ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു കേട്ടിട്ടുണ്ട്. സമാന രീതിയിലാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. പണ്ട് സോളാര്‍ കേസ് ഒന്നുകൊണ്ടു മാത്രമാണ് യു.ഡി.എഫിന്റെ കൈയ്യിലിരുന്ന ഭരണം എല്‍.ഡി.എഫിന് കിട്ടിയത്. എന്നാല്‍, ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കൈയ്യില്‍ നിന്നും ഭരണം യു.ഡി.എപിന് കിട്ടാന്‍ ആയിരം കേസുകളുണ്ട്. സ്വര്‍ണ്ണക്കടത്തു തൊട്ട്, എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ അതിപ്പെടും. എന്നാല്‍, കേസുകള്‍ എത്രയൊക്കെ ഉണ്ടായാലും കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ല് എല്‍.ഡി.എഫിന് എന്നും ഗുണം ചെയ്യാറുണ്ട്.
ഇത്തവണയും ആ ഗുണം എല്‍.ഡി.എഎഫിനു തന്നെ കിട്ടുകയാണ്. അധികാരം നഷ്ടപ്പെട്ട കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലും പ്രതിപക്ഷം നിഷ്‌ക്രിയ പ്രതിപക്ഷമെന്ന ഖ്യാതിയാണ് സമ്പാദിച്ചത്. കൈ നിറയെ വിഷയങ്ങള്‍ കിട്ടിയിട്ടും, അത് ഫലപ്രദമായി ഉപയോഗിക്കാതെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി എല്ലാം നശിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്റെ വേളയില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയെ വരെ കോണ്‍ഗ്രസ് തരപ്പെടുത്തിക്കൊടുത്തിരിക്കുകയാണ്.
സരിനു പിന്നാലെ യൂത്തു കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി വിട്ടിരിക്കുന്നു. വി.ഡി. സതീശന് മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്ന ആരോപണവും ഷാനിബ് ഉന്നയിക്കുന്നു. പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടെന്നും ഇതിന്റെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നും ഷാനിബ് പറഞ്ഞിരിക്കുകയാണ്. ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്.
ഈ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ്സിനുള്ളില്‍ വലിയ ചരടുവലികളും, രാഷ്ട്രീയ ചൂതാട്ടങ്ങളും നടക്കുന്നുണ്ടെന്ന് വ്യക്തമാവുകയാണ്. വി.ഡി. സതീശന്‍ RSS ഏജന്റാണെന്ന് പറഞ്ഞു കൊണ്ടാണ് സരിന്‍ പാര്‍ട്ടി വിട്ടത്. തൊട്ടു പിന്നാലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സതീശന്‍ വന്‍ കളി നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഷാനിബും പാര്‍ട്ടി വിടുമ്പോള്‍ കേരളം വീണ്ടും എല്‍.ഡി.എഫിന്റെ കൈകളിലേക്ക് എത്തുമെന്നു തന്നെ വിശ്വസിക്കേണ്ടി വരും.
ഗ്രൂപ്പു പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നുവെന്ന് നേതാക്കള്‍ ആണയിട്ടു പറയുമ്പോഴും ഗ്രൂപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. പരാതി പറയുമ്പോള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ ആഴം മനസ്സിലാകും. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ ഈ പാര്‍ട്ടിയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ഷാനിബ് തുറന്നടിച്ചിരിക്കുകയാണ്.
പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് വിമര്‍ശിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതിതന്നെ മാറ്റി. ഇതോടെ യൂത്ത്‌കോണ്‍ഗ്രസ്സില്‍ പുതചിയ നേതാക്കള്‍ ഉയര്‍ന്നു വരാതെയായി.
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചില നേതാക്കളില്‍ മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ചെന്നിത്തലയ്ക്ക് റോളില്ലാതായി. തിരുവഞ്ചിയൂരും കെ.സി ജോസഫുമെല്ലാം അണിയറയിലേക്ക് നീങ്ങി. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മനെ പൊടിയിട്ടു നോക്കിയാല്‍ കാണില്ല. വരുന്നവരെല്ലാം വി.ഡി. സതീശനുമായി അടുപ്പമുള്ളവര്‍ മാത്രം.
കെ. സുധാകരനും, വി.ഡി. സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രവര്‍ത്തനം മലീമസമായിരിക്കുകയാണ്. പാര്‍ട്ടിക്കുള്‌ലില്‍ തമ്മില്‍ മത്സരിക്കുകയാണ് നേതാക്കള്‍. പൊതു തെരഞ്ഞെടുപ്പുകളില്‍ സീറ്റ് വീതം വെയ്പ്പിനപ്പുറം സ്ഥാനാര്‍ഥികളെ വീതം വെയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. തൃശൂരിലേക്ക് കെ. മുരളീധരനെ എത്തിക്കാന്‍ നടത്തിയത് വലിയ രാഷ്ട്രീയ ചതിയായിരുന്നു എന്നതാണ് ഇനി കോണ്‍ഗ്രസിന് തലവേദനയാകാന്‍ പോകുന്നത്.
തൃശൂര്‍ പൂരം കലക്കിയതു പോലെ കോണ്‍ഗ്രസില്‍ കെ. മുരളീധരനെ തോല്‍പ്പിച്ച്രാഷ്ട്രീയത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ആരാണെന്നുള്ളതാണ് അറിയേണ്ടത്. അതിന്റെ ഭാഗമായി സഹോദരനും സഹോദരിയും തമ്മില്‍ ബദ്ധശത്രുക്കളായി മാറി. പത്മജ ബ.ജെ.പിയിലും പോയി. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവൃത്തി കൊണ്ട് തോല്‍ക്കാന്‍ പോകുന്നത് പാലക്കാടും, ചേലക്കരയുമാണ്.
വയനാടില്‍ പ്രിയങ്കാഗാന്ധിയെന്ന സ്ഥാനാര്‍ത്ഥിയുടെ മെച്ചത്തിലായിരിക്കും വിജയിക്കുക. എന്നാല്‍, രാഹുല്‍ഗാന്ധിക്കു ലഭിച്ച വോട്ട് പ്രിയങ്കയ്ക്കു കിട്ടുമെന്ന പ്രതീക്ഷ നശിച്ചിട്ടുണ്ട്. കാരണം, പ്രിയങ്കയെന്ന സ്ഥാനാര്‍ത്ഥിയുടെ വോട്ടു കുറയ്ക്കുന്നത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ തമ്മിലടിയുടെ ഭാഗമായിരിക്കും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും കിട്ടുക. എന്നാല്‍, ഇതിനെല്ലാം പിന്നിലൂടെ B.J.P അവരുടെ നില മെച്ചപ്പെടുത്തുമെന്നുറപ്പാണ്.
CONTENT HIGHLIGHTS; Congress: Chief Minister’s chair is the goal of the leaders by destroying the favorable political situation