട്ടുകള്‍ക്കാണ്. ബി.ജെ.പിയുടെ വോട്ടു ഷെയര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നതു കാണാതെ പോകാനുമാകില്ല. രണ്ടാം സ്ഥാനത്താണ് പാലക്കാട് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്.
ഷാഫി പറമ്പില്‍ എന്ന സ്ഥാനാര്‍ത്ഥിയോട് പാലക്കാടുകാര്‍ക്കുള്ള ഇ,്ടത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചു കയറുന്നത്. എന്നാല്‍, ബി.ജെ.പി അങ്ങനെയല്ല. സ്ഥാനാര്‍ത്ഥിയേക്കാള്‍ പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ത്തും, വിശ്വാസത്തിലെടുത്തുമുള്ള മുന്നേറ്റമാണ് നടത്തുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഇത് വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. അതേസമയം, മറ്റു പാര്‍ട്ടികളുടെ വോട്ടുകള്‍ കുറയുകയും ചെയ്യുന്നുണ്ട്. ഷാഫിയുടെ മൂന്നു വര്‍ഷത്തെയും ഭൂരിപക്ഷവും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാഥിയെ മത്സരിപ്പിക്കേണ്ട എന്ന ആദ്യ തീരുമാനത്തില്‍ നിന്നും സിപിഎം പിന്‍മാറിയിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി ഘടകങ്ങളില്‍ നേരത്തെ ഡി.വൈ.എഫ്.ഐ നേതാവ് സഫ്ദര്‍ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മുന്‍ എം.എല്‍.എ ടി.കെ. നൗഷാദ് എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ സജീവമായിരുന്നത്. 1996ലാണ് ടി.കെ. നൗഷാദ് മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. കോണ്‍ഗ്രസിന്റെ സി.എം. സുന്ദരത്തെ 596 വോട്ടുകള്‍ക്കാണ് അന്ന് നൗഷാദ് പരാജയപ്പെടുത്തിയത്.
എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നൗഷാദ് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2006ല്‍ കെ.കെ. ദിവാകരനാണ് മണ്ഡലത്തില്‍ അവസാനമായി വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പിന്നീടു നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് വിജയിച്ചത്. പടിപടിയായി മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തേക്കുമെത്തി.
ഡി.വൈ.എഫ്.ഐയിലെ ഒരു സംസ്ഥാന നേതാവിനെയും സി.പി.എം സജീവമായി പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് രാഹുല്‍ മാങ്കുട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ള ഈ യുവനേതാവിനെ സി.പി.എം സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന് പിന്തുണ നല്‍കി സ്വതന്ത്രനായി മത്സരിപ്പിക്കുമെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണണയത്തിലെ തമ്മിലടിയും, തൊഴുത്തില്‍ക്കുത്തും നടക്കുന്ന ബി.ജെ.പിയുടെ കാര്യമാണ് വലിയ കഷ്ടം. പാലക്കാട് സീറ്റ് ആഞ്ഞു പിടിച്ചാല്‍ ജയിക്കാവുന്നതായിട്ടും, തമ്മില്‍ത്തല്ലി ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് സംസ്ഥാന നേതൃത്വം മാറിക്കഴിഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രനെ മത്സരിക്കാന്‍ നിയോഗിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണെന്ന് ഒരു പക്ഷം ആരോപിക്കുന്നുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രന്‍ ഉറപ്പായും ജയിക്കുന്ന സീറ്റാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അതിന് അനുയോജ്യവുമാണ്. എന്നാല്‍, ബി.ജെ.പിയില്‍ ആര് മത്സരിക്കണണെന്നതില്‍ ആശയക്കുഴപ്പം നിറഞ്ഞു നില്‍ക്കുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലമാണ് പാലക്കാട്. ഇവിടെ ഇത്തവണ വലിയ വിജയ പ്രതീക്ഷയാണ് ബി.ജെ.പി വെച്ചുപുലര്‍ത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ പോകുന്ന പാലക്കാട് നിയമസഭാ മണ്ഡലം കൈവിട്ടാല്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാകും.
തൃശൂര്‍ ലോകസഭ സീറ്റിന് പുറമെ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കി എന്ന പഴിയും കോണ്‍ഗ്രസ്സ് നേരിടേണ്ടി വരും. ഭരണപക്ഷ എം.എല്‍.എ ആയിരുന്ന പി.വി അന്‍വര്‍ ഇടതുപക്ഷ ചേരിവിട്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന ഘട്ടമാണിത്. പാലക്കാട് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും എംത്തുന്നുണ്ട്. ഇത് ഇടതു വലതു കക്ഷികളുടെ വോട്ടുകള്‍ ചോര്‍ത്താന്‍പോന്ന നീക്കമാണ്. ബി.ജെ.പിക്കായിരിക്കും ഇതില്‍ നേട്ടം ഉണ്ടാവുക.
പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനും ചേലക്കരയില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കാനും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് പി.വി അന്‍വര്‍ ആരോപിച്ചിരിക്കുന്നത്. ചേലക്കരയില്‍ സി.പി.എം, പാലക്കാട് ബി.ജെ.പി വിജയിക്കുകയും ചെയ്താല്‍ രഹസ്യധാരണ എന്ന ആരോപണം സത്യമാകും. എന്നാല്‍, ചേലക്കര സി.പി.എം സിറ്റിംഗ് സീറ്റാണ്. പാലക്കാട് കോണ്‍ഗ്രസിന്റേതും. അതുകൊണ്ട് അന്‍വറിന്റെ ആരോപണത്തില്‍ ചേലക്കര പെടില്ല. എന്നാല്‍, പാലക്കാട് മണ്ഡലത്തില്‍ അന്‍വറിന്റെ ആരോപണം സത്യമായേക്കും.
ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് പിടിക്കാന്‍ ഏതറ്റം വരെയും ബി.ജെ.പി പോകുമെന്ന കാര്യവും ഉറപ്പാണ്. 2019-ല്‍ ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായിട്ടും 3,859 വോട്ടുകള്‍ക്ക് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ കണക്കുകള്‍ തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കും അടിസ്ഥാനം. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ പാലക്കാട് ഇറക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്.
CONTENT HIGHLIGHTS;Who will invade Palakkad fort?: Anwar also fielded a candidate; Will the BJP be hit?